നാല് ദിശയിലേക്കും ചെരിഞ്ഞ ശേഷം ട്രെയിൻ പൂർണമായും മറിഞ്ഞു; അപകടത്തിൽ രക്ഷപ്പെട്ട അന്തിക്കാട് സ്വദേശി കിരൺ



നാല് ദിശയിലേക്കും ചെരിഞ്ഞ ശേഷം ട്രെയിൻ പൂർണമായും മറിഞ്ഞു. എമർജൻസി എക്‌സിറ്റിന്റെ വാതിൽ ചില്ലുകൾ തകർത്താണ് പുറത്തുകടന്നതെന്ന് ഒഡീഷ ട്രെയിൻ അപകടത്തിൽപെട്ട തൃശൂർ അന്തിക്കാട് സ്വദേശി കിരൺ. എന്താണ് സംഭവിച്ചതെന്ന് മനസിലായിരുന്നില്ല. അപകടം നടന്നത് എവിടെയാണെന്നൊന്നും അറിയുമായിരുന്നില്ല. ആദ്യം ട്രെയിനിൽ ഇരിക്കുകയായിരുന്നു. ഇടയ്ക്ക് എണീക്കേണ്ടിവന്നു. ഇതിനു പിന്നാലെയാണ് ട്രെയിൻ ഇടതുവശത്തേക്ക് പൂർണമായും ചെരിയുന്നത്. ''ട്രെയിനിൽ നിരവധി പേരുണ്ടായിരുന്നു.

 ഞങ്ങൾ സഞ്ചരിച്ച സ്ലീപ്പർ കോച്ചിൽ തന്നെ നിറയെ യാത്രക്കാരുണ്ടായിരുന്നു. നാലുപേരിൽ എനിക്കും മറ്റൊരാൾക്കും ചെറിയ പരിക്കുകളുണ്ട്. ആദ്യം ഞാൻ മുന്നിലേക്കാണ് വീണത്. ട്രെയിൻ ചെരിഞ്ഞതോടെ പിന്നിലേക്കും മറിഞ്ഞു. അങ്ങോട്ടുമിങ്ങോട്ടും ചെരിഞ്ഞ ശേഷം ട്രെയിനിന്റെ ഭാഗങ്ങളിൽ തട്ടിയാണ് പരിക്കേറ്റത്. ട്രെയിൻ പൂർണമായും മറിഞ്ഞു.''എങ്ങനെയൊക്കെയോ എമർജൻസി എക്‌സിറ്റ് വാതിലിന്റെ ചില്ലുകൾ തല്ലിത്തകർത്താണ് പുറത്തുകടന്നത്. പുറത്തിറങ്ങിയപ്പോൾ ഞങ്ങൾ നാലുപേരിൽ ഒരാളെ കാണാനുണ്ടായിരുന്നില്ല. ഇദ്ദേഹത്തെ പിന്നീട് എങ്ങനെയൊക്കെയോ കണ്ടെത്തുകയായിരുന്നു. ഒരു വിജനമായ പാടത്താണ് ഞങ്ങൾ അകപ്പെട്ടിരുന്നത്. വളരെ പെട്ടെന്നു തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഞങ്ങളുടെ ബോഗിയിലുണ്ടായിരുന്ന ആളുകളും മരിച്ചിട്ടുണ്ട്. 

എമർജൻസി എക്‌സിറ്റ് വഴി കഴിയാവുന്ന ആളുകളെയെല്ലാം ഞങ്ങൾ പുറത്തെത്തിച്ചിരുന്നു. ഇതിനുശേഷമാണ് ഞങ്ങൾ രക്ഷപ്പെട്ടത്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാനാകില്ലെന്നും കിരൺ പറഞ്ഞു. അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരൺ, വൈശാഖ്, വിജേഷ് എന്നിവരാണ് അപകടത്തിൽപെട്ട ട്രെയിനിലുണ്ടായിരുന്ന മലയാളികൾ. ഇതിൽ രണ്ടുപേർക്കാണ് പരിക്കേറ്റത്.  അപകടത്തിൽപെട്ട കോറമാണ്ഡൽ എക്‌സ്പ്രസിലായിരുന്നു ഇവരുണ്ടായിരുന്നത്. കൊൽക്കത്തയിൽ ഒരു ക്ഷേത്രനിർമാണത്തിനായി എത്തിയതായിരുന്നു ഇവർ.

 ക്ഷേത്രത്തിൽ ടൈൽസ് ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം. ഒരാളുടെ പല്ലുകൾ തകരുകയും മറ്റൊരാളുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.  അപകടത്തിൽ മറിഞ്ഞ ബോഗിയിൽനിന്ന് രണ്ടു വശത്തേക്കും ചാടിയാണ് ഇവർ രക്ഷപ്പെട്ടത്. ഒരാൾ ബോഗിയുടെ ജനലിലെ ഗ്ലാസ് തകർത്താണ് പുറത്തുകടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍