സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ വേഗപരിധി അനുസരിച്ച് ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 കിലോമീറ്ററുമാണ് വേഗപരിധി. 9 സീറ്റ് വരെയുള്ള യാത്രാവാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100, മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളിൽ 70, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
9 സീറ്റിനു മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി യാത്രാ വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90, മറ്റ് ദേശീയപാതകളിൽ 85, 4 വരി സംസ്ഥാന പാതയിൽ 80 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളിൽ 60, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്.
ചരക്ക് വാഹനങ്ങളുടെ വേഗപരിധി 6 വരി, 4 വരി ദേശീയപാതകളിൽ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളിൽ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്റർ ആയും നിജപ്പെടുത്തിയിട്ടുണ്ട്. മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററാണ്. സംസ്ഥാനത്ത് 2014ന് ശേഷം ഇപ്പോഴാണ് വേഗപരിധി പുനർനിശ്ചയിക്കുന്നത്.
0 അഭിപ്രായങ്ങള്‍