പി. ചിത്രൻ നമ്പൂതിരിപ്പാട് എന്ന നവോത്ഥാന മനുഷ്യൻ - ഇ.എം.സതീശൻ

നൂറ്റിനാല് വയസ്സു വരെ അരോഗദൃഢഗാത്രനായി ജീവിച്ച് അവസാന നിമിഷംവരെ സർവ്വരുടേയും സ്നേഹാദരങ്ങൾക്ക് പാത്രമായി മണ്മറഞ്ഞ മനുഷ്യ സ്നേഹിയാണ് അന്തരിച്ച പി. ചിത്രൻ നമ്പൂതിരിപ്പാട്. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ നന്നംമുക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ബ്രാഹ്മണ ജന്മി കുടുംബമായ പകരാവൂർ മനയിൽ ജനിച്ച അദ്ദേഹത്തിന് ജന്മം കൊണ്ട് ഇത്രയൊന്നും പ്രബുദ്ധമായ ജനകീയമായൊരു ജീവിതം നയിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പക്ഷേ ജീവിതത്തിന്റെ ധർമ്മം നേടുകയല്ലാ, ഒന്നിനും വേണ്ടിയല്ലാതെ ജീവിക്കുകയാണെന്ന മർമ്മം അദ്ദേഹം തിരിച്ചറിഞ്ഞിരുന്നിരിക്കണം. അന്ത്യംവരെയുള്ള അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും ഈ തിരിച്ചറിവ് സാക്ഷ്യപ്പെടുത്തുന്നു.

ഗാന്ധിയൻ ജനാധിപത്യ ജീവിത മൂല്യങ്ങളും തികഞ്ഞ സത്യധർമ്മബോധവും ലാളിത്യവും മാർക്സിയൻ പുരോഗമന വിക്ഷണവും ഒരാളിൽ സമ്മേളിച്ച നിർമ്മമ സമ്പൂർണ്ണ വ്യക്തിത്വമായിരുന്നു പി.ചിത്രൻ നമ്പൂതിരിപ്പാട്.

അനീതിയും അധർമ്മവും വിവേചനങ്ങളും കൊടികുത്തിവാണിരുതാണ് പിന്നിട്ട ബാല്യ കൗമാര കാലം. ബ്രാഹ്മണ ജന്മി കുലജാതനെന്ന നിലയിൽ അതിന്റെ സൗഭാഗ്യങ്ങളിൽ സുഖമായി ജീവിക്കാമായിരുന്നു. അത് അട്ടിമറിക്കപ്പെട്ടത് വേദപഠനം കഴിഞ്ഞ് സ്കൂളിൽ ചേരാൻ ലഭിച്ച സൗകര്യമാണ്.

മൂക്കുതല എന്ന സ്വന്തം ഗ്രാമത്തിൽ സ്കൂളില്ലാതിരുന്നതുകൊണ്ട് 12 നാഴിക അകലെ പൊന്നാനി എ.വി. ഹൈസ്കൂളിലാണ് അദ്ദേഹത്തിന് പഠിക്കാൻ സാധിച്ചത്. ഇല്ലെങ്കിൽ അതിനേക്കാൾ ദൂരം അകലെയുള്ള കുമരനെല്ലൂർ ഹൈസ്കൂളാണ് പിന്നെയുള്ളത്. രണ്ടായാലും റോഡുകൾ ഇല്ലാതിരുന്ന ആ കാലത്ത് കാൽനട മാത്രമാണ് ശരണം. പൊന്നാനിയിൽ മനവക പറമ്പും കളപ്പുരയും ഉണ്ടായിരുന്നതു കൊണ്ട് അവിടെ താമസിച്ചു പഠിക്കാമെന്ന സൗകര്യമുണ്ട്. നാട്ടിലെ മറ്റധികമാർക്കും ഈ സൗകര്യമില്ല. നാട്ടിൽ സ്വന്തമായൊരു സ്കൂൾ ഇല്ലാത്തതു കൊണ്ടാണ് മറ്റു കുട്ടികൾക്ക് പഠിക്കാൻ അവസരമില്ലാതെ പോകുന്നതെന്ന ഈ തിരിച്ചറിവിൽ നിന്നാണ് പിൽക്കാലത്ത് സ്വന്തം നാട്ടിൽ ഒരു സ്കൂൾ സ്ഥാപിക്കാൻ അദ്ദേഹത്തിന് പ്രേരണയായത്.

എ.വി ഹൈസ്കൂളിൽ പഠിക്കുമ്പോൾ പൊന്നാനിയിൽ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും തൊഴിലാളി സമരങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലമാണ്. കെ.ദാമോദരനും പ്രേംജിയുമൊക്കെയാണ് നേതാക്കൾ. സമരം ചെയ്യാൻ തയ്യാറുള്ള യുവാക്കളെ അന്വേഷിച്ച് കെ.ദാമോദരൻ ഇടയ്ക്കിടെ സ്കൂളിൽ വരും. പിൽക്കാലത്ത് കമ്മ്യൂണിസ്റ്റാചാര്യനായി മാറിയ കെ.ദാമോദരനോടുണ്ടായ പരിചയവും സ്നേഹ ബഹുമാനങ്ങളുമാണ് ചിത്രൻ നമ്പൂതിരിപ്പാടിനെ കമ്മ്യൂണിസ്റ്റാക്കിയത്. കെ.ദാമോദരൻ പൊന്നാനിയിൽ വന്നാൽ ആഴ്ചകളോളം നമ്പൂതിരിപ്പാടിനോടൊപ്പം കളപ്പുരയിൽ താമസിക്കും. രാത്രി കാലങ്ങളിൽ നടന്ന ചർച്ചകളിൽ കമ്മ്യൂണിസത്തിന്റെ ബാലപാഠങ്ങളും ചരിത്രവും രാഷ്ട്രീയവുമൊക്കെ ചർച്ച ചെയ്തു. അങ്ങനെ സഖാവ് കെ.ദാമോദരനാണ് നമ്പൂതിരിപ്പാടിനെ കമ്മ്യൂണിസ്റ്റാക്കിയത്. പിന്നീട് ഇന്റർമീഡിയറ്റിന് തൃശൂർ സെയ്ന്റ് തോമസ് കോളേജിൽ ചേർന്നതോടെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി. ഇക്കാലത്താണ് കമ്മ്യൂണിസ്റ്റ് പാർട്ടി മുൻകയ്യെടുത്ത് എ ഐ എസ് എഫിന്റെ കേരള ഘടകമായ വിദ്യാർത്ഥി ഫെഡറേഷൻ രൂപീകരിക്കുന്നത്. പിൽക്കാലത്ത് പ്രമുഖ സി പി ഐ നേതാവും തൃശൂർ എം.പിയുമൊക്കെയായി മാറിയ സി. ജനാർദ്ദനൻ പ്രസിഡന്റും പി. ചിത്രൻ നമ്പൂതിരിപ്പാട് സെക്രട്ടറിയുമായി വിദ്യാർത്ഥി ഫെഡറേഷന്റെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിലെ പ്രധാന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സി.അച്ചുത മേനോൻ , വിദ്യാർത്ഥി നേതാക്കളായിരുന്ന കവി പി.ഭാസ്കരൻ , പി.കെ. ഗോപാലകൃഷ്ണൻ എന്നിവരൊക്കെയായി ബന്ധപ്പെടുന്നതും ഈ സന്ദർഭത്തിലാണ്.


   തൃശൂരിൽ ഇന്റർമീഡിയറ്റ് പഠനം പൂർത്തിയായതോടെ മദിരാശി പച്ചയ്യപ്പാസ് കോളേജിൽ ബിരുദ പഠനം പൂർത്തിയാക്കി.ദേശീയ സ്വാതന്ത്ര്യ സമരവും സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങളും ശക്തമായ കാലമാണ്. 1931 ൽ നടന്ന ഗുരുവായൂർ സത്യാഗ്രഹ സമരത്തിന്റെ നേർസാക്ഷിയാണ് അദ്ദേഹം. സഖാവ് കൃഷ്ണപിള്ളയും എ.കെ.ജിയും കേളപ്പനുമൊക്കെ സമരമിരിക്കുന്നത് കണ്ടിട്ടുണ്ട്. രക്ഷിതാക്കളോടൊപ്പം ക്ഷേത്ര ദർശനത്തിനു പോയപ്പോഴൊക്കെ സമരപ്പന്തലിനടുത്തു ചെന്ന് എത്തി നോക്കും. വി.ടി ഭട്ടതിരിപ്പാടിന്റെ സാമൂഹ്യ പരിഷ്കരണ പ്രവർത്തനത്തിലും ആകൃഷ്ടനായിരുന്നു.ഉണ്ണി നമ്പൂതിരി പ്രസ്ഥാനത്തോടും സജീവ താല്പര്യമുണ്ടായി. ഈ അനുഭവങ്ങളിൽ ഉത്തേജിതനായി സ്വന്തം നാടായ മൂക്കുതലയിൽ പിന്നീട് അയിത്ത നിയമങ്ങൾ ലംഘിച്ച് പന്തിഭോജനത്തിന് നേതൃത്വം നല്കിയത് പി.ചിത്രൻ നമ്പൂതിരിപ്പാടാണ്.


    മദ്രാസിലെ പഠനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പഠനസൗഭാഗ്യം ലഭിക്കാതെ പോയ ചുറ്റുപാടുള്ള കുട്ടികളുടെ അന്ധകാരാവൃതമായ ജീവിതം വീണ്ടും അസ്വസ്ഥനാക്കി. അങ്ങനെയാണ് സ്വന്തം നാട്ടിൽ നാനാ ജാതി മതസ്ഥരായ സ്വന്തം സഹോദരങ്ങളുടെ നല്ലൊരു ഭാവിജീവിതം മുന്നിൽ കണ്ട് സ്വന്തമായി ഒരു സ്കൂൾ സ്ഥാപിക്കാൻ നിശ്ചയിക്കുന്നത്. കുടുംബ സ്വത്ത് അതിനായി തരപ്പെടുത്തിയെടുത്തു. അങ്ങനെ 1944 ൽ പി.ചിത്രൻ നമ്പൂതിരിപ്പാട് ആരംഭിച്ച പ്രൈമറി സ്കൂളാണ് മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നായി വളർന്ന പി.ചിത്രൻ നമ്പൂതിരിപ്പാട് ശതാഭിഷേക സ്മാരക ഹയർ സെക്കന്ററി സ്കൂൾ. ഒരു വ്യക്തി തലമുറകൾക്ക് ഭാവിയും വെളിച്ചവുമായി മാറിയതിന്റെ നിത്യസ്മാരകമാണ് മൂക്കുതലയിലെ ഈ ഹൈസ്കൂൾ. 1957 ൽ പ്രഥമ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരമേറ്റു. വിദ്യാഭ്യാസ നിയമവും ഭൂപരിഷ്കരണ നിയമവും നടപ്പാക്കി. ഒരു ചില്ലിക്കാശ് പോലും പ്രതിഫലം വാങ്ങാതെ നമ്പൂതിരിപ്പാട് സ്വന്തം സ്കൂൾ സർക്കാരിന് ദാനം നല്കി. വിദ്യാഭ്യാസ മന്ത്രി മുണ്ടശേരി മാസ്റ്റർ മൂക്കുതലയിൽ നേരിട്ടു വന്ന് ആഘോഷഭരിതമായ അന്തരീക്ഷത്തിൽ കേവലം ഒരു രൂപ മാത്രം പ്രതിഫലം നല്കി സ്കൂൾ സർക്കാരിലേക്ക് ഏറ്റെടുത്തു. തന്റെ സാമൂഹ്യമായ കരുതലുകൾക്ക് അവസാന നിമിഷം വരെ അദ്ദേഹം വിശ്രമം നല്കിയിരുന്നില്ല. മൂക്കുതലയിൽ സ്വന്തമായി അവശേഷിച്ചിരുന്ന ഏതാനും ഏക്കർ സ്ഥലം, സർക്കാർ സന്നദ്ധമാണെങ്കിൽ ഒരു ടീച്ചർ ട്രെയിനിംഗ് യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ സൗജന്യമായി വിട്ടു നല്കാമെന്ന് അദ്ദേഹം ഒരു മന്ത്രി പങ്കെടുത്ത പരിപാടിയിൽ പ്രഖ്യാപിക്കുകയുണ്ടായി. അത് പത്രങ്ങളിലും വന്നിരുന്നു. ആരും തുടർ നടപടികളുമായി മുന്നോട്ടു വരാതിരുന്നതു കൊണ്ട് നമ്പൂതിരിപ്പാടിന്റെ ആ സ്വപ്നം യാഥാർത്ഥ്യമായില്ല.

സർക്കാർ വിദ്യാഭ്യാസ വകുപ്പിൽ നിരവധി ഉയർന്ന സ്ഥാനങ്ങൾ വഹിച്ച നമ്പൂതിരിപ്പാട് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറായി സർവ്വീസിൽ നിന്നു വിരമിച്ചു. അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സി.അച്ചുതമേനോനാണ്. അച്ചുതമേനോനും നമ്പൂതിരിപ്പാടും പരസ്പരം വലിയ സ്നേഹ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ്. സ്വാഭാവികമായും വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവർത്തനം നടത്തിയ നമ്പൂതിരിപ്പാടിന് ഉയർന്ന പല സർക്കാർ പദവികളും നിർദ്ദേശിക്കപ്പെട്ടെങ്കിലും ശിഷ്ടകാലം സ്വസ്ഥ ജീവിതം നയിക്കാനാണദ്ദേഹം തീരുമാനിച്ചത്. പക്ഷേ മുഖ്യമന്ത്രി സി.അച്ചുത മേനോന്റെ സ്നേഹബുദ്ധ്യാ ഉള്ള നിർബ്ബന്ധത്തിനു വഴങ്ങി കേരള കലാമണ്ഡലം സെക്രട്ടറിയായി അദ്ദേഹം ചുമതല ഏറ്റെടുത്തു. വള്ളത്തോളിനുശേഷം എല്ലാ അർത്ഥങ്ങളിലും കേരള കലാമണ്ഡലത്തിന്റെ സുവർണ്ണകാലമെന്ന് ചരിത്രത്തിൽ അടയാളപ്പെട്ടു കിടക്കുന്നത് പി.ചിത്രൻ നമ്പൂതിരിപ്പാട് സെക്രട്ടറിയായ കാലയളവാണ്.

സേവനാനന്തരം ജന്മദേശത്തും തൃശൂരിലും ഒക്കെയായി ബഹളങ്ങളില്ലാതെ കഴിഞ്ഞു കൂടിയ കാലത്താണ് ഹിമാലയ യാത്രകൾ ആരംഭിക്കുന്നത്. വർഷത്തിലൊരിക്കൽ ഹിമാലയ തീർത്ഥാടനം എന്നത് ഒരു വ്രതമായി അദ്ദേഹം കൊണ്ടു നടന്നു. ഷഷ്ട്യബ്ദപൂർത്തി ക്കുശേഷം 99 വയസ്സിനിടയിൽ 39 തവണ അദ്ദേഹം ഹിമാലയ യാത്ര നടത്തി. അതിന്റെ അനുഭവ വിവരണമാണ് "പുണ്യ ഹിമാലയം " എന്ന കൃതി. സ്വന്തം ജീവിത സ്മരണകൾ എന്ന നിലയിൽ "ഓർമ്മകളുടെ പൂമര തണലിൽ" എന്ന മനോഹരമായ ആത്മകഥയും രചിച്ചിട്ടുണ്ട്. നിരന്തരമായ യാത്രകളും പ്രസംഗങ്ങളും പരിപാടികളുമൊക്കെയായി ശാന്തമായൊഴുകുകയായിരുന്നു പി.ചിത്രൻ നമ്പൂതിരിപ്പാടിന്റെ ജീവിതം. അദ്ദേഹത്തിന്റെ ഏറ്റവും അവസാനത്തെ സുദീർഘമായ പ്രഭാഷണം തിരൂർ തുഞ്ചൻ പറമ്പിലായിരിക്കണം. എം.ടി യുടെ നവതി ആഘോഷത്തിന്റെ ഭാഗമായ സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് ദീർഘനേരം സംസാരിച്ചെന്നാണറിഞ്ഞത്. 

എം.ടി യുടെ നിർമ്മാല്യം ചിത്രീകരിച്ചത് മൂക്കുതലയിലായിരുന്നു. 1972-73 കാലത്ത് കുട്ടികളായിരുന്ന ഞങ്ങളൊക്കെ എം.ടിയെ കാണുന്നതും സിനിമാ ഷൂട്ടിംഗ് കാണുന്നതുമൊക്കെ അന്നാണ്. പി.ജെ.ആന്റണിയാണ് പ്രധാന നടൻ. മൂക്കതല മേലേക്കാവ് - കീഴേക്കാവ് ക്ഷേത്രങ്ങളിൽ വെളിച്ചപ്പാടിന്റെ വേഷം ചെയ്യുന്ന പി.ജെ. ആന്റണിയെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അന്നും ഹിന്ദുത്വവാദികളായ ചില കരപ്രമാണിമാർ ചന്ദ്രഹാസമിളക്കിയിരുന്നു. അതെല്ലാം മറികടന്നു ഷൂട്ടിംഗ് നടത്താൻ എം.ടിക്ക് എല്ലാ ഒത്താശകളും അന്നു ചെയ്തു കൊടുത്തത് ചിത്രൻ നമ്പൂതിരിപ്പാടായിരുന്നു. മനുഷ്യ സ്നേഹിയായ നമ്പൂതിരിപ്പാടിന്റെ വ്യക്തി പ്രഭാവത്തിനു മുന്നിൽ അന്ന് വർഗ്ഗീയ വാദികൾക്ക് വാലും ചുരുട്ടി പിന്മാറേണ്ടിവന്നു. ഇന്നാണെങ്കിൽ നിർമ്മാല്യം പോലൊരു സിനിമ ഷൂട്ട് ചെയ്യാൻ പോലും കഴിയുമോ എന്ന ആശങ്ക അടുത്ത കാലത്ത് എം.ടി തന്നെ പ്രകടിപ്പിച്ചിരുന്നതോർക്കുന്നു.

ഓർമ്മ വെച്ച നാൾ മുതൽ കാണുകയും അറിയുകയും ചെയ്യുന്ന നമ്പൂതിരിപ്പാട് അച്ഛന്റെ ഗുരനാഥനാണ്. നേരിട്ടു പഠിപ്പിച്ചിട്ടില്ലെങ്കിലും ആ നിലയിൽ ഗുരുനാഥൻ തന്നെ. അതേ സ്കൂളിൽ തന്നെ പഠിക്കാനും കഴിഞ്ഞു. ആലങ്കോട് ലീലാകൃഷ്ണനും മൂക്കുതല ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.തലമുറകളുടെ ഗുരുവും വെളിച്ചവും വഴികാട്ടിയും വന്മരത്തണലുമായിരുന്നു പി. ചിത്രൻ നമ്പൂതിരിപ്പാട്. യുഗ ങ്ങൾക്കിടയിൽ സംഭവിക്കുന്ന അപൂർവ്വ നിർമ്മമ മനുഷ്യ ജന്മം. ഒന്നും ആവശ്യപ്പെടാതെ തനിക്കുള്ളതെല്ലാം മറ്റുള്ളവർക്കായി കരുതി വെച്ച പച്ചയായ നവോത്ഥാന മനുഷ്യൻ

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍