◾സുരേഷ് ഗോപിയേയോ മെട്രോമാന്‍ ഇ. ശ്രീധരനേയോ കേന്ദ്രമന്ത്രിസഭയിലേക്ക് എടുത്തേക്കും. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന വൈകാതെ ഉണ്ടാകും. അടുത്ത ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു ബിജെപിക്ക് അനുകൂലമായി കളമൊരുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച്ച വൈകുന്നേരം നാലിന് എല്ലാ മന്ത്രിമാരുടെയും യോഗം മോദി വിളിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പ്രധാനമന്ത്രിയുടെ വസതിയില്‍ അഞ്ചു മണിക്കൂര്‍ നീണ്ട ബിജെപി നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
◾നാടകീയരംഗങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മണിപ്പൂരില്‍ കലാപം ആദ്യം പൊട്ടിപുറപ്പെട്ട ചുരാചന്ദ്പ്പൂരില്‍ എത്തി. റോഡ് മാര്‍ഗമുള്ള യാത്ര പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് ഹെലികോപ്ടര്‍ മാര്‍ഗമാണ് രാഹുല്‍ ചുരാചന്ദ്പ്പൂരില്‍ എത്തിയത്. കലാപബാധിതര്‍ കഴിയുന്ന ക്യാംപുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. രാഹുലിനെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടും പ്രതിഷേധിച്ചും എത്തിയ സ്ത്രീകളടക്കമുള്ള ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു.
◾മണിപ്പൂര്‍ വീണ്ടും കത്തുന്നു. ഇംഫാലില്‍ വന്‍ സംഘര്‍ഷം. ഇന്നലെ രാവിലെ കാങ്പോക്പിയില്‍ കുക്കി ഗ്രാമത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ജനക്കൂട്ടം പ്രക്ഷോഭത്തിനിറങ്ങി. ഇംഫാലില്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ബിജെപി ഓഫീസിനു സമീപമാണ് സംഘര്‍ഷം.
◾എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കിയ ഗവര്‍ണര്‍ മണിക്കൂറുകള്‍ക്കകം പുറത്താക്കല്‍ ഉത്തരവ് പിന്‍വലിച്ചു. ബാലാജി തത്കാലം വകുപ്പില്ലാ മന്ത്രിയായി തുടരും. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശമനുസരിച്ചാണ് നടപടി പിന്‍വലിച്ചത്. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഇല്ലാതെയാണ് മന്ത്രിയെ ഗവര്‍ണര്‍ ആര്‍.എന്‍ രവി മന്ത്രിപദവിയില്‍നിന്നു പുറത്താക്കിയത്.
◾സിപിഎം നേതൃയോഗങ്ങള്‍ക്കു ഇന്നു തുടക്കം. ഇന്നു സെക്രട്ടേറിയറ്റും നാളേയും ഞായറാഴ്ചയുമായി സംസ്ഥാന കമ്മിറ്റിയും ചേരും. മുഖ്യമന്ത്രിയും പങ്കെടുക്കും. എസ്എഫ്ഐയുടെ വ്യാജ ഇടപാടുകള്‍ അടക്കം പുതിയ അഴിമതി ആരോപണങ്ങളെ ചെറുക്കാനും ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങാനുള്ള തന്ത്രങ്ങളം ചര്‍ച്ചയാകും.
◾കെ സുധാകരനെതിരെ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ചെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെയുള്ള പരാതിയില്‍ പോലിസ് പ്രാഥമിക അന്വേഷണം നടത്തും. എറണാകുളം ക്രൈംബ്രാഞ്ച് എസ് പി സാബു മാത്യുവിനാണ് അന്വേഷണ ചുമതല. മോന്‍സന്‍ മാവുങ്കല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നെന്ന ആരോപണത്തിനെതിരേ പായ്ചിറ നവാസ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി.
◾എസ്എഫ്ഐ മുന്‍ നേതാവ് നിഖില്‍ തോമസിനു വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയെന്ന് പറയപ്പെടുന്ന കൊച്ചി പാലാരിവട്ടത്തെ ഓറിയോണ്‍ ഏജന്‍സി ഉടമ പിടിയില്‍. 'ഓറിയോണ്‍ എഡ്യു വിങ്ങ് ' സ്ഥാപനത്തിന്റെ ഉടമ സജു എസ് ശശിധരനെ രാത്രിയാണ് അന്വേഷണസംഘം പിടികൂടിയത്.
◾ഏക സിവില്‍ കോഡ് ഫാസിസത്തിലേക്കുളള ചുവടുവയ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ഇറാനില്‍ തടവിലാക്കപ്പെട്ട മല്‍സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. തൊഴിലാളികളുടെ തിരുവനന്തപുരം അഞ്ചുതെങ്ങിലുള്ള കുടുംബങ്ങളെ മന്ത്രി സന്ദര്‍ശിച്ചു.
◾സംസ്ഥാനത്തു കൂടുതല്‍ മേഖലകളില്‍ മഴയ്ക്കു സാധ്യത. എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ട്.
◾പാലക്കാട് പല്ലശ്ശനയില്‍ വിവാഹ ചടങ്ങിനിടെ വരന്റെ വീട്ടിലേക്കു പ്രവേശിക്കുമ്പോള്‍ ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
◾ശബരി എക്സ്പ്രസിലെ ശൗചാലയം പൂട്ടി അകത്തിരുന്ന സംസാരശേഷിയില്ലാത്തയാളെ കതകിന്റെ പൂട്ടുപൊളിച്ചു പുറത്തിറക്കി. ചെങ്ങന്നൂരില്‍നിന്നു ട്രെയിനില്‍ കയറിയ ആളെ ഷൊര്‍ണൂര്‍ റെയില്‍വെ പൊലീസാണു പുറത്തിറക്കിയത്.
◾പഴം, പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ കോട്ടയത്ത് ബ്രൗണ്‍ ഷുഗര്‍ വിറ്റിരുന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. അസം സ്വദേശി രാജികുള്‍ അലമാണ് പിടിയിലായത്. നാലു ലക്ഷം രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗര്‍ ഇയാളില്‍നിന്നു പിടിച്ചെടുത്തു.
◾പ്രതിപക്ഷ കക്ഷികളുടെ ഐക്യനീക്കങ്ങള്‍ക്കായുള്ള രണ്ടാമത്തെ യോഗം ബെംഗളൂരുവില്‍ ചേരുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ജൂലൈ 13, 14 തീയതികളിലാണു യോഗം. ഷിംലയില്‍ പത്തിനു നടത്താനിരുന്ന യോഗമാണു ബംഗളൂരുവിലേക്കു മാറ്റുന്നത്. പാറ്റ്നയില്‍ ചേര്‍ന്ന ആദ്യ യോഗത്തിനുശേഷം പ്രധാനമന്ത്രി നരേനദ്രമോദി അസ്വസ്ഥനാണ്. ശരത് പവാര്‍ പറഞ്ഞു.
◾രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചത് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മൂന്നില്‍ രണ്ടു ഭാഗം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി. അദ്ദേഹം പറഞ്ഞു.
◾പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം പാടില്ലെന്ന് ഡല്‍ഹി സര്‍വ്വകലാശാല. നാളെ നടക്കാനിരിക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനാണു മോദി എത്തുന്നത്. വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
◾മണിപ്പൂരിലെ അതിക്രമങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ചുരാന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ സാന്ത്വനിപ്പിച്ച അദ്ദേഹം ഗോത്ര വര്‍ഗക്കാരായ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. സമാധാനത്തിനു പ്രാധാന്യം നല്‍കണമെന്ന് രാഹുല്‍ അഭ്യര്‍ത്ഥിച്ചു.
◾ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷന്‍ സിംഗിനെതിരായ പ്രതിഷേധങ്ങള്‍ അയഞ്ഞതിനു പിറകേ ബജറംഗ് പുനിയക്കും വിനേഷ് ഫോഗത്തിനും വിദേശ പരിശീലനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ബജറംഗ് പുനിയ കിര്‍ഗിസ്ഥാനിലും വിനേഷ് ഫോഗത്ത് ഹംഗറിയിലുമാണ് പരിശീലനം നേടുക.
◾ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്ന് യൂറോപ്യന്‍ കരുത്തുമായൊരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്. സ്പാനിഷ് ഫുട്ബോള്‍ ടീമായ അത്ലറ്റിക്കോ മാഡ്രിഡിന് പങ്കാളിത്തമുള്ള ഇന്റര്‍ കാശി എന്ന് പേരിട്ടിരിക്കുന്ന ക്ലബ്ബിന്റെ ഉടമകള്‍ കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രൂപ്പായ ആര്‍ഡിബിയാണ്. അടുത്ത സീസണിലെ ഐ ലീഗില്‍ കളിക്കാനുള്ള ശ്രമത്തിലാണ് ക്ലബ്ബ് അധികൃതര്‍.
◾ഫിഫ റാങ്കിംഗില്‍ വീണ്ടും ആദ്യ 100ല്‍ തിരിച്ചെത്തി ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലെ കിരീട നേട്ടവും സാഫ് കപ്പിലെ മികച്ച പ്രകടനവുമാണ് ഇന്ത്യയെ നൂറാം സ്ഥാനത്തെത്താന്‍ സഹായിച്ചത്. അതേസമയം ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫ്രാന്‍സ് രണ്ടാം റാങ്കിലും ബ്രസീല്‍ മൂന്നാം റാങ്കിലുമാണുള്ളത്.
◾Lപ്രമുഖ കിടക്ക നിര്‍മാതാക്കളായ കുര്‍ലോണ്‍ എന്റര്‍പ്രൈസിനെ ഷീല ഫോംസ് ഏറ്റെടുക്കുന്നു. 3,250 കോടി രൂപയാണ് ഇടപാടു തുക. രണ്ടു മാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. സ്ലീപ് വെല്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥരായ ഷീലാ ഫോംസിന് പുതിയ ഏറ്റെടുക്കലോടെ വിപണി വിഹിതം ഇരട്ടിയാക്കാനാകുമെന്നാണ് കരുതുന്നത്. നിലവില്‍ 20-25 ശതമാനം വിപണി വിഹിതമാണ് ഷീലാ ഫോംസിനുള്ളത്. ഏറ്റെടുക്കലോടെ ഇത് 35-40 ശതമാനമായി ഉയരും. സ്ലീപ് വെല്‍ കൂടാതെ ഫെതര്‍ ഫോം, ലാമിഫ്‌ളെക്‌സ് തുടങ്ങിയ ബ്രാന്‍ഡുകളും കമ്പനിക്ക് കീഴിലുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള ഷീലാ ഫോംസിന് കുര്‍ലേണിന്റെ ഏറ്റെടുക്കലോടെ തെക്കന്‍ സംസ്ഥാനങ്ങളിലും സാന്നിധ്യം വിപുലപ്പെടുത്താനാകും. 25 ബ്രാന്‍ഡഡ് കമ്പനികളാണ് ഈ രംഗത്ത് സജീവമായുള്ളത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 170 കോടി ഡോളറിന്റേതായിരുന്നു (ഏകദേശം 14,000 കോടി രൂപ) രാജ്യത്തെ കിടക്കവിപണി. 2024 സാമ്പത്തിക വര്‍ഷത്തില്‍ അത് 280 കോടി ഡോളറായി (23,000 കോടി രൂപ) ഉയരുമെന്നാണ് കരുതുന്നത്.
◾ബിജു മേനോന്‍ നായകനാകുന്ന പുതിയ സിനിമ 'തുണ്ടി'ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ബിജു മേനോന്‍ തന്നെ തന്റെ ചിത്രത്തിന്റെ പോസ്റ്റര്‍ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചത്. റിയാസ് ഷെരീഫാണ് സംവിധാനം. തിരക്കഥയും റിയാസ് ഷെരീഫിന്റെത് തന്നെ. റിയാസ് ഷെരീഫിന്റെ ആദ്യ ചിത്രമാണ്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പ്ലാന്‍ ഒബ്സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റാണ്. തല്ലുമാല, അയല്‍വാശി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന 15-ാമത് ചിത്രമാണ് 'തുണ്ട്'. സംവിധായകന്‍ റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പന്‍ കൂടി ചേര്‍ന്ന് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. വിഷ്ണു വിജയ് ആണ് തുണ്ടിന് വേണ്ടി സംഗീതം ഒരുക്കുന്നത്.
◾ബിഗ്‌ബോസിലൂടേയും ഏഷ്യാനെറ്റിലെ സീതാകല്ല്യാണത്തിലൂടേയും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ അഭിനേതാവ് അനൂപ് കൃഷ്ണന്‍ പ്രധാന വേഷത്തിലെത്തുന്ന 'ഭഗവാന്‍ ദാസന്റെ രാമരാജ്യം' എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ വൈറലായി. നവാഗതനായ റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത്, അക്ഷയ് രാധാകൃഷ്ണന്‍ മുഖ്യ വേഷത്തിലെത്തുന്ന മലയാള ചിത്രമാണ് ഭഗവാന്‍ ദാസന്റെ രാമരാജ്യം. ടി.ജി രവി, പ്രശാന്ത് മുരളി, നന്ദന രാജന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയില്‍ എസ്.ഐ മുരളി എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അനൂപ് എത്തുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ എന്നിവ ഒരുക്കിയത് ഫെബിന്‍ സിദ്ധാര്‍ത്ഥാണ്. പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമായിരിക്കും ഭഗവാന്‍ ദാസന്റെ രാമരാജ്യം എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. നാട്ടിലെ അമ്പലത്തില്‍ നടക്കുന്ന ഉത്സവവും, അതിനോടനുബന്ധമായി നടക്കുന്ന ബാലെയും, അതില്‍ചൊല്ലിയുള്ള ചില പ്രശ്‌നങ്ങളുമെല്ലാമാണ് ചിത്രത്തിന്റെ മുഖ്യ പ്രതിപാദ്യവിഷയം.
◾പുതുക്കിയ കിയ സെല്‍റ്റോസ് 2023 ജൂലൈ 4-ന് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും. ഔദ്യോഗിക ബുക്കിംഗ് വിശദാംശങ്ങള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, തിരഞ്ഞെടുത്ത കിയ ഡീലര്‍ഷിപ്പുകള്‍ 25,000 രൂപ പ്രാരംഭ തുകയില്‍ പ്രീ-ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ അവസാനത്തോടെ വില പ്രഖ്യാപിക്കാനാണ് സാധ്യത. 1.5ലി പെട്രോള്‍ (115ബിഎച്പി/144എന്‍എം), 1.5ലി ടി-ജിഡിഐ പെട്രോള്‍ (160ബിഎച്പി/253എന്‍എം), 1.5ലി സിആര്‍ഡിഐ വിജിടി ഡീസല്‍ (116ബിഎച്പി/250എന്‍എം) എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് പുതിയ സെല്‍റ്റോസിനൊപ്പം വാങ്ങുന്നവര്‍ക്ക് ലഭിക്കുക. എസ്യുവി മോഡല്‍ ലൈനപ്പ് നാല് ഗിയര്‍ബോക്സുകള്‍ വാഗ്ദാനം ചെയ്യും: 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക്, 6-സ്പീഡ് ഐഎംടി, 7സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക്. 10.89 ലക്ഷം മുതല്‍ 19.65 ലക്ഷം വരെ എക്‌സ്‌ഷോറൂം വില പരിധിക്കുള്ളില്‍ ലഭ്യമാകുന്ന സെല്‍റ്റോസിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പിന് നിലവിലുള്ള മോഡലിന് സമാന വില ആയിരിക്കും പ്രതീക്ഷിക്കുന്നത്.
◾ശ്രീബുദ്ധന്‍ തന്റ ശിഷ്യന്മാര്‍ക്ക് പറഞുകൊടുത്ത കഥകളത്രെ വിശ്വ പ്രസിദ്ധമായ ജാതക കഥകള്‍. കുട്ടികളിലെ മൂല്യബോധത്തെയും നന്മയെയും ഉണര്‍ത്തുന്ന ഈ അപൂര്‍വ കഥകള്‍ ലളിതസുന്ദരമായ ഭാഷയില്‍ പുനരഖ്യാനം ചെയ്തിരിക്കുകയാണ് കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ കഥാകാരന്‍. 'ജാതക കഥകള്‍'. കിളിരൂര്‍ രാധാകൃഷ്ണന്‍. ഗ്രാന്‍ഡ് ബുക്സ്. വില 135 രൂപ.
◾തണുപ്പുകാലത്ത് ന്ധിവാതത്തെ തുടര്‍ന്നുള്ള വിഷമതകള്‍ കൂടാനുള്ള സാധ്യതയുണ്ട്. ചിലര്‍ക്ക് രാവിലെ ഉറക്കമെഴുന്നേല്‍ക്കുന്ന സമയത്ത് സന്ധികളില്‍ കൂടുതല്‍ ബലമോ വേദനയോ അനുഭവപ്പെടുന്നതും സന്ധിവാതത്തിന്റെ ലക്ഷണമായി വരാറുണ്ട്. സന്ധിവാതമുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഡയറ്റിലെ ചില ചെറിയ കരുതലുകളും ഒരു പരിധി വരെ സന്ധിവാതത്തെ തുടര്‍ന്നുള്ള വിഷമതകളെ ലഘൂകരിക്കും. അതിനായി ആരോഗ്യകരമായ ഭക്ഷണരീതി ഉറപ്പാക്കുക. ധാരാളം വെള്ളം കുടിക്കാം. ബീഫ് പോലുള്ള റെഡ് മീറ്റും മദ്യപാനവും കുറയ്ക്കുക. യൂറിക് ആസിഡ് തോത് കൂടാതിരിക്കാന്‍ ഇത് സഹായിക്കും. തണുപ്പ് അധികം ബാധിക്കാതിരിക്കാനുള്ള കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് രാത്രി കിടക്കുക. ഉറങ്ങുമ്പോള്‍ തലയണ മുട്ടിന് താഴെ വയ്ക്കുന്നത് ഒഴിവാക്കണം. കിടക്കുമ്പോള്‍ മുട്ടുകള്‍ നിവര്‍ത്തിവച്ച് നീണ്ടു നിവര്‍ന്നു കിടക്കുന്നതാണ് നല്ലത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കട്ടിലില്‍ ഇരുന്നുകൊണ്ടു തന്നെ കൈകളിലേയും കാലിലേയും പേശികള്‍ അയച്ചും മുറുക്കിയുമുള്ള ലളിതമായ സ്‌ട്രെച്ചിങ് വ്യായാമം ചെയ്യാം. എഴുന്നേല്‍ക്കുമ്പോഴേ ചെറുചൂടൂള്ള സോപ്പുവെള്ളത്തില്‍ കൈ കഴുകാം. ഇത് പേശികള്‍ക്ക് വഴക്കം നല്‍കും. മുട്ടിന് വേദനയും പ്രശ്‌നമുള്ളവര്‍ പടികള്‍ കയറുന്നത് കാലിലെ സന്ധികള്‍ക്ക് അമിത ആയാസം നല്‍കും. ഇന്ത്യന്‍ ടോയ്ലറ്റിനു പകരം യൂറോപ്യന്‍ ടോയ്‌ലറ്റ് ഉപയോഗിക്കാം. സ്‌ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക. യോഗ, വ്യായാമം എന്നിവ ജീവിതരീതിയുടെ ഭാഗമാക്കുക. ശരീരഭാരം നിയന്ത്രണത്തില്‍ നിര്‍ത്തുന്നത് കാല്‍മുട്ടിലെ ആര്‍ത്രൈറ്റിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
അന്ന് ഗുരുവും ശിഷ്യരും ഗ്രാമത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു. വഴിയിലെ ഒരു വീട്ടില്‍ നിന്ന് ഉച്ചത്തില്‍ ആളുകള്‍ സംസാരിക്കുന്നത് കേട്ടു. ഇത് കേട്ട് ശിഷ്യരിലൊരാള്‍ ഗുരുവിനോട് ചോദിച്ചു: ഇവര്‍ എന്തിനാണ് ഇത്ര ഉറക്കെ സംസാരിക്കുന്നത്. പതുക്കെ സംസാരിച്ചാലും അവര്‍ക്ക് തമ്മില്‍ കേള്‍ക്കാമല്ലോ? ഗുരു പറഞ്ഞു: ദേഷ്യത്തോടെ സംസാരിക്കുമ്പോള്‍ രണ്ടു ഹൃദയങ്ങള്‍ തമ്മില്‍ ഒരുപാട് അകലെയാണ്. അതുകൊണ്ടാണ് ശബ്ദമുയര്‍ത്തി സംസാരിക്കുന്നത്. കുറച്ച് കൂടി മുന്നോട്ട് നടന്നപ്പോള്‍ പ്രണയബദ്ധരായ യുവമിഥുനങ്ങളെ കണ്ടു. അവരെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഗുരു പറഞ്ഞു: അവര്‍ സംസാരിക്കുന്നത് ഇത്ര അടുത്തു നിന്നിട്ടും നമുക്ക് കേള്‍ക്കാന്‍ സാധിക്കുന്നില്ല. അത്രയും താഴ്ന്ന സ്വരത്തിലാണ് അവര്‍ സംസാരിക്കുന്നത്. മാത്രമല്ല, അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ അത്രയും അടുത്താണ്... കാതുകളോട് സംസാരിക്കുന്നവര്‍ ശബ്ദിക്കും... ഹൃദയത്തോട് സംസാരിക്കുന്നവര്‍ മന്ത്രിക്കും. കേള്‍ക്കാന്‍ സാധിക്കുന്നുണ്ടോ എന്നതല്ല, മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടോ എന്നതാണ് ബന്ധങ്ങള്‍ വളരുന്നതിന്റെയും തളിര്‍ക്കുന്നതിന്റെയും അടിസ്ഥാനം. ബന്ധങ്ങളുടെ അകലം എന്നത് മാനസിക ദൂരമാണ്. അടുത്തിരിക്കുമ്പോഴും അകലത്തിലായിരിക്കുന്നവരും, അകന്നിരിക്കുമ്പോഴും അടുപ്പത്തിലായിരിക്കുന്നവരും ഉണ്ട്. അടുപ്പമെന്നത് ചര്‍മ്മസ്പര്‍ശമല്ല, ഹൃദയസ്പര്‍ശമാണ്. അതിന് പറയുന്നവാക്കുകളെ മാത്രമല്ല, പറയാത്തവാക്കുകളേയും തിരിച്ചറിയാനാകും. അകന്നിരിക്കുന്ന ഹൃദങ്ങള്‍ അടുക്കട്ടെ... ബന്ധങ്ങള്‍ തളിര്‍ക്കുകയും വളരുകയും ചെയ്യട്ടെ - ശുഭദിനം.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍