ആചാരമെന്ന പേരിൽ വധൂവരന്‍മാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ. ഇവരുടെ ബന്ധു സുഭാഷ് ആണ് അറസ്റ്റിലായത്. സുഭാഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു. വിശദമായ തുടര്‍ നടപടികളുണ്ടാകുമെന്ന കാര്യവും പോലീസ് വ്യക്തമാക്കി.
ജൂൺ 24-ന് ആയിരുന്നു പല്ലശ്ശന സ്വദേശി സച്ചിനും കോഴിക്കോട് മുക്കം സ്വദേശിനി സജ്‌ലയും തമ്മിലുള്ള വിവാഹം. വിവാഹശേഷം വരന്റെ വീട്ടിലേക്ക് കയറുന്നതിനിടെയാണ് അകന്ന ബന്ധുവായ സുഭാഷ് ഇരുവരുടേയും തല കൂട്ടിമുട്ടിച്ചത്. തല കൂട്ടിയിടിച്ചപ്പോള്‍ വേദനകൊണ്ടു പുളഞ്ഞ വധു കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറിപ്പോകുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. സംസ്ഥാന വനിതാ കമ്മിഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. അപ്രതീക്ഷിതമായി തല കൂട്ടിയിടിച്ചപ്പോഴുണ്ടായ വേദന സഹിക്കാവുന്നതിലപ്പുറമായിരുന്നുവെന്നും ഇനിയൊരാള്‍ക്കും ഈ അനുഭവമുണ്ടാകരുതെന്നും സജ്‌ല പ്രതികരിച്ചിരുന്നു. ഇത്തരമൊരു ആചാരമുള്ളതായി താനിതുവരെ കണ്ടിട്ടില്ലെന്ന് സച്ചിനും പറഞ്ഞിരുന്നു.
0 അഭിപ്രായങ്ങള്‍