കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിന്റെ ഇലക്ട്രിക് ബസുകളിലെ ആദ്യ ബാച്ച് വനിതാ ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള പരിശീലനത്തില്‍. നാലുപേരാണ് അട്ടക്കുളങ്ങര സ്റ്റാഫ് ട്രെയിനിങ് സെന്ററില്‍ പരിശീലനത്തിലുള്ളത്. ഹെവി ഡ്രൈവിങ് ലൈസന്‍സുള്ള തിരുവനന്തപുരം സ്വദേശി അനില, തൃശൂർ സ്വദേശിനികളായ ജിസ്ന, ശ്രീക്കുട്ടി, നിലമ്പൂര്‍ സ്വദേശിനി ഷീന എന്നിവര്‍ക്ക് മികച്ച ഡ്രൈവര്‍മാരാകാനുള്ള പരിശീലനമാണ് കെ.എസ്.ആര്‍.ടി.സി. നല്‍കുന്നത്.
നാലുപേര്‍ക്കും ടിപ്പറും ജെ.സി.ബി.യുമൊക്കെ ഓടിച്ച് പരിചയസമ്പത്തുണ്ട്. നെല്ലിമൂട് മാര്‍ ഇവാനിയോസ് സ്‌കൂളിലെ ബസ് ഡ്രൈവറുടെ സീറ്റില്‍നിന്നാണ് അനില സ്വിഫ്റ്റിലേക്കെത്തുന്നത്. സ്വന്തം ടിപ്പര്‍ ഓടിച്ചാണ് ജിസ്ന ഡ്രൈവറായത്. ശ്രീക്കുട്ടിക്ക് 14 ചക്രങ്ങളുള്ള ലോറിയാണ് വഴക്കം. ചെറുപ്പം മുതലേ ഡ്രൈവിങ് ഇഷ്ടമുള്ള ഷീന, ഭര്‍ത്താവ് ടിപ്പര്‍ വാങ്ങിയതോടെയാണ് ഹെവി ലൈസന്‍സ് സ്വന്തമാക്കിയത്. കെ.എസ്.ആര്‍.ടി.സി.യുടെ ലൈലന്‍ഡ് ബസിലുള്ള 15 ദിവസത്തെ പരിശീലനം കഴിഞ്ഞാല്‍ ഇലക്ട്രിക് ബസുകളിലേക്കു മാറ്റും.
ഗിയര്‍ ഇല്ലാത്തതിനാലും ചെറിയ വാഹനമായതിനാലും ഒറ്റദിവസംകൊണ്ട് ഇവര്‍ക്ക് ഇ-ബസിലേക്കു മാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ വി.വിനോദ്കുമാര്‍ പറഞ്ഞു. കോതമംഗലം കോട്ടപ്പടി സ്വദേശി വി.പി.ഷീലയാണ് നിലവില്‍ കെ.എസ്.ആര്‍.ടി.സി.യിലെ ഏക വനിതാ ഡ്രൈവര്‍. സ്വിഫ്റ്റിന്റെ വനിതാ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ ഇവരെ നിയോഗിച്ചിട്ടുണ്ട്. പുരുഷ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന ഏത് ബസും എത്ര തിരക്കുള്ള റൂട്ടിലും അനായാസമായി കൊണ്ടുപോകുന്ന ഷീലയെ റോള്‍ മോഡലാക്കിയാണ് സ്വിഫ്റ്റിലെ വനിതാ ഡ്രൈവര്‍മാരുടെ പഠനം.
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് സ്വിഫ്റ്റിലേക്ക് വനിതാ ഡ്രൈവര്‍മാരെ ക്ഷണിച്ചത്. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍(എല്‍.എം.വി.) ലൈസന്‍സുള്ളവര്‍ക്ക്് അപേക്ഷിക്കാവുന്ന വിധത്തിലായിരുന്നു വിജ്ഞാപനം. ഹെവി ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി. 112 അപേക്ഷകളില്‍നിന്ന് 27 പേരെ ടെസ്റ്റിനു വിളിച്ചു. 11 പേര്‍ പാസായി. എല്‍.എം.വി. ലൈസന്‍സ് മാത്രമുള്ളവര്‍ക്ക് രണ്ടാംഘട്ടത്തില്‍ ഹെവി പരിശീലനം നല്‍കി ലൈസന്‍സ് കരസ്ഥമാക്കുന്ന മുറയ്ക്ക് ഇവരെയും ബസുകളില്‍ നിയോഗിക്കും.
0 അഭിപ്രായങ്ങള്‍