ഹോട്ടലുകളിൽ വില വിവരപ്പട്ടിക ഇല്ലെങ്കിൽ ശ്രദ്ധയിൽപ്പെടുത്താം

തൃശൂർ താലൂക്കിലെ ഹോട്ടലുകളിൽ വില വിവരപ്പട്ടിക ഉറപ്പുവരുത്തിയതായി താലൂക്ക് സിവിൽ സപ്ലൈസ്. തൃശ്ശൂർ താലൂക്ക് തല വികസന സമിതി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത ഹോട്ടലുകൾ ഉണ്ടെങ്കിൽ ജനങ്ങൾക്ക് നേരിട്ടോ ജനപ്രതിനിധികൾ മുഖാന്തരമോ ഫോൺ വഴിയോ ജില്ലാ സിവിൽ സപ്ലൈസ് ഓഫീസറുടെയോ താലൂക്ക് സപ്ലൈസ് ഓഫീസറുടെയോ ശ്രദ്ധയിൽപ്പെടുത്താമെന്നും അസി. താലൂക്ക് സപ്ലൈ ഓഫീസർ എം സിറാജുദ്ദീൻ വ്യക്തമാക്കി. ഒരേ ഭക്ഷണസാധനങ്ങൾക്ക് പല ഹോട്ടലുകളിലും പല വില ഈടാക്കുന്നത് സംബന്ധിച്ച് ഷൈജു ബഷീർ സമർപ്പിച്ച പരാതിയിലാണ് താലൂക്ക് വികസന സമിതിയിൽ മറുപടി. 

തോട്ടപ്പടി മുതൽ ആറാംകല്ല് വരെയുള്ള ഭാഗത്ത് വഴിയോരങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നത് സംബന്ധിച്ച പരാതിയിൽ മാലിന്യങ്ങൾ കോർപ്പറേഷൻ നീക്കം ചെയ്യണമെന്ന് താലൂക്ക് വികസന സമിതി നിർദേശിച്ചു. പടിഞ്ഞാറെ കോട്ടയിൽ നിന്നും മാനസികാരോഗ്യകേന്ദ്രം വഴി തോപ്പിൽ മൂല ജംഗ്ഷനിലേക്ക് പോകുന്ന റോഡിലെ അനധികൃത ലോറി പാർക്കിംഗിനെതിരെയും ദേശീയപാതയിലെ വിവിധ ഇടങ്ങളിൽ വീടുകൾക്ക് മുന്നിൽ ലോറികൾ പാർക്ക് ചെയ്യുന്നതിനെതിരെയും വന്ന പരാതികളിൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വകുപ്പ് അറിയിച്ചു. 

കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണി അന്തിക്കാട്, താന്ന്യം പഞ്ചായത്തുകളിൽ പുരോഗമിക്കുകയാണെന്ന് ജല അതോറിറ്റി പ്രതിനിധികൾ താലൂക്ക് വികസന സമിതിയിൽ അറിയിച്ചു. 

പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രന്റെ അധ്യക്ഷതയിലാണ് താലൂക്ക് വികസന സമിതി ചേർന്നത്. കൺവീനർ തൃശ്ശൂർ തഹസിൽദാർ ടി ജയശ്രീ, ഡെപ്യൂട്ടി തഹസിൽദാർ ജിതേഷ് പി ഡി, ജൂനിയർ സൂപ്രണ്ട് മാരായ പ്രതീഷ് എം ടി, മുരളി എം എസ് തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍