◾മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറികളില്‍ അമ്പരന്ന് രാജ്യത്തെ പ്രതിപക്ഷ കക്ഷി നേതാക്കള്‍. എന്‍സിപിയെ പിളര്‍ത്തി പകുതിയിലേറെ എംഎല്‍എമാരുമായി എന്‍സിപി നേതാവ് അജിത് പവാര്‍ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഒന്നാകെ ഞെട്ടിച്ചു. 29 എംഎല്‍എമാരുമൊത്തു രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനൊപ്പം എട്ട് എന്‍സിപി നേതാക്കള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. തനിക്കൊപ്പം 40 എംഎല്‍എമാരുണ്ടെന്നാണ് ശരത് പവാറിന്റെ സഹോദര പുത്രനായ അജിത് പവാര്‍ അവകാശപ്പെടുന്നത്. എന്‍സിപിക്ക് ആകെ 53 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഭൂരിപക്ഷം എംഎല്‍എമാരും തനിക്കൊപ്പമായതിനാല്‍ യഥാര്‍ത്ഥ എന്‍സിപി തന്റേതാണെന്നും അജിത് പവാര്‍ അവകാശപ്പെട്ടു.
◾മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ നടക്കുന്നതുവരെ എല്ലാ കരുനീക്കങ്ങളും രഹസ്യമാക്കി അജിത് പവാര്‍. 2019 ല്‍ ബിജെപിയുമായി ചേര്‍ന്നു മന്ത്രിസഭയുണ്ടാക്കാന്‍ നടത്തിയ നീക്കങ്ങള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ അതു തകര്‍ത്തിരുന്നു. ഇത്തവണ അങ്ങനെയൊന്നു സംഭവിക്കാതിരിക്കാന്‍ അജിത് പവാര്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്‍സിപിക്ക് ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ അടക്കം രണ്ടു വര്‍ക്കിംഗ് പ്രസിഡന്റുമാരെ ഈയിടെ നിയമിച്ചതിനു പിറകേ, അജിത് പവാര്‍ ഉടക്കിയിരുന്നു. തനിക്കു പ്രതിപക്ഷ നേതൃസ്ഥാനം വേണ്ടെന്നും പാര്‍ട്ടി പദവി വേണമെന്നും ശരത് പവാറിനോടു പറഞ്ഞിരുന്നു.
◾എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ ബിജെപി- ശിവസേന മന്ത്രിസഭയില്‍ എത്തിയതോടെ മഹാരാഷ്ടയില്‍ ട്രിപ്പിള്‍ എന്‍ജിന്‍ സര്‍ക്കാരായിയെന്ന് മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിന്‍ഡെ. എന്നാല്‍ അധികാരത്തിനും പണത്തിനും പിറകേ ഓടുന്നവരെ ഗൗനിക്കുന്നില്ലെന്നും ജനങ്ങളുടെ പിന്തുണ തനിക്കും എന്‍സിപിക്കും ഉണ്ടെന്നും എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പ്രതികരിച്ചെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോടു പറഞ്ഞത്.
◾സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് പാര്‍ട്ടിയുടെ അനുമതി തേടണമെന്ന് എംപിമാര്‍ക്ക് എഐസിസി നിര്‍ദ്ദേശം നല്‍കി. തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന ഹൈബി ഈഡന്റെ ബില്‍ വിവാദമായ പശ്ചാത്തലത്തിലാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇങ്ങനെ നിര്‍ദ്ദേശം നല്‍കിയത്.
◾ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ മയക്കുമരുന്നു കള്ളക്കേസില്‍ കുടുക്കിയ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ സതീശനെ സസ്പെന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുടയിലെ ഇന്‍സ്പെക്ടറായിരുന്ന ഇയാളുടെ വീഴ്ച മനസിലാക്കി നേരത്തെ സ്ഥലംമാറ്റിയിരുന്നു. ഷീല സണ്ണിയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വ്യാജ കേസ് ചമയ്ക്കാന്‍ ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നെന്നാണ് കുറ്റം.
◾കള്ളക്കേസില്‍ കുടുക്കിയവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മന്ത്രി എംബി രാജേഷ് ഷീലാ സണ്ണിയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. തെറ്റു ചെയ്യാതെ ജയിലില്‍ കിടക്കാനിടയായതില്‍ മന്ത്രി ഖേദം പ്രകടിപ്പിച്ചു. ഷീലാ സണ്ണി നിരപരാധിയാണ് എന്ന് കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◾സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യത. രണ്ടു ചക്രവാതച്ചുഴി നിലവിലുള്ളതിനാല്‍ അഞ്ചു ദിവസം കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
◾കൈതോലപ്പായ വിവാദം സ്വയം എരിഞ്ഞടങ്ങിക്കൊള്ളുമെന്നും ജി ശക്തിധരന്റെ കള്ളപ്രചരണങ്ങള്‍ക്കു മറുപടി പറയാന്‍ സിപിഎമ്മില്ലന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഹിന്ദു അജണ്ട നടപ്പാക്കാനാണ് ബിജെപി ഏകീകൃത സിവില്‍കോഡുമായി വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾പറവൂര്‍ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പുനര്‍ജനി പദ്ധതിയില്‍ 229 വീടുകള്‍ നിര്‍മിച്ചു നല്‍കിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ഭാഗികമായി തകര്‍ന്നതും പണിപൂര്‍ത്തിയാക്കാനാകാത്തതുമായ വീടുകള്‍ അടക്കം 314 വീടുകള്‍ പുനര്‍ജനി പദ്ധതിയില്‍ പൂര്‍ത്തിയാക്കി. ഗുണഭോക്താക്കളുടെ വിവരങ്ങള്‍ വിജിലന്‍സ്, എന്‍ഫോഴ്സ്മെന്റ് അന്വേഷണ ഏജന്‍സികള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന മുറയ്ക്കു പ്രതിപക്ഷ നേതാവ് കൈമാറുമെന്നും റിജില്‍ പറഞ്ഞു.
◾തൃശൂര്‍ നന്തിലത്ത് ജി. മാര്‍ട്ടില്‍നിന്ന് ഇല്ലാത്ത ജീവനക്കാര്‍ക്കു ശമ്പളമെന്ന പേരില്‍ 58 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ എച്ച്.ആര്‍. മാനേജര്‍ അറസ്റ്റില്‍. ഗുരുവായൂര്‍ തൈക്കാട് മാവിന്‍ചുവട് ഓടാട്ട് വീട്ടില്‍ റോഷിന്‍ ആണ് അറസ്റ്റിലായത്. നന്തിലത്ത് ജി. മാര്‍ട്ട് സി.ഇ.ഒ. സുബൈര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സ്ഥാപനത്തില്‍ ജോലി ചെയ്യാത്തവരുടെ പേരില്‍ ശമ്പളം സ്വന്തക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റിയായിരുന്നു തട്ടിപ്പ്. 2018 മുതല്‍ 2023 ജനുവരി വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നത്.
◾കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ റാമ്പ് തുറന്നു നല്‍കാത്തതിനാല്‍ പടികള്‍ കയറിയ ശ്വാസകോശ രോഗി കുഴഞ്ഞുവീണു മരിച്ചു. നെടുവത്തൂര്‍ കുറുമ്പാലൂര്‍ സ്വദേശി വി. രാധാകൃഷ്ണന്‍ എന്ന അമ്പത്താറുകാരനാണ് കുഴഞ്ഞു വീണ് മരിച്ചത്. മൃതദേഹം തിരിച്ചിറക്കാനും ജീവനക്കാര്‍ റാമ്പ് തുറന്നു കൊടുത്തില്ല. രണ്ട് ഗ്രേഡ് ടു ജീവനക്കാരെ ആശുപത്രി സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്തു.
◾കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവി പങ്കിടുന്നതു സംബന്ധിച്ച് കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ ഭിന്നത. മേയര്‍ സ്ഥാനം തങ്ങള്‍ക്കു തന്നില്ലെങ്കില്‍ മേയര്‍ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി പറഞ്ഞു. മേയര്‍ സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടാനാണു നേരത്തെ ധാരണയുണ്ടാക്കിയിരുന്നത്. ആറു മാസംകൂടി തങ്ങള്‍ക്കു വേണമെന്നാണു കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ആവശ്യം.
◾എന്‍സിപി കേരള ഘടകം ശരദ് പവാറിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. അജിത് പവാറിന്റേത് അധികാരമോഹവും വഞ്ചനയുമാണ്. പാര്‍ട്ടിയിലെ ശക്തന്‍ ശരദ് പവാര്‍ തന്നെയാണെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.
◾കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുന്‍കൈയെടുത്ത് കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേര് പറയാമോയെന്ന് മന്ത്രി ശിവന്‍കുട്ടി. 'ചിലപ്പന്‍ കിളി'യെ പോലെ എന്തൊക്കെയോ പറയാന്‍ മാത്രമാണ് മുരളീധരന്‍ കേരളത്തില്‍ വരുന്നത്. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദന്‍ മാസ്റ്ററെക്കുറിച്ച് മുരളീധരന്‍ ആക്ഷേപകരമായ കാര്യങ്ങളാണ് പറയുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
◾ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുത്ത യോഗത്തിലേക്കു തന്നെ വിളിക്കാത്തതിനെക്കുറിച്ചു മറുപടി പറയേണ്ടത് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ബിജെപി വ്യക്തികളുടെ പ്രസ്ഥാനമല്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ചില പ്രത്യേക സാഹചര്യങ്ങളില്‍ കസേരയില്‍ ഇരുത്താത്തതുകൊണ്ടാണ് ചോദ്യങ്ങള്‍ ഉയരുന്നത്. അതില്‍ വേദനയുണ്ടെന്നും ശോഭാ സുരേന്ദ്രന്‍.
◾പാലക്കാട് പല്ലശ്ശനയില്‍ വധൂവരന്‍മാരുടെ തല മുട്ടിച്ച സംഭവത്തില്‍ ബന്ധുവായ സുഭാഷിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. തെക്കുംപുറത്ത് സച്ചിന്റെയും ഭാര്യ സജ്ലയുടേയും തലയാണു കൂട്ടിയിടിച്ചത്. ദേഹോപദ്രവമേല്‍പ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്. ആചാരമെന്ന പേരിലുള്ള അതിക്രമം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.
◾പാലക്കാട്ട് ഥാര്‍ ജീപ്പില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെ തൃശൂര്‍ സ്വദേശികളായ യുവാവും യുവതിയും പിടിയിലായി. തൃശൂര്‍ മുകുന്ദപുരം സ്വദേശിനി ഷമീന, തളിക്കുളം സ്വദേശി മുഹമ്മദ് റയിസ് എന്നിവരാണ് 62 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവും രണ്ടു കൂട്ടുകാരും പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി അയലിവേലിക്കുളങ്ങര സ്വദേശി 20 വയസുകാരായ അജിം ഷാ, ആഷിഖ്, ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത സുഹൃത്ത് എന്നിവരെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്.
◾മഹാരാഷ്ട്രയില്‍ നടന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്പോണ്‍സര്‍ ചെയ്ത രാഷ്ട്രീയ അട്ടിമറിയെന്ന് കോണ്‍ഗ്രസ്. മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റൊരു സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറി നടത്തി. ബിജെപിയുടെ തരംതാണ കളിയാണിത്. എന്‍സിപി നേതാവ് ശരത് പവാറുമായി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സംസാരിച്ചു. അട്ടിമറി പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി വേണുഗോപാല്‍.
◾എന്‍സിപി പിളര്‍പ്പ് വേദനാജനകമെന്ന് വര്‍ക്കിംഗ് പ്രസിഡന്റും ശരത് പവാറിന്റെ മകളുമായ സുപ്രിയ സുലേ എംപി. ശരദ് പവാര്‍ എല്ലാവരെയും കുടുംബാംഗങ്ങളായാണ് കരുതിയത്. പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കുമെന്നും സുപ്രിയ സുലേ പറഞ്ഞു.
◾ഡല്‍ഹിയിലെ ഭജന്‍പുര ചൗക്കില്‍ റോഡ് വീതി കൂട്ടാന്‍ ക്ഷേത്രവും മുസ്ലിം പള്ളിയും പൊളിച്ചുനീക്കി. കനത്ത പൊലീസ് സന്നാഹത്തോടെയാണ് പിഡബ്ല്യുഡി ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കിയത്. പൊളിക്കുന്നതിന് മുമ്പ് നാട്ടുകാരുമായും പ്രാദേശിക നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു.
◾കര്‍ണാടകത്തില്‍ പുതുതായി നിര്‍മിച്ച മുസ്ലിം പള്ളി ഉദ്ഘാടനം ചെയ്തത് സ്വാമി. കോപ്പല്‍ ജില്ലയിലെ കുക്കനൂര്‍ താലൂക്കിലെ ഭാനാപൂര്‍ ഗ്രാമത്തിലാണ് സംഭവം. കൊപ്പല്‍ ഗവി മഠത്തിലെ അഭിനവ ഗവിസിദ്ദേശ്വര സ്വാമിയാണ് മസ്ജിദ് ഉദ്ഘാടനം ചെയ്തത്. ഇക്കാലത്ത് എല്ലാവരും ഐക്യത്തോടെ ജീവിക്കേണ്ടത് അനിവാര്യമാണെന്നും യഥാര്‍ത്ഥ മതം എന്നാല്‍ സൗഹാര്‍ദമാണെന്നും അദ്ദേഹം പറഞ്ഞു.
◾ഭര്‍ത്താവില്ലാത്ത രാത്രി വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ മേല്‍ക്കൂര പൊളിച്ച് അകത്തുകയറി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചു. ബിഹാറിലെ ബങ്ക ജില്ലയിലാണ് സംഭവം. ഇയാളെ അറസ്റ്റു ചെയ്ത ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലാല്‍ക്കാര ശ്രമത്തിനിടെ സമീപത്തു സൂക്ഷിച്ചിരുന്ന ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
◾കരുത്തരായ ശ്രീലങ്ക 2023ലെ ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി . യോഗ്യതാ റൗണ്ടിലെ സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ സിംബാബ്വെയെ 9 വിക്കറ്റിന് തകര്‍ത്താണ് ശ്രീലങ്ക ലോകകപ്പിന് യോഗ്യത നേടിയത്. ഇതോടെ ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ കളിക്കുന്ന ഒന്‍പതാം ടീമായി ശ്രീലങ്ക മാറി. ഇനിയുള്ള പത്താം സ്ഥാനത്തിനായി സിംബാബ്വെയും സ്‌കോട്‌ലന്‍ഡും പോരാടും.
◾ബെന്‍ സ്റ്റോക്‌സിന്റെ സെഞ്ചുറിയ്ക്കും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് വിജയം. ആതിഥേയരായ ഇംഗ്ലണ്ടിനെ 43 റണ്‍സിനാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. 371 റണ്‍സ് വിജയലക്ഷ്യവുമായി് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 327 റണ്‍സിന് ഓള്‍ ഔട്ടായി. 155 റണ്‍സെടുത്ത് പൊരുതിയ നായകന്‍ ബെന്‍ സ്റ്റോക്‌സിനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0 ന് മുന്നിലെത്തി.
◾ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ (ട്രായ്) പുതിയ കണക്കുകള്‍ പ്രകാരം ജിയോ കേരളത്തില്‍ 49,000 വരിക്കാരെ നേടി. അതേസമയം സംസ്ഥാനത്തെ മൊത്തം മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 1.64 ലക്ഷം കുറഞ്ഞ് 42.24 ദശലക്ഷമായി. ദേശീയതലത്തില്‍ ജിയോ 3.04 ദശലക്ഷത്തിലധികം പുതിയ വരിക്കാരെ സ്വന്തമാക്കി. എയര്‍ടെല്‍ കേരളത്തില്‍ 12,000 പുതിയ വരിക്കാരെയും ദേശീയ തലത്തില്‍ ഏകദേശം 76,000 വരിക്കാരെയും നേടിയിട്ടുണ്ട്. വോഡഫോണ്‍ ഐഡിയക്ക് കേരളത്തില്‍ 1.15 ലക്ഷം ഉപഭോക്താക്കളെയും രാജ്യവ്യാപകമായി 2.99 ദശലക്ഷം ഉപയോക്താക്കളെയും നഷ്ടപ്പെട്ടതായും ട്രായ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തിരിച്ചടി നേരിട്ടതില്‍ ബി.എസ്.എന്‍.എലിന് കേരളത്തില്‍ ഏകദേശം 1.10 ലക്ഷവും ദേശീയതലത്തില്‍ 7.2 ലക്ഷവും വരിക്കാരുടെ എണ്ണത്തില്‍ നഷ്ടമുണ്ടായി. ദേശീയതലത്തില്‍ 2023 ഏപ്രിലിലെ ഉപഭോക്തൃ വിപണി വിഹിതം ജിയോ 37.9 ശതമാനവും എയര്‍ടെല്‍ 32.4 ശതമാനവും വോഡഫോണ്‍ ഐഡിയ 20.4 ശതമാനവുമാണ്. 2023 ഏപ്രിലില്‍ മൊത്തത്തിലുള്ള സജീവ സബ്‌സ്‌ക്രിപ്ഷനുകള്‍ 4.2 ദശലക്ഷം ഉയര്‍ന്നു. കേരളത്തിലെ സജീവ ഉപഭോക്തതാക്കളുടെ എണ്ണത്തില്‍ ജിയോയ്ക്ക് 2 ലക്ഷത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി. എയര്‍ടെലിന് 83,000 സജീവ ഉപഭോക്തതാക്കളെ നഷ്ടമായി. ജിയോയ്ക്കും എയര്‍ടെലിനും ഗ്രാമീണ ഇന്ത്യയില്‍, യഥാക്രമം 1.58 ദശലക്ഷവും 0.19 ദശലക്ഷവും ഉപയോക്താക്കളെ നേടാനായി. അതേസമയം വോഡഫോണ്‍ ഐഡിയയ്ക്ക് 1.41 ദശലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടതായി ട്രായ് ഡാറ്റ വ്യക്തമാക്കുന്നു.
◾ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് 'കിഷ്‌കിന്ധാ കാണ്ഡം'. അപര്‍ണ ബാലമുരളിയാണ് ആസിഫിന്റെ നായികയായി ചിത്രത്തില്‍ എത്തുന്നത്. ദിന്‍ജിത്ത് അയ്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചേര്‍പ്പുളശ്ശേരിക്കടുത്ത്, വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'കിഷ്‌കിന്ധാ കാണ്ഡം' എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ഇരുപത്തിയാറാമത്തെ ചിത്രമാണ് 'കിഷ്‌കിന്ധാ കാണ്ഡം'. ആസിഫ് അലി, അപര്‍ണ്ണാ ബാലമുരളി, അശോകന്‍, വിജയരാഘവന്‍, ജഗദീഷ്, മേജര്‍ രവി, വൈഷ്ണവി രാജ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, എന്നിവര്‍ ബാഹുല്‍ രമേശ് തിരക്കഥ എഴുതുന്ന ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബാഹുല്‍ രമേശാണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും.
◾ഹൗസായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ നിര്‍മ്മിച്ച്, രാഘവ ലോറന്‍സ്, കങ്കണ റണാവത്ത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ചന്ദ്രമുഖി 2' റിലീസിന്. സെപ്റ്റംബര്‍ 19 വിനായക ചതുര്‍ഥി ദിനത്തില്‍ ലോകമെമ്പാടും ചിത്രം പ്രദര്‍ശനത്തിനെത്തും. പി.വാസു സംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രം 18 വര്‍ഷം മുമ്പ് ബോക്സോഫീസില്‍ ചരിത്രം സൃഷ്ടിച്ച 'ചന്ദ്രമുഖി'യുടെ തുടര്‍ച്ചയാണ്. മലയാളം ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായിരുന്നു ചന്ദ്രമുഖി. രജനീകാന്ത്, ജ്യോതിക, പ്രഭു, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചന്ദ്രമുഖി 2005 ഏപ്രില്‍ 14 നാണ് റിലീസ് ചെയ്തത്. മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗവും അടുത്തിടെ റിലീസായിരുന്നു. ചിത്രത്തില്‍ വടിവേലു, ലക്ഷ്മി മേനോന്‍, മഹിമ നമ്പ്യാര്‍, രാധിക ശരത് കുമാര്‍, വിഘ്നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രന്‍, റാവു രമേഷ്, സായ് അയ്യപ്പന്‍, സുരേഷ് മേനോന്‍, ശത്രു, ടി.എം കാര്‍ത്തിക് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾മാമന്നന്റെ വന്‍ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംവിധായകന്‍ മാരിസെല്‍വരാജിന് മിനിയുടെ ആഡംബര കാര്‍ സമ്മാനമായി നല്‍കി നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍. എക്സ്ഷോറൂം വില ഏകദേശം 48.10 ലക്ഷം രൂപ വരുന്ന കണ്‍ട്രിമാനാണ് സമ്മാനമായി നല്‍കിയത്. രണ്ടു ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 178 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമുണ്ട്. നൂറ് കിലോമീറ്റര്‍ വേഗം കടക്കാന്‍ 7.5 സെക്കന്‍ഡ് മാത്രം മതി കരുത്തന്. സൂപ്പര്‍ ഹിറ്റായി മുന്നേറുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ്, തുടങ്ങിയവരാണ് അഭിനയിക്കുന്നത്. എ ആര്‍ റഹ്‌മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം ആദ്യ ദിനത്തില്‍ 9 കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് മാമന്നന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകന് ഉദയനിധി മിനി കൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ്.
◾2022 ല്‍ യാത്രാവിവരണത്തില്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി. പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ സി അനൂപ് നടത്തിയ യാത്രാപുസ്തകമാണ് ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം. ജോഹന്നസ്ബര്‍ഗില്‍ തുടങ്ങി പീറ്റര്‍ മാരിസ്ബര്‍ഗിലൂടെ നാം കേപ് ടൗണിലെത്തുമ്പോള്‍ 'തെന്നാഫ്രിക്ക' നമ്മെ അത്ഭുതപ്പെടുത്തും. അധികാരത്തിന്റെ നഖമൂര്‍ച്ചയില്‍ സാധാരണ മനുഷ്യന്റെ രക്തം ഊറ്റിക്കുടിക്കുന്ന അധികാരവര്‍ഗ്ഗം- ഈ രണ്ടവസ്ഥകളുടെയും നേര്‍ക്കാഴ്ച ഈ കൃതിയില്‍ നമുക്ക് കാണാം. നെല്‍സണ്‍ മണ്ഡേല സ്വന്തം ജീവിതം നല്കി ഉദിപ്പിച്ച സൂര്യന്‍ അസ്തമയശോഭയോടെ നില്‍ക്കുമ്പോള്‍ ഇനിയുമൊരു പ്രഭാതം അകലെയെങ്ങാനുമുണ്ടോ എന്ന വിലാപവും കേള്‍ക്കാം. 'ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം'. സി അനൂപ്. ഡിസി ബുക്സ്. വില 207 രൂപ.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍