◾കനത്ത മഴമൂലം ആറു ജില്ലകളില്‍ ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണു ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് ഒഴികേ അഞ്ചു ജില്ലകളിലും പ്രഫഷണല്‍ കോളജുകള്‍ ഉള്‍പെടെ ഉള്ളവയ്ക്കാണ് അവധി. കാസര്‍കോട് കോളജുകള്‍ക്ക് അവധിയില്ല. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കു മാത്രമാണ് അവധി.
◾കാലവര്‍ഷം ശക്തമായതോടെ മഴക്കെടുതികള്‍. വ്യാപക നാശനഷ്ടം. വടക്കഞ്ചേരിയില്‍ തെങ്ങുവീണ് ആദിവാസി സ്ത്രീയും ഇരിങ്ങാലക്കുടയില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ത്ഥിയും മരിച്ചു. അടൂരില്‍ തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. താമരശേരി ചുരം അടക്കം പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി മുടങ്ങി. വീടുകളില്‍ വെള്ളം കയറി. ഇന്നും നാളെയും മഴ അതിശക്തമായി തുടരും. തിരുവനന്തപുരം ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. കൊല്ലം ജില്ലയില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 200 സെന്റീ മീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം തുറന്നുവിടും. പമ്പയാറിന്റെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
◾പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്നാരംഭിക്കും. ആറു ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധിയായതിനാല്‍ ശേഷിക്കുന്ന എട്ടു ജില്ലകളിലാണ് ക്ലാസ് ആരംഭിക്കുന്നത്. പ്ലസ് വണ്‍ ക്ലാസുകളിലേക്ക് 3,16,772 പേരാണു പ്രവേശനം നേടിയത്. മെരിറ്റില്‍ 2,63,688 പേരും കമ്യൂണിറ്റി ക്വാട്ടയില്‍ 18,901 പേരും മാനേജുമെന്റ് ക്വാട്ടയില്‍ 18,735 പേരും പ്രവേശനം നേടി. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 11,309 പേര്‍ക്കു പ്രവേശനം നല്‍കി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 22,145 പേര്‍ക്കു പ്രവേശനം ലഭിച്ചു. സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ക്ക് എട്ടാം തീയതി മുതല്‍ അപേക്ഷിക്കാം.
◾സംസ്ഥാനത്തെ എഐ കാമറകള്‍ കഴിഞ്ഞ ഒരു മാസം 20,42,542 നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എന്നാല്‍ കെല്‍ട്രോണ്‍ നടിപടിയെടുത്തത് 7,41,766 എണ്ണത്തില്‍ മാത്രമാണ്. 1.77 ലക്ഷം പേര്‍ക്കേ പിഴ നോട്ടീസ് അയച്ചിട്ടുള്ളൂ. പിഴത്തുകയായി സര്‍ക്കാരിനു ലിക്കേണ്ട 7.94 കോടി രൂപക്കു പകരം ലഭിച്ചത് 81.78 ലക്ഷം രൂപയാണ്. മൂന്നു മാസത്തിനകം കൂടുതല്‍ ജീവനക്കാരെ നിയോഗിച്ച് നോട്ടീസ് അയക്കലും പിഴത്തുക ഈടാക്കലും ഊര്‍ജിതമാക്കും. ക്യാമറ വന്നതോടെ അപകട നിരക്ക് പകുതിയായി. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ മരണം 344 ആയിരുന്നു. ഇത്തവണ 140 മാത്രമാണ്.
◾ഡിജിറ്റല്‍ സര്‍വേയുടെ പേരിലും വന്‍ അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കള്ളക്കേസുകള്‍ക്കെതിരേ കെപിസിസി ആഹ്വാനമനുസരിച്ചു തൃശൂരില്‍ നടത്തിയ പോലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചാല്‍ എന്തു വില കൊടുത്തും കോണ്‍ഗ്രസ് നേരിടും. എഐ ക്യാമറ, കെ ഫോണ്‍, കെ റെയില്‍, സ്വര്‍ണക്കള്ളക്കടത്ത് എന്നീ അഴിമതികളിലൂടെ കോടാനുകോടി രൂപ അടിച്ചുമാറ്റിയ മുഖ്യമന്ത്രിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അഴിമതിയില്‍ ചരിത്രം കുറിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
◾പി.വി ശ്രീനിജിന്‍ എംഎല്‍എയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണു ചോദ്യം ചെയ്തത്. സിനിമ നിര്‍മ്മാതാവ് ആന്റോ ജോസഫില്‍നിന്ന് 2015 ല്‍ അറുപതു ലക്ഷം രൂപ വാങ്ങിയതിനെക്കുറിച്ചാണു ചോദിച്ചതെന്നും പണം 2022 ല്‍ തിരികെ നല്‍കിയിരുന്നുവെന്നും ശ്രീനിജിന്‍ പറയുന്നു.
◾ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ തിരുവനന്തപുരം പട്ടത്തെ ഹെഡ് ഓഫിസിലെ എല്ലാം കംപ്യൂട്ടറുകളും ഉപകരണങ്ങളും പോലീസ് പിടിച്ചെടുക്കുകയും ഓഫീസ് അടച്ചു സീല്‍വയ്ക്കുകയും ചെയ്തതോടെ ചാനലിന്റെ പ്രവര്‍ത്തനം നിലച്ചു. ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ് നടത്തി ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരിക്കേ, എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ഒളിവിലാണ്.
◾പ്രതിയെ കിട്ടാത്തതിന്റെ പേരില്‍ ജീവനക്കാരായ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തി ഫോണും ലാപ്ടോപ്പും അടക്കമുള്ളവ പിടിച്ചെടുത്ത പൊലീസ് നടപടിയെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ സ്ഥാപനമുടമ ഷാജന്‍ സ്‌കറിയക്കെതിരെയുളള കേസിന്റെ പേരില്‍ സ്ത്രീകള്‍ അടക്കമുളള മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തിയതു കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്ന് കെയുഡബ്ല്യുജെ പറഞ്ഞു.
◾കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിലായി. തൃശൂര്‍ ആറങ്ങോട്ടുകര വില്ലേജ് ഓഫീസിലെ ടി അയ്യപ്പനാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. ആര്‍ ഒ ആര്‍ സര്‍ട്ടിഫിക്കറ്റിനായി ഒരു വര്‍ഷത്തോളമായി വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയ ആളില്‍നിന്നാണ് അയ്യായിരം രൂപ വാങ്ങിയത്.
◾ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപങ്ങള്‍ എന്നിവ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഒമാനുമായി കൂടുതല്‍ സഹകരിക്കാനുള്ള കേരള സര്‍ക്കാരിന്റെ സന്നദ്ധത മുഖ്യമന്ത്രി ഇന്ത്യന്‍ അംബാസഡറെ അറിയിച്ചു.
◾പാലക്കാട് വടക്കഞ്ചേരി പല്ലാറോഡ് പാടത്ത് കള വലിക്കുന്നതിനിടെ തെങ്ങു വീണ് ആദിവാസി സ്ത്രീ മരിച്ചു. മണി കുമാരന്റെ ഭാര്യ തങ്കമണി(55)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വെള്ളച്ചിക്ക് പരുക്കേറ്റു. തൃശൂര്‍ പൂമംഗലം അരിപ്പാലത്ത് മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല്‍ വഴുതിവീണ് വീണ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പടിയൂര്‍ വളവനങ്ങാടി സ്വദേശി കൊലുമാപറമ്പില്‍ വെറോണി (20) ആണ് മരിച്ചത്. പത്തനംതിട്ട അടൂരില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തട്ട മിനിഭവനില്‍ ഉണ്ണികൃഷ്ണ പിള്ള ആണ് മരിച്ചത്.
◾തിരുവമ്പാടി ഉറുമി വൈദ്യുത പദ്ധതി രണ്ടാം ഘട്ടത്തിന്റെ പെന്‍ സ്റ്റോക്ക് പൈപ്പു പൊട്ടി പവര്‍ ഹൗസിലേക്കു വെള്ളം കയറി.
◾തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍നിന്ന് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കു തെരഞ്ഞെടുക്കപ്പെട്ട് ഒരു യുവാവ്. തിരുവനന്തപുരം ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമിയിലെ സീനിയര്‍ ഫാക്കല്‍റ്റിയായ ആനന്ദ് ജസ്റ്റിനാണ് 117-ാം റാങ്കോടെ ഐഎഫ്എസ് നേടിയത്.
◾ഏകീകൃത സിവില്‍ കോഡിനെതിരേ എല്ലാ സമുദായങ്ങളേയും രാഷ്ട്രീയ പാര്‍ട്ടികളേയും പങ്കെടുപ്പിച്ചു സെമിനാറും സമരങ്ങളും നടത്തുമെന്ന് മുസ്ലീം ലീഗ്. വിഷയം മുസ്ലിം വിഭാഗങ്ങളെ മാത്രം ബാധിക്കുന്നതല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
◾ഏകീകൃത സിവില്‍ കോഡിനെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്വാഗതം ചെയ്തെന്ന സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം തെറ്റാണെന്ന് സഭാ വക്താവ് അറിയിച്ചു.
◾മുല്ലപെരിയാര്‍ ഡാം സുരക്ഷ സംബന്ധിച്ച് തമിഴ്നാട് പഠനം നടത്തുമെന്ന് സുപ്രീംകോടതിയില്‍ മേല്‍നോട്ട സമിതി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം.
◾കൊലക്കേസ് പ്രതി ആട് ആന്റണിക്കു ജയിലില്‍ അഭിഭാഷകനെ കാണാന്‍ അനുമതി നല്‍കാതിരുന്ന സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. അഭിഭാഷകരെത്തുമ്പോള്‍ മതിയായ പരിഗണന നല്‍കണമെന്നും കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
◾തിരുവനതപുരം വിളപ്പില്‍ ഏരിയ കമ്മിറ്റി അംഗം അസീസ് പേയാടിന്റെ വീട്ടില്‍ ബൈക്കില്‍ എത്തിയ അഞ്ചംഗ സംഘം ആക്രമണം നടത്തി. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ആക്ടീവ സ്‌കൂട്ടറും പള്‍സര്‍ ബൈക്കും ചെടിച്ചട്ടികളും അടിച്ചു തകര്‍ത്തു.
◾മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു. ലക്ഷ്മി വെസ്റ്റ് ഡിവിഷന്‍ എസ്റ്റേറ്റ് സ്വദേശികളായ മണി, ക്രിസ്റ്റി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
◾നെടുമ്പാശേരി വിമാനത്താവളത്തില്‍ ഏഴു വനിതാ യാത്രക്കാരില്‍ നിന്നായി ഒന്നേകാല്‍ കോടി രൂപയുടെ രണ്ടര കിലോ സ്വര്‍ണം പിടികൂടി. മൂന്നു വിമാനങ്ങളിലെത്തിയ ഏഴ് യുവതികളാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
◾റോഡില്‍ പെണ്‍കുട്ടിയെ ബലമായി തടഞ്ഞുനിര്‍ത്തി ചുംബിക്കുകയും മര്‍ദിക്കുകയും ചെയ്ത 63 കാരന്‍ പിടിയില്‍. എറണാകുളം ഓടമക്കാലിയില്‍ ഓട്ടോ ഡ്രൈവറായ സത്താറിനെയാണ് കുറുപ്പുംപടി പോലീസ് അറസ്റ്റുചെയ്തത്.
◾കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ 11 വയസുള്ള പെണ്‍കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ഏഴു വര്‍ഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ. ചാവക്കാട് മണത്തല സ്വദേശി അലിയെ (54) യാണ് കോടതി ശിക്ഷിച്ചത്.
◾നാലര ലക്ഷം കോടി രൂപ ചെലവില്‍ രാജ്യത്തുടനീളം 10,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിരവധി ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേ പദ്ധതികള്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഭാരത് മാല പരിയോജനയുടെ കീഴിലാണ് റോഡ് ശൃംഖല നിര്‍മിക്കുക. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ( എന്‍എച്ച്എഐ ) വിവിധ രീതിയിലുള്ള ധനസഹായം വഴി 70,000 കോടിയിലധികം രൂപ സമാഹരിച്ചിട്ടുണ്ട്. ഈ തുക ഹൈവേ പദ്ധതികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
◾റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍. സെപ്തംബര്‍ 30 വരെ നീട്ടി
◾മലയാളം ചലച്ചിത്ര നടന്‍ വിജയകുമാര്‍ മതില്‍ ചാടി ആക്രമിക്കാനെത്തിയെന്നു മകളും നടിയുമായ അര്‍ഥന ബിനു. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാലാണ് വീഡിയോ സഹിതം സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുന്നതെന്നും അര്‍ഥന പറഞ്ഞു. അമ്മയെയും സഹോദരിയെയും തന്നെയും ഭീഷണിപ്പെടുത്തുന്നതിനെതിരെ പൊലീസില്‍ കേസ് നിലനില്‍ക്കുമ്പോഴാണ് ഈ സംഭവമെന്നും അര്‍ഥന പറയുന്നു.
◾ബിജെപി നാല് സംസ്ഥാന അധ്യക്ഷന്‍മാരെ മാറ്റി. കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡിയെ തെലങ്കാന അധ്യക്ഷനായി നിയമിച്ചു. ബണ്ഡി സഞ്ജയെ അധ്യക്ഷ സ്ഥാനത്തനിന്ന് മാറ്റി. ആന്ധ്രപ്രദേശ് സംസ്ഥാന അധ്യക്ഷയായി ഡി.പുരന്ദേശ്വരിയെ നിയമിച്ചു. ബാബുലാല്‍ മറാണ്ടിയാണ് ജാര്‍ഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍. സുനില്‍ ത്സാക്കറെയെ പഞ്ചാബ് സംസ്ഥാന പ്രസിഡന്റാക്കി. തെരഞ്ഞെടുപ്പിനു കളമൊരുക്കാന്‍ എല്ലാ മന്ത്രാലയങ്ങളും ജനങ്ങളിലേക്ക് കൂടുതല്‍ എത്തണമെന്നും പ്രധാനമന്ത്രി മന്ത്രിമാരുടെ സമ്പൂര്‍ണ സമ്മേളനത്തില്‍ നിര്‍ദേശിച്ചിരുന്നു. അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന യോഗത്തില്‍ പ്രധാന പദ്ധതികളുടെ അവലോകനവും നടന്നു.
◾കോണ്‍ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കെതിരെ കര്‍ണാടക നിയമസഭയില്‍ അടിയന്തര പ്രമേയവുമായി ബിജെപി. സംസ്ഥാനത്തെ കടക്കെണിയിലാക്കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് ബിജെപി എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
◾ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ വൈകരുതെന്ന് ഉപരാഷ്ട്രപതി ജഗധീപ് ധന്‍കര്‍. വൈകിയാല്‍ മൂല്യങ്ങള്‍ തകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
◾സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെറുകിട ഇടപാടുകള്‍ക്കായി 34 ബാങ്കിംഗ് ഹബുകള്‍ ആരംഭിച്ചു. രാജ്യത്തെ ചെറുകിട ബിസിനസ് ഇടപാടുകള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനാണ് പുതിയ ഹബ്ബുകള്‍. ബാങ്ക് ചെയര്‍മാന്‍ ദിനേശ് ഖര ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ 68-ാം സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ ഹബ്ബുകള്‍ തുടങ്ങിയത്.
◾അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകള്‍ ഒരു മാസത്തിനകം അടച്ചുപൂട്ടാന്‍ താലിബാന്‍ ഭരണകൂടം ഉത്തരവിട്ടു.
◾സഡന്‍ ഡെത്തില്‍ ഇന്ത്യക്ക് സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്. ആവേശം വാനോളമുയര്‍ന്ന 2023 സാഫ് കപ്പ് ഫൈനലില്‍ കുവൈത്തിനെ 5-4 ന് തകര്‍ത്ത് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിലെ സഡന്‍ ഡെത്തില്‍ കുവൈത്തിന്റെ ഷോട്ട് തടുത്തിട്ട ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവാണ് ഇന്ത്യയുടെ വിജയനായകന്‍. സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒന്‍പതാം കിരീടമാണിത്.
◾ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണള്‍ അദാനി ഗ്രൂപ്പ് ഓഹരികളിന്മേല്‍ ഏല്‍പ്പിച്ച ആഘാതം ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തിയിലും വന്‍ തകര്‍ച്ചയ്ക്ക് കളമൊരുക്കിയെന്ന് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്. 2023ല്‍ ഇതുവരെ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തിയിലുണ്ടായ ഇടിവ് 6,020 കോടി ഡോളറാണ്; ഏകദേശം 4.94 ലക്ഷം കോടി രൂപ! ലോകത്ത് ഇക്കാലയളവില്‍ ഏറ്റവുമധികം ആസ്തി നഷ്ടം നേരിട്ട ശതകോടീശ്വരനും ഗൗതം അദാനിയാണ്. കഴിഞ്ഞ ജനുവരി അവസാന വാരമാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനിക്കുമേല്‍ ആരോപണമുന്നയിച്ചത്. ജനുവരി 27ന് മാത്രം ഗൗതം അദാനിയുടെ ആസ്തിയില്‍ നിന്ന് 2,080 കോടി ഡോളര്‍ (1.70 ലക്ഷം കോടി രൂപ) കൊഴിഞ്ഞെന്ന് ബ്ലൂംബെര്‍ഗ് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ 21-ാമനായ അദ്ദേഹത്തിന്റെ ആകെ ആസ്തി 6,030 കോടി ഡോളറാണ് (4.95 ലക്ഷം കോടി രൂപ). റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 13-ാം സ്ഥാനത്തുണ്ട്; ആസ്തി 9,060 കോടി ഡോളര്‍ (7.42 ലക്ഷം കോടി രൂപ). മുകേഷിന്റെ ആസ്തിയില്‍ ഈ വര്‍ഷം 3,400 കോടി ഡോളറോളം (2.78 ലക്ഷം കോടി രൂപ) വര്‍ധനയുണ്ടായി. ലോക സമ്പന്നരില്‍ ഒന്നാമനായ എലോണ്‍ മസ്‌കിന്റെ ആസ്തിയാണ് ഈ വര്‍ഷം ഏറ്റവുമധികം ഉയര്‍ന്നത്. ജനുവരി മുതല്‍ ഇതുവരെ 9,660 കോടി ഡോളര്‍ (ഏകദേശം 7.92 ലക്ഷം കോടി രൂപ). 24,700 കോടി ഡോളറാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മൊത്തം ആസ്തി (20.05 ലക്ഷം കോടി രൂപ).
◾നടി പായല്‍ രജ്പുത് ബോള്‍ഡ് അവതാരത്തിലെത്തുന്ന തെലുങ്ക് ചിത്രം 'മംഗള്‍വാരം' ടീസര്‍ എത്തി. 'ആര്‍എക്സ് ഹണ്ട്രഡ്' എന്ന തെലുങ്ക് ചിത്രത്തിനു ശേഷം സംവിധായകന്‍ അജയ് ഭൂപതിയും നടി പായല്‍ രജ്പുത്തും വീണ്ടും ഒന്നിക്കുന്ന സിനിമ മലയാളത്തില്‍ 'ചൊവ്വാഴ്ച' എന്ന പേരില്‍ റിലീസ് ചെയ്യുന്നു. ചിത്രത്തില്‍ ശൈലജ എന്ന കഥാപാത്രമായാണ് പായല്‍ എത്തുന്നത്. തൊണ്ണൂറ് കാലഘട്ടത്തില്‍ നടക്കുന്ന വില്ലേജ് ആക്ഷന്‍ ത്രില്ലറാകും മംഗള്‍വാരം. തമിഴില്‍ ചെവ്വൈകിഴമൈ എന്ന പേരുള്ള ചിത്രം, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. കാന്താര ഫെയിം അജനീഷ് ലോക്നാഥ് ആണ് സംഗീതം. പഞ്ചാബ് സ്വദേശിയായ പായല്‍ രജ്പുത് ടെലിവിഷന്‍ രംഗത്തുനിന്നാണ് സിനിമയിലെത്തുന്നത്. ആര്‍എക്സ് ഹണ്ട്രഡ് എന്ന ചിത്രമാണ് നടിയെ തെന്നിന്ത്യയില്‍ ശ്രദ്ധേയയാക്കിയത്. ചിത്രത്തില്‍ അതീവ ഗ്ലാമറസ്സായാണ് നടി പ്രത്യക്ഷപ്പെട്ടത്. പിന്നീട് റിലീസ് ചെയ്ത ആര്‍ഡിഎക്സ് ലൗ എന്ന സിനിമയിലും പായലിന്റെ ഗ്ലാമര്‍ പ്രകടനം ആരാധകരെ കൂട്ടി.
◾തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സുനില്‍ സൂര്യ പ്രധാന വേഷത്തില്‍ എത്തുന്ന 'മുകള്‍പ്പരപ്പ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. സിബി പടിയറ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തിലാണ് കഥപറയുന്നത്. ചിത്രത്തിന്റെ സഹ രചയിതാവും ഗാനരചയിതാവും കൂടിയായ ജയപ്രകാശന്‍ കെ കെയാണ് നിര്‍മ്മാതാവ്. അന്തരിച്ച പ്രശസ്ത നടന്‍ മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും മുകള്‍പ്പരപ്പിനുണ്ട്. അപര്‍ണ ജനാര്‍ദ്ദനന്‍ നായികയാകുന്നു. സംഗീതത്തിനും പ്രണയത്തിനും നര്‍മ്മത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രം നിരന്തരം പാറ ഖനനത്തിന്റെ പ്രകമ്പനങ്ങള്‍ മുഴങ്ങുന്ന ഒരു ഗ്രാമത്തിലെ പേരെടുത്ത തെയ്യം കലാകാരനായ ചാത്തുട്ടിപ്പെരുവണ്ണാന്റെ അന്ത:സംഘര്‍ഷങ്ങളിലൂടെയാണ് വികസിക്കുന്നത്. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ പാരിസ്ഥിതിക വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ശിവദാസ് മട്ടന്നൂര്‍, ഉണ്ണിരാജ് ചെറുവത്തൂര്‍, ഊര്‍മിള ഉണ്ണി, ചന്ദ്രദാസന്‍ ലോകധര്‍മ്മി , മജീദ്,ബിന്ദു കൃഷ്ണ, രജിത മധു , എന്നിവര്‍ക്കൊപ്പം നൂറോളം പുതുമുഖങ്ങളും ഒപ്പം ഒട്ടേറെ തെയ്യം കലാകാരന്‍മാരും അഭിനയിക്കുന്നുണ്ട്. ചിത്രം ആഗസ്റ്റ് നാലിന് തിയേറ്ററുകളില്‍ എത്തും.
◾ഹീറോ മോട്ടോകോര്‍പ്പും ഹാര്‍ലി-ഡേവിഡ്‌സണും തമ്മിലുള്ള പങ്കാളിത്തത്തില്‍ നിന്ന് പുറത്തുവരുന്ന ആദ്യ മോട്ടോര്‍സൈക്കിളായ ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്സ് 440 ഇന്ത്യയില്‍ 2.29 ലക്ഷം രൂപ (എക്‌സ് ഷോറൂം) പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു. ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്സ് 440 മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ എക്സ് 440 ഡെനിം - 2.29 ലക്ഷം, ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്സ് 440 വിവിഡ് - 2.49 ലക്ഷം രൂപ, ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്സ് 440 എസ് - 2.69 ലക്ഷം രൂപ. ഡെനിം വേരിയന്റ് സ്‌പോക്ക് വീലുകളുള്ള മസ്റ്റാര്‍ഡ് കളര്‍ ഓപ്ഷനില്‍ വരുന്നു, അതേസമയം വിവിഡ് വേരിയന്റ് രണ്ട് ഡ്യുവല്‍-ടോണ്‍ സ്‌കീമുകളില്‍ -- മെറ്റാലിക് തിക്ക് റെഡ്, മെറ്റാലിക് ഡാര്‍ക്ക് സില്‍വര്‍ -- അലോയ് വീലുകളോട് കൂടിയണ് എത്തുക. എസ് വേരിയന്റിന് 3ഡി ബ്രാന്‍ഡിംഗും പ്രീമിയം ഫിനിഷുകളും ഉള്ള ഡെനിം ബ്ലാക്ക് കളര്‍ സ്‌കീം, മെഷീന്‍ ചെയ്ത അലോയ് വീലുകള്‍, സ്വര്‍ണ്ണ നിറമുള്ള എഞ്ചിന്‍, ബോഡി ഭാഗങ്ങള്‍, മെഷീന്‍ ചെയ്ത എഞ്ചിന്‍ ഫിനുകള്‍, 'കണക്ട് 2.0' പാക്കേജ് എന്നിവ ലഭിക്കുന്നു. ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്സ് 440യുടെ ഹൃദയഭാഗത്ത് 440 സിസി, സിംഗിള്‍-സിലിണ്ടര്‍, 2-വാല്‍വ്, ഓയില്‍-കൂള്‍ഡ് പെട്രോള്‍ എഞ്ചിനാണ്, ഇത് പരമാവധി 27 ബിഎച്ച്പി കരുത്തും 38 എന്‍എം പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ കഴിവുള്ളതാണ്. 6-സ്പീഡ് ട്രാന്‍സ്മിഷനാണ് എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നത്.
◾സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവായ എലി വിസേലിന്റെ നാസി തടവറയിലെ അനുഭവകഥ. 1944 ലാണ് ജൂത ബാലനായ എലി വിസേലിനെ തേടി നാസി പടയാളികളെത്തിയത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തില്‍ വിസേല്‍ പിതാവിനൊപ്പം തടവിലാക്കപ്പെട്ടു. ഓഷ്വിറ്റ്സിലേയും ബുക്കന്‍ വാള്‍ഡിലേയും നാസി തടങ്കല്‍ പാളയങ്ങളിലെ നടുക്കമുളവാക്കുന്ന കാഴ്ചകള്‍ അദ്ദേഹം കണ്ടു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഇരുണ്ട നിമിഷങ്ങളായിരുന്നു അത്. ഈ ഹോളോകോസ്റ്റ് പീഡകളെ തീവ്രമായി അനുഭവിപ്പിക്കുന്ന ഓര്‍മ്മകളുടെ പുസ്തകമാണിത്. ലോകമെമ്പാടും വിപുലമായി വായിക്കപ്പെട്ട പുസ്തകത്തിന്റെ മലയാള പരിഭാഷ. 'രാത്രി'. എലി വിസേല്‍. പരിഭാഷ - ഡോ കെ ഗോവിന്ദന്‍ നായര്‍. സൈന്‍ ബുക്സ്. വില 180 രൂപ.
◾ഭക്ഷണത്തില്‍ ഏറെ പ്രാധാന്യമുളള ഒന്നാണ് മല്ലിയില. മല്ലിയില ഉപയോഗിക്കുന്നതിന് മുമ്പ് ഇലകള്‍ നന്നായി കഴുകി വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം മല്ലിയിലയില്‍ മണ്ണിന്റെ കണികകള്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഇത് ഭക്ഷണത്തിലൂടെ ഉള്ളില്‍ കടന്നാല്‍ അത് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്താം. അതിനാല്‍ നന്നായി കഴുകിയ ശേഷം മാത്രമേ മല്ലിയില ഉപയോഗിക്കാവൂ. മല്ലി വിത്തില്‍ ധാരാളം ഫൈറ്റോ ന്യൂട്രിയന്റുകള്‍ കാണപ്പെടുന്നു. നാരുകളുടെ പ്രധാന ഉറവിടം കൂടിയാണിത്. കൂടാതെ, മാംഗനീസ്, ഇരുമ്പ്, മഗ്‌നീഷ്യം എന്നിവയും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, പ്രോട്ടീന്‍ എന്നിവയുടെ നല്ല ഉറവിടം കൂടിയാണിത്. കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിന്‍, കരോട്ടിന്‍ എന്നിവയും ഇതില്‍ വളരെ ചെറിയ അളവില്‍ കാണപ്പെടുന്നുണ്ട്. ഇവയൊക്കെ ആരോഗ്യത്തിന് നല്ലതാണ്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ദഹനവ്യവസ്ഥയ്ക്കും ഇത് ഗുണം ചെയ്യും. കരളിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. പ്രമേഹരോഗികള്‍ക്കും മല്ലിയില ഏറെ ഗുണകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് പ്രവര്‍ത്തിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ അല്‍ഷിമേഴ്‌സ് രോഗം തടയാന്‍ ഗുണം ചെയ്യും. മല്ലിയിലയില്‍ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ കാണപ്പെടുന്നു. അതിനാല്‍ സന്ധിവേദന മാറാനും വളരെ ഉപയോഗപ്രദമാണ്. വായ്പ്പുണ്ണ് മാറുന്നതിനും മല്ലിയില ഫലപ്രദമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി സെപ്റ്റിക് ഗുണങ്ങള്‍ വായിലെ മുറിവുകള്‍ വേഗത്തില്‍ സുഖപ്പെടുത്താന്‍ സഹായിക്കുന്നു. നാഡീവ്യൂഹത്തെ സജീവമാക്കുന്നതിനും മല്ലിയില ഏറെ ഗുണം ചെയ്യും. മുഖക്കുരു, കറുത്ത പാടുകള്‍, വരണ്ട ചര്‍മ്മം തുടങ്ങിയ ചര്‍മ്മ സംബന്ധമായ പല രോഗങ്ങള്‍ മാറാന്‍ ഇത് ഗുണം ചെയ്യും.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ രാജാവിന്റെ മാളികയില്‍ ഒരു മോഷണം നടന്നു. രാജകൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം മുഴുവനും മോഷ്ടിക്കപ്പെട്ടു. രാജ്യം മുഴുവന്‍ അരിച്ചുപെറുക്കിയപ്പോള്‍ കള്ളന്മാര്‍ പിടിയിലായി. അവര്‍ രണ്ടുപേരും ആ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ഗുരുവിന്റെ ശിഷ്യന്മാരായിരുന്നു എന്നത് രാജാവിനെ ചൊടിപ്പിച്ചു. അദ്ദേഹം ഗുരുവിനെ കണ്ട് ദേഷ്യപ്പെട്ടു. ശിഷ്യന്മാരെ കള്ളന്മാരാക്കാനാണോ പഠിപ്പിക്കുന്നത് എന്നായിരുന്നു ചോദ്യം. ഗുരു സങ്കടപ്പെട്ട് തിരികെ വന്നു. ഇനി മുതല്‍ നല്ല പോലെ പരീക്ഷിച്ചതിന് ശേഷമേ ശിക്ഷകരായി കുട്ടികളെ സ്വീകരിക്കൂ എന്നദ്ദേഹം തീരുമാനിച്ചു. അങ്ങനെയിരിക്കെ രാജാവിന്റെയും മന്ത്രിയുടേയും കുട്ടികളുടെ പഠനത്തിനുള്ള സമയമായി. രാജകൊട്ടാരം ഈ ഗുരുവിനെ തന്നെ തിരഞ്ഞെടുത്തു. ചില പരീക്ഷണങ്ങള്‍ക്ക് ശേഷം ഗുരു അവരെ മടക്കിയയച്ചു. കോപാകുലരായ രാജകുടുംബക്കാര്‍ ഗുരുവിനെ ചെന്നുകണ്ടു. ഗുരു പറഞ്ഞു: ഞാന്‍ നടത്തിയ പരീക്ഷയില്‍ ഇവര്‍ തോറ്റു. ഒരാള്‍ മാത്രമാണ് ആ പരീക്ഷ ജയിച്ചത്. എന്താണ് നടത്തിയ പരീക്ഷയെന്ന് മന്ത്രി ചോദിച്ചു. ഗുരു പറഞ്ഞു: ഇവിടെ ചേരാന്‍ ധാരാളം കുട്ടികള്‍ വന്നു. അവരുടെ ആദ്യ പരീക്ഷയെന്നോണം അവര്‍ വരുന്നവഴിക്ക് വലിയ വിറകുകെട്ടുമായി ഒരു വൃദ്ധയെ നിര്‍ത്തിയിരുന്നു. അവരില്‍ ചിലര്‍ മാത്രമാണ് ആ വൃദ്ധയെ സഹായിച്ചത്. അവരെ ഞാന്‍ രണ്ടാമത്ത പരീക്ഷണത്തിന് വിധേയരാക്കി. അവര്‍ ആശ്രമത്തിലേക്ക് കടന്നുവന്നപ്പോള്‍ എന്റെ അമ്മ അവര്‍ക്ക് പഴം കൊടുത്തു. ആ പഴം അങ്ങനെ വായിലിട്ടവരെ ഞാന്‍ ഒഴിവാക്കി. അതെന്തിനാണെന്ന് മന്ത്രി ചോദിച്ചു. ഗുരു പറഞ്ഞു: പഴം കൈകൊണ്ട് മുറിച്ച് കഴിക്കുകയാണെങ്കില്‍ മറ്റൊരാള്‍ക്ക് ആവശ്യപ്പെടാല്‍ കൊടുക്കാമായിരുന്നു, അതില്‍ വിജയിച്ചവരോട് നാളേക്കുള്ള പൂജയ്ക്കായി പൂവ് കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. എല്ലാവരും പലവിധത്തിലുളള പൂക്കള്‍ കൊണ്ടുവന്നു. അതില്‍ വിരിയാറായ പൂമൊട്ടുകൊണ്ടുവന്നവരെ ഞാന്‍ തിരിഞ്ഞെടുത്തു. നാളേക്കുള്ള പൂവിന് ഇന്ന് പൂമൊട്ടല്ലേ വേണ്ടത്.. മന്ത്രിക്ക് ആകാംക്ഷയായി... അടുത്ത പരീക്ഷണമെന്തായിരുന്നു. ഗുരു തുടര്‍ന്നു: ഇതില്‍ വിജയിച്ചത് നാലുപേര്‍ മാത്രമായിരുന്നു. അവരോട് തിണ്ണയിലിക്കുന്ന കത്തിയെടുത്ത് അമ്മയ്ക്ക് കൊടുക്കാന്‍ ആവശ്യപ്പെട്ടു. ആ കുട്ടികള്‍ അതനുസരിച്ചല്ലോ, പിന്നെന്താണ് കുഴപ്പം? ഗുരു ചിരിച്ചുകൊണ്ട് പറഞ്ഞു: അതില്‍ ഒരാള്‍ മാത്രമാണ് കത്തിയുടെ മൂര്‍ച്ചയുള്ള വായ്തലയില്‍ പിടിച്ചുകൊണ്ട് പിടിയുള്ള ഭാഗം അമ്മയ്ക്ക് നല്‍കിയത്. മറ്റുള്ളവരെ മുറിവേല്‍പ്പിക്കാതെ, കരുതല്‍ കാണിച്ച് മനസ്സ് ഒരാള്‍ക്ക് മാത്രമാണ് ഉണ്ടായത്. അതിനാലാണ് ഞാന്‍ ആ ഒരാളെ മാത്രം ശിഷ്യനാക്കാന്‍ തീരുമാനിച്ചത്. മറുത്തൊന്നും പറയാനാകാതെ രാജാവും പരിവാരങ്ങളും ഗുരുകുലത്തില്‍ നിന്നും ഇറങ്ങി.. നിസ്വാര്‍ത്ഥത - ഏത് അറിവിനേക്കാളും വലുതാണ്. അറിവ് പകര്‍ന്നു കൊടുക്കാം... പക്ഷേ, നിസ്വാര്‍ത്ഥത സ്വയം ആര്‍ജ്ജിക്കേണ്ട ഒന്നാണ്.. നിസ്വാര്‍ത്ഥമാകട്ടെ നമ്മുടെ മനസ്സ് - ശുഭദിനം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍