കുറെ നേരമായി ഇങ്ങനെ കിടന്നു കറങ്ങാൻ തുടങ്ങിയിട്ട്....
ഞാൻ ശരിക്കും മരിച്ചുവോ?
ഒട്ടും ഭാരമില്ല എനിക്ക്.
ഒരു തൂവൽ പോലെ
അവസാനമായി ആരോടാണ് ഞാൻ സംസാരിച്ചത്...?
ഓ... ഓർമ്മ വന്നു...
അമ്മയോട്....
എന്നും ഉറങ്ങാൻ നേരമാകുമ്പോൾ അമ്മ വന്നു കെട്ടിപിടിച്ചൊരുമ്മ തരാറുണ്ട്..
ആശുപത്രി കിടക്കയിൽ ആയിരുന്നിട്ടും പതിവുപോലെ ആ സ്നേഹമുത്തം ഏറ്റുവാങ്ങി ഉറങ്ങാൻ കിടന്നതാണ്... കുറെ നേരം കഴിഞ്ഞപ്പോൾ ഒരു മായികമായ ലോകത്തെത്തിയ അനുഭൂതി ശരിക്കും അതൊരു സ്വപ്നമായിരുന്നോ?
ഒരു പൂന്തോട്ടത്തിൽ ശരത്തേട്ടനും ഞാനും... പരസ്പരം പ്രണയത്തിലാറാടി....
നിമിഷങ്ങൾ കടന്നുപോയതറിഞ്ഞില്ല
ആരോ അലറുന്നു...
എന്റെ ദേഹത്തു ബലമായി പിടിക്കുന്നുണ്ട്
എനിക്ക് ശ്വാസം കിട്ടുന്നില്ല
പ്രാണൻ പിടയുന്ന പോലെ!
മരണം ഉറപ്പായി.
അമ്മേ!!! അലറിവിളിക്കുന്നുണ്ട്. ഒച്ച പുറത്തേക്ക് വരുന്നില്ല.
പിന്നെ എല്ലാം ഒരു മായപോലെ....
പിന്നെ കണ്ണുതുറക്കുമ്പോൾ ഇവിടെ ഈ ഇരുട്ടറയിൽ
അപ്പോഴാണ് കണ്ടത് ഞാൻ മാത്രമല്ല അവിടെയുള്ളത് വേറെയും ചിലർ.
എല്ലാവരും ആലോചനയിലാണ്
എന്താണ് സംഭവിച്ചതെന്നാണോ?
അക്കൂട്ടത്തിൽ പരിചയമുള്ള ആരെയും കണ്ടില്ല..
എല്ലാവരും മരിച്ചു വന്നവരാണെന്ന് തോന്നുന്നു.
മരിച്ചിട്ട് ആദ്യപടി ഇങ്ങനെ ആവും അവസ്ഥ
പിന്നീടാകും യമരാജൻ വരുന്നത്
പണ്ട് മരിച്ചു കഴിഞ്ഞാൽ എങ്ങനെയാവും എന്ന് ചിന്തിച്ചു തല പുണ്ണാക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
ഇപ്പോൾ അതിനുള്ള ഉത്തരം കിട്ടാൻ സമയമായീന്നു തോന്നുന്നു...
ഇങ്ങനെ ഇരുന്നാൽ പറ്റില്ലല്ലോ?
കുറഞ്ഞ പക്ഷം എന്താണ് സംഭവിച്ചതെന്നെങ്കിലും അറിയേണ്ടേ?
മെല്ലെ മുന്നോട്ട് നീങ്ങാൻ ശ്രമിച്ചു... ഭാഗ്യം ചലിക്കുന്നുണ്ട്..
പക്ഷെ വെളിച്ചം കുറവായതിനാൽ എവിടെയാണെന്ന് മനസ്സിലാവുന്നില്ല.
എന്തായാലും മുന്നോട്ട് തന്നെ
വച്ച കാൽ പിന്നോട്ടില്ല
അതിപ്പോ നേരത്തെ അങ്ങനെ തന്നെ ആണല്ലോ
"എടൊ താനെങ്ങോട്ടാ "
ഒരു ചോദ്യം
ഒരു സുന്ദരനാണ്... പക്ഷെ അയാളെ കണ്ടിട്ട് ഒരു ആത്മാവ് ആണെന്ന് തോന്നുന്നില്ല
ഞാൻ... ഞാൻ...
മറുപടി പറയാനാകാതെ ഞാൻ കുഴങ്ങി
" ഞാൻ കൂടി വരാം തന്നോടൊപ്പം "
ഒരു പരിചയവും ഇല്ലാത്ത പുരുഷനോടൊപ്പം കറങ്ങി നടക്കാനോ?
എന്നെ കിട്ടില്ല അതിന്...
ഒന്നും മിണ്ടാതെ പോവാം
ഞാൻ അയാളോട് മറുപടി പറയാതെ നീങ്ങി.
കുറെ ദൂരം കഴിഞ്ഞപ്പോ വെളിച്ചം കണ്ടു..
അത്ഭുതം!!!
എന്റെ വീട്
അവിടെ ഒച്ചയനക്കങ്ങളൊന്നുമില്ലല്ലോ
ഹോസ്പിറ്റലിൽ നിന്നും ബോഡി കൊണ്ടു വന്നിട്ടുണ്ടാവില്ല
ആദ്യം എന്റെ മുറിയിലേക്ക് പോവാം...
ആഹാ അടിപൊളി മുറിയാണല്ലോ
നേരത്തെ തന്നോട് സംസാരിച്ച ആളാണ്
പിന്നിൽ ഇങ്ങേരുണ്ടായിരുന്നോ
ഇയാളെന്തിനാ എന്റെ പിറകെ കൂടിയിരിക്കുന്നെ?
"ആഹാ താൻ ഭയങ്കര ചിത്രകാരിയാണല്ലോ "
" ഇതാരാ "
ചുവരിൽ തൂങ്ങുന്ന നർത്തകീ രൂപത്തിലുള്ള ഫോട്ടോ കണ്ട് അയാൾ ചോദിച്ചു.
" അത് ഞാൻ തന്നെ "
" ഓഹോ അപ്പൊ നർത്തകിയുമാണ് "
" പിന്നെന്തിനാ ഇയാള് സൂയിസൈഡ് ചെയ്തേ "?
" ദേ മനുഷ്യാ എന്നെക്കൊണ്ടൊന്നും പറയിക്കരുത്. ഞാൻ മരിച്ചതാണോ എന്ന് പോലും എനിക്കുറപ്പില്ല "
" എന്നാ ഉറപ്പിച്ചോ താൻ മരിച്ചിട്ടില്ല "
" ങ്ങെ... അതെങ്ങനെ നിങ്ങക്കറിയാം "
"താനിപ്പോ എന്റെ കൺട്രോളിലാണ് "
" ശരിക്കും നിങ്ങളാരാ "
" ഞാൻ തന്നെപ്പോലുള്ള സുന്ദരിമാർ വിഷമത്തിലാവുമ്പോ രക്ഷിക്കാനെത്തുന്ന ഒരാളാണെന്ന് കരുതിയാൽ മതി. ഇനി പറയു എന്തായിരുന്നു തന്റെ ശരിക്കും വിഷമം "
ഞാൻ ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു. എന്തായിരുന്നു എനിക്ക്...
എന്നും വൈകിയാണ് ഉറങ്ങാൻ കിടക്കുന്നെ...
കുറേക്കഴിയുമ്പോൾ ആരോ തന്നെ പിടിച്ചു ഞെരിക്കുന്നത് പോലെ തോന്നാറുണ്ട്.. കണ്ണ് തുറന്നു നോക്കുമ്പോൾ ഒരു ഭീകര രൂപം മുന്നിൽ. അലറിക്കരയാൻ പോലും സമ്മതിക്കാതെ..
മിക്കവാറും ഉള്ളതാണ് ഇങ്ങനെ...
അമ്മയും അച്ഛനും മുത്തശ്ശിയുമൊക്കെ ഒരുപാട് വഴിപാടുകൾ കഴിപ്പിച്ചു... പേരുകേട്ട തിരുമേനിമാരെ കാണിച്ചു... എന്നിട്ടൊന്നും ഒരു മാറ്റവുമില്ല...
ഏറ്റവും ഒടുവിൽ ആ തോന്നൽ ഭ്രാന്തിന്റെ വക്കിലെത്തിച്ചു. അങ്ങനെ മറ്റൊന്നും ചിന്തിക്കാതെ കുറെ സ്ലീപ്പിങ് പിൽസ് വിഴുങ്ങി... അങ്ങനെയാണ് ഞാൻ ആശുപത്രിയിൽ എത്തപെട്ടത്...
" കഥ കഴിഞ്ഞുവോ "
" ഉവ്വ്... ഞാൻ എന്തിനാ ഇങ്ങനെ മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു ജീവിക്കുന്നെ... എന്റെ ശരത്തേട്ടൻ എന്നെ വിട്ടുപോയീ., ഒരിക്കൽ അദ്ദേഹത്തിന്റെ കഴുത്തിൽ കയറി പിടിച്ചു കൊല്ലാൻ ശ്രമിച്ചു എന്ന് പറഞ്ഞു എല്ലാവരും ആകെ ബഹളം ആയിരുന്നു "
" ആരാ ശരത്തേട്ടൻ "
" എന്റെ പ്രിയപ്പെട്ട ഭർത്താവ് "
" ആഹാ എന്നിട്ടാണോ അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചത് "
ഞാൻ അയാളെ ദേഷ്യത്തോടെ നോക്കിയത് കൊണ്ടാവാം അയാൾ പിന്നെ ഒന്നും പറഞ്ഞില്ല..
" ശരി... താൻ വരൂ... നമുക്ക് ആ ഹോസ്പിറ്റലിലേക്ക് പോകാം "
" അവിടെ എല്ലാവരും വിഷമിച്ചിരിക്കുകയാവാം. താൻ മരിച്ചുവെന്ന് കരുതി "
" അപ്പോൾ ഞാൻ മരിച്ചില്ലേ. പിന്നെ ഞാൻ എങ്ങനെ ഇവിടെ... എനിക്കൊന്നും മനസ്സിലാവുന്നില്ല "
" പറഞ്ഞു തരാം. പക്ഷെ താൻ എനിക്കൊരു വാക്ക് തരണം. ഇനി ഒരിക്കലും ആത്മഹത്യക്ക് ശ്രമിക്കില്ല എന്ന്. "
" ശരി... ഇനി ഒരിക്കലും ഞാൻ അങ്ങനെ ചെയ്യില്ല "
"അപൂർവമായി മാത്രം ചിലർക്ക് അനുഭവപ്പെടുന്ന വ്യത്യസ്തവും ഭീകരവുമായ അനുഭവം. ബോധത്തിന്റെയും മയക്കത്തിന്റെയും മധ്യേ ഏതോ ഒരു ചെറിയ നിമിഷത്തിൽ സംഭവിക്കുന്ന ഈ പ്രതിഭാസം ചിലപ്പോൾ നിമിഷങ്ങളോ മിനുട്ടുകളോ അപൂർവമായി മണിക്കൂർ വരെയോ നീണ്ടുനില്ക്കാം. പിശാചിന്റെയോ വിരുദ്ധമായ ഏതോ ശക്തിയുടെയോ സന്ദർശനമായാണ് ഈ അനുഭവത്തെ ആദ്യ കാലങ്ങളിൽ മുതലേ കണക്കാക്കിയിരുന്നത്.
മയങ്ങുന്ന നമ്മുടെ നെഞ്ചത്ത് ഒരാള് കയറി ഇരിക്കുന്നതായി അനുഭവപ്പെടുക, അയാൾ നമ്മുടെ കരങ്ങൾ ബന്ധിക്കുകയോ കഴുത്തിന് കുത്തിപ്പിടിക്കുന്നതായി തോന്നുക. ആ സെക്കൻഡിൽ ഇവ അനുഭവപ്പെടുന്ന വ്യക്തി ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണരുകയും ചെയ്യുന്നു.എന്നാൽ അതിനു ശേഷമാണ് ഇതിന്റെ ശരിയായ ഭീകരത നമുക്ക് അനുഭവപ്പെടുക. നമ്മൾ ഉറക്കത്തിൽ അല്ല എന്ന വ്യക്തമായ ബോധം.
എന്നാൽ ആരോ മേലെ ഇരിക്കുന്നു എന്തൊക്കയോ ചെയ്യുന്നു എന്ന തിരിച്ചറിവ്. വ്യക്തമായി കേൾക്കുന്ന പൈശാചിക ശബ്ദം. എന്നാൽ പ്രതികരിക്കാൻ സാധിക്കുന്നില്ല. മിണ്ടാനോ നിലവിളിക്കാനോ കൈകാലുകൾ അനക്കുവാനോ സാധിക്കുന്നില്ല. തൊട്ടടുത്ത് കിടക്കുന്ന ആളെ പോലും സഹായത്തിനായി വിളിക്കാൻ സാധിക്കുന്നില്ല. തനിക്ക് അപകടകരമായി എന്തോ സംഭവിക്കുന്നത് തീർത്തും നിസ്സഹായനായി അനുഭവിക്കേണ്ടി വരുന്ന പൈശാചിക നിമിഷങ്ങൾ.
നമ്മൾ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ നമ്മുടെ ഉപബോധ മനസ്സ് നമ്മിൽ നിന്നും സ്വതന്ത്രമാവുന്നുണ്ട്.. ആ സമയം ചില നെഗറ്റീവ് എനർജി നമ്മുടെ ശരീരം സ്വന്തമാക്കാനായി ശ്രമിക്കും
സത്യത്തിൽ ഇത് മനസ്സ് സ്വയം ഹിപ്നോട്ടിസ് ചെയ്യുന്നത് ആണെന്ന് പറയുന്നു. അല്ലെങ്കിൽ ഭീതിയുണ്ടാക്കുന്ന മിനിട്ടുകൾ മാത്രം നീണ്ടുനിൽക്കുന്ന ഒരു സൈക്കിക്ക് പ്രോബ്ലം എന്താണെങ്കിലും ജീവിതത്തിൽ ഇത്രയേറെ ഹൊറർ ഫീലിങ്ങ് കിട്ടുന്ന മറ്റൊരു അനുഭവവും ഉണ്ടാകാൻ ഇടയില്ല. അത്രയേറെ ഭീകരമാണ് ആ നിമിഷങ്ങൾ.( കടപ്പാട്. )..
എഴുത്തു മുറിയിൽ നിന്നും ദീർഘനിശ്വാസത്തോടെ ദിയാലക്ഷ്മി എഴുനേറ്റു....
" എന്താടോ ആത്മകഥ എഴുതി കഴിഞ്ഞോ "
" ഇല്ല.കഥകൾ തുടങ്ങാൻ
പോകുന്നതല്ലേയുള്ളു. ഇപ്പോൾ കഴിഞ്ഞത് ഒരു പാർട്ട് മാത്രം
" തന്റെ ഭയങ്ങളൊക്കെ മാറിയല്ലോ അല്ലെ... "
" മാറി "
"ഹാവൂ ഇനിയിപ്പോ എന്റെ കഴുത്തിൽ പിടിക്കില്ല അല്ലെ "
" ദേ ശരത്തേട്ടാ... ഞാൻ പിണങ്ങും കേട്ടോ "
" ഹാ ചുമ്മാ മുഖം വീർപ്പിക്കാതെടോ ഞാനൊരു തമാശ പറഞ്ഞതല്ലേ "
" ങ്ങാ പിന്നെ തന്റെ റോയ് ഡോക്ടർ വിളിച്ചിരുന്നു തന്റെ വിവരങ്ങൾ അന്വേഷിച്ചു "
" നാളെ നമുക്ക് അദ്ദേഹത്തെ പോയി ഒന്ന് കാണണം "
"പോകാമെടോ …തന്നെ എനിക്കെന്റെ പഴയ ദിയയായി തിരികെ തന്നതിന് അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും തീരില്ല "
അയാൾ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു.... അവളപ്പോൾ പഴയ പ്രണയിനിയായി.... നർത്തകീ ശില്പമായി...
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍