ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഇല്ലംനിറ ചടങ്ങുകൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. പുലർച്ചെ നടന്ന മഹാഗണപതി ഹോമത്തിന് വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. രാവിലെ 8 മണിക്ക് നടന്ന ഇല്ലംനിറക്ക് ക്ഷേത്രം മേൽശാന്തി ഗോപാലകൃഷ്ണൻ, കീഴ്ശാന്തി ഹരിഹരൻ, ക്ഷേത്ര കോമരം പള്ളിയത്ത് മാധവൻ നായർ, ക്ഷേത്രം കഴകം ബാലകൃഷ്ണവാര്യർ എന്നിവർ നേതൃത്വം വഹിച്ചു.
ക്ഷേത്രഗോപുരത്തിന് പുറത്ത് അരിമാവണിഞ്ഞ് നാക്കിലയിൽ വെച്ചിരുന്ന കതിർകറ്റകൾ കീഴ്ശാന്തിമാർ തലയിലേറ്റി വാദ്യമേളങ്ങളോടെ ക്ഷേത്രപ്രദക്ഷിണം വെച്ച് ശ്രീകോവിലിനുള്ളിൽ കൊണ്ടുപോയി പൂജിച്ചതിനു ശേഷം ഭക്തർക്ക് വിതരണം ചെയതു. തുടർന്ന് 9 മണിക്ക് ഗജവീരൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് ആനയൂട്ടും നടന്നു. ആദ്യ ഉരുള മേൽശാന്തി നൽകിയതിനു ശേഷം മറ്റ് ഭക്തജനങ്ങളും പ്രത്യേകം തയ്യാറാക്കിയ ചോറുരുളകൾ, പഴവർഗ്ഗങ്ങൾ എന്നിവ നൽകി.
കൊച്ചിൻ ദേവസ്വം ബോർഡിൻ്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന ചടങ്ങുകൾക്ക് ദേവസ്വം ഓഫീസർ ജി. ശ്രീരാജ്, ക്ഷേത്രം ഊരായ്മ പാർവതി വലിയമ്മ, ഉപദേശക സമിതി ഭാരവാഹികളായ വി. ശ്രീധരൻ, സി. ജയേഷ് കുമാർ, കെ. ആർ. രമേഷ്, വി. ആർ. ദിനേഷ് കുമാർ, ശശികുമാർ കൊടയ്ക്കാടത്ത്, തുളസി കണ്ണൻ, ഇരുമ്പശ്ശേരി ശശി, കമലാകരൻ, കെ.പി സേതുമാധവൻ, വി. വേലായുധൻ, പി. സുനിൽകുമാർ, അഡ്വ.ടി. എസ്. മായാദാസ് , പി. രാജൻ, രാധാകൃഷ്ണൻ , ശങ്കരൻ എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍