◾ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം; കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു
കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപം ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് ഓടിച്ച കല്ലായി സ്വദേശി മെഹ്ഫൂത് സുൽത്താൻ, നൂറുൽ ഹാദി എന്നിവർ മരിച്ചു. ഗാന്ധി റോഡിൽ വച്ച് വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടര്‍ ബസുമായി ഇടിക്കുകയായിരുന്നു.
കല്ലായി പള്ളിക്കണ്ടി മൊയ്തീൻ കോയയുടെ മകനാണ് മെഹറൂഫ് സുൽത്താൻ ഒപ്പം യാത്ര ചെയ്ത നടുവട്ടം മാഹിയിലെ അർബൻ നജ്മത്ത് മൻസിൽ മജ്‌റൂഹിന്റെ മകൾ നൂറുൽ ഹാദി എന്നിവരാണ് മരിച്ചത്. വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ ബി എ വിദ്യാർത്ഥിനിയാണ് നൂറുൽ ഹാദി.
അപകടത്തിന് പിന്നാലെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ കൊണ്ട് പോകും വഴിയാണ് മെഹറൂഫ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. ഗാന്ധി റോഡ് പാലത്തിൽ നിന്നും സ്കൂട്ടർ ബീച്ച് ഭാഗത്തേയ്ക്ക് പോവുകയായിരുന്നു. എതിരെ ബേപ്പൂർ – പുതിയപ്പ സിറ്റി സ്വകാര്യ ബസിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം നടന്നത്. സ്കൂട്ടർ തെറ്റായ ദിശയിൽ വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
◾സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേനെയാണ് പാസാക്കിയത്.
◾മണിപ്പൂരില്‍ കൊല്ലപ്പെടുന്നത് ഭാരത് മാതാവാണെന്നും ബിജെപി രാജ്യദ്രോഹമാണു ചെയ്യുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അവിശ്വാസ പ്രമേയ ചര്‍ച്ചയിലാണ് ഇങ്ങനെ പറഞ്ഞത്. കുംഭകര്‍ണനും മേഘനാഥനുമായിരുന്നു രാവണന്റെ ഉപദേശകര്‍. മോദി കേള്‍ക്കുന്നത് അദാനിയെയും അമിത് ഷായെയും മാത്രമാണ്. രാഹുല്‍ പരിഹസിച്ചു. മണിപ്പൂര്‍ ഇന്ത്യയില്‍ അല്ലേ? മണിപ്പൂരില്‍ സമാധാനത്തിനായി ഈ നിമിഷംവരെ പ്രധാനമന്ത്രി ഒന്നും ചെയ്തില്ല. അവിടെ പോയിട്ടുമില്ല. രാഹുല്‍ പറഞ്ഞു.
◾പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ നിയമസഭാ സമ്മേളനം നാളത്തോടെ അവസാനിപ്പിക്കും. സഭാസമ്മേളനം വെട്ടിച്ചുരുക്കാന്‍ കാര്യോപദേശക സമിതിയാണു തീരുമാനിച്ചത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സെപ്റ്റംബര്‍ 11 മുതല്‍ 14 വരെയാണ് ഇനി സഭ സമ്മേളിക്കുക.
◾മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് മാസപ്പടിയായി ഒന്നേ മുക്കാല്‍ കോടി രൂപ നല്‍കിയത് സോഫ്റ്റ് വെയര്‍ അപ്ഡേഷന്‍ എന്ന പേരിലും വായ്പയായിട്ടുമാണെന്ന് മാസപ്പടി ഡയറി. ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് കണ്ടെത്തിയ മാസപ്പടി ഡയറിയില്‍ പല പാര്‍ട്ടികളിലേയും മുതിര്‍ന്ന നേതാക്കള്‍ മുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വരെ മാസപ്പടി പറ്റിയെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിന്‍ മിനറല്‍സ് കമ്പനിയിലും മാനേജിംഗ് ഡയറക്ടായ ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും 2019 ല്‍ നടത്തിയ റെയ്ഡിലാണു മാസപ്പടി ഡയറി കണ്ടെത്തിയത്.
◾വീണാ വിജയന്റെ മാസപ്പടിയെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലാണിത്. 10 ലക്ഷം രൂപ വാങ്ങിയെന്ന് ആരോപിച്ച് തനിക്കെതിരെ അന്വേഷണം നടത്തിക്കുന്ന മുഖ്യമന്ത്രിക്കെതിരെ നിരവധി ആരോപണങ്ങള്‍ വന്നിട്ടും അന്വേഷണമില്ല. സുധാകരന്‍ പറഞ്ഞു.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ കൊച്ചിന്‍ മിനറല്‍സ് കമ്പനിയില്‍നിന്നു മാസപ്പടി വാങ്ങിയെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍ സംബന്ധിച്ച് കേരള നേതൃത്വം പ്രതികരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
◾വീണ വിജയന് ലഭിച്ച മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിഷയം മുമ്പ് നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ ആക്രോശമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കരിമണല്‍ ഖനനം നടത്തുന്ന കമ്പനിയില്‍നിന്നു വീണ പണം വാങ്ങിയത് ക്രമ വിരുദ്ധമായിട്ടാണ്. മുഖ്യമന്ത്രി മറുപടി പറയണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.
◾വീണ വിജയനെതിരായ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍. പഠിച്ച ശേഷം പ്രതികരിക്കാം. ഉപതെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ചിലര്‍ അജണ്ട സെറ്റ് ചെയ്യുകയാണ്. പിണറായി വിജയനേയും കുടുംബത്തെയും തകര്‍ക്കാനാണു മാധ്യമങ്ങളുടെ ശ്രമമെന്നും ബാലന്‍ പറഞ്ഞു.
◾സംസ്ഥാനത്ത് ഭരണപക്ഷ എംഎല്‍എയ്ക്കു പോലും രക്ഷയില്ലെന്നു പ്രതിപക്ഷം. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരായ വധഭീഷണി പരാതിയെക്കുറിച്ച് അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം നിയമസഭയില്‍ നോട്ടീസ് നല്‍കിയെങ്കിലും നിഷേധിച്ചതോടെ വാക്കൗട്ട് നടത്തി. എംഎല്‍എയെ കൊല്ലുമെന്ന് ഒരു വര്‍ഷം മുന്‍പ് ഭീഷണിപ്പെടുത്തിയ പരാതിയില്‍ ഒരു നടപടിയും ഇല്ല. അന്ന് അതന്വേഷിച്ച എസ്പിക്കു തന്നെയാണ് പുതിയ പരാതിയും കൈമാറിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
◾അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന് അന്ത്യാഞ്ജലിയുമായി സിനിമാ രംഗത്തെ പ്രമുഖര്‍. കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടനും സംവിധായകനുമായ ലാല്‍ പലതവണ പൊട്ടിക്കരഞ്ഞു. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ഫാസിലും ഫഹദ് ഫാസിലും അടക്കമുള്ളവരെ കണ്ടപ്പോഴാണു ലാല്‍ വികാരാധീനനായത്. നടന്‍ മമ്മൂട്ടിയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും ടോവിനോ തോമസും അടക്കമുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
◾ഹര്‍ഷിനയുടെ വയറില്‍ ശസ്ത്രക്രിയക്കിടെ മറന്നുവച്ച കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജിന്റേതെന്ന് ഉറപ്പില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. രണ്ടംഗങ്ങളുടെ വിയോജനകുറിപ്പോടെയാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് എസിപി സുദര്‍ശനന്‍, പ്രോസിക്യൂട്ടര്‍ ജയദീപ് എന്നിവരാണു വിയോജിച്ചത്.
◾ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധിച്ച ഹര്‍ഷിന അടക്കം 12 പേരെ അറസ്റ്റു ചെയ്തു. 16 ന് സെക്രട്ടറിയേറ്റിനു മുന്നില്‍ സൂചനാ ഉപവാസ സമരം നടത്തുമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിനെതിരേ കോടതിയെ സമീപിക്കുമെന്നും ഹര്‍ഷിന പറഞ്ഞു.
◾കോതമംഗലം വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനിനു താഴെ കൃഷി ചെയ്തിരുന്ന വാഴകള്‍ വെട്ടി നശിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കെ എസ് ഇ ബി ചെയര്‍മാന്‍ 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
◾മണ്ണാറശാല അമ്മ അന്തരിച്ചു. ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യപുജാരിണി ഉമാദേവി അന്തര്‍ജനം എന്നാണു പേര്. 96 വയസായിരുന്നു. മണ്ണാറശാല ഇല്ലത്തായിരുന്നു അന്ത്യം. സ്ത്രീകള്‍ പൂജാരിണിയായ ലോകത്തിലെ ഏക നാഗക്ഷേത്രമാണ് മണ്ണാറശാല.
◾പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു തിയതി മാറ്റണമെന്നു കോണ്‍ഗ്രസ്. അയര്‍ക്കുന്നം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയാണു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വോട്ടെണ്ണുന്ന സെപ്റ്റംബര്‍ എട്ടിന് മണര്‍കാട് പള്ളിയില്‍ പെരുന്നാളാണെന്നാണു കാരണമായി പറയുന്നത്.
◾കോഴിക്കോട്ടെ സപ്ലൈകോയില്‍ സ്റ്റോക്കുള്ള സാധനങ്ങളുടെ പട്ടിക പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡില്‍ സബ്സിഡി സാധനങ്ങള്‍ ഇല്ലെന്നു രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് പാളയത്തെ മാവേലി സ്റ്റോറിലെ ഇന്‍ ചാര്‍ജ് നിതിനെതിരെയാണ് നടപടി. പരിശോധിച്ചപ്പോള്‍ സബ്‌സിഡി സാധനങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയെന്നാണ് അധികൃതര്‍ പറയുന്നത്.
◾വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ ബോംബുണ്ടെന്നു തമാശയായോ പരിഹാസമായോ പറയരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. സുരക്ഷാ പരിശോധനയ്ക്കിടെ ബോംബുണ്ടെന്നു പറഞ്ഞതിന് ഈയിടെയായി നിരവധി പേരാണ് അറസ്റ്റിലായി കേസില്‍ കുടുങ്ങിയതെന്ന് നെടുമ്പാശേരി പോലീസ് മുന്നറിയിപ്പു നല്‍കി.
◾മാവേലിക്കരയില്‍ കാര്‍ കത്തി യുവാവ് മരിച്ച സംഭവത്തില്‍ കാറിനുള്ളില്‍ സ്‌പ്രേയുടെ സാന്നിധ്യം കണ്ടെത്തിയതായി ഫോറന്‍സിക് സംഘം. സ്‌പ്രേയിലേക്ക് സിഗരറ്റ് ലൈറ്ററില്‍നിന്ന് തീ പടര്‍ന്നതാണോ അപകട കാരണമെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
◾കോട്ടയം വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി പൊള്ളലേറ്റ വാഹന ഉടമ മരിച്ചു. വാകത്താനം പാണ്ടാന്‍ചിറ സാബുവാണ് മരിച്ചത്. 57 വയസായിരുന്നു. ഇന്നലെ വീടിന് സമീപത്താണ് കാര്‍ കത്തിയത്.
◾ബംഗളൂരുവില്‍ നിന്ന് ഓണത്തിന് കേരളത്തിലേക്കു ബസ് നിരക്ക് ഇരട്ടിയിലേറെ വര്‍ധിപ്പിച്ചു. കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ബസിന് ടിക്കറ്റിന് മൂവായിരത്തിയഞ്ഞൂറ് രൂപയാണു നിരക്ക്.
◾തിരുവനന്തപുരത്ത് രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ കാട്ടാക്കട എക്‌സൈസ് സംഘം പിടികൂടി. കൊണ്ണിയൂര്‍ അമ്മു ഭവനില്‍ ആദിത്യന്‍ (21) ആണ് പിടിയിലായത്.
◾സ്‌കൂട്ടറില്‍ ടോറസ് ഇടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. പത്തനംതിട്ട അങ്ങാടിക്കല്‍ വടക്ക് പാല നില്‍ക്കുന്നതില്‍ കിഴക്കേതില്‍ ജയ്സണ്‍ - ഷീബ ദമ്പതികളുടെ മകള്‍ ജെസ്ന ജെയ്സണ്‍ (15) ആണ് മരിച്ചത്. വള്ളിക്കോട് - വാകയാര്‍ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനിലാണ് അപകടമുണ്ടായത്.
◾തമിഴ്നാട്ടിലെ പൈതൃക ട്രെയിനിന്റെ റെയില്‍പ്പാതയില്‍ ഒറ്റയാന്‍. അര മണിക്കൂറോളം ആന ട്രാക്കില്‍ നിലയുറപ്പിച്ചതോടെ ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നു.
◾അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി കോര്‍ട്ടിലേക്ക് രാജ്യസഭാ എംപിമാരില്‍നിന്നു നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യ സ്ഥാനാര്‍ത്ഥികളായ സിപിഎമ്മിന്റെ എ എ റഹീമും കോണ്‍ഗ്രസിന്റെ ഇമ്രാന്‍ പ്രതാപ്ഘടിയും വിജയിച്ചു. ബിജെപി മൂന്നുപേരെ മത്സരപ്പിച്ചെങ്കിലും രണ്ടുപേരെ മാത്രമേ ജയിപ്പിക്കാനായുള്ളൂ.
◾ലോക്സഭയില്‍ രാഹുല്‍ഗാന്ധിയുടെ തകര്‍പ്പന്‍ പ്രസംഗത്തില്‍ ബിജെപി നിലംപരിശായിരിക്കേ, രാഹുല്‍ഗാന്ധി ഫ്ളയിംഗ് കിസ് തന്നെന്ന ആരോപണവുമായി മന്ത്രി സ്മൃതി ഇറാനി. ശോഭ കരന്തലജെയും ആരോപണം ഉന്നയിച്ചു. ബിജെപി വനിത എംപിമാര്‍ രാഹുലിനെതിരെ പരാതി നല്‍കി.
◾ഡല്‍ഹി ബില്ലിനെ എതിര്‍ത്ത കോണ്‍ഗ്രസ് നിലപാടില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലെ രണ്ടുകോടി ജനങ്ങളുടെ പേരില്‍ നന്ദി അറിയിക്കുന്നു എന്നാണ് കത്തില്‍ എഴുതിയത്.
◾മഹാത്മാ ഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടീസ്റ്റ സെതല്‍വാദിനെ വീട്ടു തടങ്കലിലാക്കുകയും ചെയ്തു. മുംബൈ പൊലീസാണ് തുഷാര്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചത്. ക്വിറ്റ് ഇന്ത്യ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നതു തടയാനാണ് കസ്റ്റഡി.
◾ഉത്തര്‍പ്രദേശ് നിയമസഭയില്‍ എംഎല്‍എമാര്‍ അടക്കമുള്ളവര്‍ക്കു മൊബൈല്‍ ഫോണ്‍ വിലക്ക്. രേഖകള്‍ കീറി എറിയരുതെന്നും സ്പീക്കര്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുതെന്നും ഉള്‍പ്പെടെയുള്ള വ്യവസ്ഥകളുമായി പുതിയ ചട്ടം തിങ്കളാഴ്ച പ്രാബല്യത്തിലാകുമെന്നു യുപി സ്പീക്കര്‍ അറിയിച്ചു.
◾കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ അഴിമതി ആരോപണം. കൃഷിമന്ത്രി എന്‍ ചലുവരയ്യസ്വാമി ആറു ലക്ഷം മുതല്‍ എട്ടുലക്ഷം വരെ രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് മാണ്ഡ്യ ജില്ലയിലെ അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍മാര്‍ ആരോപണം ഉന്നയിച്ചു. അന്വേഷിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സിഐഡി വിഭാഗത്തിനു നിര്‍ദേശം നല്‍കി.
◾ബിയര്‍ കുടിച്ചുകൊണ്ടിരുന്ന പൈലറ്റായ അച്ഛന്റെ നിര്‍ദേശമനുസരിച്ച് പതിനൊന്നുകാരന്‍ പറത്തിയ വിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന അച്ഛനും മകനും മരിച്ചു. ഇരുവരുടെയും സംസ്‌കാരത്തിനു പിറക പൈലറ്റിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. 42 കാരനും ബ്രസീല്‍ സ്വദേശിയുമായ ഗാരോണ്‍ മയയും മകന്‍ ഫ്രാന്‍സിസ്‌കോ മായയുമാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ പത്തു കോടി രൂപ വില വരുന്ന സ്വകാര്യ വിമാനമാണ് തകര്‍ന്നത്. സംസ്‌കാരം കഴിഞ്ഞ ഉടെന ഗാരോണിന്റെ ഭാര്യ അന പ്രിഡോണിക്ക് ജീവനൊടുക്കി.
◾മിനിമം ബാലന്‍സ് എക്കൗണ്ടില്‍ ഇല്ലാത്തതിനും അധിക എ.ടി.എം ഇടപാടുകള്‍ക്കും എസ്.എം.എസ് സേവനങ്ങള്‍ക്കുമായി പൊതുമേഖലാ ബാങ്കുകളും 5 പ്രധാന സ്വകാര്യ ബാങ്കുകളും 2018 മുതല്‍ പിഴയായും ചാര്‍ജായും പിരിച്ചെടുത്തത് 35,000 കോടി രൂപ. മിനിമം ബാലന്‍സ് എക്കൗണ്ടില്ലില്ലാത്ത കാരണത്താല്‍ പൊതുമേഖലാ ബാങ്കുകളും ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് എന്നീ അഞ്ച് പ്രമുഖ സ്വകാര്യമേഖലാ ബാങ്കുകളും എക്കൗണ്ടുകളില്‍ നിന്ന് 21,000 കോടി രൂപ പിരിച്ചെടുത്തു. അധിക എ.ടി.എം ഇടപാടുകളുടെ ചാര്‍ജായി 8,000 കോടി രൂപയിലധികം ഈ ബാങ്കുകള്‍ക്ക് ലഭിച്ചു. കൂടാതെ എസ്.എം.എസ് ചാര്‍ജുകള്‍ വഴി 6,000 കോടി രൂപയും പിരിച്ചെടുത്തു. ബാങ്ക് എക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തത്, സൗജന്യ ഇടപാടുകള്‍ക്കപ്പുറമുള്ള എ.ടി.എമ്മുകളുടെ ഉപയോഗം, പരിധിക്കപ്പുറം പണം നിക്ഷേപിക്കല്‍ തുടങ്ങിയവയ്ക്ക് ബാങ്കുകള്‍ ഉപയോക്താക്കളില്‍ നിന്നും ഒരു നിശ്ചിത തുക പിഴയായി ഈടാക്കാറുണ്ട്. ഉപയോക്താക്കള്‍ക്ക് ബാങ്ക് അവരുടെ സ്വന്തം ബാങ്ക് എ.ടി.എമ്മുകളില്‍ നിന്ന് എല്ലാ മാസവും അഞ്ച് സൗജന്യ ഇടപാടുകള്‍ അനുവദിക്കുന്നുണ്ട്. മറ്റ് ബാങ്ക് എ.ടി.എമ്മുകളില്‍ നിന്നുള്ള നിശ്ചിത സൗജന്യ ഇടപാടുകളും അനുവദിക്കുന്നു. ഇതില്‍ കൂടുതല്‍ തവണ എ.ടി.എം ഇടപാട് നടത്തുന്നതോടെയാണ് ബാങ്ക് ഇതിന് ചാര്‍ജ് ഈടാക്കുന്നത്.
◾മികച്ച വ്യാകരണ കൃത്യത കൈവരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു പുതിയ വ്യാകരണ പരിശോധന സംവിധാനം ഗൂഗിള്‍ അവരുടെ സെര്‍ച് എന്‍ജിനില്‍ അവതരിപ്പിച്ചു. ഗൂഗിള്‍ സെര്‍ച്ച് ഹെല്‍പ്പ് സപ്പോര്‍ട്ട് പേജ് പറയുന്നത് അനുസരിച്ച്, വ്യാകരണ പിശകുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ നിങ്ങള്‍ക്ക് ഇനിമുതല്‍ ഗൂഗിള്‍ സെര്‍ച്ചിന്റെ സഹായം സ്വീകരിക്കാം. നിലവില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാണ് ഈ സേവനം ലഭ്യമാവുക. വൈകാതെ തന്നെ മറ്റ് ഭാഷകള്‍ക്കുള്ള പിന്തുണയും എത്തിയേക്കും. വ്യാകരണ പരിശോധന അല്ലെങ്കില്‍ Grammar Check എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചര്‍ ഭാഷ വിശകലനം ചെയ്യാന്‍ ഗൂഗിളിന്റെ എ.ഐ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. 'വ്യാകരണ പരിശോധനാ പ്രോംപ്റ്റ് ഉപയോഗിച്ച് നിങ്ങള്‍ വ്യാകരണപരമായി തെറ്റായ ഒരു പ്രസ്താവനയോ മറ്റോ സെര്‍ച് ബോക്സില്‍ നല്‍കിയാല്‍, അതിന്റെ തിരുത്തിയ പതിപ്പ് ഗൂഗിള്‍ സെര്‍ച് റിസല്‍ട്ടില്‍ പങ്കുവെക്കും. ഇനി അതില്‍ തെറ്റുകളൊന്നുമില്ലെങ്കില്‍ അടുത്തായി ഒരു പച്ച ചെക്ക്മാര്‍ക്ക് ദൃശ്യമാകും. ഗ്രാമര്‍ ചെക്ക് ചെയ്യാനായി നിങ്ങള്‍ എഴുതിയ വാക്യങ്ങളോ, പാരഗ്രാഫുകളോ കോപ്പി ചെയ്ത് ഗൂഗിള്‍ സെര്‍ച്ചില്‍ കൊണ്ടുപോയി പേസ്റ്റ് ചെയ്യുക. അല്ലെങ്കില്‍ ഗൂഗിള്‍ സെര്‍ച്ചില്‍ തന്നെ നിങ്ങള്‍ ഉദ്ദേശിക്കുന്ന സെന്റന്‍സ് എഴുതുക. ശേഷം അതിനടുത്തായി ' grammar check' എന്ന പ്രോംപ്റ്റ് ചേര്‍ക്കുക. തുടര്‍ന്ന് സെര്‍ച് ഐകണില്‍ ക്ലിക്ക് ചെയ്താല്‍ അതിന്റെ ശരിയായ പ്രയോഗം തിരയല്‍ ഫലത്തില്‍ ആദ്യം തന്നെ ദൃശ്യമാകും. നിങ്ങള്‍ തിരഞ്ഞ കാര്യത്തില്‍ എവിടെയാണ് വ്യാകരണ പിഴവുള്ളത്, ആ ഭാഗം അടിവരയിട്ട് കാണിച്ചുതരികയും ചെയ്യും.
◾തമിഴിലെ ഇപ്പോഴത്തെ ഏറ്റവും തിരക്കേറിയ രണ്ട് സംഗീത സംവിധായകരാണ് അനിരുദ്ധും യുവാന്‍ ശങ്കര്‍രാജയും. ഇരുവരും ഒന്നിക്കുന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 'അടിയാത്തി' എന്ന ഗാനത്തില്‍ പാടി അഭിനയിച്ചിരിക്കുന്നത് അനിരുദ്ധും, യുവാനും തന്നെയാണ്. യുവാന്‍ സംഗീതം നല്‍കിയ ഗാനം, പരംപൊരുള്‍ എന്ന ചിത്രത്തിന്റെ പ്രമോ സോംഗാണ്. അരവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരത് കുമാറും, അമിതാസുമാണ് നായകന്മാര്‍. പോര്‍ തൊഴില്‍ എന്ന ത്രില്ലറിന്റെ വന്‍ വിജയത്തിന് ശേഷം ശരത് കുമാര്‍ നായകനാകുന്ന ചിത്രമാണ് പരം പൊരുള്‍. കഴിഞ്ഞ ദിവസം ഇറങ്ങിയ ഗാനം വണ്‍ മില്ല്യണിലേക്ക് കുതിക്കുകയാണ്. ഒരു ട്രാഫിക്ക് ബ്ലോക്കില്‍ അനിരുദ്ധും യുവാനും ചേര്‍ന്ന് ഗാനം പാടുന്ന രീതിയിലാണ് ചിത്രീകരണം. ശരത് കുമാറും, അമിതാസും ഈ ഗാന രംഗത്തില്‍ പ്രത്യേക്ഷപ്പെടുന്നുണ്ട്. കവി ക്രിയേഷനാണ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പരം പൊരുള്‍ നിര്‍മ്മിക്കുന്നത്. സ്നേഹനാണ് പ്രമോ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്.
◾സാന്ത്വനം പരമ്പരയിലെ പ്രിയ കഥാപാത്രങ്ങളായ കണ്ണനും അച്ചുവും ഒന്നിക്കുന്ന ഷോര്‍ട്ട് ഫിലിം 'മനസ്സമ്മത'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജുഷ മാര്‍ട്ടിനും അച്ചു സുഗന്ധും പ്രധാന വേഷത്തിലെത്തുന്ന ഷോര്‍ട്ട്ഫിലിം കഥയെഴുതി സംവിധാനം ചെയ്യുന്നത് ബിപിന്‍ മേലേക്കൂറ്റാണ്. നര്‍മ്മത്തില്‍ ചാലിച്ച മുഹൂര്‍ത്തങ്ങളും, പ്രണയവും അടങ്ങുന്ന ഒരു ഫീല്‍ഗുഡ് എന്റര്‍ടെയിനറാണ് മനസ്സമ്മതം. പോസ്റ്ററിന്റെ കൂടെ പങ്കുവച്ചിരിക്കുന്ന വാക്കുകള്‍, 'നോ വയലന്‍സ്, നോ ക്രൈം, ലൗ ആന്‍ഡ് ലൗ ഓണ്‍ലി' എന്നാണ്. ഒരു യുവാവിന് നേഴ്‌സിനോട് തോന്നുന്ന പ്രണയവും അതിന്റെ വളര്‍ച്ചയും മറ്റുമാണ് ചിത്രം പറയുക. ചിത്രത്തിന്റെ സ്‌ക്രീന്‍ കഥയെ വെല്ലുന്നതാണ് ചിത്രത്തിന്റെ പിന്നണി കഥ. സിനിമാ മോഹവുമായി നടന്ന പത്തനംതിട്ടക്കാരനായ ബിപിന്‍, വീട്ടിലെ സാഹചര്യം മാനിച്ചാണ് സ്വപ്നങ്ങളെല്ലാം മനസ്സിലൊതുക്കി അയര്‍ലന്‍ഡിലേക്ക് വിമാനം കയറുന്നത്. നാട്ടിലൊരു ചിത്രം ചെയ്യണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇരുപത് ദിവസത്തെ ലീവെടുത്ത് നാട്ടിലെത്തി വര്‍ക്ക് പൂര്‍ത്തിയാക്കി ബിപിന്‍ മടങ്ങിയത്. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ കാര്യങ്ങള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.
◾ജൂലൈ മാസത്തെ വില്‍പനയുള്ള ആദ്യ പത്തുകാറുകളില്‍ മാരുതി സുസുക്കി ഫ്രോങ്സ് വന്‍ മുന്നേറ്റം നടത്തി. ടാറ്റ നെക്സോണിനേയും കിയ സെല്‍റ്റോസിനേയും പിന്തള്ളി ഏറ്റവും അധികം വില്‍പനയുള്ള ചെറു എസ്യുവികളില്‍ മൂന്നാം സ്ഥാനത്ത് എത്തി ഫ്രോങ്സ്. വില്‍പന കണക്കുകള്‍ പ്രകാരം പാസഞ്ചര്‍ കാര്‍ വിപണിയിലെ 43.2 ശതമാനം വിഹിതവും മാരുതിയുടെ കൈവശമാണ്.
മാരുതി സുസുക്കി ജൂലൈയില്‍ 152126 കാറുകള്‍ വിറ്റപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് വിറ്റത് 50500 വാഹനങ്ങള്‍. മൂന്നാം സ്ഥാനത്തുള്ള ടാറ്റ 47630 കാറുകളും നാലാം സ്ഥാനത്തുള്ള മഹീന്ദ്ര 36205 കാറുകളുമാണ് വിറ്റത്. അഞ്ചാം സ്ഥാനത്ത് ടൊയോട്ടയാണ് 20759 കാറുകള്‍. ഏറ്റവും അധികം വില്‍പനയുള്ള ആദ്യ പത്തു കാറുകളില്‍ ഏട്ടും മാരുതിയാണ്. ഒന്നാം സ്ഥാനത്ത് 17896 യൂണിറ്റ് വില്‍പനയുമായി മാരുതി സ്വിഫ്റ്റാണ്. രണ്ടാം സ്ഥാനം പ്രീമിയം ഹാച്ച്ബാക്ക് ബലേനോയ്ക്ക്. വില്‍പന 16725 യൂണിറ്റ്. മൂന്നാം സ്ഥാനത്ത് മാരുതി ചെറു എസ്യുവി ബ്രെസ, വില്‍പന 16543 എണ്ണം. മാരുതിയുടെ എംപിവി എര്‍ട്ടിഗയാണ് നാലാമത്, 14352 യൂണിറ്റ് വില്‍പന. അഞ്ചാം സ്ഥാനത്ത് ഹ്യുണ്ടേയ് ക്രേറ്റ. വില്‍പന 14062 യൂണിറ്റ്. ആറാം സ്ഥാനത്ത് മാരുതി കോംപാക്റ്റ് സെഡാന്‍ ഡിസയര്‍. വില്‍പന 13395 യൂണിറ്റ്. ഏഴാം സ്ഥാനത്ത് 11323 യൂണിറ്റ് വില്‍പനയുമായി മാരുതി സുസുക്കി ഫ്രോങ്സ്. 12970 യൂണിറ്റ് വില്‍പനയുമായി മാരുതി വാഗണ്‍ആര്‍ എട്ടാം സ്ഥാനത്തും 12349 യൂണിറ്റ് വില്‍പനയുമായി ടാറ്റ നെക്സോണ്‍ ഒമ്പതാം സ്ഥാനത്തുമുണ്ട്. പത്താമത് എത്തിയത് മാരുതി ഈക്കോയാണ്. 12037 യൂണിറ്റാണ് വില്‍പന.
◾ദൃശ്യകലയുടെ പിന്നരങ്ങിലെ കളരിപാഠവും പ്രയോക്തൃപാഠവും അത് അനുഭവവേദ്യമാക്കുന്ന അരങ്ങുപാഠവും ചേര്‍ന്നാണ് ഓരോ കലാരൂപവും പ്രേഷകമനസ്സില്‍ ആരൂഢമാകുന്നത്. മോഹിനിയാട്ടത്തിന്റെ പഠന പാഠന സമ്പ്രദായങ്ങള്‍ അനുസ്യുതം തുടരുന്ന പ്രക്രിയയാണ്. ഈ പ്രക്രിയയിലൂടെയാണ് ഒരു നര്‍ത്തകി പൂര്‍ണമായും രൂപപ്പെടുന്നത്. മോഹിനിയാട്ടത്തിന്റെ പഠന പാഠന സമ്പ്രദായങ്ങള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രയോക്താവിനെ സൃഷ്ടിക്കുന്ന വിധം അന്വേഷിക്കുകയാണ് ഈ പ്രബന്ധത്തില്‍ ചെയ്യുന്നത്. 'മോഹിനിയാട്ടത്തിന്റെ ബോധനരീതി ശാസ്ത്രം'. ഡോ. ശ്രീവിദ്യ സി.ആര്‍. നാഷണല്‍ ബുക് സ്റ്റാള്‍. വില 285 രൂപ.
◾സാര്‍സും കോവിഡും അവയുടെ വകഭേദങ്ങളും ഉള്‍പ്പെടെ അറിയപ്പെടുന്ന എല്ലാത്തരം കൊറോണ വൈറസുകളെയും നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആന്റിബോഡികള്‍ കണ്ടെത്തി രാജ്യാന്തര ശാസ്ത്രജ്ഞസംഘം. ഭാവിയിലെ കൊറോണ വൈറസ് പടര്‍ച്ചകളെ തടുക്കാന്‍ ഈ ആന്റിബോഡികള്‍ക്ക് സാധിക്കുമെന്ന് സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. സാര്‍സിനെ അതിജീവിക്കുകയും കോവിഡിനെതിരെ വാക്സീന്‍ എടുക്കുകയും ചെയ്ത ഒരു രോഗിയുടെ ശരീരത്തില്‍ നിന്നാണ് അതിവിശാലമായ നിര്‍വീര്യ ശേഷിയുള്ള ഈ ആന്റിബോഡികളെ വേര്‍തിരിച്ചെടുത്തത്. ഡ്യൂക് എന്‍യുഎസ് മെഡിക്കല്‍ സ്‌കൂള്‍, നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂര്‍, യൂണിവേഴ്സിറ്റി ഓഫ് മെല്‍ബണ്‍, അമേരിക്കയിലെ ഫ്രെഡ് ഹച്ചിന്‍സണ്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ പഠന സംഘത്തില്‍ ഉള്‍പ്പെടുന്നു. കോവിഡ്-19, അതിന്റെ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ്, ഒമിക്രോണ്‍ വകഭേദങ്ങള്‍, യഥാര്‍ഥ സാര്‍സ് വൈറസ്, വവ്വാലുകള്‍, ഈനാംപേച്ചി തുടങ്ങിയ മൃഗങ്ങളില്‍ നിന്ന് പരക്കുന്ന മറ്റ് പല തരം കൊറോണ വൈറസുകള്‍ എന്നിവയെ എല്ലാം നിര്‍വീര്യമാക്കാന്‍ സാധിക്കുന്ന ആറ് ആന്റിബോഡികളാണ് പഠനത്തില്‍ കണ്ടെത്തിയത്. ഇതില്‍ തന്നെ ഇ7 എന്ന ആന്റിബോഡിയാണ് ഏറ്റവും ശക്തമായതെന്ന് ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൊറോണ വൈറസിന്റെ മുന പോലുള്ള പ്രോട്ടീനെ ലക്ഷ്യമിടുന്ന ഈ കോശങ്ങളെ ബാധിക്കാന്‍ വൈറസിന് ആവശ്യമായ രൂപം മാറ്റല്‍ പ്രക്രിയയെ തടയുന്നു. നിലവിലുള്ളതും ഭാവിയില്‍ ഉയര്‍ന്ന് വരാവുന്നതുമായ കൊറോണ വൈറസുകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇ7 ഉള്‍പ്പെടെയുള്ള ആന്റിബോഡികള്‍ക്ക് സാധിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ വാക്സീനുകള്‍ക്ക് രൂപം നല്‍കാമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 82.80, പൗണ്ട് - 105.69, യൂറോ - 90.96, സ്വിസ് ഫ്രാങ്ക് - 94.78, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.36, ബഹറിന്‍ ദിനാര്‍ - 219.65, കുവൈത്ത് ദിനാര്‍ -269.26, ഒമാനി റിയാല്‍ - 215.09, സൗദി റിയാല്‍ - 22.07, യു.എ.ഇ ദിര്‍ഹം - 22.54, ഖത്തര്‍ റിയാല്‍ - 22.74, കനേഡിയന്‍ ഡോളര്‍ - 61.71.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍