1198 കർക്കടകം 23
ഭരണി / അഷ്ടമി
2023 ആഗസ്റ്റ് 8, ചൊവ്വ
ഇന്ന്;
ലോക പൂച്ച ദിനം !
************************
[ International Cat Day ; പൂച്ച സ്വയം പര്യാപ്തരായ ജീവി വർഗ്ഗമാണെന്നും.
രാത്രിജീവിയാണെന്നും കരുതുന്നവരുണ്ട്. എന്തായാലും പൂച്ച ഉള്ള വീട്ടിൽ എലിയും പല്ലിയും ഉണ്ടാവില്ല എന്നു സാധാരണ നാടൻ ചൊല്ല് ]
ഇന്ന് ലോക വീഡിയോ ഗെയിം ദിനം !
******************************
[ കുട്ടികൾ മാത്രമല്ല മുതിർന്നവരും വീഡിയോ ഗെയിമുകൾ കളിക്കുന്നതിലൂടെ ലഭിക്കുന്ന ആനന്ദത്തെ ദിനം ആഘോഷിക്കുന്നു. ]
ആനന്ദം ഉണ്ടാകുന്ന ദിനം !
*****************************
. (Happiness Happens Day)
* ഇറാക്കി ഖുർദിസ്ഥാൻ: വെടിനിർത്തൽ ദിനം
* മംഗോളിയ, തൈവാൻ: പിതൃദിനം !
(മന്ദാരിനിൽ 'ബാ ബാ' എന്ന്
പറഞ്ഞാൽ പിതാവ് എന്നും 8-8 എന്നും
അർത്ഥം ഉണ്ട് )
* ടാൻസാനിയ: നാനെ നാനെ ഡേ ! (കർഷകരെ ആദരിക്കുന്ന ദിനം, സ്വാഹിലിയിൽ നാനെ എന്നാൽ 8 )
* Odie Day
* Top 8 Challenge Day
* Scottish Wildcat Day
* Dying to Know Day
* USA;
National Dollar Day
National Bowling Day
National Frozen Custard Day
*ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്
"ഹൃദയത്തിന്റെ മമതകളുടെ വിശുദ്ധിയിലും ഭാവനയുടെ സത്യത്തിലും അല്ലാതെ മറ്റൊന്നിലും എനിക്കു വിശ്വാസമില്ല-; ഭാവന സൗന്ദര്യമായി തിരിച്ചറിയുന്നത്, അസ്തിത്വമുള്ളവയോ ഇല്ലാത്തവയോ ആകട്ടെ, സത്യമാകാതെ വയ്യ. പ്രേമമെന്നപോലെ തന്നെ നമ്മുടെ എല്ലാ അഭിനിവേശങ്ങളും(Passions) അവയുടെ ശുദ്ധരൂപത്തിൽ സൗന്ദര്യത്തെ സൃഷ്ടിക്കാൻ കഴിവു ള്ളവയാണെന്ന് ഞാൻ കരുതുന്നു."
. [ - ജോൺ കീറ്റ്സ് ]
************************
കോൺഗ്രസ് പ്രവർത്തകനും, വക്കീലും പതിനഞ്ചാം ലോകസഭയിലെ മാനവ വിഭവശേഷി വികസനം, ശാസ്ത്ര- സാങ്കേതികം, എർത്ത് സയൻസ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മുൻ കേന്ദ്രമന്ത്രിയും രാജ്യസഭ മെംബറുമായ കപിൽ സിബലിന്റെയും (1948),
മുൻ കേന്ദ്ര ടൂറിസം മന്ത്രിയും
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാക്കളിലൊരാളായി ടൈം ഇൻറർനാഷണൽ മാഗസീൻ തിരഞ്ഞെടുത്ത അൽഫോൻസ് കണ്ണന്താനത്തിന്റെയും (1953),
പുന്നപ്ര-വയലാർ സമരകാലത്ത് 12-മത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റുവേദികളിൽ വിപ്ലവ ഗായികയായി പ്രവർത്തനം ആരംഭിച്ച്, ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയും നിലവിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗം, എൻഎഫ്ഐഡബ്ള്യുവിന്റെ ദേശീയ നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന (പ്രശസ്ത തിരക്കഥാ കൃത്ത് ശാരംഗപാണിയുടെ സഹോദരികൂടിയായ) പി.കെ മേദിനിയുടേയും (1933),
മികച്ച നടനും മികച്ച സഹ നടനുമുള്ളപുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുള്ള യുവ നടൻ ഫഹദ് ഫാസിലിന്റെയും (1982),
ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതിനിടയില്‍ സ്വന്തമായി അഞ്ഞൂറിലധികം പാട്ടുകള്‍ എഴുതി ട്യൂണ്‍ നല്‍കി പാടുകയും
നിരവധി തിരക്കഥകൾ എഴുതുകയും
ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയും പൂമരം, സഖാവ്, ഉദാഹരണം സുജാത, കുട്ടനാടന്‍ മാര്‍പാപ്പ, പരോള്‍, വള്ളിക്കെട്ട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത അരിസ്‌റ്റോ സുരേഷിന്റേയും (1956),
എന്റെ പ്രിയപ്പെട്ട മുത്തുവിന്, അച്ഛന്റെ കൊച്ചുമോള് ഗായത്രി, മാനം തെളിഞ്ഞു തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും കഴിഞ്ഞ 50 വർഷം കൊണ്ട് മൂവായിരത്തിലധികം വേദികളിൽ കഥാപ്രസംഗം അവതരിപ്പിക്കുകയും ചെയ്യുന്ന (കാഥികനായ വി.ആർ. തയ്യിലിന്റെ - ആറന്മുള വിക്രമൻനായർ, മകനുമായ) മുതുകുളം സോമനാഥിന്റേയും (1952),
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത വിഗ്രഹണം, ഭാര്യ, സീത, അനുരാഗം, കൂടത്തായി തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കുന്ന പ്രശസ്ത ടെലിവിഷന്‍ താരവും മോഡലുമായ റോണ്‍സണ്‍ വിന്‍സെന്റിന്റേയും (1989),
ന്യൂസിലൻഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനും ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീമിന്റെ നായകനുമായ കെയ്ൻ സ്റ്റുവാർട്ട് വില്യംസണിന്റെയും (1990),
രണ്ടു തവണ അക്കാദമി അവാർഡ്, ആറു തവണ ഗോൾഡൻ ഗ്ലോബ്, മൂന്നു തവണ ബാഫ്ത, എമ്മി അവാർഡ് എന്നീ പുരസ്കാരങ്ങൾക്ക് അർഹനായ അമേരിക്കൻ ചലച്ചിത്ര നടൻ ഡസ്റ്റിൻ ലീ ഹോഫ്മാന്റെയും (1937),
മികച്ച നടിക്കുള്ള 1994ലെ ദേശീയ പുരസ്കാരം നേടിയ ബംഗാളി ചലച്ചിത്രനടി ദേബശ്രീ റോയ് യുടെയും (1964),
പ്രശസ്തനായ ഇംഗ്ലീഷ് ഗണിതഭൗതിക ശാസ്ത്രജ്ഞനും ശാസ്ത്രതത്വ ചിന്തകനുമായ സർ റോജർ പെൻറോസിന്റെയും (1931),
ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനയായ കളിക്കാരനായി വിലയിരുത്തുന്ന സ്വിസ്സ് ടെന്നീസ് കളിക്കാരൻ റോജർ ഫെഡററിന്റെയും (1981) ജന്മദിനം !!!
ഇന്നത്തെ സ്മരണ !!!
************************
മുതുകുളം രാഘവൻപിള്ള മ.(1900-1979)
എം ആർ ബി മ. (1909-2001)
ബാർളിൻ കുഞ്ഞനന്തൻ നായർ മ. (1926-2022)
എസ്. നിജലിംഗപ്പ മ. (1902-2000)
ഹുസ്സൈൻ ദീദാത്ത് മ. (1918 -2005),
ജയ്മാല ശിലേദാർ മ. (1926- 2013)
ആൽബർട്ട് നമാത്ത്ജീര മ. (1902-1959)
റെയ്മണ്ട് ബ്രൌൺ മ. (1928 -1998)
മയ്യനാട് എ. ജോൺ ജ. (1894 -1968)
മോൺ.ലോറൻസ് പുളിയനത്ത് ജ. (1898-1961 )
ക്യാപ്റ്റൻ ഫിലിപ്പോസ് തോമസ് ജ. (1940-2018)
ഉസ്താദ് വിലായത്ത് ഖാൻ ജ. (1928-2004)
റെയ്ഹാന ജബ്ബാരി മലായേരി ജ. (1988-2014)
സാറ ടീസ്‍ഡെയിൽ ജ. (1884 - 1933)
അലിജാ ബെഗോവിച്ച് ജ. (1925-2003)
ആൽബെർട്ടൊ ഗ്രെനാഡൊ ജ. (1922-2011)
ചരിത്രത്തിൽ ഇന്ന് …
**********************
1497 - വാസ്കോ ഡ ഗാമ ഇന്ത്യയിലേക്കുള്ള പര്യടനം ആരംഭിച്ചു.
1509 - കൃഷ്ണദേവരായർ വിജയനഗര രാജാവായി.
1777 - USA യിലെ Vermont പ്രദേശം ബ്രിട്ടനിൽ നിന്ന് സ്വാതന്ത്യം നേടിയ ഉടൻ അടിമത്തം നിർത്തലാക്കി.
1888 - 888 വിപ്ലവം എന്നറിയപ്പെടുന്ന മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭം.
1889 - വാൾസ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരണം ആരംഭിച്ചു.
1940 - ഇന്ത്യക്ക് സ്വാതന്ത്യം നൽകുന്നത് സംബന്ധിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ചർച്ചിലിന്റെ ആഗസ്ത് ഓഫർ.
1942 - ബോംബെയിൽ നടന്ന കോൺഗ്രസ് സമ്മേളനം നാളെ ആഗ സ്ത് 9ന് ക്വിറ്റ് ഇന്ത്യാ ദിനം ആചരിക്കാൻ തീരുമാനിച്ചു.
1945 - US പ്രസിഡണ്ട് ഹാരി ട്രൂമാൻ UN ചാർട്ടറിൽ ഒപ്പുവച്ചു.
1945 - USSR ന്റ കാർമികത്വത്തിൽ ഉത്തര കൊറിയയിൽ കമ്യൂണിസ്റ്റ് സർക്കാർ സ്ഥാപിക്കപ്പെട്ടു.
1947 - പാക്കിസ്ഥാൻ ദേശിയ പതാക അംഗീകരിച്ചു.
1948 - കോഴിക്കോട് കലാസമിതി ആരംഭം. പിന്നീട് 1954-ൽ അഖില മലബാർ കേന്ദ്രസമിതിയായും 1957-ൽ കേരള കേന്ദ്രകലാസമിതിയായും വളർന്നു.
1949 - ഭൂട്ടാൻ സ്വതന്ത്ര രാജ ഭരണത്തിൻ കീഴിലായി.
1960 - ഐവറി കോസ്റ്റ് സ്വതന്ത്ര രാജ്യമായി
1974 - വാട്ടർ ഗേറ്റ് സംഭവം. അമേരിക്കൻ പ്രസിഡണ്ട് നിക്സൺ രാജി പ്രഖ്യാപിച്ചു.
പദവിയിലിരിക്കെ ആരോപണം മൂലം രാജി വയ്ക്കണ്ടി വന്ന ഏക പ്രസിഡണ്ട്.
1876 - എഡിസണ് വീണ്ടും പാറ്റന്റ് ഇത്തവണ autographing Printing ന്
1983 - പ്രഥമ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പ് തുടങ്ങി, കാൾ ലൂയിസ് വേഗതയേറിയ ഓട്ടക്കാരൻ
1967 - ASEAN (Association of south East Asian Nations) രുപീകൃതമായി.
1985 - ഇന്ത്യയുടെ ധ്രുവ ആണവ പര്യവേക്ഷണ റിയാക്ടർ പ്രവർത്തന മാരംഭിച്ചു.
1988 - 8 വർഷ യുദ്ധത്തിന് ശേഷം ഇറാൻ ഇറാക്ക് വെടി നിർത്തൽ
1994 - കിങ് ജോൻ ഉൻ ഉത്തര കൊറിയയിലെ സമ്പൂർണ്ണ ഏകാധിപത്യയായി.
2008 - 29 മത് ഒളിമ്പിക്സ് ചൈനയിലെ ബെയ്ജിങ്ങിൽ ആരംഭിച്ചു.
2016 - ജി എസ് ടി. ബില്ലിന് പാർലമെന്റ് അംഗികാരം.
2019 - 59 പേരുടെ ജീവൻ കവരുകയും നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കുകയും ചെയ്ത ഉരുള്‍പൊട്ടൽ, മലപ്പുറം കവളപ്പാറ മുത്തപ്പന്‍ കുന്നിൽ
. ************
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***മണിപ്പുർ കലാപം: ഇടപെടലുമായി സുപ്രീംകോടതി; പ്രത്യേക സമിതിയെ നിയോഗിച്ചു.
പ്രശ്‌നപരിഹാരത്തിനായി മൂന്ന് മുൻ ഹൈക്കോടതി ജഡ്‌ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ചു. ഗീത മിത്തൽ, ശാലിനി പി. ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരടങ്ങുന്ന സമിതിയാണ് രൂപീകരിച്ചത്. മനുഷ്യാവകാശ വിഷയങ്ങൾ, ക്യാമ്പുകളിലെ സാഹചര്യം, പുനരധിവാസം എന്നിവയെ സംബന്ധിച്ച് സമിതി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
***രാഹുലിന്റെ അയോഗ്യത നീക്കി; എം പി സ്ഥാനം പുനഃസ്ഥാപിച്ചു
രാഹുൽ ഗാന്ധിയുടെ എംപിയുടെ സ്ഥാനം പുനഃസ്ഥാപിച്ചു ലോകസഭ വിജ്ഞാപനം പുറത്തിറക്കി. ഇതോടെ പാർലമെൻറിൽ മണിപ്പൂർ വിഷയത്തിൽ നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ പങ്കെടുക്കും. സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാർലമെൻറംഗത്വം പുനഃസ്ഥാപിച്ചത്.
***1960ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കേരള സർക്കാർ ഭൂപതിവ് നിയമ (ഭേദഗതി) ബിൽ 2023ന്റെ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു. നടപ്പു നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. കൃഷി ആവശ്യത്തിനും വീട് നിർമാണത്തിനും അനുവദിച്ച ഭൂമിയിൽ നടത്തിയ മറ്റു വിധത്തിലുള്ള വിനിയോഗം ക്രമപ്പെടുത്തുന്നതിന് സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥയാണ് ബിൽ വഴി കൊണ്ടു വരുന്നത്.
***സ്‌കൂൾ പ്രവൃത്തിദിനം കുറച്ചതിൽ സർക്കാർ നിലപാട് തേടി
2023– 2024 അധ്യയനവർഷം സ്‌കൂൾ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് പ്രവൃത്തിദിനം 210 ആക്കി കുറച്ചതിൽ 10 ദിവസത്തിനകം വിശദീകരണം നൽകാൻ സംസ്ഥാനസർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. സ്‌കൂൾ വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്‌ത് മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ സി കെ ഷാജിയും പിടിഎയും നൽകിയ ഹർജി പരിഗണിച്ചാണ് ജസ്‌റ്റിസ് ബസന്ത് ബാലാജിയുടെ ഉത്തരവ്.
പ്രാദേശികം
***************
***കാണാതായ സൈനികൻ മരിച്ച നിലയിൽ
കോഴിക്കോട് യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്
കാണാതായ സൈനികന്റെ മൃതദേഹം വെള്ളയിൽ ഹാർബറിനുസമീപം കണ്ടെത്തി. മായനാട് പുല്ലങ്ങോട്ടുമീത്തൽ കെ.ടി അഭിജിത്തി(27)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
***തുടർ പഠനത്തിന് അവസരം; മണിപ്പൂരിലെ വിദ്യാർഥികളെ സ്വാഗതം ചെയ്ത് കണ്ണൂർ സർവകലാശാല
മണിപ്പൂരിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്കായി സർവകലാശാല ക്യാമ്പസുകളിൽ സൂപ്പർ ന്യൂമറിയായി അധിക സീറ്റുകൾ ഒരുക്കുമെന്നും അവർക്ക് ഹോസ്റ്റൽ സൗകര്യവും സാമ്പത്തിക സഹായവും നൽകുമെന്നും വൈസ് ചാൻസിലർ ഡോ.ഗോപിനാഫ് രവീന്ദ്രൻ പറഞ്ഞു.
***കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള സർവേ നടപടികൾ തുടങ്ങി.
മലപ്പുറം ഡെപ്യൂട്ടി കലക്ടർ ജെ.ഒ അരുൺ, സ്ഥലമെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ എം പി പ്രേംലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരാണ് നടപടികൾ തുടങ്ങിയത്. ഉദ്യോഗസ്ഥർ വീടുകൾ കയറി നഷ്ടപരിഹാരത്തുക സംബന്ധിച്ച് ഭൂവുടമകളെ ബോധ്യപ്പെടുത്തി.
***ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. നില അതീവഗുരുതരമായി തുടരുന്നു എന്നാണ് റിപ്പോർട്ട്.
***കാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നു: മന്ത്രി വീണാ ജോര്‍ജ്
സര്‍ക്കാരിന്റെ നയത്തിന്റെ കൂടി ഭാഗമാണതെന്ന് മന്ത്രി പറഞ്ഞു. ആര്‍.സി.സിയില്‍ ഹൈടെക് ഉപകരണങ്ങളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
***ചലച്ചിത്ര അവാർഡുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി
2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ റദ്ദാക്കണമെന്നും അവാർഡ് വിതരണമടക്കമുള്ള തുടർനടപടികൾ സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അവാർഡ് നിർണയത്തിൽ സ്വജനപക്ഷപാതമുണ്ടെന്നും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാരിനും ഡിജിപിക്കും നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് ‘ആകാശത്തിനു താഴെ’ സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹർജി നൽകിയത്.
***കടമെടുപ്പ്: കേന്ദ്ര നിലപാട് സംസ്ഥാനങ്ങളുടെ അവകാശത്തിനെതിരായ ആക്രമണം- സിപിഐ എം
സംസ്ഥാന സർക്കാരുകളുടെ വിഭവസമാഹരണത്തെ ബാധിക്കുന്ന വിധത്തിൽ പൊതുകടമെടുപ്പിന്റെ നിർവചനം കേന്ദ്രം മാറ്റിയത് ഫെഡറലിസത്തിനുനേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരുകളുടെ ബജറ്റിതര കടമെടുപ്പിനെ പൊതുകടമായി കണക്കാക്കുമെന്നതാണ് കേന്ദ്രത്തിന്റെ പുതിയ നിലപാട്. ഇത് മുൻകൂർ പ്രാബല്യത്തോടെ നടപ്പാക്കി. കേന്ദ്രത്തിന് ഇതൊന്നും ബാധകവുമല്ല.
***ശ്രുതിതരംഗം: 21 കുട്ടികളുടെ അപ്ഗ്രഡേഷൻ പൂർത്തിയാക്കി
സംസ്ഥാനത്ത് കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തിയ 21 കുട്ടികളുടെ സ്പീച്ച് പ്രോസസർ അടിയന്തിരപരിഗണന നൽകി അപ്ഗ്രേഡ് ചെയ്തു കൊടുത്തുവെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.
***പ്രൈമറി ക്ലാസുകളിൽ ഭാഷാ, ഗണിത പഠനശേഷി വർധിപ്പിക്കാൻ അക്കാദമിക് ടാസ്‌ക് ഫോഴ്‌സ്
എസ്‌സ്‌കെ സ്‌റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ, നിപുൺ ഭാരത് മിഷൺ സ്‌റ്റേറ്റ് നോഡൽ ഓഫീസർ, കോ- ഓഡിനേറ്റർ, എസ്‌സിഇആർടി അംഗം, ഡയറ്റ് അംഗം, വിദ്യാഭ്യാസ ഓഫീസറുടെ പ്രതിനിധി, പ്രധാനാധ്യാപരുടെ പ്രതിനിധി, അധ്യാപക പ്രതിനിധി, കൈറ്റ് മാസ്‌റ്റർ ട്രെയിനർ എന്നിവരുൾപ്പെട്ട ഒമ്പത് അംഗ അക്കാദമിക് ടാസ്‌ക് ഫോഴ്‌സിനാണ് സർക്കാർ രൂപം നൽകിയത്.
***കേരളത്തിലെ ആയുഷ് മേഖലയിലെ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ അംഗീകരിക്കുന്നു എന്നുള്ളത് അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
ആയുഷ് മേഖലയ്ക്ക് ഈ സർക്കാർ വലിയ പ്രാധാന്യം നൽകിയാണ് മുന്നോട്ട് പോകുന്നത്. കേരളത്തെ ഹെൽത്ത് ഹബ്ബാക്കാനാണ് ശ്രമിക്കുന്നത്. ഇതിന് പ്രചോദനമായ പ്രവർത്തനങ്ങളാണ് ആയുഷ് വകുപ്പ് നടത്തുന്നത്.
***വഞ്ചനാകേസ്: എബിൻ എബ്രഹാമിനെ ചൊവ്വാഴ്‌ച ചോദ്യം ചെയ്യും
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനും യൂത്ത് കോൺഗ്രസ് നേതാവുമായ എബിൻ എബ്രഹാമിനെ ക്രൈംബ്രാഞ്ച് ചൊവ്വാഴ്‌ച ചോദ്യം ചെയ്യും. ചോദ്യംചെയ്യലിന് ഹാജരാകാൻ എബിന് നോട്ടീസ് നൽകിയിരുന്നു. അഞ്ചാം പ്രതിയാണിയാൾ.
***മകളെ ശല്യം ചെയ്യുന്നത് വിലക്കി; ജനലിലൂടെ പാമ്പിനെ ഇട്ട് പിതാവിനെ കൊല്ലാന്‍ ശ്രമം, പ്രതി അറസ്റ്റിൽ
അമ്പലത്തിന്‍കാല സ്വദേശി രാജേന്ദ്രന്റെ വീടിനുള്ളിലാണു പാമ്പിനെ ഇട്ടത്. പ്രതി കോടന്നൂര്‍ സ്വദേശി എസ്‌കെ സദനത്തില്‍ കിച്ചു (30)വിനെ പൊലീസ് പിടികൂടി. പ്രതിയെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു.
ദേശീയം
***********
***ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയിലും പാസായി
ഗ്രൂപ്പ് എ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം പരിമിതപ്പെടുത്തുന്ന ഡല്‍ഹി സര്‍വീസസ് ബില്‍ രാജ്യസഭയിലും പാസായി. 131 അംഗങ്ങളാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. പ്രതിപക്ഷത്തെ 102 പേര്‍ ബില്ലിനെ എതിര്‍ത്തു. നേരത്തേ ലോക്‌സഭയും പാസാക്കിയ ബില്‍ ഇനി രാഷ്ട്രപതി ഒപ്പിട്ട് ഗസറ്റില്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ നിയമമാവും.
***സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസും നോമിനേറ്റഡ് എം.പിയുമായ രഞ്ജന്‍ ഗൊഗോയ് പ്രസംഗിക്കുന്നതിനിടെ രാജ്യസഭയില്‍ നിന്ന് നാല് വനിതാ എം.പിമാര്‍ ഇറങ്ങിപ്പോയി.
ജയ ബച്ചന്‍, പ്രിയങ്ക ചതുര്‍വേദി , വന്ദന ചവാന്‍, സുസ്മിത ദേവ് എന്നിവരാണ് ഇറങ്ങിപ്പോയത്. ലൈംഗികാതിക്രമ പരാതി നേരിട്ട രഞ്ജന്‍ ഗൊഗോയിക്ക് സംസാരിക്കാന്‍ അനുമതി നല്‍കിയതിലാണ് പ്രതിഷേധം.
***ഡൽഹിയിലെ ദരിദ്രരെ അവഗണിച്ച് കേന്ദ്രം: ചേരികളിൽ കഴിയുന്നത് 16 ലക്ഷത്തോളം പേർ
രാജ്യസഭയിൽ വി ശിവദാസന് നഗരവികസന മന്ത്രാലയം നൽകിയ മറുപടിയിലാണ് ഈ കണക്ക്. കഴിഞ്ഞ അഞ്ച് വർഷം ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്റ് ബോർഡ് 1,297 പേരെയും ഡൽഹി വികസന അതോറിറ്റി 8,379 പേരെയും മാത്രമാണ് പുനരധിവസിപ്പിച്ചത്. ഇതിനായി ആകെ നീക്കി വെച്ചത് 212 കോടി രൂപ മാത്രം. കുടിവെള്ളവും വൈദ്യുതിയും ലഭിക്കാത്ത എത്ര കുടുംബങ്ങൾ ചേരികളിലുണ്ടെന്നതിന് കണക്ക് ലഭ്യമല്ലെന്നും മറുപടി ലഭിച്ചു.
***ഇഡിക്ക് എതിരായ സെന്തിൽബാലാജിയുടെ ഹർജി സുപ്രീംകോടതി തള്ളി
സെന്തിൽബാലാജിയുടെ ഇഡി കസ്‌റ്റഡി കാലാവധി ശനിയാഴ്‌ച്ച വരെ നീട്ടി. മദ്രാസ് ഹൈക്കോടതി നേരത്തെ സെന്തിൽബാലാജിയുടെയും ഭാര്യ മേഖലയുടെയും ഹർജികൾ തള്ളിയിരുന്നു. ഇതിനെതിരെ ഇരുവരും നൽകിയ ഹർജികളാണ സുപ്രീംകോടതി തിങ്കളാഴ്‌ച്ച തള്ളിയത്.
***ഹൈക്കോടതി ഉത്തരവ്: ഹരിയാനയിലെ ഇടിച്ചുനിരത്തൽ നടപടികൾ നിർത്തിവച്ചു
ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹരിയാനയിലെ നൂഹിൽ ബിജെപി സർക്കാർ തുടരുന്ന ഇടിച്ചുനിരത്തൽ നടപടികൾ നിർത്തിവച്ചു. വർഗീയ സംഘർഷത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ബുൾഡോസറുകൾ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങളും വീടുകളും കൂട്ടമായി ഇടിച്ചുനിരത്തുന്ന നടപടികൾ നിർത്താൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടത്
***ഡല്‍ഹി എയിംസില്‍ തീപിടിത്തം; ആളപായമില്ല
ഇന്നലെരാവിലെ 11.54ഓടെയാണ് തീപിടിത്തമുണ്ടായതായി അഗ്‌നിശമന സേനയ്ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് അഗ്‌നിശമനസേനയുടെ പത്തോളം യൂണിറ്റുകള്‍ സ്ഥലത്ത് എത്തി തീയണച്ചു.അത്യാഹിത വിഭാഗത്തിന് സമീപമുള്ള എന്‍ഡോസ്‌കോപ്പി മുറിയിലാണ് തീപടര്‍ന്നത്
***ചന്ദ്രബോസ് വധം: അന്തിമവാദംകേൾക്കൽ ഒരു മാസത്തിന് ശേഷമെന്ന് സുപ്രീംകോടതി
ചന്ദ്രബോസ് വധക്കേസിൽ കുറ്റവാളി മുഹമദ്‌നിഷാമിന് വധശിക്ഷ നൽകണമെന്ന കേരളത്തിന്റെ ഹർജിയിൽ ഒരു മാസത്തിന് ശേഷം അന്തിമവാദംകേൾക്കൽ തുടങ്ങാമെന്ന് സുപ്രീംകോടതി. നിഷാം നൽകിയ ജാമ്യാപേക്ഷയും അപ്പോൾ പരിഗണിക്കാമെന്ന് ജസ്‌റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദരേഷ് എന്നിവർ അംഗങ്ങളായ ബെഞ്ച് അറിയിച്ചു.
അന്തർദേശീയം
*******************
***അമേരിക്കയിൽ തോക്കുകൊണ്ട് കളിക്കുന്നതിനിടെ 14കാരനിൽനിന്ന് വെടിയേറ്റ് 12കാരന് ദാരുണാന്ത്യം
മിനസോട്ട : മാർകീ ജോൺസ് എന്ന ബാലനാണ് കൊല്ലപ്പെട്ടത്. മിനസോട്ടയിലെ സെന്‍റ് പോളിലാണ് ദാരുണ സംഭവം. ജന്മദിനാഘോഷത്തിനായി 14 കുട്ടികൾ വീട്ടിൽ ഒത്തുകൂടിയതായിരുന്നു.
***മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് (പിടിഐ) ചെയർമാനുമായ ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് പാകിസ്ഥാനിൽ വ്യാപക പ്രതിഷേധം.
കറാച്ചിയിൽ 19 ഇമ്രാൻ അനുകൂലികൾ അറസ്റ്റിലായി. പ്രധാനമന്ത്രിയായിരിക്കെ വിദേശപ്രതിനിധികളിൽനിന്നും വിദേശസന്ദർശനത്തിനിടെയിലും ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി വിറ്റതായ തോഷാഖാന കേസിൽ ശനിയാഴ്ചയാണ് ജില്ലാ കോടതി ഇമ്രാനെ മൂന്നുവർഷം തടവിന് ശിക്ഷിച്ചത്
***പാകിസ്ഥാനിൽ പണപ്പെരുപ്പം 29.8 ശതമാനം
ഇന്ധനത്തിന്റെയും നിത്യോപയോഗ വസ്തുക്കളുടെയും വില കുതിച്ചുയർന്നതോടെ പാകിസ്ഥാനിൽ പണപ്പെരുപ്പം 29.83 ശതമാനത്തിലാണ്. ഒരാഴ്ചയ്ക്കുള്ളിൽ 1.30 ശതമാനമാണ് വർധന. പാചകവാതകം, ഡീസൽ, പെട്രോൾ എന്നിവയുടെയും തക്കാളി, പാൽപ്പൊടി, മുട്ട, അരി, വെളുത്തുള്ളി ഉൾപ്പെടെയുള്ള നിത്യോപയോഗ വസ്തുക്കളുടെയും വിലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായി.
സാംസ്കാരികം
********************
***സാഹിത്യോത്സവ് അവാര്‍ഡ് ശശി തരൂരിന്
ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ചുള്ള അടിസ്ഥാനപരമായ ആലോചനകളെ പുതിയ കാലത്തു പരിചയപ്പെടുത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും സവിശേഷ പങ്കു വഹിച്ച അദ്ദേഹത്തിന്റെ രചനകളെ മുൻ നിർത്തിയാണ് ഈ പുരസ്കാരമെന്ന് അവാർഡ് നിർണ്ണയ കമ്മറ്റി .
കായികം
************
***നൈജീരിയയെ ഷൂട്ടൗട്ടിൽ വീഴ്ത്തി ഇംഗ്ലണ്ട് ക്വാട്ടറിൽ
മെൽബൺ> വനിതാ ഫുട്‌ബോൾ ലോകപ്പിൽ നൈജീരിയയെ ഷൂട്ടൗട്ടിൽ തകർത്ത് ഇംഗ്ലണ്ട് ക്വാട്ടറിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഗോൾ രഹിത സമനില തുടർന്നപ്പോൾ (4-2) നായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 87-ാം മിനിറ്റിൽ ഇംഗ്ലണ്ട് താരം ലോറൻ ജെയിംസ് ചുവപ്പു കാർഡ് കണ്ടു പുറത്തായി.
***ട്വന്റി 20 ക്രിക്കറ്റ് പരമ്പര ; ഇന്ത്യക്ക് വീണ്ടും തോൽവി
ഗയാന> വെസ്‌റ്റിൻഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോൽവി. രണ്ട് വിക്കറ്റിന് ജയിച്ച വിൻഡീസ് പരമ്പരയിൽ 2-0ന് മുന്നിലെത്തി. 153 റൺ ലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് അവസാന ഘട്ടത്തിൽ തകർന്നെങ്കിലും വാലറ്റം കാത്തു. വാലറ്റത്ത് അക്കീൽ ഹൊസെയ്‌നും (10 പന്തിൽ 17) അൽസാരി ജോസഫും (8 പന്തിൽ 10) ചേർന്നാണ് ജയത്തിലേക്ക് നയിച്ചത്. 40 പന്തിൽ 67 റണ്ണെടുത്ത നിക്കോളാസ് പുരാനായിരുന്നു വിൻഡീസിന് മികച്ച അടിത്തറയിട്ടത്. 18.5 ഓവറിൽ അവർ ജയം നേടി. ഇന്ത്യ 7-152 റണ്ണാണെടുത്തത്.
വാണിജ്യം
************
***ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത സമ്മർദ്ദം; രൂപ ദുർബലമായി
അമേരിക്കൻ ഓഹരി വിപണിക്ക് കാലിടറിയത് ഇന്ത്യൻ മാർക്കറ്റിനെയും സമ്മർദ്ദത്തിലാക്കി. റേറ്റിംഗ് ഏജൻസിയായ ഫിച്ച് അമേരിക്കയെ തരം താഴ്‌ത്തിയത് ഡൗ ജോൺസ് നാസ്‌ഡാക്ക് സൂചികകളെ മാത്രല്ല, ബോംബെ സെൻസെക്‌സിനെയും നിഫ്‌റ്റിയെും തളർത്തി.മാർച്ച് മുതൽ ബുളളിഷ് മൂഡിൽ നീങ്ങിയ നിഫ്‌റ്റിയെ പിന്നിട്ടവാരത്തിലെ തകർച്ച കനത്ത സമ്മർദ്ദത്തിലായി. സെൻസെക്‌സ് 439പോയിൻറ്റും നിഫ്‌റ്റി സൂചിക 129 പോയിൻറ്റും പ്രതിവാര നഷ്‌ടത്തിലാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍