പ്രഭാത വാർത്തകൾ 2023 | ഓഗസ്റ്റ് 6 | ഞായർ 1198 | കർക്കടകം 21 | രേവതി

◾ഭൂമി തരംമാറ്റം 25 സെന്റ് വരെ സൗജന്യമാക്കണമെന്നു ഹൈക്കോടതി ഉത്തരവ്. 25 സെന്റിനേക്കാല്‍ കൂടുതലുള്ള ഭൂമിക്കു മാത്രമേ ഫീസ് ഈടാക്കാവൂ. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. 36.65 സെന്റ് ഭൂമി തരം മാറ്റിയപ്പോള്‍ മുഴുവന്‍ ഭൂമിക്കും ഫീസ് ഈടാക്കിയതിനെതിരെ തൊടുപുഴ സ്വദേശിയാണു ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ആശിഷ്.ജെ. ദേശായി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുമൂലം സംസ്ഥാന സര്‍ക്കാരിനു കോടികളുടെ വരുമാന നഷ്ടമുണ്ടാകും.

◾ബിജെപി എംപി രാം ശങ്കര്‍ കതേരിയയെ ആഗ്ര കോടതി രണ്ടു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചതോടെ കതേരിയയെ ലോക്സഭയില്‍നിന്ന് അയോഗ്യനാക്കും. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന കതേരിയ 2011 നവംബര്‍ 16 ന് മാളിലെ ടോറന്റ് പവര്‍ ഓഫീസ് തകര്‍ക്കുകയും ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തെന്നാണു കേസ്.


◾രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിക്കുന്നതു വൈകിപ്പിക്കാന്‍ ആസൂത്രിത ശ്രമമെന്ന് കോണ്‍ഗ്രസ്. ലോക്സഭാ സ്പീക്കര്‍ ഒഴിഞ്ഞുമാറുകയാണെന്നും രേഖകളുമായി എത്തിയപ്പോള്‍ സെക്രട്ടറി ജനറലിനെ കാണാന്‍ ആവശ്യപ്പെട്ടെന്നും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരികുറ്റപ്പെടുത്തി. ഓഫീസ് അവധിയാണെന്നു പറഞ്ഞ് സെക്രട്ടറി ജനറലും ഒഴിഞ്ഞുമാറി. കത്ത് സ്പീക്കര്‍ക്കു നല്‍കൂവെന്നാണ് സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടത്. കത്തയച്ചെങ്കിലും സീല്‍ ചെയ്യാതെ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ മൂന്നു മാസത്തേക്കു മരവിപ്പിച്ചു. ഒക്ടോബര്‍ 31 വരെയാണ് ഇറക്കുമതി നിയന്ത്രണ ഉത്തരവ് മരവിപ്പിച്ചത്.


◾ഒരു വര്‍ഗീയവാദിയുടെയും വോട്ട് കോണ്‍ഗ്രസിനു വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വര്‍ഗീയ വാദികള്‍ ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാന്‍ കാത്തിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. അവര്‍ക്ക് ആയുധം കൊടുക്കരുത്. വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടികെട്ടരുത്. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഉള്ള ശ്രമം കോണ്‍ഗ്രസ് തടയുമെന്നും സതീശന്‍ പറഞ്ഞു.

◾താത്കാലിക അധ്യാപകര്‍ക്ക് ഓണത്തിനു മുമ്പ് വേതനം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ രണ്ട് മാസമായി ശമ്പളം മുടങ്ങിയ സാഹചര്യത്തില്‍ താത്കാലിക അധ്യാപകര്‍ പ്രതിഷേധത്തിലാണ്. സംസ്ഥാനത്ത് 11,200 താത്കാലിക അധ്യാപകരുണ്ട്.


◾പ്രവാസി വ്യവസായിയില്‍നിന്ന് 108 കോടി രൂപ തട്ടിയെടുത്ത കേസില്‍ മരുമകന്‍ ഹാഫിസ് കുദ്രോളിയെയും കൂട്ടാളി അക്ഷയ് വൈദ്യനേയും എറണാകുളം ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളുടെ പാസ്പോര്‍ട്ടും സറണ്ടര്‍ ചെയ്യിപ്പിച്ചിട്ടുണ്ട്.

◾സംസ്ഥാനത്തെ അക്ഷയ സെന്ററുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. തെരഞ്ഞെടുത്ത അക്ഷയ കേന്ദ്രങ്ങളില്‍ ഒരേസമയമായിരുന്നു വിജിലന്‍സ് പരിശോധന നടത്തിയത്.

◾നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കോതമംഗലം സ്വദേശി എന്‍ കെ അഷ്റഫിന്റെ ഇടുക്കിയിലെ രണ്ടര കോടി രൂപയുടെ റിസോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് കണ്ടുകെട്ടി. നാലു വില്ലകളും ഏഴേക്കറോളം ഭൂമിയും ഉള്‍പ്പെടുന്ന റിസോര്‍ട്ടാണിത്.


◾ബൈക്ക് ട്രാന്‍സ്ഫോര്‍മറിലിടിച്ച് കാറ്ററിംഗ് ജീവനക്കാരായ യുവാക്കള്‍ മരിച്ചു. പരിയാരം അങ്ങാടിയിലാണ് അപകടമുണ്ടായത്. കുറ്റിക്കാട് തുമ്പരത്കുടിയില്‍ വീട്ടില്‍ മോഹന്റെ മകന്‍ രാഹുല്‍ (24), മുണ്ടന്‍മാണി വീട്ടില്‍ സോജന്റെ മകന്‍ സനല്‍ (21) എന്നിവരാണ് മരിച്ചത്.

◾മലപ്പുറം വാഴക്കാട് ചാണകത്തൊഴുത്തില്‍ വീണ് രണ്ടര വയസുകാരന്‍ മരിച്ചു. നേപ്പാള്‍ സ്വദേശികളായ തൊഴിലാളി കുടുംബത്തിലെ അന്മോലാ ആണ് മരിച്ചത്.

◾വിശ്വാസികളെ ഹനിക്കുന്ന പ്രസ്താവനകള്‍ ഉണ്ടാകരുതെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍എസ്എസിന്റെ തുടര്‍പ്രതിഷേധം അവരുടെ സംഘടനയുടെ തീരുമാനമാണെന്നും ഈ കാര്യത്തില്‍ എസ്എന്‍ഡിപി യോഗത്തിന് അഭിപ്രായം ഇല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.


◾സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവില്‍നിന്നും പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സീന്‍ രാജിവച്ചതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പാലക്കാട് സിപിഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ്. പാര്‍ട്ടി ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്നും സുരേഷ് രാജ് പറഞ്ഞു.

◾ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. കൊല്ലം നെടുമ്പന യു പി സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു പ്രതി സന്ദീപ്.

◾ഭാരതീയ ജനതാ മസ്ദൂര്‍ സംഘുമായി (ബിജെഎംഎസ്) ബിജെപിക്ക് ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബിജെഎംഎസ് ബിജെപിയുടെ തൊഴിലാളി സംഘടനയാണെന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും സുരേന്ദ്രന്‍ അറിയിച്ചു.


◾കോഴിക്കോട് തളി ക്ഷേത്രക്കുളത്തിലെ കല്‍മണ്ഡപം ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി ഒരു മാസത്തേക്കു തടഞ്ഞു. ക്ഷേത്ര പരിസരം ഉള്‍പ്പെട്ട പൈതൃക പദ്ധതിയുടെ മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

◾എറണാകുളം അങ്കമാലി അതിരൂപതയില്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നു വിശ്വാസികളോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കത്ത് ഇന്ന് പള്ളികളില്‍ വായിക്കാനാണു നിര്‍ദേശം.

◾പ്രസവചികിത്സയില്‍ വീഴ്ചമൂലം കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടെന്ന പരാതിയില്‍ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. താമരശേരി സ്വദേശികളായ ലിന്റു - രമേഷ് രാജു ദമ്പതികളാണ് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്.


◾യുവാവ് വഴിയില്‍ അപമാനിച്ചതില്‍ മനംനൊന്ത് കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ജീവനൊടുക്കിയ കേസില്‍ പ്രതിയായ യുവാവിന് 10 വര്‍ഷം കഠിന തടവു ശിക്ഷ. 1,20,000 രൂപ പിഴയൊടുക്കുകയും വേണം. കങ്ങരപ്പടി സ്വദേശി സിബിയെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2020 മാര്‍ച്ചിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.

◾പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ജക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തില്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസറേയും ഗ്രേഡ്-2 അറ്റന്‍ഡറെയും സസ്പെന്‍ഡ് ചെയ്തു.

◾പാലക്കാട് മെഡിക്കല്‍ മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്നു രോഗി വീണ് മരിച്ചു. പൊല്‍പ്പുള്ളി സ്വദേശി മോഹനനാണ് മരിച്ചത്. കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്ന് കുടിവെള്ള പൈപ്പുകള്‍ കടത്തിവിടുന്ന ഡക്ടിലേക്കാണു വീണത്. ഡക്ടിലേക്കു വീഴാതിരിക്കാന്‍ സുരക്ഷാവേലി ഒരുക്കിയിരുന്നില്ല.


◾തിരുവനന്തപുരം പട്ടത്ത് കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ബാലരാമപുരം സ്വദേശി അഭിലാഷിന്റെ മകള്‍ സാന്‍വി അഭിലാഷാണ് മരിച്ചത്.

◾തമിഴ്നാട്ടിലെ തേനിക്കു സമീപം ഉത്തമപാളയത്ത് പൊലീസ് ഇന്നലെ പിടികൂടിയ ആന്തരിക അവയവങ്ങള്‍ ആടിന്റേതാണെന്ന് സ്ഥിരീകരിച്ചു. മൂന്നു പേരെ അറസ്റ്റു ചെയ്തു. കാറില്‍ മൂന്നു പാത്രങ്ങളിലായി ഹൃദയം, കരള്‍, നാവ് എന്നീ അവയവങ്ങളാണ് ഉണ്ടായിരുന്നത്. പത്തനംതിട്ടയിലെ ചെല്ലപ്പന്‍ എന്നയാളില്‍നിന്ന് രണ്ടര ലക്ഷം രൂപ കൊടുത്ത് ഇവ വാങ്ങിക്കൊണ്ടുവന്നാല്‍ അഞ്ചു ലക്ഷം രൂപ തരാമെന്നു ജയിംസ് എന്നയാള്‍ വാഗ്ദാനം ചെയ്തിരുന്നു. മനുഷ്യന്റെ ആന്തരികാവയവങ്ങളുമായി കാറില്‍ വരുന്നുണ്ടെന്ന വിവരം പോലീസില്‍ അറിയിച്ചു പിടിപ്പിച്ചതും ജയിംസായിരുന്നു.


◾സാമ്പത്തിക തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് എസ് നേതാവായ യൂസ്ഡ് കാര്‍ ഷോറൂം ഉടമ കൊച്ചിയില്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി കെ സി അമല്‍ ആണ് അറസ്റ്റിലായത്. കാറുകള്‍ വിറ്റിട്ടും പണം നല്‍കിയില്ലെന്ന പരാതിയിലാണ് അറസ്റ്റ്.

◾വ്യാജ വാട്ട്സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് എറണാകുളം സ്വദേശിയില്‍ നിന്നും 42 ലക്ഷം രൂപ തട്ടിയെടുത്ത നാല് യു പി സ്വദേശികളെ കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ്ുചെയ്തു.

◾പാലക്കാട് കഞ്ചിക്കോട് ദേശീയപാതയില്‍ നാലര കോടി രൂപ തട്ടിയ സംഘത്തിലെ രണ്ടു പേര്‍ കൂടി പോലീസിന്റെ പിടിയില്‍. തൃശൂര്‍ സ്വദേശി അരുണ്‍, കോടാലി സ്വദേശി അജയ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

◾നായാട്ടുസംഘത്തെ ദേവീകുളത്തെ വനപാലകര്‍ പിടികൂടി. തോക്കും തിരകളും പിടിച്ചെടുത്തു. ഇരുട്ടു കാനം സ്വദേശി അജിത്ത്, അമ്പഴച്ചാല്‍ സ്വദേശി അമല്‍, തോക്കുപാറ സ്വദേശി സണ്ണി എന്നിവരെയാണു പിടികൂടിയത്.


◾കോഴിക്കോട് നഗരത്തില്‍ ഗതാഗത തടസമുണ്ടാക്കിയതു ചോദ്യം ചെയ്ത ഡോക്ടറെ മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പേരാമ്പ്ര സ്വദേശി ജിദാത്താണ് പിടിയിലായത്. ഡോ. ഫാബിത്ത് മൊയ്തീനെയാണു പ്രതി പി ടി ഉഷ റോഡില്‍ മര്‍ദിച്ചത്.

◾ബസില്‍ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുകുന്ന് സ്വദേശി ആര്‍. അരുണ്‍ കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. മാട്ടൂല്‍ പയ്യന്നൂര്‍ റൂട്ടിലെ സ്വകാര്യ ബസില്‍ യുവാവ് മുന്‍സീറ്റിലിരുന്ന പെണ്‍കുട്ടികളെ സീറ്റിനടിയിലൂടെ കൈയ്യിട്ടു ശല്യപ്പെടുത്തിയത് മറ്റൊരു യുവതി മൊബൈലില്‍ ചിത്രീകരിച്ചശേഷം ബസ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.


◾ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്കു പ്രവേശിച്ചു. ആദ്യ ഭ്രമണപഥ താഴ്ത്തല്‍ ഇന്ന് അര്‍ദ്ധരാത്രി നടക്കും. അഞ്ച് ഭ്രമണപഥ താഴ്ത്തലുകള്‍ക്കൊടുവില്‍ ഈ മാസം 17 ന് ചന്ദ്രനില്‍നിന്ന് നൂറു കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കു പേടകത്തെ എത്തിക്കും. ഇതോടെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡറെ വേര്‍പ്പെടുത്തും. ലാന്‍ഡറിനെ ചന്ദ്രനില്‍നിന്ന് മുപ്പതു മുതല്‍ നൂറു വരെ കിലോമീറ്റര്‍ അകന്ന ദൂരത്തെ ഭ്രമണപഥത്തിലേക്കു മാറ്റും. തുടര്‍ന്ന് 23 നു സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും.

◾ഗുജറാത്തിലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് സിന്‍ഹ് വഗേല സ്ഥാനം രാജിവച്ചു. ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ അഴിമതി നടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഗ്രൂപ്പു വഴക്കിന്റെ ഭാഗമായാണു രാജി.


◾ഹരിയാനയിലെ നൂഹിലെ വര്‍ഗീയ സംഘര്‍ഷത്തിനു പിറകേ, ജില്ലാ ഭരണകൂടം ഒരു വിഭാഗം ആളുകളുടെ കെട്ടിടങ്ങളും വീടുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. അനധികൃത കെട്ടിടങ്ങളാണെന്ന പേരിലാണ് പൊളിച്ചത്. 25 മെഡിക്കല്‍ സ്റ്റോറുകളും മറ്റ് വ്യവസായ സ്ഥാപനങ്ങളും നശിപ്പിച്ചു. അക്രമം നടന്ന നുഹില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള തൗരുവില്‍ കുടിയേറ്റക്കാരുടെ കുടിലുകളും പൊളിച്ചു. അറസ്റ്റു ഭയന്ന് നിരവധി പേര്‍ പലായനം ചെയ്തു.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സഹോദരിമാര്‍ ക്ഷേത്ര ദര്‍ശനത്തിനിടെ യാദൃശ്ചികമായി കണ്ടുമുട്ടി. ഉത്തരാഖണ്ഡിലെ കോത്താരി ഗ്രാമത്തിലെ പാര്‍വതി ക്ഷേത്രം സന്ദര്‍ശിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരി വാസന്തിബെന്‍ സാവനും യോഗി ആദിത്യനാഥിന്റെ സഹോദരി ശശി ദേവിയും തമ്മില്‍ കണ്ടുമുട്ടിയത്.


◾അമ്പെയ്ത്തിലെ ലോകചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ കൗമാരതാരം അദിതി സ്വാമി. ജര്‍മനിയിലെ ബെര്‍ലിനില്‍ വെച്ചുനടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ വെച്ചായിരുന്നു 17 വയസു മാത്രമുള്ള അദിതി സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് അദിതി.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ച് മലയാളിതാരമായ ഇന്ത്യയുടെ എച്ച്. എസ്. പ്രണോയ്. ഇന്ത്യയുടെ തന്നെ യുവതാരം പ്രിയാന്‍ഷു രജാവത്തിനെ സെമിയില്‍ കീഴടക്കിയാണ് പ്രണോയ് ഫൈനലിലെത്തിയത്. ഫൈനലില്‍ ചൈനയുടെ വെങ് ഹോങ് യാങ്ങാണ് പ്രണോയിയുടെ എതിരാളി.


◾മലയാളിയായ ഡോ.ഷംഷീര്‍ വയലില്‍ സ്ഥാപകനും ചെയര്‍മാനുമായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ഈ വര്‍ഷം ആദ്യ പകുതിയില്‍ (ജനുവരി-ജൂണ്‍) 22 ബില്യണ്‍ ദിര്‍ഹത്തിന്റെ (4,953 കോടി രൂപയുടെ) വരുമാനം നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 13% വരുമാന വര്‍ധനയാണ് ഹെല്‍ത്ത് കെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി രേഖപ്പെടുത്തിയത്. ലാഭം 47% വളര്‍ച്ചയോടെ 22 മില്യണ്‍ ദിര്‍ഹം ആയി (506.5 കോടി രൂപ). അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ കമ്പനിയായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ്, ഉയര്‍ന്ന വരുമാനം, വര്‍ധിച്ച പ്രവര്‍ത്തന ക്ഷമത, കുറഞ്ഞ സാമ്പത്തിക ചെലവുകള്‍ എന്നിവയിലൂടെയാണ് ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലുമായി ഹെല്‍ത്ത് കെയര്‍ മേഖലയിലെ ഗള്‍ഫിലെ മുന്‍നിര കമ്പനി ആയത്. അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് പത്തു മാസം തികയും മുന്‍പ് തന്നെ ഓഹരി ഉടമകള്‍ക്ക് ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചിരിക്കുകയാണ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ്. ഓഹരി ഒന്നിന് 2 ഫില്‍സ് എന്ന നിരക്കില്‍ 95 മില്യണ്‍ ദിര്‍ഹം (214 കോടി രൂപ) ഇടക്കാല ലാഭവിഹിതം അനുവദിക്കാനാണ് ബോര്‍ഡ് തീരുമാനം. അര്‍ധവാര്‍ഷിക ലാഭത്തിന്റെ 42% ആണ് ലാഭവിഹിതമായി നല്‍കുക. ഓഗസ്റ്റ് 13 നും സെപ്റ്റംബര്‍ 1 നും ഇടയില്‍ ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും.


◾വ്യത്യസ്തവും അസാധാരണവുമായ കഥപറച്ചിലില്‍ മുന്നൂറോളം കൊച്ചു മനുഷ്യരെ വെച്ച് വിനയന്‍ സംവിധാനം ചെയ്ത ചിത്രം ആണ് 'അത്ഭുതദ്വീപ്'. മലയാളത്തിലെ ഏറ്റവും മികച്ച ഫാന്റസി മൂവി എന്ന് വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ ഗിന്നസ് പക്രുവിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി 18 വര്‍ഷങ്ങള്‍ക്ക് ശേഷം 'അത്ഭുതദ്വീപ് 2' വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് വിനയന്‍. ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും ഉണ്ടാകുമെന്നും വിനയന്‍ അറിയിച്ചു. സിജു വില്‍സണ് ഒപ്പമുള്ള സിനിമയ്ക്ക് ശേഷം 2024ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. അഭിലാഷ് പിള്ളയാകും തിരക്കഥ. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും മറ്റ് അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. 'അത്ഭുതദ്വീപി'ന്റെ രണ്ടാം വരവിന്റെ സന്തോഷം ഗിന്നസ് പക്രുവും പങ്കുവച്ചു. 'അങ്ങനെ 18 വര്‍ഷങ്ങള്‍ക്കു ശേഷം ഞാനും അത്ഭുത ദ്വീപിനെ സ്നേഹിക്കുന്ന നിങ്ങളും കാത്തിരുന്ന ആ പ്രഖ്യാപനം വിനയന്‍ സറില്‍ നിന്നും വന്നെത്തിയിരിക്കുന്നു... അത്ഭുത ദ്വീപിലെ പുതിയ വിസ്മയ കാഴ്ചകള്‍ക്കായി നമുക്ക് കാത്തിരിക്കാം', എന്നാണ് അദ്ദേഹം കുറിച്ചത്.


◾15 വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തിയ സൂര്യ ചിത്രം 'വാരണം ആയിരം' ചിത്രത്തിന് മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്. സൂര്യയെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2008ല്‍ എത്തിയ വാരണം ആയിരത്തിന്റെ തെലുങ്ക് പതിപ്പാണ് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. 'സൂര്യ സണ്‍ ഓഫ് കൃഷ്ണന്‍' എന്ന പേരിലാണ് ചിത്രം എത്തിയത്. സൂര്യ ആരാധകരുടെ കുത്തൊഴുക്കാണ് തിയേറ്ററുകളില്‍. ഗാനരംഗങ്ങളിലെ സൂര്യയുടെ നൃത്തത്തിനൊപ്പം സ്‌ക്രീനില്‍ മുന്നില്‍ ചുവട് വെക്കുന്ന ആരാധകരുടെ വീഡിയോകളും ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. മികച്ച പ്രീ റിലീസ് ബുക്കിംഗ് നേടിയിരുന്ന ചിത്രം ഒരു കോടിക്ക് മുകളില്‍ ആദ്യദിനം കളക്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഒന്നര കോടി നേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. സൂര്യ ഡബിള്‍ റോളിലെത്തിയ ചിത്രമായിരുന്നു വാരണം ആയിരം. സമീറ റെഡ്ഡി, സിമ്രന്‍, ദിവ്യ സ്പന്ദന എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായത്. ചിത്രത്തിലെ ഗാനങ്ങള്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.


◾ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ഇന്ത്യയിലെ നാലാമത്തെ മോഡലായ സിട്രോണ്‍ സി3 എയര്‍ക്രോസ് രാജ്യത്തെ ഷോറൂമുകളില്‍ എത്താന്‍ ഒരുങ്ങുന്നു. ആറ്-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 110 ബിഎച്ച്പിയും 190 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന ഒരൊറ്റ 1.2 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിലാണ് പുതിയ ഇടത്തരം എസ്യുവി വരുന്നത്. മോഡല്‍ ലൈനപ്പിന് നിലവില്‍ ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ നഷ്ടമായെങ്കിലും, പിന്നീടുള്ള ഘട്ടത്തില്‍ ഇത് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ എഞ്ചിന്‍-ഗിയര്‍ബോക്‌സ് കോമ്പിനേഷനില്‍ 18.5 കിമി എന്ന എആര്‍എഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത സി3 എയര്‍ക്രോസിന് ഉണ്ട്. ഉപഭോക്താക്കള്‍ക്ക് അഞ്ച് സീറ്റര്‍ കോണ്‍ഫിഗറേഷന്‍ അല്ലെങ്കില്‍ ഏഴ് സീറ്റര്‍ ലേഔട്ട് തിരഞ്ഞെടുക്കാം. 7-സീറ്റര്‍ പതിപ്പില്‍ മധ്യ, മൂന്നാം നിര യാത്രക്കാര്‍ക്ക് ബ്ലോവര്‍ നിയന്ത്രണമുള്ള മേല്‍ക്കൂരയില്‍ ഘടിപ്പിച്ച എസി വെന്റുകള്‍, മൂന്നാം നിര യാത്രക്കാര്‍ക്ക് യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ എന്നിവയുണ്ട്. മൂന്നാം നിര സീറ്റുകള്‍ മടക്കിവെക്കുന്നത് 511 ലിറ്റര്‍ കാര്‍ഗോ ഇടം നല്‍കുന്നു. അതേസമയം അഞ്ച് സീറ്റര്‍ വേരിയന്റിന് 444 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്നു.

◾ചരിത്രം, സംസ്‌കാരം, ഭാഷ, വര്‍ണ്ണം, ദേശം, ഭൂമിശാസ്ത്രം, കാലാവസ്ഥ, പ്രത്യയശാസ്ത്രം, തത്ത്വശാസ്ത്രം എന്നിങ്ങനെ നിരവധി ചേരുവകള്‍ സമന്വയിക്കുന്ന മനുഷ്യന്‍ എന്ന ഉത്പന്നത്തെ വര്‍ത്തമാനകാല ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന കൃതി. ചരിത്രവും ദര്‍ശനവും മതവും നിര്‍ണ്ണയിക്കുന്ന ഭാഗധേയങ്ങളില്‍ അവന്‍ വിവിധ വേഷത്തിലും രൂപത്തിലും പ്രത്യക്ഷപ്പെടുന്ന ചിത്രം ഇതില്‍ വരച്ചുകാട്ടുന്നു. സമകാലികമായ ഇന്ത്യനവസ്ഥയെ തീക്ഷ്ണമായി ആഖ്യാനം ചെയ്യുന്ന നോവല്‍. 'വിഷ്ണു'. ആനന്ദ്. മാതൃഭൂമി ബുക്സ്. വില 119 രൂപ.


◾സസ്യാഹാരം മാത്രം കഴിക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പതിവായി മാംസം കഴിക്കുന്നവരെക്കാള്‍ ഇടുപ്പിന് പൊട്ടലോ ഒടിവോ ഉണ്ടാകാനുള്ള സാധ്യത അന്‍പതുശതമാനത്തിലും അധികമാണെന്നു പഠനം. 4,13,914 സ്ത്രീപുരുഷന്മാരുടെ വിവരങ്ങള്‍ പരിശോധിച്ച് ലീഡ്സ് സര്‍വകലാശാലാ ഗവേഷകരാണ് പഠനം നടത്തിയത്. ഇറച്ചി കഴിക്കുന്ന പുരുഷന്മാരേക്കാള്‍ സസ്യാഹാരികളായ പുരുഷന്മാര്‍ക്ക് ഇടുപ്പിന് പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്നു കണ്ടു. പഠനത്തില്‍ പങ്കെടുക്കുന്നവരുടെ ഭക്ഷണരീതി അനുസരിച്ച് അവരെ തരംതിരിച്ചു. പതിവായി ആഴ്ചയില്‍ അഞ്ചോ അതിലധികമോ തവണ ഇറച്ചി കഴിക്കുന്നവര്‍, ആഴ്ചയില്‍ അഞ്ചില്‍ കുറവ് തവണ ഇറച്ചി കഴിക്കുന്നവര്‍, മത്സ്യം കഴിക്കും എന്നാല്‍ മാംസം കഴിക്കാത്തവര്‍, മത്സ്യമോ മാംസമോ കഴിക്കാതെ പാലുല്‍പന്നങ്ങള്‍ കഴിക്കുന്ന സസ്യാഹാരികള്‍ എന്നിങ്ങനെ തരംതിരിച്ചു. 2006 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഇടുപ്പിന് ഒടിവ് ഉണ്ടായതിന്റെ ആശുപത്രി രേഖകള്‍ പരിശോധിച്ചു. പഠനത്തില്‍ പങ്കെടുത്ത 4,13,914 പേരില്‍ 3503 പേര്‍ക്ക് ഇടുപ്പിന് പൊട്ടല്‍ ഉണ്ടായതായി കണ്ടു. ഒരു ശതമാനത്തിലും താഴെയാണ് അപകടനിരക്ക് എങ്കിലും സസ്യാഹാരികള്‍ക്കും പതിവായി ഇറച്ചി കഴിക്കുന്നവര്‍ക്കും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടായിരുന്നു. സ്ത്രീപുരുഷഭേദമന്യെ പതിവായി ഇറച്ചി കഴിക്കുന്നവരെക്കാള്‍ സസ്യാഹാരികള്‍ക്ക് അപകടസാധ്യത 50 ശതമാനത്തിലും അധികമാണെന്നു കണ്ടു. ഇടയ്ക്കു മാത്രം ഇറച്ചി കഴിക്കുന്നവര്‍ക്കും പതിവായി ഇറച്ചി കഴിക്കുന്നവര്‍ക്കും റിസ്‌ക് ഒരേപോലെയായിരുന്നു. മത്സ്യം മാത്രം കഴിക്കുന്നവര്‍ക്ക് ഇറച്ചി കഴിക്കുന്നവരെക്കാള്‍ അപകടസാധ്യത അല്‍പം കൂടുതലായിരുന്നു. പ്രായമായവര്‍ക്കിടയില്‍ ഇടുപ്പിന് പൊട്ടലും ഒടിവും ഉണ്ടാകുന്നത് വളരെ കൂടുതലാണ്. സസ്യാഹാരികള്‍ക്ക് ഒടിവിനുള്ള സാധ്യത കൂടുതലാകാനുള്ള കാരണം കുറഞ്ഞ ബോഡിമാസ് ഇന്‍ഡക്സ് ആകാമെന്ന് പഠനം പറയുന്നു. മാംസാഹാരികളെ അപേക്ഷിച്ച് സസ്യാഹാരികള്‍ക്ക് 17 ശതമാനം കുറവ് പ്രോട്ടീന്‍ ആണ് ലഭിക്കുന്നത്. അതുകൊണ്ട് സസ്യഭക്ഷണം മാത്രം കഴിക്കുന്നവര്‍ സമീകൃത ഭക്ഷണം കഴിക്കാനും, ആവശ്യമായ പ്രോട്ടീന്‍ ശരീരത്തിനു ലഭിക്കാനും ആരോഗ്യകരമായ ബിഎംഐ നിലനിര്‍ത്താനും ശ്രദ്ധിക്കണമെന്നു പഠനം നിര്‍ദേശിക്കുന്നു.


*ശുഭദിനം*

*കവിത കണ്ണന്‍*
അറ്റലാന്റിക് സമുദ്രത്തിലൂടെ തന്റെ ചെറിയ ബോട്ടില്‍ ഒറ്റക്ക് സഞ്ചരിക്കുക എന്ന ലക്ഷ്യത്തിലാണ്  സ്റ്റീവൻ കാലഹാന്‍ ആ യാത്ര പുറപ്പെട്ടത്. ലക്ഷ്യം പൂര്‍ത്തിയാക്കി അയാള്‍ മടങ്ങുന്നതിനിടയിലാണ് സ്റ്റീഫനെ ആ ദുരന്തം പിടികൂടിയത്. 1981 ജനുവരിയിലെ ഒരു വൈകുന്നേരം തന്റെ ബോട്ടിന് ചുറ്റുമുണ്ടായ ഒരു കൊടുങ്കാറ്റ് ആ ബോട്ടിനെ തകിടം മറിച്ചു. ബോട്ട് മുങ്ങാന്‍ തുടങ്ങി. ഒരു റാഫ്റ്റില്‍ എങ്ങനെയോ അയാള്‍ കയറിപറ്റി. കുറച്ച് ദിവസത്തെ ഭക്ഷണം മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ.. പിന്നീടുള്ള നീണ്ട 76 ദിവസങ്ങള്‍ സ്റ്റീഫന് അതിജീവനത്തിന്റേതായിരുന്നു. മീന്‍ പിടിച്ചും, വെള്ളം കുടിച്ചും അയാള്‍ പിടിച്ചു നിന്നു. തന്റെ റാഫ്റ്റിനെ ഒരു ചെറിയ വള്ളമാക്കി അയാള്‍ ആ സമുദ്രത്തില്‍ അലഞ്ഞുനടന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ റാഫ്റ്റ് ഷിപ്പിങ്ങ് പാതകളില്‍ നിന്നെല്ലാം മാറിപ്പോയി. ഉപ്പുവെള്ളം മൂലം കാലുകളില്‍ വ്രണങ്ങളുണ്ടായി. ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിച്ചു. മരണത്തോട് മല്ലടിച്ചു നിന്ന സ്റ്റീഫനെ മത്സ്യത്തൊഴിലാളികള്‍ കണ്ടു. അങ്ങനെ 76 ദിവസത്തിന് ശേഷം അയാള്‍ ജീവിത്തിലേക്ക് തിരികെ വന്നു. ജീവിതം അവസാനിച്ചു എന്ന് കരുതുന്ന ഒരു നിമിഷത്തില്‍ ജീവിക്കാനുളള ആഗ്രഹം ഒന്നുകൊണ്ട് മാത്രം ജീവിതത്തിലേക്ക് പിടിച്ചുകയറിവര്‍. പ്രതിസന്ധികള്‍ ജീവിതത്തിന്റെ ഒരു അവസാനമല്ലെന്ന് നമുക്കും ഓര്‍മ്മിക്കാം - ശുഭദിനം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍