മണിപ്പൂരില്‍ കലാപം തുടരുന്നതിനിടെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ കുക്കി പീപ്പിള്‍സ് അലയന്‍സ് പിന്‍വലിച്ചു. രണ്ട് എംഎല്‍എ മാരാണ് പാര്‍ട്ടിക്കുള്ളത്. കുക്കി പീപ്പിള്‍സ് അലയന്‍സിന്റെ പിന്തുണ നഷ്ടപ്പെട്ടാലും സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകില്ല. 60 അംഗ നിയമസഭയില്‍ ആകെ പത്ത് കുക്കി എംഎല്‍എമാരാണുള്ളത്. 21 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബിജെപിയിലുള്ള ഏഴു കുക്കി എംഎല്‍എമാര്‍ അടക്കം പത്തുപേരും പങ്കെടുക്കില്ലെന്നു കുക്കി നേതാക്കള്‍ അറിയിച്ചു.
◾കേരളത്തിലെ എല്ലാ അതിഥിതൊഴിലാളികളെയും രജിസ്റ്റര്‍ ചെയ്യുന്ന തീവ്രയജ്ഞത്തിനു ഇന്നു തുടക്കമാകും. പോര്‍ട്ടല്‍ വഴിയാണു തൊഴില്‍ വകുപ്പിന്റെ രജിസ്‌ട്രേഷന്‍. സംസ്ഥാനത്ത് എത്തുന്ന എല്ലാ അതിഥി തൊഴിലാളികളും രജിസ്റ്റര്‍ ചെയ്യണമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു.
◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വത്തിനു പ്രഖ്യാപിച്ചിരുന്ന അയോഗ്യത സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നു നീക്കിയേക്കും. അയോഗ്യത നീക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ കത്ത് ഇന്നു സ്പീക്കര്‍ പരിഗണിക്കും. അവിശ്വാസ പ്രമേയത്തില്‍ നാളെ ചര്‍ച്ച നടക്കാനിരിക്കേ, അയോഗ്യത നീക്കം ചെയ്യുന്നതു വൈകിപ്പിക്കാനാണ് ബിജെപി നേതൃത്വത്തിന്റെ ശ്രമം.
◾ചന്ദ്രയാനില്‍നിന്ന് ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലായ ചാന്ദ്രയാന്‍ മൂന്ന് പേടകത്തിന്റെ ആദ്യ ഭ്രമണപഥ താഴ്ത്തല്‍ ഇന്നലെ രാത്രി പതിനൊന്നിനു വിജയകരമായി പൂര്‍ത്തിയാക്കി. ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് 170 കിലോമീറ്റര്‍ അടുത്ത ദൂരവും 4313 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകം. അടുത്ത ഭ്രമണപഥ താഴ്ത്തല്‍ ബുധനാഴ്ചയാണ്. ഈ മാസം 23 ന് വൈകുന്നേരം ചന്ദ്രനില്‍ പേടകം സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും.
◾കേരളത്തില്‍ ഇന്നലെ ഒമ്പതു പേര്‍ മുങ്ങി മരിച്ചു. വൈക്കം വെള്ളൂരില്‍ ബന്ധുക്കളായ മൂന്നു പേരും പാലക്കാട് വാളയാറില്‍ രണ്ട് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളും ഇടുക്കി നെടുങ്കണ്ടത്തിന് സമീപം തൂവല്‍ വെള്ളച്ചാട്ടത്തില്‍ രണ്ടു കുട്ടികളും മുങ്ങിമരിച്ചു. വൈക്കം വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ ഇറങ്ങിയ അരയന്‍കാവ് സ്വദേശി ജോണ്‍സണ്‍(55), സഹോദരിയുടെ മകന്‍ അലോഷ്യസ് (16), സഹോദരന്റെ മകള്‍ ജിസ്മോള്‍(15) എന്നിവരാണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടത്തിനു സമീപം തൂവല്‍ വെള്ളച്ചാട്ടത്തിലെ ജലാശയത്തില്‍ നെടുങ്കണ്ടം സ്വദേശി സെബിന്‍ സജി, ആദിയാര്‍പുരം സ്വദേശിനി അനില എന്നിര്‍ മരിച്ചു. പാലക്കാട് വാളയാര്‍ ഡാമില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ ഷണ്‍മുഖം, തിരുപ്പതി എന്നിവരാണ് മരിച്ചത്. ആലപ്പുഴ കാര്‍ത്തികപ്പള്ളിയിലും പെരുമ്പാവൂരിലും ഓരോരുത്തരും മരിച്ചു.
◾ദേശീയ പാത വികസന പദ്ധതികള്‍ക്കു ചരക്ക് സേവന നികുതി വിഹിതവും നിര്‍മാണ സാമഗ്രികളുടെ റോയല്‍റ്റിയും കേരളം കേന്ദ്രത്തിനു വിട്ടുകൊടുക്കാന്‍ ധാരണ. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു ധാരണ. എറണാകുളം ബൈപ്പാസ്, കൊല്ലം-ചെങ്കോട്ട എന്‍എച്ച് എന്നീ രണ്ട് പദ്ധതികള്‍ക്കു ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ നിര്‍ദിഷ്ട 25 ശതമാനം സംസ്ഥാന വിഹിതം ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പകരം സംസ്ഥാന ജിഎസ്ടി വിഹിതവും നിര്‍മാണ സാമഗ്രികളുടെ റോയല്‍റ്റിയും സംസ്ഥാന സര്‍ക്കാര്‍ വിട്ടുതരണമെന്നു കേന്ദ്രം ആവശ്യപ്പെട്ടു. ഇക്കാര്യത്തിലാണു ധാരണയായത്.
◾25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിന് അധിക നിരക്ക് ഈടാക്കരുതെന്ന ഹൈക്കോടതി വിധി മറി കടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരും. കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെങ്കിലും നിയമഭേദഗതി വേണ്ടിവരുമെന്നാണ് വിദഗ്ധാഭിപ്രായം. 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിന് സര്‍ക്കാര്‍ അധികമായി ഈടാക്കിയ 600 കോടി രൂപ ഹൈക്കോടതി വിധിയനുസരിച്ച് തിരിച്ചുനല്‍കേണ്ടി വരും.
◾സ്പീക്കര്‍ ഷംസീര്‍ നടത്തിയ മിത്ത് വിവാദത്തില്‍ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്പീക്കര്‍ മാപ്പു പറയാതെ വിവാദം അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ സഭ നിയന്ത്രിച്ചാല്‍ സഹകരിക്കുമോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു. മിത്ത് വിവാദത്തില്‍ 10 ന് സഭക്കു മുന്നില്‍ നാമജപ യാത്ര നടത്താന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.
◾മിത്ത് വിവാദത്തില്‍ അക്രമ സമരത്തിന് ജനങ്ങളെ ഇറക്കാനില്ലെന്ന അന്തസുള്ള നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചതെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. തെറ്റുകളെ നിയമപരമായി നേരിടുകയെന്നതാണ് എന്‍ എസ് എസ് നിലപാടെന്നും അദ്ദേഹം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തശേഷം പ്രതികരിച്ചു.
◾മിത്ത് വിവാദം എന്താണെന്ന് അറിയില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ചര്‍ച്ച ചെയ്തില്ലെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിട്ടുണ്ടെന്നും അതിനോട് ഒന്നും കൂട്ടിച്ചേര്‍ക്കേണ്ട കാര്യമില്ലെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.
◾കോഴിക്കോട് നഗരത്തിലെ സി എച്ച് മുഹമ്മദ് കോയ ഫ്ളൈ ഓവര്‍ രണ്ടു ദിവസത്തിനകം ഗതാഗതത്തിനായി തുറക്കും. പണി പൂര്‍ത്തിയായിട്ടില്ലെങ്കിലും ഓണത്തിരക്ക് കണക്കിലെടുത്താണ് തുറക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
◾വീടു കയറി ആക്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള യൂട്യൂബറുടെ പരാതിയില്‍ പോലീസ് നടന്‍ ബാലയുടെ മൊഴി എടുത്തു. പരാതിയില്‍ ആരോപിച്ച തോക്ക് കണ്ടെത്തിയില്ലെന്നും പൊലീസ് വ്യക്തമാക്കി. യൂട്യൂബര്‍ അജു അലക്സും സന്തോഷ് വര്‍ക്കിയും ചേര്‍ന്ന് തനിക്കെതിരെ ഗൂഡാലോചന നടത്തി ഉണ്ടാക്കിയ വ്യാജ ആരോപണമാണ് തോക്കു കാട്ടി അക്രമം നടത്തിയെന്ന കഥയെന്നാണ് ബാല മൊഴി നല്‍കിയത്.
◾മണിപ്പൂരിലേത് വെറും കലാപമല്ല, വംശീയ ഉന്മൂലനമാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. സ്ത്രീകളെ റേപ്പ് ചെയ്യാന്‍ സ്ത്രീകള്‍ തന്നെ ആഹ്വാനം ചെയ്യുന്നു. മണിപ്പൂരില്‍ മാത്രമല്ല ഇപ്പോള്‍ ഹരിയാനയിലും കലാപത്തീ പടര്‍ത്തി. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നവമലയാളി സാംസ്‌കാരിക പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്. രാജ്യത്ത് കലാപം പടരുമ്പോള്‍ അത്താഴത്തിന് അപ്പം തിന്ന കഥയാണ് മോദി പറയുന്നതെന്നും അരുന്ധതി റോയ് പരിഹസിച്ചു.
◾ഇടുക്കി ജില്ലയില്‍ 19 നു കോണ്‍ഗ്രസ് ഹര്‍ത്താല്‍. ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. 16 ന് ദേവികുളം ആര്‍ ഡി ഒ ഓഫീസിലേക്ക് മാര്‍ച്ചു നടത്താനും തീരുമാനിച്ചു.
◾സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണത്തിന്റെ പേരുടമയായ ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. അശ്വിന്‍ ശേഖറിനെ ചെര്‍പ്പുളശേരി നെല്ലായയിലെ വീട്ടിലെത്തി അനുമോദിച്ച് മന്ത്രി വി ശിവന്‍കുട്ടി. അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ (ഐഎയു) ജൂണിലാണ് ഛിന്നഗ്രഹത്തിന് അശ്വിന്റെ പേരിട്ടത്. പാരിസ് ഒബ്സര്‍വേറ്ററി ഉല്‍ക്കാപഠനസംഘത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനാണ് അദ്ദേഹം.
◾ലോറിയിടിച്ച് യു.പി സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. ദേശീയ പാതയില്‍ തോട്ടപ്പളളി കൊട്ടാരവളവില്‍ ദേശീയ പാതാ നിര്‍മാണത്തിനായെത്തിയ വിശാല്‍, ദീപക് എന്നിവരാണ് മരിച്ചത്. റെഡി മിക്സ് കയറ്റിപ്പോയ ലോറി യുവാക്കളെ ഇടിച്ചശേഷം നിര്‍ത്താതെ പോയി.
◾കൊല്ലം മൈലക്കാട് വാടക വീടെടുത്ത് ലഹരിക്കച്ചവടം നടത്തിയ രണ്ടു യുവാക്കള്‍ പിടിയില്‍. മയ്യനാട് സ്വദേശി റഫീഖും നെടുമ്പന സ്വദേശി ശിവ പ്രദീപുമാണ് പിടിയിലായത്. എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെടുത്തു.
◾പ്രവാസി മലയാളി വിദ്യാര്‍ത്ഥി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് (20) ആണ് മരിച്ചത്. ദുബൈയില്‍നിന്നു കസബിലേക്ക് പോകുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് മരണം.
◾താമരശ്ശേരിയില്‍ 19 വയസുകാരിയായ നവവധുവിനെ മര്‍ദിച്ച ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. ഉണ്ണികുളം സ്വദേശിനിയെ മര്‍ദിച്ചതിനു തൃശൂര്‍ സ്വദേശി ബഹാവുദ്ദീന്‍ അല്‍ത്താഫിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
◾കണ്ണൂര്‍ മേലേ ചമ്പാട്ടെ സിപിഎം പ്രാദേശിക നേതാവ് രാഗേഷിനെതിരെ കാപ്പ ചുമത്തിയതില്‍ പ്രതിഷേധിച്ച് അണികള്‍ തെരുവിലിറങ്ങി പ്രകടനം നടത്തി. പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കം അന്‍പതോളം പേര്‍ പ്രകടനം നടത്തിയത്. മൂന്നു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാഗേഷ്.
◾ഇടുക്കി ബോഡിമെട്ടില്‍ രണ്ടു വേട്ടക്കാര്‍ വനംവകുപ്പുകാരുടെ പിടിയില്‍. രാജാക്കാട് സ്വദേശികളായ ഡസിന്‍, ദിനേശ് എന്നിവരെയാണ് പിടികൂടിയത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു.
◾മുന്‍ നക്സലൈറ്റും, വിപ്ലവഗായകനും ആക്റ്റിവിസ്റ്റുമായ ഗദ്ദര്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശസ്ത്രക്രിയക്കിടെ ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു.
◾മണിപ്പൂരില്‍ വീണ്ടും കലാപംതുടരുന്നതിനിടെ സുപ്രീം കോടതിയില്‍ മണിപ്പൂര്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകും. ഇന്നലെ ഡല്‍ഹിയില്‍ എത്തിയ ഇരുവരും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
◾സംഘര്‍ഷമുണ്ടായ ഹരിയാന സന്ദര്‍ശിക്കാന്‍ പോയ സിപിഐ പ്രതിനിധി സംഘത്തെ പൊലീസ് തടഞ്ഞു. സംഘര്‍ഷ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് എംപിമാരായ ബിനോയ് വിശ്വവും പി സന്തോഷ് കുമാറും ഉള്‍പ്പടെയുള്ള സംഘത്തെ നൂഹില്‍ തടഞ്ഞത്. അതേസമയം, കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തല്‍ ഇന്നലേയും തുടര്‍ന്നു. നൂഹ് മെഡിക്കല്‍ കോളജിലെ മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ദുരിതത്തിലാണെന്ന് നേതാക്കള്‍ പറഞ്ഞു.
◾എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ വിശ്വസ്തനും എന്‍സിപി മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷനുമായ ജയന്ത് പാട്ടീല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന് അഭ്യൂഹം. എന്നാല്‍ താന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് ജയന്ത് പാട്ടീല്‍ പറയുന്നത്.
◾പാക്കിസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് 33 യാത്രക്കാര്‍ മരിച്ചു. നൂറോളം പേര്‍ക്കു പരിക്കേറ്റു. കറാച്ചിയില്‍നിന്ന് റാവല്‍പിണ്ടിയിലേക്കു പോകുകയായിരുന്ന ഹസാര എക്സ്പ്രസാണ് പാളം തെറ്റിയത്.
◾വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ഇന്ത്യയെ രണ്ട് വിക്കറ്റിന് തകര്‍ത്ത വിന്‍ഡീസ് ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0 ന് മുന്നിലെത്തി. 51 റണ്‍സെടുത്ത തിലക് വര്‍മയൊഴിച്ച് ആരും ശോഭിക്കാതിരുന്ന മത്സരത്തില്‍ ഇന്ത്യക്ക് 20 ഓവറില്‍ 7 വിക്കറ്റിന് 152 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യ ഉയര്‍ത്തിയ കുഞ്ഞന്‍ വിജയലക്ഷ്യം വിന്‍ഡീസ് 18.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 40 പന്തില്‍ 67 റണ്‍സ് നേടിയ നിക്കോളാസ് പൂരാനാണ് വിന്‍ഡീസിന്റെ വിജയശില്‍പ്പി.
◾മൂന്ന് ഗെയിം നീണ്ട ഉജ്ജ്വല പോരാട്ടത്തിനൊടുവില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ തോല്‍വി സമ്മതിച്ചു. പുരുഷവിഭാഗം സിംഗിള്‍സ് ഫൈനലില്‍ ലോകറാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്തുള്ള പ്രണോയിയെ 24-ാം റാങ്കുകാരനായ ചൈനയുടെ വെങ് ഹോങ് യാങ്ങ് അട്ടിമറിക്കുകയായിരുന്നു.
◾പൊതുമേഖലാ സ്ഥാപനമായ ബാങ്ക് ഒഫ് ബറോഡയുടെ 2024 സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തിലെ അറ്റാദായം 87.72 ശതമാനം വര്‍ദ്ധിച്ചു. മുന്‍വര്‍ഷം സമാന കാലയളവില്‍ രേഖപ്പെടുത്തിയ 2,168.1 കോടി രൂപയില്‍ നിന്ന് 4,070.1 കോടി രൂപയായി അറ്റാദായം ഉയര്‍ന്നു. പ്രവര്‍ത്തന വരുമാനത്തില്‍ 42.9 ശതമാനത്തിന്റെയും പ്രവര്‍ത്തന ലാഭത്തില്‍ 73 ശതമാനത്തിന്റെയും നേട്ടമുണ്ടാക്കി. ജൂണ്‍ പാദത്തിലെ മൊത്തം വരുമാനം 29,878.07 കോടി രൂപയാണ്, ഇത് 2022- 23 ആദ്യപാദത്തിലെ മൊത്തം വരുമാനമായ 20,119.52 കോടി രൂപയില്‍ നിന്ന് 48.50 ശതമാനം കൂടുതലാണ്. മുന്‍ പാദത്തിലെ 29,322.74 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ ചെറിയ വര്‍ദ്ധന മാത്രമാണ് ഉണ്ടായിട്ടുള്ളത്. അറ്റ നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ സാമ്പത്തികവര്‍ഷം ആദ്യ പാദത്തിലെ 12,652.74 കോടി രൂപയില്‍ നിന്ന് ഈവര്‍ഷം ജൂണ്‍ പാദത്തില്‍ 7,482.45 കോടി രൂപയായി കുറഞ്ഞു. മുന്‍പാദവുമായുള്ള താരതമ്യത്തില്‍ അറ്റ എന്‍പിഎ 10.75 ശതമാനം ഇടിവ് രേഖപ്പെടുത്തി. മൊത്തം നിഷ്‌ക്രിസ്തി അനുപാതം മുന്‍വര്‍ശം സമാന കാലയളവില്‍ രേഖപ്പടുത്തിയതില്‍ നിന്ന് 275 ബി.പി.എസ് കുറഞ്ഞ് 3.51 ശതമാനമായി കുറച്ചു. 80 ബി.പി.എസ് കുറഞ്ഞ് അറ്റ എന്‍.പി.എ 0.78 ശതമാനമായി മെച്ചപ്പെട്ടു. അറ്റപലിശ വരുമാനത്തില്‍ 24.4 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.
◾സിജു വില്‍സണ്‍ നായകനായി എത്തുന്ന ഏറ്റുവും പുതിയ ചിത്രം 'പഞ്ചവത്സര പദ്ധതി'യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. 'കലമ്പാസുരന്‍ ഒരു മിത്തല്ല' എന്ന് കുറിച്ച് കൊണ്ടുള്ള പോസ്റ്റര്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. നിലവിലെ 'മിത്ത് വിവാദ'വുമായി ബന്ധപ്പെടുത്തിയാണ് പലരും കമന്റ് ചെയ്യുന്നത്. പി.ജി. പ്രേംലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം സിജു വിത്സന്‍ നായകനാകുന്ന ചിത്രമാണ് പഞ്ചവത്സര പദ്ധതി. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ കെ.ജി. അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 'തൊണ്ടിമുതലും ദൃക്സാക്ഷി'യും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂര്‍ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. പുതുമുഖം കൃഷ്ണേന്ദു എ. മേനോന്‍ ആണ് ചിത്രത്തിലെ നായിക. പി.പി. കുഞ്ഞികൃഷ്ണന്‍, നിഷ സാരംഗ് , ഹരീഷ് പേങ്ങന്‍,സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാര്‍ തുടങ്ങിയ വരും മറ്റു പ്രമുഖ താരങ്ങളും വേഷമിടുന്നു.
◾മലയാളത്തിന്റെ യുവ നിരയില്‍ ശ്രദ്ധേയനായ താരമാണ് നസ്ലെന്‍. നസ്ലെന്‍ മുഴുനീള നായകനായ ആദ്യ ചിത്രമാണ് 'ജേര്‍ണി ഓഫ് ലവ് 18 പ്ലസ്' ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നസ്ലെന്‍ നായകനായ ചിത്രത്തിന്റെ ലൈഫ്ടൈം കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തായിരിക്കുകയാണ്. ചിത്രത്തിന്റെ പ്രദര്‍ശനം അവസാനിക്കാറാകുമ്പോള്‍ ആറ് കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. നസ്ലെന്‍ യുവ നായക നിരയിലേക്ക് എത്തുമെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നിര്‍മാതാക്കള്‍ക്ക് ലാഭം തന്നെയായിരിക്കും ചിത്രം. അരുണ്‍ ഡി ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അരുണ്‍ ഡി ജോസിനൊപ്പം തിരക്കഥയില്‍ രവീഷ് നാഥും പങ്കാളിയായിരിക്കുന്നു. ക്രിസ്റ്റോ സേവ്യറാണ് സംഗീത സംവിധാനം. അനുമോദ് ബോസ്, ജി പ്രജിത്ത്, ജിനി കെ ഗോപിനാഥ്, മനോജ് മേനോന്‍ എന്നിവരാണ് നസ്ലെന്‍ നായകനായ '18 പ്ലസ്' നിര്‍മിച്ചിരിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മീനാക്ഷിയും ശ്യാം മോഹനും മാത്യുവും അന്‍ഷിദും കെ യു മനോജും, നിഖില വിമലും സഫ്വനും രാജേഷ് മാധവനും ബിനു പപ്പുവും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു.
◾വില്‍പനയില്‍ പുതിയ ചരിത്രം കുറിച്ച് ടൊയോട്ട. ജൂലൈയില്‍ 21911 യൂണിറ്റോടെ ഏറ്റവും അധികം വാഹനം വില്‍ക്കുന്ന മാസം എന്ന റെക്കോര്‍ഡാണ് ടൊയോട്ട സ്വന്തമാക്കിയത്. തദ്ദേശീയ വില്‍പനയും കയറ്റുമതിയും അടക്കമാണ് 21911 യൂണിറ്റ് കാര്‍ ടൊയോട്ട നിര്‍മാണ ശാലയില്‍ നിന്ന് പുറത്തിറങ്ങിയത്. ഇതില്‍ 20759 യൂണിറ്റ് പ്രദേശിക വില്‍പനയും 1152 യൂണിറ്റ് കയറ്റുമതിയുമാണ്. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ഇതിന് മുമ്പ് ടൊയോട്ടയ്ക്ക് ഏറ്റവും അധികം വില്‍പന ലഭിച്ചത്. അന്നത്തെ വില്‍പന 20410 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 11 ശതമാനം വളര്‍ച്ച ലഭിച്ചു, 19693 യൂണിറ്റായിരുന്നു വില്‍പന. 2023 ജൂണിനെ അപേക്ഷിച്ച് 12 ശതമാനം വളര്‍ച്ച ടൊയോട്ട നേടി. ഈ വര്‍ഷത്തെ ആദ്യ 7 മാസത്തില്‍ 124282 യൂണിറ്റ് വില്‍പന നേടാന്‍ ടൊയോട്ടയ്ക്ക് ആയി. കഴിഞ്ഞ വര്‍ഷം അത് 94710 യൂണിറ്റ് മാത്രമായിരുന്നു. പുതിയ വാഹനങ്ങളായ അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറും ഇന്നോവ ഹൈക്രോസും വിപണിയില്‍ മികച്ച പ്രകടനമാണ് കാണിക്കുന്നത്.
◾താഴെനിന്ന് ചുറ്റിക്കയറി വരുന്ന വഴികളിലൂടെ കുതിരയോടിച്ചുവന്ന ഒരു യുവാവ് ഇവിടെ ഏകാന്തതയുടെ സാന്ത്വനമറിഞ്ഞിരിക്കണം. പ്രകൃതിയുടെ നനുത്ത പച്ചവിരലുകളില്‍ തൊട്ട് ഖയാലുകളും തുമ്രികളും രചിച്ചിരിക്കണം. ചിത്തോറിന്റെ വിദൂരതയിലേക്ക് കണ്ണോടിച്ച് ബാല്യത്തിന്റെ നിഷ്‌കളങ്കതയിലേക്ക് വീണ്ടും ഒരു തിരിച്ചുപോക്ക് നടത്തിയിരിക്കണം. ഒരു സഞ്ചാരി, നൂറ്റാണ്ടിനുമുമ്പേ മറഞ്ഞുപോയ സജ്ജന്‍സിങ് എന്ന കലാകാരന്റെ കവിഹൃദയം തൊട്ടറിയുന്നത് ഈ മലമുകളിലെത്തുമ്പോഴാണ്. കോട്ടകൊത്തളങ്ങളിലെ കാഴ്ചകള്‍ക്കപ്പുറത്ത് അതിനുള്ളില്‍ ജീവിച്ചവരുടെ മാനസികസഞ്ചാരത്തെ അകക്കണ്ണിലൂടെ
നോക്കിക്കാണാനുള്ള ശ്രമം ഈ കൃതിയെ ജീവസ്സുറ്റതാക്കുന്നു. വര്‍ണ്ണാഭമായ കെട്ടുകാഴ്ചകളെക്കാള്‍ ഉള്‍ക്കണ്ണിലെ നോട്ടത്തിന് തെളിമയേറുന്നു. വിസ്മൃതിയിലാണ്ടുപോയ രജപുത്രസാമ്രാജ്യത്തിലെ ഇടനാഴിയിലൂടെയും അന്തഃപുരത്തിലൂടെയും നഗരവീഥികളിലൂടെയും വായനക്കാരനെ രജപുത്താന ഒപ്പം കൂട്ടുന്നു. കോട്ടകളും കൊട്ടാരങ്ങളുമുറങ്ങുന്ന രാജസ്ഥാനെ തൊട്ടറിയുന്ന യാത്രാവിവരണം. 'രജപുത്താന'. ജയശ്രീ വി. മാതൃഭൂമി ബുക്സ്. വില 275 രൂപ.
◾എപ്പോഴും തലവേദന അനുഭവപ്പെടുന്നതിനു പിന്നില്‍ നിങ്ങളുടെ നിത്യജീവിതത്തിലെ ചില ശീലങ്ങളായിരിക്കാം. ചില സമയത്ത് ഒരു നേരത്തെ ആഹാരം വേണ്ടെന്ന് വയ്ക്കുന്നതുതന്നെ തലവേദനയ്ക്ക് കാരണമാകും. ചിട്ടയില്ലാത്ത ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ താളം തെറ്റിക്കുന്നത് തലവേദനയിലേക്കു നയിക്കും. ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുന്നത് നിര്‍ജലീകരണത്തിനും തലവേദനയ്ക്കും കാരണമാകാം. ഇത് ഒഴിവാക്കാന്‍ ദിവസം കുറഞ്ഞത് എട്ട് ഗ്ലാസെങ്കിലും വെള്ളം കുടിക്കേണ്ടതാണ്. അതിമായ കഫൈന്‍ ഉപയോഗവും തലവേദനയ്ക്കു കാരണമാകുമെന്നതിനാല്‍ കാപ്പിയും ചായയും ഇടയ്ക്കിടെ കഴിക്കുന്നവര്‍ ശ്രദ്ധ പുലര്‍ത്തുക. ഇനി നിരന്തരം കാപ്പി കുടിച്ചു കൊണ്ടിരിക്കുന്നവര്‍ അത് പെട്ടെന്ന് നിര്‍ത്തിയാലും തലവേദന വരാം. ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥ, ഉറക്കത്തിന്റെ നിലവാരമില്ലായ്മ, ക്രമം തെറ്റിയ ഉറക്കം എന്നിവയെല്ലാം തലവേദനയ്ക്കു കാരണമാകുന്ന പ്രശ്നങ്ങളാണ്. ലാപ്ടോപ്പിനും ഫോണിനും ടിവിക്കും മുന്നില്‍ ദീര്‍ഘനേരം ചെലവിടുന്നത് കണ്ണുകള്‍ക്ക് മേല്‍ സമ്മര്‍ദം ഉണ്ടാക്കി തലവേദനയിലേക്കു നയിക്കാം. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളില്‍ ഇവയ്ക്ക് മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നതും പ്രശ്നമുണ്ടാക്കും. ശരിയായ ഇരിപ്പ് രീതി അഥവാ പോസ്ചറും പ്രധാനമാണ്. നടുനിവര്‍ത്തിയും നടുവിന് സപ്പോര്‍ട്ട് കൊടുക്കാതെയുമൊക്കെയുള്ള ദീര്‍ഘനേരത്തെ ഇരുപ്പ് പുറത്തിനും തോളുകള്‍ക്കും സമ്മര്‍ദമേകുകയും തലവേദനയിലേക്കു നയിക്കുകയും ചെയ്യും. അമിതമായ മദ്യപാനം ശരീരത്തിന്റെ നിര്‍ജലീകരണത്തിനും തലവേദനയ്ക്കും കാരണമാകാം. മദ്യപിക്കുന്നവര്‍ ആ ശീലം ഉപേക്ഷിക്കുകയോ പരിമിതമായ തോതില്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുകയോ ചെയ്യേണ്ടതാണ്. വളരെ ഉയര്‍ന്ന ശബ്ദത്തില്‍ ഹെഡ്സെറ്റ് വച്ച് പാട്ടുകേള്‍ക്കുന്നതും ബഹളമയമായ അന്തരീക്ഷത്തില്‍ ദീര്‍ഘനേരം ഇരിക്കേണ്ടി വരുന്നതും തലവേദനയ്ക്ക് കാരണമാകും.
*ശുഭദിനം*
*കവിത കണ്ണന്‍*
ബ്രിട്ടീഷ് പര്‍വ്വതാരോഹകനായിരുന്നു ജോ. പെറുവിലെ പര്‍വ്വതാരോഹണത്തിനിടയിലാണ് അയാള്‍ അഗാധമായ വിള്ളലിലേക്ക് വീണത്. സഹയാത്രികരെല്ലാം അദ്ദേഹം മരിച്ചതായി കരുതി. എന്നാല്‍ പാറയ്ക്ക് ഇടയിലെ വിള്ളലേക്ക് വീണ ജോ അവിടെ ദിവസങ്ങളോളം കിടന്നു. താന്‍ തിരിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് അദ്ദേഹം അവിടെ കിടന്നു സ്വപ്നം കണ്ടു. പതിയെ പതിയെ ആ വിടവില്‍ നിന്നും രക്ഷപ്പെടുകയും , ദിവസങ്ങള്‍ക്ക് ശേഷം തന്റെ ബേസ് കാ്യാംപിലേക്ക് ഇഴഞ്ഞ് ഇഴഞ്ഞ് അദ്ദേഹം എത്തി. 1988 ല്‍ ടച്ചിംഗ് ദ വോയ്‌സ് എന്ന പുസ്തകത്തില്‍ അദ്ദേഹത്തിന്റെ അതിജീവനകഥയെ കുറിച്ച് എഴുതപ്പെട്ടു. അതേ പേരില്‍ 2003 ല്‍ ഇറങ്ങിയ ഡോക്യുമെന്ററി ഈ കഥയെ ലോകം മുഴുവന്‍ എത്തിച്ചു. കഠിനമായ ജീവിത പ്രതിസന്ധികളെ തോല്‍പിച്ചുകൊണ്ട് അതിജീവനത്തിന്റെ കരുത്ത് കാട്ടുന്നവര്‍ മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമാണ്. പ്രതീക്ഷയാണ്. പ്രതിസന്ധികള്‍ ഒരവസാനല്ലെന്നും, ദുരിതത്തിന്റെ കാലം കടന്നുപോകുമെന്നും വീണ്ടും നമ്മില്‍ പുഞ്ചിരി വിരിയുമെന്നുമുള്ള പ്രതീക്ഷ.. - ശുഭദിനം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍