പ്രഭാത വാർത്തകൾ 2023 | ഓഗസ്റ്റ് 8 | ചൊവ്വ 1198 | കർക്കടകം 23 | ഭരണി


◾മണിപ്പൂര്‍ കലാപക്കേസുകളുടെ അന്വേഷണ മേല്‍നോട്ടത്തിന് മൂന്നംഗ ജുഡീഷ്യല്‍ സമിതിയെ സുപ്രീം കോടതി നിയോഗിച്ചു. സിബിഐ, പോലീസ് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്കു പുറമേ, വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പെടുത്തിയുള്ള അന്വേഷണവും ഏര്‍പ്പെടുത്തി. മുന്‍ ഹൈക്കോടതി വനിതാ ജഡ്ജിമാരായ ഗീത മിത്തല്‍, ശാലിനി പി ജോഷി, മലയാളിയായ ആശ മേനോന്‍ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് ജുഡീഷ്യല്‍ മേല്‍നോട്ടം നിര്‍വഹിക്കുക. അന്വേഷണ മേല്‍നോട്ട ചുമതല മഹാരാഷ്ട്ര മുന്‍ ഡിജിപി ദത്താത്രേയ് പട്സാല്‍ഗിക്കര്‍ക്കാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതി സ്വമേധയാ സുപ്രധാന ഇടപെടല്‍ നടത്തിയത്.


◾മണിപ്പൂരിലെ കലാപക്കേസുകള്‍ അന്വേഷിക്കുന്നതിനൊപ്പം ഇരകളുടെ പുനരധിവാസം, ദുരിതാശ്വാസ പ്രവര്‍ത്തനം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളും സുപ്രീം കോടതി നിയോഗിച്ച സമിതി കൈകാര്യം ചെയ്യും. സിബിഐ അന്വേഷിക്കാത്ത 42 കേസുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് ഓഫീസര്‍മാരുടെ സംഘം അന്വേഷിക്കണം. മണിപ്പൂരിന് പുറത്തുള്ള ഡിഐജി റാങ്കിലുള്ള ആറ് ഉദ്യോഗസ്ഥര്‍ക്കാണു മേല്‍നോട്ട ചുമതല. ഇതര സംസ്ഥാനങ്ങളിലെ ഡിവൈഎസ്പി റാങ്കിലുള്ള അഞ്ച് ഉദ്യോഗസ്ഥരെകൂടി കോടതി നിയോഗിച്ചു. നിയമവാഴ്ചയിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.


◾കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്ത (ഡിഎ) മൂന്നു ശതമാനം വര്‍ദ്ധിപ്പിച്ച് 45 ശതമാനമാക്കി ഉയര്‍ത്തും. ക്ഷാമബത്തയിലെ ഏറ്റവും പുതിയ വര്‍ദ്ധന ജൂലൈ ഒന്നിനു പ്രാബല്യത്തിലാകുന്ന രീതിയിലാണ് ഡിഎ വര്‍ദ്ധന നടപ്പാക്കുക. ഒരു കോടിയിലധികം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ് പ്രയോജനമുണ്ടാവുക.

◾1960 ലെ ഭൂപതിവു നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. നടപ്പു നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. കൃഷിക്കും വീടു വയ്ക്കാനും അനുവദിച്ച ഭൂമിയില്‍ മറ്റു വിനിയോഗം ക്രമപ്പെടുത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമമാണ് പാസാക്കുന്നത്.

◾ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരേ നിയമസഭയില്‍ ഇന്നു പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. ഏക സിവില്‍ കോഡ് നടപ്പാക്കരുതെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടും. സഭ ഐക്യകണ്ഠേന പ്രമേയം പാസാക്കുമെന്നാണ് കരുതുന്നത്.


◾ജസ്റ്റിസ് എസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിയോജനകുറിപ്പ് തള്ളിക്കൊണ്ടാണ് ഉന്നത സമിതി തീരുമാനം. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷനേതാവുമാണ് സമിതിയിലുള്ളത്. ഗവര്‍ണറാണ് അന്തിമ തീരുമാനമെടുക്കുക.

◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രാഷ്ട്രീയ നേതാക്കള്‍ക്കു പണം അനുവദിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്കെടുത്ത തീരുമാനമല്ലെന്നും മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്നും ലോകായുക്ത. ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. മൂന്നംഗ ബഞ്ചിലേക്ക് പുതിയ ജഡ്ജി വന്നതുകൊണ്ട് ആദ്യം മുതല്‍ വാദം കേള്‍ക്കണമെന്ന് ലോകായുക്ത ഉത്തരവിട്ടു. ഇതിനെതിരേ ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദും പരാതിക്കാരന്റെ അഭിഭാഷകനും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.



◾വിശ്വാസ സംബന്ധമായ വിഷയങ്ങളെക്കുറിച്ചു ജാഗ്രതയോടെ സംസാരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മിത്ത് വിവാദം പരാമര്‍ശിക്കാതെ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ധാരാളം വിശ്വാസികള്‍ എല്‍ഡിഎഫിനൊപ്പമുണ്ട്. പരാമര്‍ശങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയപ്പെടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.

◾എല്ലാ അതിഥിതൊഴിലാളികളെയും തൊഴില്‍വകുപ്പിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന നടപടികള്‍ക്കു തുടക്കമായി. ആദ്യദിനമായ ഇന്നലെ 5,706 തൊഴിലാളികളാണ് അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്. വരും ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് ലേബര്‍ കമ്മിഷണര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

◾ഗള്‍ഫിലേക്കുള്ള വിമാനക്കൂലി കൊള്ളയാണെന്നു പാര്‍ലമെന്റില്‍ ഉന്നയിച്ച് ബെന്നി ബഹനാന്‍ എംപി. അവധി കഴിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളിലേക്കു മടങ്ങുന്നവരെ കൊള്ളയടിക്കുന്ന വിമാന കമ്പനികള്‍ക്കെതിരെ നടപടി വേണമെന്നും ബെന്നി ബഹനാന്‍ എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു.



◾അദാനി ഗ്രൂപ്പുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുതലപ്പൊഴിയില്‍ കോണ്‍ഗ്രസിന്റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീശന്‍. മുതലപ്പൊഴിയിലെ പ്രശ്നം പരിഹരിക്കാതെ, സമരം നടത്തുന്ന മത്സ്യത്തൊഴിലാളിളെ തീവ്രവാദികളായി സര്‍ക്കാര്‍ മുദ്രകുത്തുകയാണ്. മന്ത്രിമാര്‍ 'ഷോ കാണിക്കല്ലേ' എന്ന് അധിക്ഷേപിച്ച് മടങ്ങിയെന്നും സതീശന്‍ പറഞ്ഞു.

◾മിത്ത് വിവാദങ്ങള്‍ക്കിടെ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയില്‍ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് ഭരണാനുമതി. കോടിയേരി കാരാല്‍തെരുവ് ഗണപതി ക്ഷേത്രത്തിലാണ് 64 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികള്‍. അടുത്ത മാസം പണി തുടങ്ങുമെന്ന് ക്ഷേത്രത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് സ്പീക്കര്‍ അറിയിച്ചു.



◾കണ്‍സഷന്‍ നല്‍കുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി. മറ്റു യാത്രക്കാര്‍ക്കുള്ള അതേ പരിഗണന വിദ്യാര്‍ത്ഥികള്‍ക്കും നല്‍കണം. വിവേചനം പലപ്പോഴും ക്രമസമാധാന നില തകരാറിലാകാന്‍ കാരണമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

◾എലിഫന്റ് വിസ്‌പെറെഴ്‌സ് ഡോക്യുമെന്ററിയില്‍ അഭിനയിച്ച ബൊമ്മനും ബെല്ലിയും പ്രതിഫലമായി രണ്ടു കോടി രൂപ ആവശ്യപ്പെട്ട് നിര്‍മ്മാതക്കള്‍ക്കെതിരെ വക്കീല്‍ നോട്ടീസയച്ചു. വീടും കാറും പണവും നല്‍കാമെന്ന വാഗ്ദാനം നടപ്പാക്കിയില്ലെന്നാണു പരാതി. സിഖ്യ എന്റര്‍ടെയിന്‍മെന്റ്സ് ആണ് ഡോക്യുമെന്ററിയുടെ നിര്‍മ്മാതാക്കള്‍.



*കെ.എസ്.എഫ്.ഇ വാര്‍ത്തകള്‍*
ലോ കീ കാമ്പയിന്‍ 2022, കെ.എസ്.എഫ്.ഇ ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022 എന്നീ പദ്ധതികളിലെ സമ്മാനാര്‍ഹരായ വരിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാന തല നറുക്കെടുപ്പ് 09.08.2023 ന് തിരുവനന്തപുരം തമ്പാനൂര്‍ റെസിഡന്‍സി ടവറില്‍ വെച്ച് നടക്കുകയാണ്. തവണ സംഖ്യ അടവില്‍ മുടക്കമില്ലാത്ത വരിക്കാരെയാണ് സമ്മാനത്തിനു വേണ്ടിയുള്ള നറുക്കെടുപ്പിന് പരിഗണിക്കുക. ആയതിനാല്‍ ഈ സംരംഭത്തില്‍ പങ്കാളിയാകുന്നതിന് ലോ കീ കാമ്പയിന്‍ 2022, കെ.എസ്.എഫ്.ഇ ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022 പദ്ധതികളില്‍ ചേര്‍ന്നിട്ടുള്ള മുഴുവന്‍ വരിക്കാരും നറുക്കെടുപ്പ് ദിവസം ചിട്ടിയില്‍ കുടിശ്ശികയില്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

◾സൗദി അറേബ്യയിലെ ബാങ്ക് വിളി വിഷയത്തില്‍ മാപ്പു പറയാന്‍ മന്ത്രി സജി ചെറിയാന് ഇരുപത്തിനാലു മണിക്കൂറുപോലും വേണ്ടിവന്നില്ല. മതനിന്ദയോ പ്രവാചകനിന്ദയോ ഇല്ലാത്ത പ്രസ്താവനയായിട്ടും സജി ചെറിയാന്‍ തിരുത്തി. ഗണപതിനിന്ദ നടത്തിയ ഷംസീര്‍ പറഞ്ഞതു തിരുത്തില്ലെന്നു വാശിയിലാണ്. താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ. ഇടതുപച്ച തന്നെയെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.



◾ഹൃദയാഘാതത്തെ തുടര്‍ന്ന് ചലച്ചിത്ര സംവിധായകന്‍ സിദ്ധിഖിനെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിലായിരുന്നു.

◾കാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ചു നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍.സി.സിയില്‍ ഹൈടെക് ഉപകരണങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള 3 ടെസ്ല എം.ആര്‍.ഐ. യൂണിറ്റിന്റെയും 3 ഡി ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റിന്റെയും ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജും, സൗരോര്‍ജ ശീതീകരണ സംഭരണി, ജലശുദ്ധീകരണി എന്നിവയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും നിര്‍വഹിച്ചു.

◾കൊല്ലം കളക്ട്രേറ്റ് സ്ഫോടനക്കേസിലെ പ്രതികള്‍ വിലങ്ങ് ഉപയോഗിച്ച് കോടതിയുടെ ജനല്‍ ചില്ല് തകര്‍ത്തു. വിചാരണയ്ക്കായി പ്രതികളെ കൊല്ലത്തെ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു അക്രമം. 2016 ജൂണ്‍ 15 ന് കൊല്ലം കലക്ട്രേറ്റില്‍ സ്ഫോടനം നടത്തിയ കേസിലെ പ്രതികളെ ആന്ധ്രാപ്രദേശിലെ കടപ്പ ജയില്‍നിന്നാണ് കൊല്ലത്ത് എത്തിച്ചത്.



◾പത്തനംതിട്ട അടൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിയോടുു മോശമായി പെരുമാറിയ പൊലീസുകാരന്‍ അറസ്റ്റില്‍. ഇടുക്കി കാഞ്ചിയാര്‍ സ്വദേശി എ.എസ്. സതീശ് (39) ആണ് പിടിയിലായത്. ഐജി ലക്ഷ്മണയുടെ ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ സതീശ്. മറ്റൊരു സംഭവത്തില്‍ കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഓ പിറവന്തൂര്‍ ചെമ്പനരുവി നെടുമുരുപ്പേല്‍ ഷെമീര്‍ (39) അറസ്റ്റിലായി.

◾മകളെ ശല്യം ചെയ്തതു വിലക്കിയ പിതാവിനെ കൊല്ലാന്‍ മുറിയിലേക്കു വിഷപാമ്പിനെ കടത്തിവിട്ട യുവാവ് പിടിയില്‍. തിരുവനന്തപുരം കാട്ടക്കടയില്‍ അമ്പലത്തിന്‍കാല രാജുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കിച്ചു എന്ന ഗുണ്ട് റാവു ആണ് പിടിയിലായത്.



◾കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത വധശ്രമക്കേസ് പ്രതി രക്ഷപ്പെട്ടു. ബിജെപി പ്രവര്‍ത്തകനായ അനിലാണ് രക്ഷപ്പെട്ടത്. പൊലീസ് ഒത്തുകളിച്ചെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ മുഴക്കുന്ന് പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു.

◾അതിര്‍ത്തി തര്‍ക്കത്തിനിടെ തിരുവല്ല നിരണം സ്വദേശിയായ ആറ്റുപറയില്‍ വിജയന്റെ ഭാര്യ രാധയെ തലക്കടിച്ചു കൊന്ന കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍. നിരണം സ്വദേശികളായ ചന്ദ്രന്‍, രാജന്‍ എന്നിവരാണ് പിടിയിലായത്. 

◾കരിപ്പൂര്‍ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണം കടത്തിയ ദമ്പതികള്‍ കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോന്‍, സഫ്ന എന്നിവരാണ് പിടിയിലായത്.



◾കൊല്ലം പത്തനാപുരത്ത് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭര്‍ത്താവ് പിടിയില്‍. എടത്തറ സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. ഒന്നര വര്‍ഷമായി ഭാര്യ മാങ്കോട് സ്വദേശി ശോഭയുമായി അകന്ന് കഴിയുകയായിരുന്നു സന്തോഷ്.

◾തമിഴ്‌നാട്ടില്‍നിന്നു വില്‍പ്പനയ്ക്കായി തൂക്കുപാലത്ത് എത്തിച്ച 3200 പായ്ക്കറ്റ് നിരോധിത പാന്‍മസാല ഉല്‍പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. നാല് ചാക്കുകളിലാക്കി ഓട്ടോറിക്ഷയില്‍ പോകവേ വടക്കേപുതുപറമ്പില്‍ ഫൈലിനെ (40)യാണു പിടികൂടിയത്.

◾കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരിച്ചു. പുല്‍പ്പള്ളി കുറിച്ചിപറ്റ ചരുവിള പുത്തന്‍വീട്ടില്‍ സുന്ദരേശന്‍ (58) ആണ് മരിച്ചത്. ഭാര്യ അമ്മിണി (54), സഹോദരന്‍ സുനീഷ്, സുന്ദരേശന്റെ മൂത്ത മകന്‍ സുബിന്റെ മകള്‍ ഗായത്രി (ആറ്)എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.



◾പുനലൂരില്‍ ജീപ്പിനുള്ളില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍. വെഞ്ചേമ്പ് മാവേലി സ്റ്റോറിനു സമീപം താമസിക്കുന്ന ഷാജഹാന്‍ (50) ആണ് മരിച്ചത്.

◾ഹരിപ്പാട് വെട്ടുവേനിയില്‍ പ്രഭാത സവാരിക്കിടെ വീട്ടമ്മ ഓടയില്‍ വീണു മരിച്ചു. വെട്ടുവേനി സജീവ് ഭവനത്തില്‍ തങ്കമണി (63) ആണ് മരിച്ചത്.

◾കാസര്‍കോട് ജില്ലിയലെ കുമ്പളയില്‍ പ്ലൈവുഡ് ഫാക്ടറി കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു. പയ്യന്നൂര്‍ കേളോത്ത് സ്വദേശി റൗഫാണ് മരിച്ചത്.

◾ലക്ഷദ്വീപിലെ മദ്യനിരോധനം പിന്‍വലിക്കുന്നു. അബ്കാരി നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് 30 ദിവസത്തിനകം അഭിപ്രായം അറിയിക്കാം.

◾രാജ്യത്തെ ബാങ്കുകളില്‍ 87,295 കോടി രൂപയുടെ കിട്ടാക്കടം ഉണ്ടെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി രാജ്യസഭയില്‍. ഗീതാഞ്ജലി ജെംസ് ലിമിറ്റഡ്, എറ ഇന്‍ഫ്രാ എഞ്ചിനീയറിംഗ് ലിമിറ്റഡ്, ആര്‍ഇഐ അഗ്രോ ലിമിറ്റഡ്, എബിജി ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ 50 മുന്‍നിരവായ്പാക്കാര്‍ മനഃപൂര്‍വ്വം കുടിശ്ശിക വരുത്തി. 2023 മാര്‍ച്ച് 31 വരെയുള്ള കണക്കാണിതെന്ന് സഹമന്ത്രി ഭഗവത് കരാദ് അറിയിച്ചു.


◾ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയിലും പാസാക്കി. പ്രതിപക്ഷ ആവശ്യത്തെ തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് ഒഴിവാക്കി അംഗങ്ങള്‍ക്ക് സ്ലിപ് നല്‍കിയാണു വോട്ടെടുപ്പിു നടത്തിയത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് നേരിട്ടത്. ബിജെപി എംപിയും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ രഞ്ജന്‍ ഗൊഗോയി പ്രസംഗിക്കാന്‍ എഴുന്നേറ്റതോടെ ജയ ബച്ചനടക്കം നാല് വനിതാ എംപിമാര്‍ ഇറങ്ങിപ്പോയി.

◾ഗുജറാത്തില്‍ ബിജെപിക്കെതിരേ കോണ്‍ഗ്രസിനൊപ്പം തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി സീറ്റ് വിഭജന ചര്‍ച്ച നടത്തുമെന്നും പാര്‍ട്ടിയുടെ ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ ഇസുദാന്‍ ഗഡ്വി വ്യക്തമാക്കി. ഡല്‍ഹി ഓര്‍ഡിനന്‍സില്‍ ലോക്സഭയിലും രാജ്യസഭയിലും ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി പൊരുതാന്‍ നയിച്ചത് കോണ്‍ഗ്രസായിരുന്നു.


◾രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും അടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ ചൈനയില്‍നിന്നു പണം വാങ്ങി രാജ്യദ്രോഹകുറ്റം ചെയ്തെന്ന് ആരോപിച്ച ബിജെപി എംപിക്കെതിരേ ഹൈബി ഈഡന്‍ എം പി പാര്‍ലമെന്റില്‍ അവകാശ ലംഘന നോട്ടീസ് നല്‍കി. ഡോ. നിഷികാന്ത് ദുബെക്കെതിരേയാണ് നോട്ടീസ്.

◾ബിഹാറിലെ ജാതി സര്‍വേ തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ജാതി സര്‍വേയ്ക്ക് അനുമതി നല്‍കിയ പാറ്റ്ന ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ 14 നു സുപ്രീം കോടതി പരിഗണിക്കാനിരിക്കേയാണ് അടിയന്തരമായി തടയണമെന്ന ആവശ്യം കോടതി തള്ളിയത്.

◾ഇന്ത്യയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള ശ്രമമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പ്രധാനമന്ത്രിക്കും സര്‍ക്കാരിനുമെതിരെ അസത്യം പ്രചരിപ്പിക്കുന്നതില്‍ വിദേശ ശക്തികളുടെ ഇടപെടലുകളുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിറകേയാണ് പ്രതികരണം.

◾ക്രിസ്ത്യാനികളും മുസ്ലിംകളും പാക്കിസ്ഥാനിലേക്കു പോകണമെന്നു വാട്സ്ആപ് ഗ്രൂപ്പിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ തമിഴ്നാട്ടിലെ പൊലീസുകാരനെ സസ്പെന്‍ഡു ചെയ്തു. ചെന്നൈയിലെ ഇന്‍സ്‌പെക്ടര്‍ പി രാജേന്ദ്രനെതിരെയാണ് നടപടി.



◾മുംബൈയിലെ ബാന്ദ്രയില്‍ പൊലീസിന്റെ പിടിയിലായ ഓട്ടോ ഡ്രൈവര്‍ 40 കാരനായ ബാബു ഹുസൈന്‍ ശൈഖ് ബംഗ്ലാദേശ് പൗരനാണെന്ന് കണ്ടെത്തി. നിരോധിത മൊബൈല്‍ ആപ്ലിക്കേഷനായ 'ഐഎംഒ - ഇന്‍ മൈ ഓപ്പീനിയന്‍' ഉപയോഗിക്കവേയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

◾ആന്ധ്രപ്രദേശില്‍ അമ്മയുടെ കാമുകന്‍ പാലത്തില്‍നിന്ന് തള്ളിയിട്ട് കൊല്ലുന്നതിനിടെ പൈപ്പില്‍ തൂങ്ങിക്കിടന്ന പത്ത് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പൈപ്പില്‍ തൂങ്ങിക്കിടന്ന് പോക്കറ്റിലെ ഫോണെടുത്ത് നൂറില്‍ വിളിച്ച പെണ്‍കുട്ടിയെ പോലീസ് രക്ഷിക്കുകയായിരുന്നു. പുഴയില്‍ വീണ അമ്മയേയും ഒന്നരവയസുള്ള കുഞ്ഞിനേയും കണ്ടെത്താനായില്ല. ആന്ധ്രയിലെ രാവുലപള്ളത്ത് ഗൗതമി- ഗോദാവരി പുഴയ്ക്കു മുകളിലെ പാലത്തില്‍നിന്ന് ഇവരെ തള്ളിയിട്ട ഉലവ സുരേഷിനെ പോലീസ് അറസ്റ്റു ചെയ്തു.


◾പശ്ചിമ ബംഗാളില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കൈക്കുഞ്ഞിനെ പുറത്തേക്ക് എറിയുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത രണ്ടു പേരെ അറസ്റ്റു ചെയ്തു. ഗോഹട്ടിയില്‍ നിന്ന് വടക്കന്‍ ബംഗാളിലെ അലിപുര്‍ദുവാറിലേക്കുള്ള യാത്രക്കിടെയാണ് യുവതിയെ ബലാല്‍സംഗം ചെയ്തത്.

◾ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ഇന്ത്യ ലീഗ് പട്ടികയില്‍ ഒന്നാമതെത്തി. ദക്ഷിണ കൊറിയയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പിച്ചത്.

◾ഇതിഹാസതാരം ഇന്‍സമാം ഉള്‍ ഹഖ് പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍. 53 കാരനായ ഇന്‍സമാം 2016 മുതല്‍ 2019 വരെ പാകിസ്താന്‍ ക്രിക്കറ്റിന്റെ ചീഫ് സെലക്ടറായിരുന്നു.

◾രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനം വൈകാതെ ആഴ്ചയില്‍ 5 ദിവസമാക്കിയേക്കും. ഇതിന് ഇന്ത്യന്‍ ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐ.ബി.ഐ) തത്വത്തില്‍ തീരുമാനമെടുത്തെന്നാണ് വിവരം. ഇതിനൊപ്പം ബാക്കി ദിവസങ്ങളിലെ പ്രവൃത്തി സമയം 45 മിനിറ്റ് വര്‍ധിപ്പിച്ചേക്കും. ജൂലൈ 28ന് ഐ.ബി.ഐയുടെ നേതൃത്വത്തില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ധനകാര്യമന്ത്രാലയത്തിന് അവധി സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിരുന്നു. ഇത് അംഗീകരിച്ചാല്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ അഞ്ച് ദിവസങ്ങളിലായിരിക്കും ബാങ്ക് പ്രവര്‍ത്തിക്കുക. പ്രവൃത്തി സമയം വര്‍ധിപ്പിച്ച്, ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങളാക്കി മാറ്റാന്‍ ഏതാനും നാളുകളായി ചര്‍ച്ചകള്‍ നടക്കുകയാണ്. ജീവനക്കാരുടെ സംഘനകളുമായി ബന്ധപ്പെട്ട് ഇത് സംബന്ധിച്ച് സമവായമുണ്ടാക്കാന്‍ ഐ.ബി.ഐ ശ്രമിക്കുകയായിരുന്നു. പ്രവൃത്തി സമയം കൂടും ആഴ്ചയില്‍ ഒരു പ്രവൃത്തി ദിനം നഷ്ടമാവുമ്പോള്‍, അതിന് പകരമായി ബാങ്ക് ജീവനക്കാര്‍ 45 മിനിറ്റ് അധികമായി ജോലി ചെയ്യേണ്ടി വരും. പ്രവൃത്തി സമയത്തെ കുറിച്ചുള്ള അവ്യക്തത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ശുപാര്‍ശ അംഗീകരിച്ചാല്‍ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ബാങ്ക് അവധി ദിനങ്ങളായിരിക്കും. കേന്ദ്ര സര്‍ക്കാരാണ് അന്തിമതീരുമാനമെടുക്കേണ്ടത്. ഞായറാഴ്ചകള്‍ക്ക് പുറമേ രണ്ടും നാലും ശനികള്‍ നിലവില്‍ അവധി ദിനങ്ങളാണ്. 2015 വരെ ബാങ്കുകള്‍ക്ക് ശനിയാഴ്ച ഉള്‍പ്പെടെ ആഴ്ചയില്‍ ആറ് പ്രവൃത്തി ദിനങ്ങളുണ്ടായിരുന്നു.

◾മലയാളത്തില്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി. 'ഭൂതകാലം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുക. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രം. ഹൊറര്‍ ഗണത്തില്‍പെടുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ കൊച്ചി, പാലക്കാട് എന്നിവിടങ്ങളാണ്. 30 ദിവസമാണ് മമ്മൂട്ടി നല്‍കിയിരിക്കുന്ന ഡേറ്റ്. അര്‍ജുന്‍ അശോകന്‍ 60 ദിവസത്തെ ഡേറ്റ് ആണ് സിനിമയ്ക്കായി നല്‍കിയിരിക്കുന്നത്. റെഡ് റെയ്ന്‍ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ രാഹുലിന്റെ ഈ ചിത്രവും ഹൊറര്‍ ത്രില്ലറാണ്. 'വിക്രം വേദ' ഒരുക്കിയ തമിഴ് നിര്‍മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായി നിര്‍മിക്കുന്ന മലയാള സിനിമയാണിത്. ഓഗസ്റ്റ് 15-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. വരിക്കാശ്ശേരിമനയാകും ഒരു പ്രധാന ലൊക്കേഷനാണ്. മമ്മൂട്ടിയുടെ പ്രതിനായക കഥാപാത്രമാകും സിനിമയുടെ പ്രധാന ആകര്‍ഷണം.

◾'ദ കശ്മിര്‍ ഫയല്‍സ്' എന്ന ചിത്രത്തിനു ശേഷം വിവേക് അഗ്നിഹോത്രി ഒരുക്കുന്ന 'ദ വാക്സിന്‍ വാര്‍' എന്ന ചിത്രത്തില്‍ സപ്തമി ഗൗഡ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. സപ്തമി ഗൗഡയുടെ രംഗമുള്ള ഹ്രസ്വ വീഡിയോ വിവേക് അഗ്നിഹോത്രി പുറത്തുവിട്ടിരിക്കുകയാണ്. 'കാന്താര' എന്ന ഹിറ്റ് കന്നഡ ചിത്രത്തിലെ നായികയാണ് സപ്തമി ഗൗഡ. ഫൈനല്‍ മിക്സിംഗ് കഴിയാറായി. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അവിശ്വസനീയമായ യഥാര്‍ഥ കഥയാണ് ചിത്രം പറയുക എന്ന് വിവേക് അഗ്നിഹോത്രി വ്യക്തമാക്കിയിരുന്നു. 2023 സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം വിവിധ ഭാഷകളില്‍ എത്തും. കൊവിഡ് 19നെ കുറിച്ചും രാജ്യത്തെ വാക്സിനേഷന്‍ പ്രക്രിയയെ കുറിച്ചുമായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. അയാം ബുദ്ധ പ്രൊഡക്ഷന്‍സ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ് ബാനറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.'ദ വാക്സിന്‍ വാര്‍' എന്ന ചിത്രത്തില്‍ അനുപം ഖേറും പ്രധാന വേഷത്തില്‍ എത്തുന്നു.


◾ഇന്ത്യന്‍ വാഹന വിപണി ആകാംക്ഷയോടെ കാത്തിരുന്ന ഏറ്റവും പുതിയ അത്യാഡംബര കാര്‍ വെല്‍ഫയര്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് (ടി.കെ.എം). ഇന്ത്യന്‍ നിരത്തിലിറക്കി. ഹൈ, വി.ഐ.പി എന്നീ വേരിയന്റുകളിലാണ് വാഹനം അവതരിപ്പിച്ചത്. ഹൈ വേരിയന്റിന് 11,990,000 ഉം വി.ഐ.പി എക്‌സിക്യൂട്ടീവിന് 12,990,000 രൂപയുമാണ് എക്‌സ് ഷോറൂം വില. 2023 നവംബര്‍ മുതല്‍ വാഹനം ലഭ്യമായിത്തുടങ്ങും. 19.28 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്ന ഉയര്‍ന്ന ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഹൈബ്രിഡ് സംവിധാനമുള്ള 2.5 ലിറ്റര്‍ ഇന്നര്‍ ഫോര്‍ സിലിണ്ടര്‍ ഡി.ഒ.എച്ച്.സി (ഡെബിള്‍ ഓവര്‍ഹെഡ് കാം ഷാഫ്റ്റ്) എന്‍ജിനാണ് ടൊയോട്ട വെല്‍ഫയറിന്റേത്. ഇത് 142 കിലോവാട്ട് ഔട്ട്പുട്ട് എന്ന പരമാവധി പവര്‍ വാഗ്ദാനം ചെയ്യുന്നു, അതായത് 6,000 എ.പി,എം. പരമാവധി 240 എന്‍.എം ടോര്‍ക്കില്‍ 4,300 മുതല്‍ 4,500 ആര്‍.പി.എം വരെ ഉത്പാദിപ്പിക്കാനും ശേഷിയുണ്ട്. ഇലക്ട്രിക് മോട്ടോറും ഹൈബ്രിഡ് ബാറ്ററിയും ഘടിപ്പിച്ചിരിക്കുന്നു. ഇത് മനോഹരമായ ഡ്രൈവിംഗ് അനുഭവം നല്‍കുന്നു.

◾അഴിമുഖത്തിന്റെ സൗന്ദര്യവും വിശാലതയും എന്നും അതിലേക്ക് നമ്മളെ ആകര്‍ഷിക്കും. അത് നെഫിനെയും ആകര്‍ഷിച്ചു. ആ ലോകത്തില്‍നിന്നും ഒരു മോചനം അവള്‍ ആഗ്രഹിച്ചു. തടവറയില്‍നിന്നുള്ള മോചനം ഹംസയും. തന്റെ ലോകത്തേക്കൊരു തിരിച്ചുപോക്കും. വെല്‍ഷ് കടല്‍ത്തീരത്തും സിറിയയിലൂടെയും സഞ്ചരിക്കുന്ന നോവല്‍ തങ്ങളുടേതല്ലാത്ത ലോകത്തില്‍ അകപ്പെട്ട രണ്ട് മനുഷ്യരുടെ കഥ പറയുന്നു. 'ഒഴുക്ക്'. കറെല്‍ ലൂയീസ്. വിവര്‍ത്തനം: സുരേഷ് എം.ജി. ഡിസി ബുക്സ്. വില 270 രൂപ.

◾പ്രായമേറിവരുമ്പോള്‍ ആന്തരാവയവങ്ങള്‍ക്ക് ഉണ്ടാകുന്ന പരിണാമങ്ങള്‍ക്കനുസരിച്ച് ചര്‍മത്തിന്റെ ആരോഗ്യത്തിനും കോട്ടം തട്ടും. പ്രായമേറുമ്പോള്‍ ചര്‍മത്തിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയുന്നതുകൊണ്ട് സ്‌നിഗ്ധതയും ജലാംശവും കുറഞ്ഞുവരുന്നു. സ്തരങ്ങള്‍ തമ്മിലുള്ള സന്തുലനാവസ്ഥ തകരുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. ചര്‍മത്തിലേക്കുള്ള രക്തപ്രവാഹം മൂന്നിലൊന്നായി കുറയും. പൊതുവെയുള്ള ഇലാസ്തികതയും കുറയും. ഏറ്റവും ആന്തരികമായ കൊഴുപ്പിന്റെ സ്തരങ്ങള്‍ ക്ഷയിക്കുകയും മുകളില്‍ കട്ടികൂടുകയും ചെയ്യുന്നതുവഴി തൊലിക്ക് പൊതുവെ കട്ടി കൂടുതലായി തോന്നും. താപവ്യതിയാനങ്ങളെ നിയന്ത്രിച്ചു നിര്‍ത്താനുള്ള തൊലിയുടെ കഴിവ് ക്രമത്തില്‍ കുറഞ്ഞുവരികയും ചെയ്യും. ഇത്തരം പരിണാമങ്ങളോടൊപ്പം സൂര്യപ്രകാശം കൊണ്ടുള്ള വരള്‍ച്ച കൂടിയാകുമ്പോഴാണ് ചര്‍മത്തില്‍ പ്രായത്തിന്റേതായ അസുഖങ്ങള്‍ ബാധിച്ചു തുടങ്ങുന്നത്. വൃദ്ധരില്‍ എണ്‍പത്തഞ്ചുശതമാനം പേര്‍ക്കുമുള്ള പ്രധാന പ്രശ്‌നമാണ് വരണ്ടതൊലി. പുകവലിക്കുന്നവരിലും മാനസിക സംഘര്‍ഷങ്ങളുള്ളവരിലും സോപ്പ് കൂടുതലായി ഉപയോഗിക്കുന്നവരിലുമെല്ലാം ഈ പ്രശ്‌നം കൂടുതലായി കാണാറുണ്ട്. മറ്റു കാരണങ്ങളൊന്നുമില്ലാതെ തന്നെ തൊലിയില്‍ അസ്വാസ്ഥ്യകരമായ ചൊറിച്ചിലനുഭവപ്പെടും. തൊലിയില്‍ പലയിടങ്ങളിലും നിറം മാറ്റവും വന്നു തുടങ്ങും. ഇത് പൊതുവെയുള്ള സൗന്ദര്യത്തെ ബാധിക്കുന്നതുകൊണ്ട് ചിലരില്‍ മാനസിക വൈഷമ്യങ്ങളും കണ്ടുവരാറുണ്ട്. ചര്‍മത്തിന്റെ പോഷണത്തിനാവശ്യമായ ജലാംശവും ജീവകങ്ങളും ആവശ്യത്തിന് കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തൊലിയുടെ വരള്‍ച്ച കുറയ്ക്കാന്‍, കൂടുതല്‍ പ്രാവശ്യം തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും കുളിച്ചശേഷം വെളിച്ചെണ്ണയോ സ്‌നിഗ്ധലായനികളോ നേര്‍മയില്‍ തടവുന്നതും നല്ലതാണ്. കൂടുതല്‍ ചൂടുള്ളവെള്ളം കുളിക്കാന്‍ സ്ഥിരമായി ഉപയോഗിക്കാന്‍ പാടില്ല. കൈകൊണ്ട് തൊലിയുരസിക്കഴുകി കുളിക്കുന്നത് തൊലിയിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെങ്കിലും സന്ധികളില്‍ കൂടുതല്‍ ബലമായി തടവുന്നത് തൊലിയുടെ സന്തുലനം കുറയ്ക്കാനിടയുണ്ട്.



*ശുഭദിനം*
*കവിത കണ്ണന്‍*
ജീവിതത്തില്‍ എന്തുവന്നാലും സത്യം മാത്രമേ പറയാവൂ.. എന്ന് പറഞ്ഞ് ഗുരു തന്റെ പ്രഭാഷണം അവസാനിപ്പിച്ചു. അപ്പോഴാണ് ഒരു മാന്‍ ഓടിക്കിതച്ച് എത്തിയത്. അത് ഒളിക്കാന്‍ സ്ഥലം തിരയുന്നത് കണ്ടപ്പോള്‍ ഗുരു തന്റെ ആശ്രമം തുറന്നുകൊടുത്തു. തൊട്ടുപിന്നാലെ ഒരു വേട്ടക്കാരനും ആശ്രമത്തിലേക്കെത്തി ഗുരുവിനോട് മാനിനെക്കുറിച്ച് അന്വേഷിച്ചു. താന്‍ കണ്ടില്ലെന്ന് ഗുരു മറുപടി നല്‍കി. വേട്ടക്കാരന്‍ തിരികെ പോയി. ഇതെല്ലാം കണ്ടു നിന്ന ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു: അങ്ങു പറഞ്ഞതിന് വിപരീതമാണല്ലോ ഇപ്പോള്‍ ചെയ്തത്? ഗുരു പറഞ്ഞു: സത്യം തന്നെയാണ് പറയേണ്ടത്. പക്ഷേ, ഒരു നിഷ്‌കളങ്ക ജീവിതം രക്ഷിക്കേണ്ട അവസരമാണ് ഉളളതെങ്കില്‍ സാഹചര്യത്തിനൊത്ത് പെരുമാറണം.. ! ഒരു നിയമവും പൂര്‍ണ്ണമല്ല, ഒരു മൂല്യവും എപ്പോഴും ഒരുപോലെയുമല്ല.. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് പുനര്‍വായനകള്‍ ആവശ്യമായി മാറുന്നു. എല്ലാം നിയമാനുസൃതം ചെയ്യാന്‍ നിയമബോധം മതി. പക്ഷേ, നിസ്സഹായത നോക്കി പെരുമാറാന്‍ നീതിബോധവും മനുഷ്യത്വവും വേണം. ക്രിയാത്മമകമായി ജീവിക്കണമെങ്കില്‍ തലച്ചോറും ഹൃദയവും ഒരുപോലെ പ്രവര്‍ത്തിക്കണം. നിയമം നിലനിര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് അവ പിന്തുടരുന്നവരുടെ ജീവന്‍ നിലനിര്‍ത്താനും ബാധ്യതയുണ്ട്. നിയമം കൊണ്ട് രക്ഷിക്കാനാകാത്തവരെ ഹൃദയം കൊണ്ട് രക്ഷിക്കണം.. നിയമം മാത്രമല്ല, സാഹചര്യങ്ങളും നമുക്ക് പരിഗണിക്കാന്‍ ശ്രമിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍