പ്രഭാത വാർത്തകൾ 2023 | ഓഗസ്റ്റ് 11 | വെള്ളി | 1198 | കർക്കടകം 26 | മകയിരം

◾മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരായ മാസപ്പടി വിവാദം നിയമസഭയില്‍ ഉന്നയിക്കാനുള്ള കോണ്‍ഗ്രസിന്റെ മാത്യു കുഴല്‍നാടന്റെ ശ്രമം സ്പീക്കര്‍ തടഞ്ഞു. ഭൂമി പതിച്ചുകൊടുക്കല്‍ ബില്ലിന്റെ ചര്‍ച്ചയിലാണ് മാത്യു കുഴല്‍നാടന്റെ പ്രസംഗത്തെ സ്പീക്കര്‍ നിയന്ത്രിച്ചത്. വിഷ്ണുനാഥിനു പകരക്കാരനായി സംസാരിച്ചു തുടങ്ങിയപ്പോഴേക്കും സ്പീക്കര്‍ തടയുകയായിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ പേര് പരാമര്‍ശിച്ചില്ലെന്ന് മാത്യു കുഴല്‍നാടന്‍ പിന്നീടു പറഞ്ഞു.

◾സിഎംആര്‍എല്ലില്‍നിന്നു പണം വാങ്ങിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്കു വേണ്ടി കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് പണം വാങ്ങിയത്. പ്രത്യുപകാരമായി ശശിധരന്‍ കര്‍ത്തയ്ക്ക് ഒരു സഹായവും ചെയ്തില്ലെന്നും ചെന്നിത്തല പറഞ്ഞു.


◾മണിപ്പൂരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം രാജ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മോദി പറഞ്ഞു. അവിശ്വാസ പ്രമേയത്തിനു മറുപടിയായുള്ള പ്രസംഗത്തിന്റെ ആദ്യ ഒന്നരമണിക്കൂറോളം മണിപ്പൂരിനെക്കുറിച്ച് മോദി ഒന്നും ഉരിയാടിയില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. തന്റെ ഭരണ മികവും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെയും രാഹുല്‍ ഗാന്ധിയെയും പരിഹസിച്ചുമാണ് മോദി ഏറെ സമയവും പ്രസംഗിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഭാരത മാതാവ് പരാമര്‍ശം മാപ്പ് അര്‍ഹിക്കാത്തതാണെന്നും മോദി പറഞ്ഞു.

◾ജനങ്ങള്‍ക്കു സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ റിക്കാര്‍ഡ് ഭൂരിപക്ഷം കിട്ടുമെന്നും നരേന്ദ്ര മോദി പാര്‍ലമെന്റില്‍ അവകാശപ്പെട്ടു. 2028 ലും പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരും. മോദി പരിഹസിച്ചു. പ്രസംഗം ഒന്നര മണിക്കൂര്‍ നീണ്ടതോടെ മണിപ്പൂരിനെപ്പറ്റി പറയൂവെന്ന് പ്രതിപക്ഷാംഗങ്ങള്‍ വിളിച്ചു പറഞ്ഞു. മണിപ്പൂര്‍ വിഷയം ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷം മോദി സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.


◾പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അതിരൂക്ഷ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ ലോക്സഭയില്‍നിന്നു സസ്പെന്‍ഡു ചെയ്തു. നരേന്ദ്രമോദി നീരവ് മോദിയേപ്പോലെയാണ്. ധൃതരാഷ്ട്രര്‍ അന്ധനായിരുന്നപ്പോള്‍ ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടു. ഇന്നും രാജാവ് അന്ധനാണെന്ന് ചൗധരി പറഞ്ഞു. ഇതിനെതിരേയയാണ് സസ്പെന്‍ഷന്‍.

◾എന്‍എസ്എസ് നാമജപ ഘോഷയാത്ര അന്വേഷണത്തിനു ഹൈക്കോടതി സ്റ്റേ. നാലാഴ്ചത്തേക്ക് തുടര്‍ നടപടികള്‍ തടഞ്ഞു. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കടുത്തനടപടി ഉണ്ടാവില്ലെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ അറിയിച്ചു.


◾കേരളത്തിന് കൂടുതല്‍ സാമ്പത്തിക സഹായം വേണമെന്ന് എല്‍ഡിഎഫ് എംപിമാര്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി ആവശ്യപ്പെട്ടു. എളമരം കരീം, വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, എഎ റഹീം തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് കേന്ദ്രമന്ത്രിയെ കണ്ടത്.

◾ശസ്ത്രക്രിയയ്ക്കിടെ വയറില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനക്കു നീതി ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. കുറ്റക്കാരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കണം. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നും സതീദേവി പറഞ്ഞു.

◾വയറില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഹര്‍ഷിനക്ക് നീതി ഉറപ്പാക്കും. പൊലിസ് അന്വേഷണം തുരുകയാണെന്നും മന്ത്രി നിയസഭയില്‍ പറഞ്ഞു.


◾ഗുരുവായൂരപ്പനു വഴിപാടായി സ്വര്‍ണ കിരീടം സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ. പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന 32 പവന്‍ തൂക്കം വരുന്ന സ്വര്‍ണകിരിടമാണ് സമര്‍പ്പിച്ചത്. ചന്ദനം അരക്കുന്ന മെഷീനും സമര്‍പ്പിച്ചു. ഉച്ചപൂജക്കിടെ ദുര്‍ഗ സ്റ്റാലിന്‍ ക്ഷേത്രത്തില്‍ എത്തിയാണ് സമര്‍പ്പണം നടത്തിയത്.

◾അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പായസ കൗണ്ടറില്‍ വിജിലന്‍സ് റെയ്ഡ്. വിവിധ പേരുകളില്‍ ഓണ്‍ലൈനിലൂടെ ബുക്കു ചെയ്തു വാങ്ങുന്ന പായസം ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുന്നില്‍ ഇടനിലക്കാര്‍ വിലകൂട്ടി വല്‍ക്കുന്നതു കണ്ടെത്തി.

◾ഇടുക്കി കിഴുകാനത്ത് കാട്ടിറച്ചി കടത്തിയെന്ന് ആദിവാസി യുവാവ് സരുണ്‍ സജിക്കെതിരേ വനം വകുപ്പ് കള്ളക്കേസെടുത്ത സംഭവത്തില്‍ നടപടി വൈകിപ്പിച്ചതിനു പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലാത്തതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു.


◾പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് സത്യപ്രതിജ്ഞ ചെയ്തയുടന്‍ രാജിവച്ചു. തൃശൂര്‍ ജില്ലയിലെ പാവറട്ടി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിലെ വിമല സേതുമാധവനാണ് രാജിവച്ചത്. തെരഞ്ഞെടുപ്പില്‍ വിമലക്ക് എസ് ഡി പി ഐ അംഗങ്ങളുടെ വോട്ടു ലഭിച്ചിരുന്നു. വര്‍ഗീയ പിന്തുണയോടെ ഭരണം വേണ്ടെന്നു നിലപാടെടുത്ത കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണു രാജി വച്ചത്.

◾ഓണാഘോഷത്തോടനുബന്ധിച്ച് കോളജുകളിലും സ്‌കൂളുകളിലും വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ്. രൂപമാറ്റം വരുത്തിയ ബൈക്കുകള്‍, കാറുകള്‍, ജീപ്പുകള്‍ എന്നീ വാഹനങ്ങള്‍ ഉപയോഗിച്ച് റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്കും ഉടമകള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.


◾കേരളത്തിലേക്കു പുതിയ രണ്ടു സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്. കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കുമായി പുതിയ രണ്ട് സര്‍വീസുകള്‍ തുടങ്ങുമെന്ന് ഇത്തിഹാദ് അറിയിച്ചു.

◾തൃശൂരിലെ ലുലു ഗ്രൂപ്പിന്റെ പരാതിയില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ പൊലീസ് കേസ്. കൊച്ചി റിപ്പോര്‍ട്ടര്‍ ആര്‍ പീയൂഷിനെതിരെയാണ് കവര്‍ച്ചക്കേസ് ചുമത്തിയത്. ലുലു ഗ്രൂപ്പിന്റെ പുഴക്കലിലുള്ള ഭൂമിയില്‍നിന്ന് പമ്പു സെറ്റ് കവര്‍ന്നെന്നാണു പരാതി. എന്നാല്‍ അനധികൃത നിലം നികത്തല്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും കവര്‍ച്ച പരാതി കള്ളക്കേസാണെന്നും റിപ്പോര്‍ട്ടര്‍ ആര്‍ പീയൂഷ് പറഞ്ഞു.


◾ലോക്സഭയിലെ തന്റെ പ്രസംഗത്തിലെ ഭാഗങ്ങള്‍ സഭാ രേഖയില്‍നിന്ന് നീക്കിയതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് മാതാവ് മോദി സര്‍ക്കാരിന് അണ്‍പാര്‍ലമെന്ററി ആയിരിക്കുന്നു. എന്തുകൊണ്ടാണ് പ്രസംഗത്തിലെ വാക്കുകള്‍ സഭാ രേഖയില്‍നിന്ന് നീക്കം ചെയ്തതെന്ന് സ്പീക്കര്‍ പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

◾തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരേ സ്വമേധയാ റിവിഷന്‍ നടപടിയുമായി മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ആനന്ദ് വെങ്കിടേശാണ് അസാധാരണ നടപടിയെടുത്തത്. മന്ത്രി പൊന്മുടിയും വിജിലന്‍സും അടുത്ത മാസം ഏഴിനു മുന്‍പ് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 1996 ലെ കരുണാനിധി സര്‍ക്കാരില്‍ ഗതാഗതമന്ത്രിയായിരിക്കെ മൂന്നു കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ജൂണ്‍ 28 നാണ് മന്ത്രിയെ വെല്ലൂര്‍ കോടതി കുറ്റവിമുക്തനാക്കിയത്.


സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ വിന്‍ഡോസിനു പകരമായി 'മായ' എന്ന തദ്ദേശീയ ഓപ്പറേറ്റിംഗ് സാങ്കേതിക വിദ്യയുമായി പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രാലയത്തിലെ എല്ലാ കമ്പ്യൂട്ടറുകളിലും ഈ വിദ്യ ഉടനേ ഇന്‍സ്റ്റാള്‍ ചെയ്യും.

◾സിപിഐ മാവോയിസ്റ്റ് പൊളിറ്റ് ബ്യൂറോ അംഗം പ്രമോദ് മിശ്ര അറസ്റ്റില്‍. ഗയയില്‍നിന്നാണു പോലീസ് പിടികൂടിയത്. 2021 നവംബറില്‍ നാലു ഗ്രാമീണരെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്ന കേസിലാണ് അറസ്റ്റ്.

◾പടിഞ്ഞാറന്‍ അമേരിക്കയിലെ ഹവായി ദ്വീപ സമൂഹത്തിന്റെ ഭാഗമായ മൗഇ ദ്വീപിലെ കാട്ടുതീയില്‍ 36 പേര്‍ കൊല്ലപ്പെട്ടു. റിസോര്‍ട്ട് നഗരമായ ലഹായിനയിലാണു കാട്ടുതീ ജീവനെടുത്തത്. കാട്ടുതീയില്‍നിന്നു രക്ഷപ്പെടാന്‍ പസഫിക് സമുദ്രത്തിലേക്കു ചാടിയ ഏതാനും പേരും മരിച്ചു.



◾അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസ്ര്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരൊറ്റ ഗോളിലാണ് അല്‍ ഷോര്‍ട്ടയെ മറികടന്ന് അല്‍ നസ്ര് ഫൈനലില്‍ പ്രവേശിച്ചത്. അല്‍ നസ്ര് ആദ്യമായാണ് അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്.

◾ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും പിഎസ്ജി വിടുന്നു. മെസിക്ക് പിന്നാലെ ടീമില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് നെയ്മാര്‍ ക്ലബ്ബിനെ അറിയിച്ചതായാണ് വിവരം. യുഎസ് മേജര്‍ ലീഗ് സോക്കര്‍ ടീമുകള്‍ നെയ്മറിനായി വലയെറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


◾കൊച്ചി ആസ്ഥാനമായ പ്രമുഖ കേന്ദ്ര പൊതുമേഖലാ വളം നിര്‍മ്മാണക്കമ്പനിയായ ഫാക്ട് നടപ്പു വര്‍ഷത്തെ ആദ്യപാദത്തില്‍ ലാഭത്തിലും വരുമാനത്തിലും കുറിച്ചത് കനത്ത നഷ്ടം. ഏപ്രില്‍-ജൂണില്‍ 56.64 ശതമാനം പാദാധിഷ്ഠിത ഇടിവോടെ 71.81 കോടി രൂപ സംയോജിത ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തില്‍ ലാഭം 165.60 കോടി രൂപയായിരുന്നു.മുന്‍വര്‍ഷത്തെ ജൂണ്‍പാദത്തിലെ 136.99 കോടി രൂപയേക്കാള്‍ 47.58 ശതമാനവും കുറവാണ് കഴിഞ്ഞപാദ ലാഭം. കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലെ വളം സബ്‌സിഡിയില്‍ നിന്ന് റിക്കവറിയായി കേന്ദ്ര സര്‍ക്കാര്‍ 52.13 കോടി രൂപ ഫാക്ടില്‍ നിന്ന് കഴിഞ്ഞ പാദത്തില്‍ തിരിച്ചുപിടിച്ചിരുന്നു. ഇത് ലാഭത്തെ ബാധിച്ചു.സംയോജിത മൊത്ത വരുമാനം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 1,315.13 കോടി രൂപയില്‍ നിന്ന് 2.86 ശതമാനം താഴ്ന്ന് 1,277.49 കോടി രൂപയായി. പാദാടിസ്ഥാനത്തില്‍ 1,300.73 കോടി രൂപയി നിന്ന് വരുമാനം കുറഞ്ഞത് 1.79 ശതമാനമാണ്. ഫാക്ടിന്റെ ഓഹരി വില ഇന്നുള്ളത് 2.95 ശതമാനം നഷ്ടത്തോടെ 453 രൂപയിലാണ്.


അഞ്ജലി മേനോന്‍ ചിത്രം 'ബാംഗ്ലൂര്‍ ഡേയ്‌സി'ന്റെ ബോളിവുഡ് റീമേക്ക് 'യാരിയാന്‍ 2'വിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ബോളിവുഡിലെ ഹിറ്റ് ചിത്രമായ 'യാരിയാന്‍' എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് ബാംഗ്ലൂര്‍ ഡേയ്സിന്റെ ഹിന്ദി പതിപ്പ് എത്തുന്നത്. മലയാളത്തിലെ യുവനടിമാരായ അനശ്വര രാജനും പ്രിയ വാര്യരുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. മീസാന്‍ ജാഫ്രി, പേള്‍ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. യാരിയാന്‍ ആദ്യഭാഗം സംവിധാനം ചെയ്ത ദിവ്യ കുമാര്‍ ഖോസ്ല തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ടി സീരീസ് നിര്‍മ്മിക്കുന്ന ചിത്രം 2024 മെയ് 12ന് തിയേറ്ററുകളില്‍ എത്തും. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്രിയ, നിത്യ മേനോന്‍, പാര്‍വതി എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തിയ ബാംഗ്ലൂര്‍ ഡേയ്‌സ് 2014ല്‍ പുറത്തിറങ്ങിയത്. യാരിയനില്‍ ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തെയാകും നടന്‍ മീസാന്‍ ജാഫ്രി അവതരിപ്പിക്കുക. യാഷ് ദാസ് ഗുപ്ത നിവിന്‍ പോളിയുടെ കഥാപാത്രത്തെ അവതരിപ്പിക്കും. ദിവ്യ ഖോസ്ല കുമാര്‍ ആകും നസ്രിയയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക.


◾ഷാറുഖ് ഖാന്റെ ഏറ്റവും മികച്ച ആക്ഷന്‍ സീരിസ് 'ഡോണ്‍' സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് ഫര്‍ഹാന്‍ അക്തര്‍. പക്ഷേ ഇക്കുറി ഷാറുഖ് അല്ല, രണ്‍വീര്‍ സിങ് ആകും ഡോണിന്റെ വേഷത്തില്‍ എത്തുക. 'മേ ഹൂ ഡോണ്‍' എന്ന പ്രശസ്ത ഡയലോഗ് ഏറ്റുപറഞ്ഞ് ഡോണ്‍ ലുക്കിലെത്തുന്ന രണ്‍വീറിന്റെ ഒരു ടീസര്‍ വിഡിയോയിലൂടെയാണ് ഡോണ്‍ 3യുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എന്നാല്‍ ഷാറുഖ് ആരാധകര്‍ അല്‍പം നിരാശയിലാണ്. 'ഡോണ്‍' എന്ന കഥാപാത്രമായി ഷാറുഖിനെ അല്ലാതെ മറ്റൊരാളെ സങ്കല്‍പിക്കാന്‍ പോലുമാകില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. 1978 ല്‍ അമിതാഭ് ബച്ചന്‍ നായകനായെത്തിയ 'ഡോണ്‍' സിനിമയെ ആസ്പദമാക്കി 2006 ല്‍ ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഡോണ്‍'. ഷാറുഖ് ഖാന്‍ ടൈറ്റില്‍ വേഷത്തിലെത്തിയ ചിത്രം ബോക്സ്ഓഫില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. പിന്നീട് 2011 ല്‍ ഡോണ്‍ 2 എന്ന പേരില്‍ ഇതിന്റെ തുടര്‍ഭാഗവുമെത്തി. ഷാറുഖ് ഖാന്റെ ഒറ്റയാള്‍ പ്രകടനമായിരുന്നു സിനിമയുടെ കരുത്ത്. ഷാറുഖിന്റെ അഭാവത്തില്‍ ഡോണ്‍ വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.


◾പുറത്തിറങ്ങി ആദ്യ മാസം തന്നെ 7000 യൂണിറ്റ് വില്‍പന നടത്തി ഹ്യുണ്ടേയ് എക്സ്റ്റര്‍. മൈക്രോ എസ്യുവി വിഭാഗത്തിലേക്ക് ഹ്യുണ്ടേയ് ജൂലൈ10ന് അവതരിപ്പിച്ച വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെഗ്മെന്റില്‍ ടാറ്റ പഞ്ചുമായാണ് ഹ്യുണ്ടേയ് എക്സ്റ്റര്‍ പ്രധാനമായും മത്സരിക്കുന്നത്. എക്സ്റ്റിന്റെ വില ആരംഭിക്കുന്നത് 5.99 ലക്ഷം രൂപയാണ്. അഞ്ചു വകഭേദങ്ങളിലായി മാനുവല്‍, ഓട്ടമാറ്റിക്, സിഎന്‍ജി മോഡലുകളില്‍ എക്സ്റ്റര്‍ ലഭിക്കും. 1.2 ലീറ്റര്‍ പെട്രോള്‍ മാനുവലിന്റെ വില 5.99 ലക്ഷം രൂപ മുതല്‍ 9.31 ലക്ഷം രൂപ വരെയും 1.2 ലീറ്റര്‍ പെട്രോള്‍ എംഎംടിയുടെ വില 7.96 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ വരെയുമാണ്. 1.2 ലീറ്റര്‍ സിഎന്‍ജിയുടെ വില 8.23 ലക്ഷം രൂപ മുതല്‍ 8.96 ലക്ഷം രൂപ വരെയാണ് വില. 1.2 ലീറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. ഇ20 ഫ്യൂവല്‍ റെഡി എന്‍ജിനൊടൊപ്പം 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും സ്മാര്‍ട്ട് ഓട്ടോ എഎംടിയുമുണ്ട്. കൂടാതെ സിഎന്‍ജിന്‍ എന്‍ജുമുണ്ടാകും. ഇഎക്സ്, എസ്, എസ്എക്സ്, എസ്എക്സ്(ഒ), എസ്എക്സ് (ഒ) കണക്റ്റ് തുടങ്ങിയ വകഭേദങ്ങളില്‍ ആറു നിറങ്ങളിലായാണ് എക്സ്റ്റര്‍ വിപണിയിലെത്തുക. 


◾അസുരന്മാരെ പരാജയപ്പെടുത്താന്‍ ത്രിമൂര്‍ത്തികള്‍ പലപ്പോഴും ദേവിമാരുടെ സഹായം തേടിയിരുന്നു എന്ന് നിങ്ങള്‍ക്കറിയാമോ? ലോകത്തിലെ ആദ്യത്തെ ക്ലോണ്‍ നിര്‍മ്മിച്ചത് ഒരു സ്ത്രീയായിരുന്നു എന്ന കാര്യം അറിയാമോ? ഭാരത പുരാണഗ്രന്ഥങ്ങളിലെ സ്ത്രീസാന്നിധ്യം എണ്ണത്തില്‍ കുറവായിരിയ്ക്കാം. പക്ഷേ, അവരുടെ ശക്തിയും വൈചിത്ര്യവും വിളിച്ചറിയിക്കുന്ന കഥകള്‍ നിരവധിയാണ്. രാക്ഷസന്മാരെ കൊന്നും, എത്രയും ഘോരമായ യുദ്ധങ്ങള്‍ നടത്തി ഭക്തരെ സംരക്ഷിച്ചും അവര്‍ ലോകത്തെ തുണച്ചു. പാര്‍വ്വതി മുതല്‍ അശോകസുന്ദരിവരെ, ഭാമതി മുതല്‍ മണ്ഡോദരി വരെ, ഇത്തരത്തില്‍ ഭയരഹിതരും ആകര്‍ഷണീയരുമായി യുദ്ധപ്രഗല്‍ഭകളായ സ്ത്രീകളുടെ ചിത്രം വരച്ചുകാട്ടുന്നു ഈ പുസ്തകം. 'കല്പവൃക്ഷം നല്‍കിയ സ്ത്രീ'. സുധാമൂര്‍ത്തി. കറന്റ് ബുക്സ് തൃശൂര്‍. വില 237 രൂപ


◾ദഹനപ്രശ്നങ്ങളകറ്റാനാണ് പലരും ലെമണ്‍ ടീ കുടിക്കുന്നതെങ്കിലും സത്യത്തില് ലെമണ്‍ ടീ ദഹനപ്രശ്നങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് പറയുന്നു. ചെറുനാരങ്ങയിലെ ആസിഡ് അംശവും ചായയിലെ ടാന്നിന്‍ എന്ന പദാര്‍ത്ഥവും അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അങ്ങനെയെങ്കില്‍ ചെറുനാരങ്ങയും തേയിലയും കൂടി ചെല്ലുമ്പോള്‍ ദഹനപ്രശ്നങ്ങള്‍ കൂടുമെന്നതാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ശരീരത്തിലെ ജലാംശം വറ്റിപ്പോകുന്ന അവസ്ഥയാണ് നിര്‍ജലീകരണം. നേരത്തേ സൂചിപ്പിച്ചത് പോലെ തന്നെ ലെമണ്‍ ടീ ആസിഡ് ലെവല്‍ വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇത് നിര്‍ജലീരണവും ഉണ്ടാക്കുമെന്ന് ഒരു വാദം. ലെമണ്‍ ടീ പതിവാക്കിയാല്‍ അത് പല്ലിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് പറയുന്നവരുമുണ്ട്. സ്ഥിരമായും ഇത്രയും അസിഡിക് ആയ പാനീയം ചെല്ലുമ്പോള്‍ പല്ലിന്റെ ഇനാമലിന് കേട് പറ്റുന്നു, ക്രമേണ പല്ലില്‍ പോടുണ്ടാകാനും വായുടെ ആകെ ആരോഗ്യം തന്നെ ബാധിക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ലെമണ്‍ ടീ പതിവാക്കുന്നത് എല്ലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും പറയപ്പെടുന്നു. ലെമണ്‍ ടീ കഴിക്കുമ്പോള്‍ ചായയിലടങ്ങിയിരിക്കുന്ന അലൂമിനിയത്തെ ആഗിരണം ചെയ്യുന്നതിലേക്ക് നയിക്കുമത്രേ. സാധാരണഗതിയില്‍ ഇങ്ങനെ അലൂമിനിയം ആകിരണം ചെയ്യുന്ന സാഹചര്യമുണ്ടാകുന്നില്ലത്രേ. ഇതാണ് ക്രമേണ എല്ലിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് പറയപ്പെടുന്നത്. എന്തായാലും മിതമായ അളവില്‍ ലെമണ്‍ ടീ കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാകില്ല. എന്ത് ഭക്ഷണ-പാനീയമാണെങ്കിലും അത് അമിതമാകുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. മാത്രമല്ല നേരത്തെ തന്നെ ദഹനപ്രശ്നങ്ങള്‍, അത്തരത്തിലുള്ള അസുഖങ്ങളുള്ളവരെയാണ് പതിവായി ലെമണ്‍ ടീ കഴിക്കുന്നത് ബാധിക്കുകയുള്ളൂ എന്നും പറയപ്പെടുന്നു.


*ശുഭദിനം*

*കവിത കണ്ണന്‍*
പ്രൊഫ. പ്രൊബോധ്കുമാറിന് ആ പുതിയ വേലക്കാരിയെ പരിചയപ്പെടുത്തിയത് അവിടത്തെ പാല്‍ക്കാരനാണ്. മൂന്ന് കുട്ടികളുടെ അമ്മയായ ആ ഇരുപത്തിയൊന്‍പതുകാരി എല്ലാ പണികളും വളരെ വേഗം ചെയ്തുവന്നു. പക്ഷേ, അദ്ദേഹത്തിന്റെ ലൈബ്രറിയിലെ പുസ്തകങ്ങളുടെ പൊടിതട്ടുമ്പോള്‍ മാത്രം അവളുടെ വേഗം കുറയുന്നത് അയാളുടെ ശ്രദ്ധയില്‍ പെട്ടു. അയാള്‍ അവളോട് ചോദിച്ചു: നീ വായിക്കുമോ? അവള്‍ ഉത്തരമൊന്നും പറയാതെ തലകുനിച്ചു നിന്നു. അയാള്‍ പറഞ്ഞു: നിനക്ക് പുസ്തകങ്ങള്‍ വായിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ എത്ര വേണമെങ്കിലും വായിച്ചോളൂ.. ഈ ബുക്ക് ഷെല്‍ഫ് ഇനി നിനക്ക് കൂടി അവകാശപ്പെട്ടതാണ്.. തസ്ലിമ നസ്‌റിന്റെ മേയേബേലയാണ് അവള്‍ ആദ്യം വായിച്ചത്. അതൊരു തുടക്കമായിരുന്നു. ആശാപൂര്‍ണ്ണദേവിയും മഹാശ്വേതാ ദേവിയും എന്നുവേണ്ട സാഹിത്യത്തിലെ ഒട്ടുമിക്ക എഴുത്തുകാരുടേയും പുസ്തകങ്ങള്‍ അവള്‍ ദിവസങ്ങള്‍കൊണ്ട് വായിച്ചുതീര്‍ത്തു. ഒരു ദിവസം പ്രൊഫസര്‍ അവള്‍ക്കായി ഒരു ബുക്ക് സമ്മാനമായി നല്‍കി. നിനക്ക് ഇഷ്ടമുള്ളതെല്ലാം ഇതിലെഴുതാം. അദ്ദേഹം പറഞ്ഞു. ഞാന്‍ എന്തെഴുതാനാണ്? അവള്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: നീ നിന്നെക്കുറിച്ച് എഴുതൂ.. അവള്‍ സ്വന്തം കഥ എഴുതിതുടങ്ങി.. അമ്മയുടെ സ്‌നേഹത്തിന് വേണ്ടി ദാഹിച്ചുതളര്‍ന്ന ഒരു നാല് വയസ്സുകാരിയുടെ കഥ.. അച്ഛന്റെയും രണ്ടാനമ്മയുടേയും ക്രൂരതകളില്‍ വികൃതമാക്കപ്പെട്ട അവളുടെ ബാല്യത്തിന്റെ കഥ, 12-ാം വയസ്സില്‍ തന്നേക്കാള്‍ 14 വയസ്സിന് മുകളില്‍ പ്രായമുളള ഒരാളുടെ ഭാര്യയായ കഥ.. 14 -ാം വയസ്സുമുതല്‍ അയാളുടെ കുട്ടികളുടെ അമ്മയാവാന്‍ തുടങ്ങിയതിനെ കുറിച്ച്.. അയാളുടെ ശാരീരികവും മാനസികവുമായ പീഢനം സഹിക്കവയ്യാതെ പശ്ചിമബംഗാളിലെ തന്റെ ഗ്രാമത്തില്‍ നിന്നും മൂന്നുകുട്ടികളുമായി ഓടി രക്ഷപ്പെട്ട് ദില്ലിയില്‍ വേലക്കാരിയായി മാറിയ കഥ.. അവളുടെ നോക്ക് ബുക്ക് കഥകള്‍ കൊണ്ട് നിറഞ്ഞു.. അവളുടെ നോട്ട്ബുക്ക് പ്രൊഫസര്‍ തന്റെ സുഹൃത്തുക്കളെ കാണിച്ചു.. അവര്‍ അത്ഭുതപ്പെട്ടു.. പിന്നീട് അതൊരു പുസ്തകമായി.. ആലോ അന്ധാരി.. ഈ പുസ്തകം പിന്നീട് വിവിധ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും പരിഭാഷപ്പെടുത്തി. ഇന്ത്യന്‍ സാഹിത്യത്തിലെ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയ ബേബി ഹല്‍ദര്‍ എന്ന എഴുത്തുകാരി Woman Writer of the year ആയി ബേബി ഹല്‍ദര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും വഴിത്തിരിവുകള്‍ സംഭവിക്കാം.. അവസരങ്ങള്‍ എല്ലാവര്‍ക്കും എപ്പോഴും ലഭിക്കണമെന്നില്ല.. വഴിത്തിരിവുകളില്‍ പകച്ചു നില്‍ക്കാതെ തന്നില്‍ വിശ്വസിച്ച് മുന്നോട്ട് പോവുക.. - ശുഭദിനം

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍