◾ഓണത്തിനു മുന്നോടിയായി ഈ മാസം 18 നു മുമ്പു തന്നെ സപ്ലൈകോയില്‍ മുഴുവന്‍ ഭക്ഷ്യധാന്യങ്ങളും എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സപ്ളൈക്കോയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് കിട്ടാത്തതാണ് കാരണം. കടം വാങ്ങിയോ വ്യാപാരികളോട് അവധി പറഞ്ഞോ ഓണം ഫെയറിലേക്കുള്ള സാധനങ്ങള്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
◾ക്രിമിനല്‍ നിയമം പരിഷ്‌കരിക്കുന്ന ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്കു പകരമുള്ള ബില്ലുകളാണിത്. പുതിയ ബില്ലില്‍ രാജ്യദ്രോഹക്കുറ്റം റദ്ദാക്കുമെങ്കിലും പുതിയ പേരുകളില്‍ കൂടുതല്‍ കടുത്ത ശിക്ഷയോടെ നടപ്പാക്കും. കുട്ടികളെ മാനഭംഗപ്പെടുത്തല്‍, ആള്‍ക്കൂട്ട കൊലപാതകം, ബലാല്‍സംഗം എന്നിവയ്ക്കു വധശിക്ഷ വരെ നല്‍കാമെന്നാണു വ്യവസ്ഥ. പുതിയ നിയമങ്ങളുടെ പേരു സംസ്‌കൃതത്തിലും ഹിന്ദിയിലുമാണ്. പേരില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കിയിട്ടുമുണ്ട്. ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിങ്ങനെയാണ് പേര്.
◾വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദയെ രാജ്യസഭയില്‍നിന്നു സസ്പെന്‍ഡു ചെയ്തു. ഡല്‍ഹി ഭരണ നിയന്ത്രണ ബില്ലിനെതിരായ അവകാശ ലംഘന പ്രമേയത്തില്‍ നാല് എംപിമാരുടെ വ്യാജ ഒപ്പിട്ടെന്ന ആരോപണത്തെത്തുടര്‍ന്നാണു സസ്പെന്‍ഷന്‍.
◾ഈ വര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 10,164 കുട്ടികള്‍ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍-എയ്ഡഡ് - അണ്‍എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം 38,33,399 ആയിരുന്നു. ഈ വര്‍ഷം സര്‍ക്കാര്‍ - എയ്ഡഡ്- അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 37,46,647 വിദ്യാര്‍ത്ഥികളാണുള്ളത്. ഇതില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം 34,04,724 പേരാണുള്ളത്.
◾ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ അവസാന ഘട്ടത്തില്‍. ഇതുവരെ 3,84,538 വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കന്‍ഡറിയില്‍ പ്ലസ് വണ്‍ പ്രവേശനം നേടി. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 26,619 പേരും പ്രവേശനം നേടി. മൊത്തത്തില്‍ 4,11,157 വിദ്യാര്‍ത്ഥികള്‍ക്കു പ്ലസ് വണ്‍ പ്രവേശനം നല്‍കി. വൈകി പ്രവേശനം നേടിയവര്‍ക്ക് നഷ്ടമായ പാഠഭാഗങ്ങള്‍ പ്രത്യേകം ക്ലാസുകള്‍ ക്രമീകരിച്ച് നല്‍കുമെന്നു മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ ഹര്‍ജിക്കാരന്‍ നല്കിയ ഇടക്കാല ഹര്‍ജി ലോകായുക്ത തള്ളി. ഹര്‍ജിക്കാരനെ ലോകായുക്ത നിശിതമായി വിമര്‍ശിച്ചു. ഹര്‍ജിയുടെ സാധുത വീണ്ടും പരിശോധിക്കുമെന്ന ലോകായുക്ത നിലപാടിനെതിരെ ഹര്‍ജിക്കാരന്‍ നല്കിയ ഇടക്കാല ഹര്‍ജിയാണ് വിമര്‍ശനത്തിനിടയാക്കിയത്.
◾പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റായി 558.97 കോടി രൂപ തദ്ദേശ സ്വയംഭരണ വകുപ്പ് അനുവദിച്ചു. ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടം, രോഗനിര്‍ണയ സംവിധാനങ്ങള്‍ സജ്ജമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായാണു തുക അനുവദിച്ചത്.
◾ജാമ്യമെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന ഗ്രോ വാസുവിനെ കോടതി വീണ്ടും റിമാന്‍ഡു ചെയ്തു. പോരാട്ടം കോടതിയോടല്ല, ഭരണകൂടത്തോടാണെന്നും ഗ്രോ വാസു പ്രതികരിച്ചു. പിണറായി ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണെന്ന് ജനം വിചാരിക്കുന്നു. എന്നാല്‍ പിണറായിയാണ് ഏറ്റവും വലിയ കോര്‍പ്പറേറ്റെന്ന് ഗ്രോ വാസു കുറ്റപ്പെടുത്തി.
◾കരിമണല്‍ കമ്പനിയില്‍നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ പുതിയ ആക്ഷേപവുമായി മാത്യു കുഴല്‍നാടന്‍. വീണയുടെ ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ തുക ഉള്‍പ്പെടുത്തിയില്ലെന്നാണ് ആരോപണം. വീണയുടെ എക്സാലോജിക്കിന് ഏതെല്ലാം കമ്പനികളുമായി കരാറുണ്ടെന്നും മക്കളുടെ സ്വത്ത് വിവരവും മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തുമോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.
◾കള്ളന്‍മാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി കേരളത്തിലെ 'ഇന്ത്യാ' മുന്നണി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കരിമണല്‍ കമ്പനി സിപിഎം, കോണ്‍ഗ്രസ്, മുസ്ലീം ലീഗ് എന്നിങ്ങനെയുള്ള ഇന്ത്യാ മുന്നണിയിലെ പ്രമുഖ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 96 കോടി രൂപയാണ് നല്‍കിയത്. സുരേന്ദ്രന്‍ പറഞ്ഞു.
◾കണ്ണൂര്‍ മുഴകുന്ന് പൊലീസിന്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ബിജെപി പ്രവര്‍ത്തകനായ വധശ്രമക്കേസ് പ്രതി പിടിയില്‍. പാലപ്പള്ളി സ്വദേശി അനിലാണ് പിടിയിലായത്.
◾മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള പുനര്‍ഗേഹം പദ്ധതിയിലൂടെ ഇതുവരെ 5,534 കുടുംബങ്ങളെ പുനരധിവസിപ്പിച്ചെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. വേലിയേറ്റ മേഖലയില്‍നിന്ന് 50 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും സുരക്ഷിത മേഖലയിലേക്കു പുനരധിവസിപ്പിക്കുന്ന പദ്ധതിയാണിത്. 2,450 കോടി രൂപയാണ് ആകെ അടങ്കല്‍ തുക.
◾ഓണക്കാലത്തെ യാത്രാദുരിതം അവസാനിപ്പക്കാന്‍ കേരളത്തിലേക്കു പ്രത്യേക വിമാന സര്‍വീസ് വേണമെന്ന ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് മറുപടി നല്‍കിയത്.
◾ഇന്നലെ വൈകുന്നേരം ആറരയ്ക്കു പോകേണ്ടിയിരുന്ന ദുബൈ-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പോയത് ഇന്നു വെളുപ്പിന്. സാങ്കേതിക തകരാര്‍ മൂലം വിമാനത്തില്‍ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി
◾കണ്ണൂര്‍ കീഴ്പ്പള്ളി അയ്യന്‍കുന്നില്‍ മൂന്നു സ്ത്രീകള്‍ അടക്കമുള്ള സായുധ മാവോയിസ്റ്റ് സംഘമെത്തി. വിയറ്റ്‌നാം അങ്ങാടിയില്‍ ഇവര്‍ പ്രകടനം നടത്തി. 'ആറളം ഫാം ആദിവാസികള്‍ക്ക്' എന്നെഴുതിയ പോസ്റ്ററും ഇവര്‍ പതിച്ചു. തുടര്‍ന്ന് പൊലീസ് തെരച്ചില്‍ നടത്തി.
◾മദ്യപിച്ചു ലക്കുകെട്ട് ബൈക്ക് ഓടിക്കാന്‍ ശ്രമിച്ച യുവാവിനെ കസ്റ്റഡിയില്‍ എടുക്കാതിരുന്നതിനു മൂന്ന് പൊലീസുകാര്‍ക്കു സസ്പെന്‍ഷന്‍. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ എന്‍ പ്രദീപ്, എം അഫ്‌സല്‍ എന്നിവരേയും സിവില്‍ പൊലീസ് ഓഫീസര്‍ ജോസ് പോളിനെയുമാണ് സസ്പെന്‍ഡു ചെയ്തത്.
◾ഹരിയാനയില്‍ നൂഹിലെ വര്‍ഗീയ കലാപങ്ങളുടെ കേസന്വേഷണത്തിന് ഡിജിപി യുടെ നേതൃത്വത്തില്‍ സമിതി വേണമെന്നു സുപ്രീംകോടതി. കലാപത്തിനു പിറകേ, മുസ്ലീം വിഭാഗത്തെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത ഹിന്ദു മഹാ പഞ്ചായത്തിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങളെ അംഗീകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഹിന്ദു മഹാ പഞ്ചായത്തിന്റെ ബഹിഷ്‌കരണ ആഹ്വാനമെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.
◾മണിപ്പൂരിലെ കലാപം അവസാനിപ്പിക്കന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു താത്പര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സൈന്യത്തിനു രണ്ടു ദിവസംകൊണ്ട് അവസാനിപ്പിക്കാമായിരുന്ന പ്രശ്നമാണ് മൂന്നര മാസമായിട്ടും തുടരുന്നത്. മണിപ്പൂരില്‍ ഇന്ത്യ ഇല്ലാതാകുമ്പോള്‍ നരേന്ദ്ര മോദി പാര്‍ലമെന്റില്‍ ഇരുന്ന് തമാശ പറഞ്ഞും പരിഹസിച്ചും ഊറിച്ചിരിക്കുകയായിരുന്നെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ മാനസിക നില തെറ്റിയെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാതെയാണ് രാഹുല്‍ പ്രതികരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾പ്രതിപക്ഷ സഖ്യം 'ഇന്ത്യ' എന്ന പേര് ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രശസ്തിക്കുവേണ്ടിയുള്ള ഹര്‍ജിയാണെന്നും തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാവുന്നതാണെന്നുമാണു കോടതി ചൂണ്ടിക്കാണിച്ചത്.
◾അടുത്ത വര്‍ഷം ശിവരാത്രിക്കു ശേഷം രാജ്യത്തു ഭരണമാറ്റം ഉണ്ടാകുമെന്നും വനിത പ്രധാനമന്ത്രിയാകുമെന്നും പ്രവചനവുമായി ജ്യോതിഷി. ഒരു കക്ഷിക്കും ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടില്ലെന്ന് കര്‍ണാടകയിലെ തുമക്കൂരു തിപ്തൂര്‍ നൊവനിയക്കരെ ശനി ക്ഷേത്രത്തിലെ ഡോ. യശ്വന്ത് ഗുരുജി പ്രവചിച്ചു. കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഇദ്ദേഹം പ്രവചിച്ചിരുന്നു.
◾കര്‍ണാടക തലപ്പാടിയില്‍ പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങളുടെ പിന്തുണയോടെ എസ്ഡിപിഐ അംഗം പഞ്ചായത്ത് പ്രസിഡന്റായി. ടി ഇസ്മായിലാണ് പഞ്ചായത്ത് പ്രസിഡന്റായത്. ബിജെപി അംഗം പുഷ്പവതി ഷെട്ടിയെ വൈസ് പ്രസിഡന്റായും ഐക്യകണ്‌ഠ്യേനെ തെരഞ്ഞെടുത്തു.
◾ദലിത് യുവാവിനെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഷൂ നക്കിച്ച സംഭവത്തില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസ്. കോണ്‍ഗ്രസ് എംഎല്‍എ ഗോപാല്‍ മീണയ്ക്കും അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
◾നൈജറില്‍ കലാപം ശക്തമായി. ഇന്ത്യക്കാര്‍ എത്രയും വേഗം സ്വദേശത്തേക്കു മടങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയം. വിമാനത്താവളങ്ങളും വ്യോമപാതകളും അടച്ചതിനാല്‍ റോഡ്, ട്രെയിന്‍ മാര്‍ഗം മാത്രമേ യാത്ര ചെയ്യാനാകൂ.
◾ചൈനീസ് നാവികസേന കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത്. നിരീക്ഷണ കപ്പലാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കൊളംബോയില്‍ എത്തിയത്. ഇന്ത്യയുടെ എതിര്‍പ്പ് തള്ളിയാണ് കപ്പലിനു ശ്രീലങ്ക അനുമതി നല്‍കിയത്.
◾അമേരിക്കയിലെ ഹവായിയിലെ കാട്ടൂതീ ദുരന്തത്തില്‍ ആയിരത്തിലധികം പേരെ കാണാതായി. ആയിരത്തോളം കെട്ടിടങ്ങളാണു കത്തി നശിച്ചത്. മരിച്ചവരുടെ എണ്ണം 56 ആയി. മരണ സംഖ്യ ഇനിയും ഉയരും.
◾ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയുടെ സെമി ഫൈനലില്‍ ജപ്പാനെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന മറ്റൊരു സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊറിയയെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് തോല്‍പിച്ച മലേഷ്യയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. നാളെ രാത്രി 8.30 നാണ് മലേഷ്യയ്‌ക്കെതിരായ ഇന്ത്യയുടെ ഫൈനല്‍.
◾കല്യാണ്‍ ജൂവലേഴ്‌സ് 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 4376 കോടി രൂപയുടെ വിറ്റുവരവ് നേടി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ വിറ്റുവരവ് 3333 കോടി രൂപയായിരുന്നു. ഈ വര്‍ഷം ആദ്യ പാദം ലാഭം 144 കോടി രൂപയായപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 108 കോടി രൂപ ആയിരുന്നു. ഒന്നാം പാദത്തില്‍ കമ്പനിയുടെ ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 3641 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ കഴിഞ്ഞവര്‍ഷം ഇതേ പാദത്തില്‍ അത് 2719 കോടി ആയിരുന്നു. 34 ശതമാനം വളര്‍ച്ച. ഈ വര്‍ഷം ഒന്നാം പാദത്തില്‍ ഇന്ത്യയില്‍നിന്നുള്ള ആകമാന ലാഭം മുന്‍ വര്‍ഷത്തെ 95 കോടിയില്‍നിന്ന് 129 കോടി രൂപയായി ഉയര്‍ന്നു. ഗള്‍ഫ് മേഖലയില്‍ ഒന്നാം പാദത്തില്‍ കമ്പനിയുടെ വിറ്റുവരവ് 700 കോടി രൂപ ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം അത് 574 കോടി രൂപ ആയിരുന്നു. ഒന്നാം പാദത്തില്‍ ഗള്‍ഫ് മേഖലയില്‍ 17 കോടി രൂപ ലാഭം രേഖപ്പെടുത്തിയപ്പോള്‍, കഴിഞ്ഞ വര്‍ഷം ഒന്നാം പാദത്തില്‍ അത് 14 കോടി രൂപ ആയിരുന്നു. കമ്പനിയുടെ ഇ കോമേഴ്‌സ് വിഭാഗമായ കാന്‍ഡിയര്‍ ഒന്നാം പാദത്തില്‍ 34 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഒന്നാം പാദത്തില്‍ 44 കോടി രൂപ ആയിരുന്നു. ഒന്നാം പാദത്തില്‍ 2.2 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1.2 കോടി രൂപ നഷ്ടത്തില്‍ ആയിരുന്നു.
◾നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വ്വഹിച്ച 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' എന്ന ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തിറക്കി. ചിരികളാല്‍ സമ്പന്നമായ ഒരു കൊളളയുടെയും നല്ലവനായ കൊള്ളക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്. ഫാമിലി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും ഇത്. ടീസറില്‍ തന്നെ രസകരവും സ്റ്റൈലിഷുമായ രംഗങ്ങള്‍ ഏറെയുണ്ട്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
◾തെന്നിന്ത്യന്‍ താരം വിനയ്റോയ് വീണ്ടും മലയാളത്തില്‍. ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം 'ഐഡന്റിറ്റി'യിലാണ് വിനയ് എത്തുന്നത്. മമ്മൂട്ടി ബി.ഉണ്ണികൃഷ്ണന്‍ ചിത്രമായ ക്രിസ്റ്റഫറിലൂടെ മലയാളത്തില്‍ വിനയ്റോയ് അരങ്ങേറ്റം കുറിച്ചിരുന്നു. നാലു ഭാഷകളിലായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ഐഡന്റിറ്റി പ്രഖ്യാപന വേള മുതല്‍ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2020 പുറത്തിറങ്ങിയ ഫോറന്‍സിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസ് അഖില്‍ പോള്‍ അനസ് ഖാന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡന്റിറ്റി. തൃഷയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ചിത്രം കൂടിയാണ് ഐഡന്റിറ്റി. അമ്പതു കോടിക്ക് മുകളില്‍ ബഡ്ജറ്റ് വരുന്ന ചിത്രം ടോവിനോയുടെ കരിയറിലെ വലിയ ചിത്രങ്ങളിലൊന്നാണ്. സെപ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
◾ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി പുതിയ ക്യു8 ഇ-ട്രോണും ക്യു 8 സ്‌പോര്‍ട്ട്ബാക്ക് ഇ-ട്രോണും ഓഗസ്റ്റ് 18-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ലോഞ്ചിന് മുന്നോടിയായി, ഔഡി ഇന്ത്യ ക്യു8 ഇ-ട്രോണ്‍ മോഡലുകള്‍ക്കുള്ള പ്രീ-ഓര്‍ഡറുകള്‍ സ്വീകരിച്ചുതുടങ്ങി. അഞ്ച് ലക്ഷം രൂപയാണ് ടോക്കണ്‍ തുക. അടിസ്ഥാനപരമായി ഇ-ട്രോണിന്റെ പുതുക്കിയ പതിപ്പാണ് ഓഡി ക്യു8 ഇ-ട്രോണ്‍. ഒരു എസ്യുവി, സ്‌പോര്‍ട്ട്ബാക്ക് കൂപ്പെ എസ്യുവി എന്നിങ്ങനെ രണ്ട് ബോഡി ശൈലികളില്‍ ഇത് ലഭ്യമാണ്. ക്യു8 ഇ-ട്രോണ്‍ 50, ക്യു8 ഇ-ട്രോണ്‍ 55 എന്നീ രണ്ട് പതിപ്പുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ക്യു8 ഇ-ട്രോണ്‍ 55 രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ക്കൊപ്പം 114കിലോവാട്ട്അവര്‍ ബാറ്ററി പാക്കിലും ലഭ്യമാണ്. ഡ്യുവല്‍ മോട്ടോര്‍ സജ്ജീകരണത്തിന് 408 ബിഎച്ച്പിയും 664 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. വെറും 5.6 സെക്കന്‍ഡില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു. ഡ്യുവല്‍ മോട്ടോര്‍, ഓള്‍ വീല്‍ ഡ്രൈവ് സജ്ജീകരണവും ക്യു8 ഇ-ട്രോണ്‍ 50 ന്റെ സവിശേഷതയാണ്. 89കിലോവാട്ട്അവര്‍ ബാറ്ററി പാക്കും ഡ്യുവല്‍ മോട്ടോര്‍ സെറ്റപ്പും ഇതിലുണ്ട്. ഈ പവര്‍ട്രെയിന്‍ 339ബിഎച്ച്പിയും 664എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.
◾പ്രപഞ്ചത്തെയും പ്രപഞ്ചത്തിലെ ചില പ്രതിഭാസങ്ങളെയും വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. അത്ഭുതങ്ങള്‍ നിറഞ്ഞ പ്രപഞ്ചത്തെക്കുറിച്ച് വായിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമില്ലല്ലോ. അതിനാല്‍ത്തന്നെ ഏവര്‍ക്കും മനസ്സിലാകുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. പ്രപഞ്ചം തുടങ്ങിയതെങ്ങനെ എന്നതില്‍നിന്നും ഈ പുസ്തകവും ആരംഭിക്കുന്നു. നമുക്കിനിയും മനസ്സിലാക്കാന്‍ പറ്റാത്ത അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി? അല്ലെങ്കില്‍ എവിടെനിന്ന് വന്നു എന്നൊക്കെ പഠനങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. ഒന്ന് കണ്ടെത്തുമ്പോള്‍ മറ്റൊരു പ്രശ്‌നം നമുക്കു മുന്നില്‍ വരും. അങ്ങനെ അനേകായിരം ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇനിയും നാം കണ്ടെത്തേണ്ടിയിരിക്കുന്നു. പ്രപഞ്ചത്തില്‍ ഇതുവരെ നാം കണ്ടെത്തി മുന്നേറിയ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഇതില്‍. 'പ്രപഞ്ചരഹസ്യങ്ങള്‍ തേടി'. ഡോ. മീനു വേണുഗോപാല്‍. ഡിസി ബുക്സ്. വില 360 രൂപ.
◾എല്ലാവര്‍ക്കും ചിലപ്പോളൊക്കെ ഉറക്കത്തിന് ചില പ്രശ്നങ്ങളൊക്കെ ഉണ്ടാകാറുണ്ട്. ഇത് കുറച്ചു നാളുകള്‍ക്കുശേഷം കുറയുകയോ ശമിക്കുകയോ ചെയ്യും. ഏതാനും ആഴ്ചകള്‍, മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കു ഉറക്കപ്രശ്നങ്ങള്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും.
ദീര്‍ഘനാള്‍ തുടരുന്ന ഉറക്കം സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ ക്ഷീണം ഇടയ്ക്കിടെ മാനസികാവസ്ഥയില്‍ മാറ്റം വരുക, ഏകാഗ്രത കുറയുക തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം. ഇവ നിങ്ങളുടെ പഠനം, ജോലിചെയ്യല്‍, ഡ്രൈവിംഗ്, വീട്ടിലെ നിത്യപ്രവര്‍ത്തികള്‍ നിര്‍വഹിക്കല്‍ തുടങ്ങിയ ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ശേഷിയെ ബാധിക്കാന്‍ തുടങ്ങിയേക്കും. ഇവയ്ക്ക് നിങ്ങളുടെ ബന്ധങ്ങളേയും സാമൂഹ്യ ജീവിതത്തേയും പ്രതികൂലമായി ബാധിക്കാനും കഴിയും. ഉറക്കത്തകരാറിന്റെ ചില പൊതു ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. പകല്‍ സമയത്ത് ഉറക്കം തൂങ്ങലും അസ്വസ്ഥതയും അനുഭവപ്പെടുക, ദൈനംദിന കര്‍ത്തവ്യങ്ങളില്‍ ശ്രദ്ധയൂന്നാന്‍ കഴിയാതെ വരുക, വാഹനമോടിക്കുമ്പോഴോ അല്ലെങ്കില്‍ ഇരിക്കുമ്പോഴോ ഉണര്‍ന്നിരിക്കാന്‍ പ്രയാസം അനുഭവപ്പെടുക, പകല്‍ മുഴുവന്‍ ക്ഷീണവും ഉദാസീനതയും അനുഭവപ്പെടുക, ദിവസം മുഴുവന്‍ ധാരാളം ഉത്തേജക പാനീയങ്ങള്‍ വേണമെന്ന് തോന്നുക. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നു എങ്കില്‍ ഒരു ഡോക്ടറെ കണ്ട് നിര്‍ദേശം സ്വീകരിക്കുക.
*ശുഭദിനം*
*കവിത കണ്ണന്‍*
തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കാണണമെന്ന് എല്ലാരും ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അയാളും തന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണിച്ചുതരണമെന്ന് ദൈവത്തോട് പറഞ്ഞു. ഒരിക്കല്‍ പ്രാര്‍ത്ഥനയ്ക്കിടെ അയാള്‍ ഒരു അശരീരി കേട്ടു. പിറ്റേദിവസം തന്റെ പ്രശ്‌നങ്ങള്‍ അടങ്ങിയ ബാഗുമായി അടുത്തുള്ള ദേവാലയത്തില്‍ വരിക.. അയാള്‍ അടുത്തദിവസം തന്റെ പ്രശ്‌നങ്ങള്‍ നിറച്ച ബാഗുമായി ദേവാലയത്തില്‍ എത്തി. അവിടെയെത്തിയപ്പോള്‍ തന്നേക്കാള്‍ വലിയ ബാഗുകളുമായി ധാരാളം ആളുകള്‍ നില്‍ക്കുന്നു. അവര്‍ ദേവാലയത്തിനകത്ത് ബാഗുകള്‍ നിരത്തിവെച്ചു. അപ്പോള്‍ വീണ്ടും ഒരു അശരീരി കേട്ടു. ഈ ബാഗില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ബാഗെടുത്ത് വീട്ടിലേക്ക് പോകാം. ഇത് കേട്ടതോടെ എല്ലാവരും അവരവരുടെ ബാഗ് തന്നെയെടുത്ത് വീട്ടിലേക്ക് തിരിച്ചുപോയി വീട്ടില്‍ ചെന്ന് അയാള്‍ ആലോചിച്ചു. ഇത്ര നാള്‍ വിചാരിച്ചത് തന്റെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരേക്കാള്‍ കൂടുതലാണ് എന്നതായിരുന്നു. ബാഗ് മാറ്റിയെടുക്കാന്‍ പറഞ്ഞപ്പോഴാണ് ചിന്തിച്ചത്, മറ്റുളളവരുടെ ബാഗില്‍ ചിലപ്പോള്‍ തന്നേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ ആണെങ്കിലോ എന്ന്. നമ്മള്‍ പലരും ഇങ്ങനെ ആണ്. സ്വന്തം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതാണ് ഏറ്റവും വലിയ പ്രശ്‌നം എന്ന് നമ്മള്‍ വിചാരിക്കും. എന്നാല്‍ അതിനും എത്രയോ വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നവരായിരിക്കും മറ്റുളളവര്‍ എന്ന് തിരിച്ചറിയുന്നത് ആ പ്രശ്‌നങ്ങളിലേക്ക് നമ്മള്‍ ഇറങ്ങിച്ചെല്ലുമ്പോഴായിരിക്കും. അതിനാല്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് പരിഹരിച്ച് മുന്നോട്ട് പോകാന്‍ നമുക്ക് ശ്രമിക്കാം. - ശുഭദിനം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍