◾ഡല്‍ഹിയില്‍ നാളെ നടക്കുന്ന എഴുപത്തേഴാം സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കിടയിലേക്കു മണിപ്പൂരികള്‍ പ്രതിഷേധവുമായി വരുന്നതു തടയാന്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍. കുക്കി വിഭാഗക്കാരും മെയ്തെയ് വിഭാഗക്കാരും പ്രതിഷേധവുമായി എത്തിയേക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യ - പാക്കിസ്ഥാന്‍ വിഭജനത്തിന്റെ മുറിവുകളുടെ ഓര്‍മദിനമായി ആചരിക്കണമെന്നാണു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. പൊലീസ് മെഡലുകളും, സേനാ മെഡലുകളും ഇന്നു പ്രഖ്യാപിക്കും.
◾മണിപ്പൂരില്‍ മനുഷ്യനെ രണ്ടായി വലിച്ചു കീറുന്നതിനു തുല്യമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എംപി. വിദ്വേഷ, വിഭജന ഭരണക്കാര്‍ സംസ്ഥാനത്തെ രണ്ടായി പിളര്‍ത്തി. നൂറുകണക്കിനു ബലാത്സംഗം, പീഡനം, കൊലപാതകം എന്നിവയാണ് മണിപ്പൂരില്‍ നടന്നത്. 6,500 ലേറെ കേസുകളുണ്ട്. യഥാര്‍ത്ഥ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുക്കുന്നില്ല. മണിപ്പൂരിലെ മുറിവുകള്‍ ഉണങ്ങാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും രാഹുല്‍ പറഞ്ഞു.
◾എന്‍ഫോഴ്സ്മെന്റ് കേസില്‍ ജയിലിലുള്ള തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാറിനെ കൊച്ചിയില്‍ എന്‍ഫോഴ്സ്മെന്റ് പിടികൂടി. അനധികൃത സ്വത്തു സമ്പാദന കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് നാലു തവണ നോട്ടിസ് നല്‍കിയിട്ടും അശോക് കുമാര്‍ ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം അശോക് കുമാറിന്റെ ഭാര്യ നിര്‍മ്മലയുടെ വീടും ഭൂമിയും എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു.
◾പ്രസവ ശസ്ത്രക്രിയക്കിടെ വയറില്‍ കത്രിക കുടുങ്ങിയ കോഴിക്കോട് അടിവാരം സ്വദേശിനി കെ കെ ഹര്‍ഷിന വയനാട്ടിലെത്തി രാഹുല്‍ ഗാന്ധി എംപിയെ കണ്ട് പരാതിപ്പെട്ടു. ഹര്‍ഷിനയുടെ പരാതിയില്‍ മുഖ്യമന്ത്രിയോടു നടപടി ആവശ്യപ്പെടുമെന്ന് രാഹുല്‍ഗാന്ധിയുടെ ഓഫീസ് അറിയിച്ചു. നീതി നടപ്പാക്കണമെന്നു സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇപ്പോഴെങ്കിലും ചെയ്യാമായിരുന്നു. എത്രകാലം തെരുവില്‍ നിന്നാലാണ് നീതി ലഭിക്കുകയെന്നും ഹര്‍ഷിന ചോദിച്ചു.
◾ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം മറന്നുവച്ച സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ പൊലീസ് ഇന്ന് അപ്പീല്‍ നല്‍കും. സംസ്ഥാന തല അപ്പീല്‍ കമ്മറ്റിക്കാണ് അപ്പീല്‍ സമര്‍പ്പിക്കുക.
◾ഗ്രോ വാസുവിനെ ജയിലില്‍നിന്നു കോടതിയിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോടു സംസാരിക്കാന്‍ അവസരം നല്‍കിയതു സുരക്ഷാ വീഴ്ചയാണെന്നു റിപ്പോര്‍ട്ടുണ്ടാക്കി പൊലീസുകാരോട് വിശദീകരണം തേടി. മുഖ്യമന്ത്രിക്കെതിരേ പ്രതികരിക്കാന്‍ അവസരം നല്‍കിയതാണു ആഭ്യന്തര വകുപ്പിനെ ചൊടിപ്പിച്ചത്.
◾പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസിനുവേണ്ടി പ്രചാരണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 24 നു പുതുപ്പള്ളിയിലും അയര്‍കുന്നത്തും എത്തും. സെപ്റ്റംബര്‍ ആദ്യവാരത്തിലും മുഖ്യമന്ത്രി വീണ്ടും പ്രസംഗിക്കാന്‍ എത്തും.
◾പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് വിജയാശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചാണ്ടി ഉമ്മനെ ഫോണില്‍ വിളിച്ചാണ് രാഹുല്‍ ഗാന്ധി ആശംസകള്‍ അറിയിച്ചത്. ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രവര്‍ത്തനങ്ങളും രാഹുല്‍ വിലയിരുത്തി.
◾വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആരംഭിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ വിയറ്റ്ജെറ്റ് ആണ് ഹോ-ചി- മിന്‍ സിറ്റിയിലേക്ക് സര്‍വീസ് നടത്തുക.
◾കണ്ണൂരില്‍ നേത്രാവതി, ചെന്നൈ എക്സ്പ്രസുകള്‍ക്കു നേരെ കല്ലേറ്. രണ്ട് ട്രെയിനിന്റെയും ഗ്ലാസുകള്‍ പൊട്ടി. മദ്യപ സംഘമാണ് കല്ലെറിഞ്ഞത്. മൂന്നു പേരെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ഇടുക്കി കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിര്‍ത്തി ഇട്ടിരുന്ന കാറിനു മുകളിലേക്ക പാറയും മണ്ണും ഇടിഞ്ഞു വീണു. കാറിലുണ്ടായിരുന്ന ഉപ്പുതറ സ്വദേശി സോമിനി എന്ന സൗദാമിനി (67) മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
◾കണ്ണൂര്‍ അത്താഴക്കുന്നിലെ ക്ലബില്‍ മദ്യപിക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ എത്തിയ ടൗണ്‍ എസ് ഐയെയും പൊലീസുകാരെയും ക്ലബ്ബില്‍ പൂട്ടിയിട്ട് മര്‍ദിച്ചു. മര്‍ദ്ദനത്തില്‍ എസ്ഐ സിഎച്ച് നസീബിനും സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനും പരിക്കേറ്റു. അന്‍വര്‍, അഭയ്, അഖിലേഷ് എന്നീ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.
◾കുടുംബവഴക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു. കാഞ്ഞിരംകുളം സ്വദേശി സാം ജെ വല്‍സലനാണ് മരിച്ചത്. പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
◾തിരുവനന്തപുരം കല്ലമ്പലത്ത് കുളത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ചിറ്റാഴിക്കോട് കോലകത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ രാജു കൊല്ലപ്പെട്ട കേസില്‍ ഒന്നിച്ചിരുന്ന മദ്യപിച്ച സുഹൃത്ത് മാവിന്‍മൂട് തലവിള വീട്ടില്‍ സുനില്‍ എന്ന 41 കാരനെ പോലീസ് അറസ്റ്റു ചെയ്തു.
◾ബഹറിനില്‍ മലയാളി വിദ്യാര്‍ത്ഥി ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന്‍ അഹമ്മദ് (15) ആണ് മരിച്ചത്.
◾വയനാട് ജില്ലയിലെ ബേഗൂരില്‍ കാട്ടില്‍ ആടിനെ മേയ്ക്കാന്‍ പോയ വയോധികന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബേഗൂര്‍ കോളനിയിലെ സോമന്‍ (60) ആണ് മരിച്ചത്.
◾കണ്ണൂര്‍ മൊകേരി ചാടാലപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചുണ്ടങ്ങാപ്പൊയില്‍ സ്വദേശി മുഹമ്മദ് താഹ (13) ആണ് മരിച്ചത്. ചുണ്ടങ്ങപൊയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
◾കൂറ്റനാട് വല്യമ്മയുടെ വീട്ടിലെത്തിയ ഏഴു വയസുകാരന്‍ കുളത്തില്‍ വീണു മരിച്ചു. ഷൊര്‍ണൂര്‍ ചുടുവാലത്തൂര്‍ ഹമീദിന്റെ മകന്‍ അഹമ്മദ് അക്രം ആണു മരിച്ചത്.
◾നീറ്റ് പരീക്ഷക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാട് പരിഹാസ്യമാണെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യന്‍. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും ഗവര്‍ണര്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
◾മഹാരാഷ്ട്രയിലെ താനെയില്‍ മുനിസിപ്പല്‍ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം. രണ്ടു ദിവസത്തിനിടെ 18 രോഗികളാണ് ആശുപത്രിയില്‍ മരിച്ചത്. സംഭവത്തില്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. മഹാരാഷ്ട്ര സര്‍ക്കാരും അന്വേഷണത്തിന് ഉന്നത തല സമിതിയെ നിയോഗിച്ചു.
◾ഡോക്ടറുടെ നേതൃത്വത്തില്‍ ആശുപത്രിയിലെ നേഴ്സിനെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി. ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ നേഴ്സിംഗ് ഹോമിലാണ് സംഭവം. ഒളിവിലുള്ള ഡോ. ജയപ്രകാശ് ദാസിനും അഞ്ചു പേര്‍ക്കുമെതിരേ കേസെടുത്തു. നേഴ്സിംഗ് ഹോം അടച്ചുപൂട്ടി.
◾അമേരിക്കയിലെ ഹവായ് ദ്വീപിലെ മൗവിയില്‍ ഉണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 93 ആയി. 550 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നാണു കണക്കാക്കുന്നത്. മരണ സംഖ്യ ഇനിയും ഉയരും.
◾അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ മുന്‍കാമുകിക്ക് 1982 ല്‍ എഴുതിയ പ്രണയലേഖനങ്ങള്‍ പുറത്ത്. ജീവചരിത്രകാരനായ ഡേവിഡ് ഗാരോ നല്‍കിയ അഭിമുഖത്തില്‍ മൂന്നു മുന്‍ കാമുകിമാരില്‍നിന്ന് ഒബാമ അയച്ച പ്രണയലേഖനങ്ങള്‍ ലഭിച്ചെന്ന് അവകാശപ്പെട്ടിരുന്നു. സ്വവര്‍ഗ ലൈംഗികത ഇഷ്ടമാണെന്നു വിവരിക്കുന്ന കത്തു പുറത്തായതാണ് ഇപ്പോള്‍ വിവാദമായത്.
◾വെസ്റ്റിന്‍ഡീസില്‍ ഇന്ത്യന്‍ ട്വന്റി20 ക്രിക്കറ്റ് ടീമിന് പരമ്പര നഷ്ടം. അഞ്ചുമത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. അഞ്ചാമത്തെ മത്സരത്തില്‍ ഇന്ത്യയെ എട്ടുവിക്കറ്റിന് തകര്‍ത്താണ് വിന്‍ഡീസ് 3-2 ന് പരമ്പര നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് 18 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 55 ബോളില്‍ 85 റണ്‍സെടുത്ത ബ്രാന്‍ഡണ്‍ കിംഗാണ് വെസ്റ്റിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യന്‍ മധ്യനിര തകര്‍ത്ത് 4 വിക്കറ്റെടുത്ത റൊമാരിയോ ഷെപ്പേര്‍ഡാണ് കളിയിലെ താരം. നേരത്തെ 45 ബോളില്‍ 61 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ 165 ല്‍ എത്തിച്ചത്. നിക്കോളാസ് പൂരനാണ് ടൂര്‍ണമെന്റിന്റെ താരം.
◾സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് അല്‍ നസ്റിന്. അല്‍ ഹിലാലിനെതിരായ ഫൈനലില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് അല്‍ നസര്‍് കിരീടത്തില്‍ മുത്തമിട്ടത്. ഈ രണ്ട് ഗോളുകളും ടീമിനായി നേടിക്കൊണ്ട് നായകന്‍ റൊണാള്‍ഡോ അത്ഭുതപ്രകടനം പുറത്തെടുത്തു.
◾മണപ്പുറം ഫിനാന്‍സ് 2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 498 കോടി രൂപ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 281.9 കോടി രൂപയില്‍ നിന്ന് 76.7 ശതമാനം വര്‍ദ്ധനയോടെ എക്കാലത്തെയും ഉയര്‍ന്ന നേട്ടമാണിത്. സംയോജിത ആസ്തി മൂല്യം 20.6 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 37,086.3 കോടി രൂപയിലെത്തി. തൊട്ടുമുമ്പത്തെ പാദത്തെ അപേക്ഷിച്ച് 4.6 ശതമാനമാണ് വര്‍ദ്ധന. സബ്‌സിഡിയറികള്‍ ഉള്‍പ്പെടാതെ ഉള്ള കമ്പനിയുടെ അറ്റാദായം 380.9 കോടി രൂപയാണ്. സംയോജിത പ്രവര്‍ത്തന വരുമാനം 34.9 ശതമാനം വര്‍ദ്ധിച്ച് 2026.3 കോടി രൂപയിലുമെത്തി. സ്വര്‍ണവായ്പാ പോര്‍ട്ട്‌ഫോളിയോ കഴിഞ്ഞ വര്‍ഷം ആദ്യപാദത്തെയപേക്ഷിച്ച് 0.6 ശതമാനം വര്‍ദ്ധിച്ച് 20,603 കോടി രൂപയായി. മണപ്പുറത്തിനു കീഴിലുള്ള ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡ് ആസ്തി മൂല്യത്തില്‍ 44.6 ശതമാനം വളര്‍ച്ചയോടെ 10,140.6 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 7,012.5 കോടി രൂപയായിരുന്നു. ഭവനവായ്പാ സബ്‌സിഡിയറിയായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡും സ്ഥിരതയുള്ള ആസ്തി വര്‍ധന നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37.5 ശതമാനം വര്‍ദ്ധനയോടെ ആസ്തി മൂല്യം 1,202.6 കോടി രൂപയിലെത്തി. വാഹനഉപകരണ വായ്പാ വിഭാഗത്തിന്റെ ആസ്തി 59.8 ശതമാനം വര്‍ദ്ധിച്ച് 2,804.9 കോടി രൂപയിലുമെത്തി. മൊത്ത നിഷ്‌ക്രിയ ആസ്തി 1.4 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 1.2 ശതമാനവുമാണ്. 2023 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ സംയോജിത അറ്റ മൂല്യം 10,078.7 കോടി രൂപയാണ്.
◾ലോക സിനിമയിലെ തന്നെ ഏറ്റവും മനോഹരമായ പ്രണയ കാവ്യമാണ് ടൈറ്റാനിക്. ജയിംസ് കാമറൂണ്‍ ഒരുക്കിയ ചിത്രത്തില്‍ ജാക്കും റോസുമായി കേറ്റ് വിന്‍സ്ലെറ്റിനും ലിയൊനാര്‍ഡോ ഡി കാപ്രിയോയുമാണ് എത്തിയത്. ചിത്രത്തില്‍ നായിക കേറ്റ് ധരിച്ച വസ്ത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. താരം ധരിച്ച ഒരു ഓവര്‍കോട്ട് ഇപ്പോള്‍ ലേലത്തിന് എത്തിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 13ന് ഓണ്‍ലൈനായി വസ്ത്രം ലേലം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. 'ഗോള്‍ഡിന്‍' എന്ന ഓക്ഷന്‍ ഹൗസാണ് ലേലത്തിന് പിന്നില്‍. 34,000 ഡോളറാണ് (2,820,553 രൂപ) നിലവിലെ ലേലത്തുക. കറുത്ത എംബ്രോയ്ഡറിയോട് കൂടിയ പിങ്ക് ഓവര്‍കോട്ടാണ് ലേലത്തിന് വച്ചത്. ഡെബോറ ലിന്‍ സ്‌കോട്ടാണ് വസ്ത്രം രൂപകല്‍പ്പന ചെയ്തത്. ടൈറ്റാനിക്കിലെ വസ്ത്രങ്ങള്‍ക്ക് ലിന്‍ സ്‌കോട്ടിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡും ലഭിച്ചിരുന്നു. സിനിമയില്‍ ബോട്ട് മുങ്ങുന്ന സമയത്ത് ജാക്കിനെ രക്ഷിക്കാനായി റോസ് എത്തുന്ന ഭാഗത്താണ് ഈ കോട്ട് ധരിച്ചത്. കൈകള്‍ ബന്ധിപ്പിച്ച ജാക്കിനെ രക്ഷിക്കാന്‍ വെള്ളത്തിലൂടെ പോകുന്നതിനിടെ പല ഭാഗങ്ങളിലും കറ പറ്റിയിരുന്നു. ആ കറ ഉള്‍പ്പെടെയാണ് വസ്ത്രം ലേലത്തിന് വച്ചിരിക്കുന്നത്. ഏതാണ്ട് ഒരുലക്ഷം ഡോളറിന് മുകളില്‍ ലേലത്തുക എത്തുമെന്നാണ് ലേലം നടത്തുന്ന കമ്പനിയുടെ വിശ്വാസം.
◾തെന്നിന്ത്യയില്‍ 'ജയിലര്‍' തരംഗം തീര്‍ക്കുമ്പോള്‍ ബോളിവുഡില്‍ ഹിറ്റ് ആയിക്കൊണ്ടിരിക്കുകയാണ് സണ്ണി ഡിയോളിന്റെ 'ഗദാര്‍ 2'. 2001ല്‍ പുറത്തെത്തി അതിഗംഭീര വിജയം നേടിയ 'ഗദര്‍: ഏക് പ്രേം കഥ'യുടെ രണ്ടാം ഭാഗമാണ് ഇത്. ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് റിലീസ് ദിനത്തില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. വെള്ളിയാഴ്ച കളക്ഷന്‍ 40.10 കോടി ആയിരുന്നെങ്കില്‍ ശനിയാഴ്ച 43.08 കോടിയായി. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് 83.18 കോടി. ഇന്ത്യയില്‍ നിന്ന് മാത്രം നേടിയ ബോക്‌സോഫീസ് കണക്കുകളാണ് ഇത്. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് പുതിയ ചിത്രത്തിലും കേന്ദ്ര കഥാപാത്രങ്ങള്‍. ഏക് പ്രേം കഥ ഒരുക്കിയ അനില്‍ ശര്‍മ്മ തന്നെയാണ് സംവിധാനം. ബോളിവുഡ് ചിത്രങ്ങളുടെ ഇപ്പോഴത്തെ ബോക്‌സ് ഓഫീസ് ശരാശരി നോക്കിയാല്‍ മികച്ച കളക്ഷനാണ് ഇത്. അതേസമയം, ഓഗസ്റ്റ് 10ന് ആണ് ജയിലര്‍ റിലീസ് ചെയ്തത്. ചിത്രം 200 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. വിനായകന്‍ ആണ് ചിത്രത്തില്‍ വില്ലനായി എത്തിയത്. മോഹന്‍ലാലിന്റെയും ശിവരാജ് കുമാറിന്റെ കാമിയോ റോളുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
◾ബിഎംഡബ്ല്യുവിന്റെ അത്യാഡംബര ഇലക്ട്രിക് സെഡാന്‍ സ്വന്തമാക്കി ബൊളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. എക്സ്ഷോറൂം വില ഏകദേശം 2 കോടി രൂപ വരുന്ന ഐ 7 സെഡാനാണ് ജാക്വിലിന്റെ പുതിയ വാഹനം. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ ഇലക്ട്രിക് സെഡാനാണ് ഐ7. സെവന്‍ സീരിന് സമാനമായ ഇലക്ട്രിക് എസ്യുവി ഐ 7ല്‍ നിരവധി ആഡംബര ഫീച്ചറുകളുണ്ട്. 14.9 ഇഞ്ച് ഇന്‍ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയുണ്ട്. കൂടാതെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി റൂഫില്‍ 31.3 ഇഞ്ച് 8കെ ഫോള്‍ഡബിള്‍ ഡിസ്പ്ലെയുമുണ്ട്. ഒറ്റ ചാര്‍ജില്‍ 625 കിലോമീറ്റര്‍ വരെ സഞ്ചാര ദൂരം നല്‍കുന്ന 101.7 കിലോവാട്ട്അവര്‍ ബാറ്ററിയാണ് വാഹനത്തില്‍. 544 എച്ച്പി കരുത്തും 745 എന്‍എം ടോര്‍ക്കുമുള്ള ഇലക്ട്രിക് മോട്ടറാണ് കാറില്‍ ഉപയോഗിക്കുന്നത്. പത്തു മുതല്‍ 80 ശതമാനം വരെ 34 മിനിറ്റില്‍ ചാര്‍ജാകും എന്നത് ഐ 7ന്റെ മറ്റൊരു പ്രത്യേകതയാണ്.
◾മൗലാന അബുള്‍ കലാം ആസാദിന്റെ വീക്ഷണകോണില്‍നിന്ന് 1935-1947 കാലഘട്ടത്തില്‍ നടന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ വിശദീകരണം നല്‍കുന്ന ഒരു ആത്മകഥാപരമായ വിവരണമാണ് 'ഇന്ത്യ വിന്‍സ് ഫ്രീഡം.' ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇന്ത്യന്‍ ചരിത്രത്തിലെ അറിയപ്പെടാത്ത രാഷ്ട്രീയതന്ത്രങ്ങളെക്കുറിച്ചും വിശദീകരിക്കുക മാത്രമല്ല, രാഷ്ട്രീയ കാപട്യത്തെക്കുറിച്ച് തുറന്ന് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. ഇന്ത്യ-പാകിസ്ഥാന്‍ വിഭജനത്തിന് മതത്തേക്കാള്‍ രാഷ്ട്രീയമാണ് ഉത്തരവാദിയെന്ന് അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യം നേടിയപ്പോള്‍ അതിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. നെഹ്റു, ഗാന്ധി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ സമകാലികരെക്കുറിച്ചും അക്കാലത്തെ അവരുടെ മാനസികാവസ്ഥയെക്കുറിച്ചും ആസാദ് സംസാരിക്കുന്നു. 'ഇന്ത്യ സ്വതന്ത്രമാകുന്നു'. രണ്ടാം പതിപ്പ്. മൗലാന അബ്ദുള്‍ കാലം ആസാദ്. വിവര്‍ത്തനം: നിമ്മി സൂസണ്‍. ഡിസി ബുക്സ്. വില 399 രൂപ.
◾ദിവസവും മധുരപാനീയങ്ങള്‍ കുടിക്കുന്ന സ്ത്രീകള്‍ക്ക് കരളിലെ അര്‍ബുദവും ഗുരുതരമായ മറ്റു കരള്‍ രോഗങ്ങളും വരാന്‍ സാധ്യത കൂടുതലാണെന്നു പഠനം. ആര്‍ത്തവ വിരാമം സംഭവിച്ച 98,786 സ്ത്രീകളില്‍ യുഎസിലെ ബ്രിഘാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകരാണ് പഠനം നടത്തിയത്. 20 വര്‍ഷക്കാലം പഠനത്തില്‍ പങ്കെടുത്തവരെ നിരീക്ഷിച്ചതില്‍ നിന്നു ദിവസവും ഒന്നോ അതിലധികമോ മധുര പാനീയങ്ങള്‍ കുടിക്കുന്ന സ്ത്രീകള്‍ക്ക് കരള്‍രോഗം വരാനുള്ള സാധ്യത 6.8 ശതമാനം ആണെന്നു കണ്ടു. ഇവരില്‍ 85 ശതമാനം പേര്‍ക്കും കരളിലെ അര്‍ബുദം വരാന്‍ സാധ്യത വളരെ കൂടുതലാണെന്നും 68 ശതമാനം പേര്‍ക്ക് ഗുരുതരമായ കരള്‍ രോഗം മൂലം മരണം സംഭവിക്കാമെന്നും പഠനം വിലയിരുത്തുന്നു. മാസത്തില്‍ മൂന്നു തവണയില്‍ കുറവ് മധുരപാനീയങ്ങള്‍ കുടിക്കുന്നവരുമായാണ് ഇവരെ താരതമ്യം ചെയ്തത്. ദിവസവുമുള്ള സോഫ്റ്റ് ഡ്രിങ്ക് ഉപയോഗം, ഫ്രൂട്ട് ഡ്രിങ്ക് (പഴച്ചാറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല) ഉപയോഗം, കൃത്രിമ മധുര പാനീയങ്ങളുടെ ഉപയോഗം എന്നിവ പരിശോധിച്ചു. കരളിലെ അര്‍ബുദം, ഗുരുതരമായ കരള്‍ രോഗങ്ങളായ ഫൈബ്രോസിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്നിവ മൂലമുള്ള മരണവും ഗവേഷകര്‍ പരിശോധിച്ചു. മധുരപാനീയങ്ങളും ഗുരുതരമായ കരള്‍ രോഗങ്ങള്‍ മൂലമുള്ള മരണവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ആദ്യ പഠനമാണിത്. ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
അന്ന് അക്ബറിന് നന്നേ ദേഷ്യം വന്നു. അദ്ദേഹം ബീര്‍ബലിനെ കൊട്ടാരത്തില്‍ നിന്നും പുറത്താക്കി. ബീര്‍ബല്‍ ദൂരെയുളള ഗ്രാമത്തില്‍ വേഷപ്രച്ഛന്നനായി താമസിച്ചു. കുറച്ചുനാള്‍ കടന്നുപോയി. അപ്പോഴാണ് അക്ബര്‍ ഒരു കാര്യം തിരിച്ചറിഞ്ഞത്. ബീര്‍ബല്‍ ഇല്ലാതെ മുന്നോട്ട് പോകാനാവില്ല. അദ്ദേഹത്തിന്റെ ബുദ്ധിയാണ് പല കുരുക്കുകളില്‍ നിന്നും രാജാവിനെ രക്ഷിച്ചിട്ടുള്ളത്. ഭടന്മാര്‍ രാജ്യം മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും ബീര്‍ബലിനെ കണ്ടെത്താനായില്ല. രാജാവ് ഒരു ബുദ്ധിപ്രയോഗിച്ചു. ഒരു കല്‍പന അദ്ദേഹം പുറപ്പെടുവിച്ചു. എല്ലാ ഗ്രാമത്തില്‍ നിന്നും ഒരു കലം നിറയെ അറിവോ പണമോ കൊണ്ടുവരണം. എല്ലാവരും പണം നിറയ്ക്കാന്‍ വഴികളാലോചിച്ചപ്പോള്‍ ബീര്‍ബല്‍ ഒരു ചെറിയതണ്ണിമത്തന്‍ കലത്തിലിട്ട് തണ്ട് മുറിക്കാതെ നിര്‍ത്തി. തണ്ണിമത്തന്‍ വളര്‍ന്നുകലത്തിനൊപ്പമായപ്പോള്‍ തണ്ട് മുറിച്ച് കൊട്ടാരത്തിലെത്തി. കൂടെ ഒരു നിര്‍ദ്ദേശവുമുണ്ടായിരുന്നു.. മത്തന്‍ മുറിക്കാതെയും കലം പൊട്ടിക്കാതെയും ഫലം പുറത്തെടുക്കണം. അത് ബീര്‍ബലിന്റെ ബുദ്ധിയാണെന്ന് തിരിച്ചറിഞ്ഞ രാജാവ് അദ്ദേഹത്തെ സന്തോഷത്തോടെ വിളിച്ചുവരുത്തി. അടയാളങ്ങള്‍ അവശേഷിപ്പിക്കുന്നവര്‍ക്ക് അസ്തമിക്കാനാകില്ല. ആരും അനിവാര്യരല്ല എന്നത് സത്യം തന്നെ. പക്ഷേ, ചിലര്‍ മുന്‍ഗണനാ പട്ടികയില്‍ ആദ്യമുണ്ടാകും. കാരണം അവര്‍ക്ക് പകരംവെക്കാന്‍ ആരുമില്ല എന്നതുതന്നെ.. കയ്യൊപ്പുള്ള എന്തെങ്കിലും ജീവിതത്തില്‍ അവശേഷിപ്പിക്കാന്‍ നമുക്കും പരിശ്രമിക്കാം - ശുഭദിനം
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍