◾ഓണത്തിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4,000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2,750 രൂപയും നല്‍കും. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചതാണ് ഇക്കാര്യം. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവ ബത്തയായി 1,000 രൂപ നല്‍കും. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം - കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6,000 രൂപയാണ്.
◾ലോകമെങ്ങും വിലക്കയറ്റത്തില്‍ ഞെരുങ്ങുമ്പോള്‍ ഇന്ത്യ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്തിയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ആഗോള തലത്തില്‍ ഇന്ത്യ കുതിക്കുകയാണ്. ജി 20 ഉച്ചകോടി ഇന്ത്യയിലെ വ്യാപാര രംഗത്തടക്കം പുതിയ വഴിതുറക്കും. പൗരന്മാരെല്ലാം തുല്യരാണ്. സ്ത്രീ ശാക്തീകരണം രാജ്യത്തിന് ആവശ്യമാണെന്നും 77-ാം സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.
◾വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ 239 ഉദ്യോഗസ്ഥര്‍ക്ക്. അഗ്‌നിരക്ഷാ സേനാ മെഡല്‍ 25 പേര്‍ക്കു നല്‍കും.
◾ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 2021 ല്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച നാലു സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കീര്‍ത്തി ചക്ര. കരസേനാംഗങ്ങളായ ഒമ്പതു പേരടക്കം 11 പേര്‍ക്കു ശൗര്യചക്രയും രാഷ്ട്രപതി പ്രഖ്യാപിച്ചു.
◾സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ വാങ്ങാന്‍ റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതി തുടങ്ങി. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹിന്ദി, തമിഴ്, കന്നട, ആസാമീസ്, ബംഗാളി, ഒഡിയ എന്നീ ഭാഷകളിലാണ് റേഷന്‍ റൈറ്റ് കാര്‍ഡ് തയ്യാറാക്കിയത്. പെരുമ്പാവൂര്‍ ടൗണില്‍ ഗാന്ധി സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജി. ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു.
◾ലൈഫ് ഭവന പദ്ധതിയില്‍ ജൂലൈ 31 വരെ 3,48,026 വീടുകള്‍ പൂര്‍ത്തിയാക്കിയെന്ന് മന്ത്രി എം.ബി രാജേഷ്. 1,17,762 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതടക്കം മൊത്തം 4,65,788 വീടുകളാകുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 25 ഭവനസമുച്ചയങ്ങള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 1201 കുടുംബങ്ങള്‍ക്ക് ഈ യൂണിറ്റുകള്‍ കൈമാറുമെന്നും മന്ത്രി അറിയിച്ചു.
◾കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എന്‍ജിനിയറിംഗ് അടിച്ചു തകര്‍ത്ത കേസില്‍ പ്രതിയായ പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് കീഴടങ്ങി. കായംകുളം കോടതിയില്‍ കീഴടങ്ങിയ ജെയ്ക് ജാമ്യമെടുത്തു. 2016 ല്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴാണ് അക്രമം നടത്തിയത്.
◾സാംസ്‌കാരിക ഉത്സവമായ 'കേരളീയം' പരിപാടി എല്ലാ വര്‍ഷവും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബര്‍ ഒന്ന് മുതല്‍ ഏഴു വരെ നടത്തുന്ന കേരളീയം, കേരളത്തിന്റെ സമസ്ത നേട്ടങ്ങളേയും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി. കേരളീയം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടന നേതാക്കളുമായി മന്ത്രിതല ചര്‍ച്ച നാളെ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, വി. ശിവന്‍കുട്ടി എന്നിവരും പങ്കെടുക്കും.
◾മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുഡിഎഫ,് എല്‍ഡിഎഫ് നേതാക്കള്‍ പണം വാങ്ങിയതിനാലാണ് ഇരുപക്ഷവും പുതുപ്പള്ളിയില്‍ മാസപ്പടി വിവാദം ചര്‍ച്ചയാക്കാത്തത്. മിത്ത് വിവാദം പുതുപ്പള്ളിയില്‍ പ്രചാരണ വിഷയമാക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
◾വാളയാര്‍ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ നാലു പ്രതികള്‍ക്കു നുണ പരിശോധന നടത്താന്‍ സിബിഐ അപേക്ഷ നല്‍കി. പാലക്കാട് പോക്സോ കോടതിയിലാണ് സിബിഐ അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചത്. പ്രതികളായ വി മധു, എം മധു, ഷിബു, പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ എന്നിവര്‍ക്കാണു നുണ പരിശോധന. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.
◾കേരളത്തിലെ സാധാരണക്കാരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇരുമ്പുകൂടംകൊണ്ട് അടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളെ ജനകീയ കോടതിയില്‍ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾എന്‍എസ്എസ് എന്നും കോണ്‍ഗ്രസിനൊപ്പമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എന്‍എസ്എസ് പറയുന്ന സമദൂരം എന്നതിന് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു എന്നാണ് അര്‍ത്ഥമെന്നും കെ സുധാകരന്‍ പറഞ്ഞു.
◾ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ കുടുങ്ങരുതെന്ന് കെഎസ്ഇബി മുന്നറിയിപ്പ്. വൈദ്യുതി വിച്ഛേദിക്കുമെന്ന് പറഞ്ഞ് വ്യാജ എസ്എംഎസ്, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നല്‍കിയാണു തട്ടിപ്പ്. സന്ദേശത്തിലെ നമ്പറില്‍ ബന്ധപ്പെട്ടാല്‍ കെഎസ്ഇബി ഉദ്യോഗസ്ഥനാണെന്ന വ്യാജേന സംസാരിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുകയാണു ചെയ്യുന്നതെന്ന് കെഎസ്ഇബി മുന്നറിയിപ്പു നല്‍കി.
◾ഇന്നലെ രാത്രി 11.55 ന് റിയാദില്‍നിന്ന് കരിപ്പൂരിലേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മുടങ്ങി. നൂറോളം യാത്രക്കാര്‍ റിയാദില്‍ കുടുങ്ങി.
◾രാത്രി കാറില്‍ സഞ്ചരിക്കവെ നവദമ്പതികളെയും സഹോദരനെയും മദ്യലഹരിയില്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ ചില്ല് അടിച്ചു തകര്‍ത്ത പ്രതികള്‍ പിടിയില്‍. മങ്ങാട് സ്വദേശിയും വനിതാ സിഐയുടെ മകനുമായ അഖില്‍ രൂപ്, ജമിനി ജസ്റ്റിന്‍ എന്നിവരാണ് പിടിയിലായത്. സിഗ്‌നല്‍ തെളിഞ്ഞിട്ടും മുന്നിലുണ്ടായിരുന്ന പ്രതികളുടെ വാഹനം പോകാതായപ്പോള്‍ ഹോണ്‍ മുഴക്കിയതിനായിരുന്നു ആക്രമണം.
◾കെട്ടിടവാടക തര്‍ക്കത്തെ തുടര്‍ന്ന് ഇടുക്കി രാജാക്കാട് സിപിഐ അസിസ്റ്റന്റ് ലോക്കല്‍ സെക്രട്ടറി മുക്കുടില്‍ സ്വദേശി എം.എ ഷിനുവിനു പാര്‍ട്ടി ഓഫീസില്‍ കുത്തേറ്റു. സിപിഐയുടെ കെട്ടിടത്തില്‍ മുറി വാടകയ്ക്ക് എടുത്തിരുന്ന മുക്കുടില്‍ സ്വദേശിയായ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
◾സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലായി 102 ഇടത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. മെഡിക്കല്‍ കോളേജ് ക്യാമ്പസുകളിലെ കാന്റീനുകളിലും ഭക്ഷണ വിതരണ കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്.
◾കിടങ്ങൂര്‍ പഞ്ചായത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കി പ്രസിഡന്റു സ്ഥാനം പിടിച്ചെടുത്ത യുഡിഎഫിലെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡു ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ മൂന്ന് പേരെയാണ് പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫ് സസ്പെന്റ് ചെയ്തത്.
◾കുര്‍ബാനത്തര്‍ക്കം നിലവിലുള്ള എറണാകുളം അങ്കമാലി അതിരൂപതയില്‍ പ്രശ്ന പരിഹാരത്തിന് എത്തിയ മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലിനെ എറണാകുളം സെന്റ് മേരിസ് ബസലിക്കയില്‍ ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞു. പൊലീസ് സന്നാഹത്തോടെ പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി ആര്‍ച്ച് ബിഷപ്പിനെ സെന്റ് മേരീസ് ബസിലിക്കയില്‍ പ്രവേശിപ്പിച്ചു.
◾അച്ഛന്റെ കൈയ്യിലിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ട്രാന്‍സ്ജെന്റര്‍ അറസ്റ്റില്‍. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ മണ്ണന്തല സ്വദേശി പ്രസാദും ഭാര്യയും കുട്ടിയുമായി സര്‍ക്കസ് കാണുന്നതിനിടെയാണു സംഭവം. പ്രതിയായ ട്രാന്‍സ്ജെന്റര്‍ ഗീതുവിനെ അറസ്റ്റു ചെയ്തു.
◾കെഎസ്ആര്‍ടിസിയില്‍നിന്നു പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരനും ഭാര്യയും ജീവനൊടുക്കി. വൈക്കം മറവന്‍ന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനില്‍ നടേശന്‍ (48), ഭാര്യ സിനിമോള്‍ (43) എന്നിവരാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾സംസ്ഥാനത്തെ ഏറ്റവും വലിയ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം ലുലു ഗ്രൂപ്പ് അരൂരില്‍ ആരംഭിച്ചു. 150 കോടി മുതല്‍ മുടക്കിലുള്ള ഈ സംരംഭത്തില്‍ 800 പേര്‍ക്കാണ് തൊഴിലവസരം. വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
◾ഇടുക്കി മുരിക്കാശ്ശേരിക്കു സമീപം പത്തര കിലോ കഞ്ചാവുമായി രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. പണിക്കന്‍കുടി സ്വദേശി അനീഷ് ആന്റണി, ചിന്നാര്‍ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്.
◾40 ഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതികള്‍ തലശേരിയിലെ എക്സൈസ് ഓഫീസ് അടിച്ചു തകര്‍ത്തു. പെരിങ്ങത്തൂര്‍ സ്വദേശി സുല്‍ത്താന്‍ ജമാല്‍, ധര്‍മ്മടം സ്വദേശി ഖലീല്‍ എന്നിവരെ അറസ്റ്റു ചെയ്തു.
◾ഇടുക്കി വണ്ടന്മേടിനു സമീപം കറുവക്കുളത്ത് പഴകിയ മൃതദേഹം കണ്ടെത്തി. ഏലതോട്ടത്തിലെ വെള്ളം ഒഴുകുന്ന കാനയിലാണു മൃതദേഹം കിടന്നിരുന്നത്. കുമളി പോലീസ് അന്വേഷണം ആരംഭിച്ചു.
◾ചേര്‍ത്തല ദേശീയപാതയില്‍ പട്ടണക്കാട് ബിഷപ്പൂര്‍ സ്‌കൂളിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു. പട്ടണക്കാട് കാളിവീട് മോഹനന്‍ ചെട്ടിയാരാണ് (50) മരിച്ചത്.
◾വാര്‍ത്താ ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്ന് സുപ്രീം കോടതി. എന്‍ബിഎ ചട്ടക്കൂട് ശക്തമാക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. എന്‍ബിഎ ചട്ടം പാലിക്കാത്ത ചാനലുകള്‍ക്ക് ഒരു ലക്ഷം രൂപയാണ് പിഴശിക്ഷ. ഈ തുക വര്‍ധിപ്പിക്കണമെന്നും കോടതി പറഞ്ഞു.
◾ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനിലേക്കു കുറേക്കൂടി അടുത്തു. പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരം. നാലാം ഘട്ട ഭ്രമണപഥം താഴ്ത്തല്‍ നാളെ രാവിലെ എട്ടരയ്ക്കാണ്.
◾ഏതാനും മാസങ്ങള്‍ക്കകം രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും നീറ്റ് എന്ന തടസം ഇല്ലാതാകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തമിഴ്നാട്ടില്‍ നിറ്റ് പരീക്ഷയില്‍ തോറ്റതിനു വിദ്യാര്‍ഥിയും അച്ഛനും ജീവനൊടുക്കിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആത്മഹത്യാ പ്രവണതകള്‍ ഉണ്ടാകരുതെന്നും ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാറിനെ അറസ്റ്റു ചെയ്തിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ്. കൊച്ചി വിമാനത്താവളത്തില്‍ അശോകിനെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു.
◾തുരുപ്പതി തിരുമല- അലിപിരി നടപ്പാത പ്രദേശത്ത് അഞ്ചു പുലികളുണ്ടെന്ന് വനംവകുപ്പ്. കഴിഞ്ഞ ദിവസം കുഞ്ഞിനെ ആക്രമിച്ചു കൊന്ന ഒരു പുലിയെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇനിയും ഈ പ്രദേശത്തു പുലികളുണ്ടെന്നു വീഡിയോ കാമറകളില്‍നിന്നു വ്യക്തമാണെന്ന് വനംവകുപ്പ് വെളിപെടുത്തി.
◾രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മതത്തെ ദുരുപയോഗിക്കുന്നതു തടയാന്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്ന് സൗദി മതകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്‍ ലതീഫ് അല്‍ ഷെയ്ഖ്. സൗദിയില്‍ തുടക്കമായ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾ബഹിരാകാശ വാഹനങ്ങളെപ്പോലും ആക്രമിക്കാവുന്ന അതിശക്തമായ ലേസര്‍ രശ്മികള്‍ വികസിപ്പിച്ചെടുത്തെന്ന അവകാശവാദവുമായി ചൈന. ചാങ്ഷയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഡിഫന്‍സ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ് അതിശക്തമായ ലേസര്‍ വികസിപ്പിച്ചെടുത്തത്. അമിതമായ ഊര്‍ജ പ്രസരണം ഇല്ലാതെത്തന്നെ അനന്തമായ ലക്ഷ്യത്തിലേക്ക് പ്രയോഗിക്കാവുന്ന അത്യാധുനിക ലേസര്‍ സംവിധാനമാണിത്.
◾ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ സൗദി പ്രോ ലീഗിലേക്ക്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും കരീം ബെന്‍സേമക്കും പിന്നാലെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലാണ് 98.5 മില്യന്‍ ഡോളറിന് നെയ്മറെ പ്രോ ലീഗിലെത്തിക്കുന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. കൈമാറ്റം സംബന്ധിച്ച് അല്‍ഹിലാലും പിഎസ്ജിയും ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾തക്കാളി അടക്കമുള്ള പച്ചക്കറികളുടെ പൊള്ളുന്ന വിലയെ തുടര്‍ന്ന് ജൂലൈയില്‍ ഉപയോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം 7.44 ശതമാനമായി കക്കിക്കയറി. 2022 മേയില്‍ 7.99 ശതമാനം രേഖപ്പെടുത്തിയ ശേഷമുള്ള ഏറ്റവും ഉയരമാണിത്. കഴിഞ്ഞ ജൂണില്‍ പണപ്പെരുപ്പം 4.81 ശതമാനമായിരുന്നു. ഭക്ഷ്യോത്പന്നങ്ങളുടെ വില നിലവാരം ജൂണിലെ 4.49 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 11.51 ശതമാനത്തിലേക്ക് കുതിച്ചതാണ് പണപ്പെരുപ്പം കൂടാന്‍ വഴിയൊരുക്കിയത്. പണപ്പെരുപ്പം 6-6.5 ശതമാനം നിലവാരത്തിലാകുമെന്നായിരുന്നു. എന്നാല്‍, അതിനെയും കവച്ചുവയ്ക്കുന്ന കുതിപ്പാണ് ജൂലൈയില്‍ റീട്ടെയില്‍ പണപ്പെരുപ്പം നടത്തിയത്. പച്ചക്കറികളുടെ വില വാര്‍ഷികാടിസ്ഥാനത്തില്‍ 0.93 ശതമാനത്തില്‍ നിന്ന് 37.34 ശതമാനത്തിലേക്കും ഭക്ഷ്യ, പാനീയ ഉത്പന്ന വിലനിലവാരം 4.63ല്‍ നിന്ന് 10.57 ശതമാനത്തിലേക്കും ധാന്യങ്ങളുടെ വില 12.71ല്‍ നിന്ന് 13.04 ശതമാനത്തിലേക്കും കഴിഞ്ഞമാസം കൂടി. റീട്ടെയില്‍ പണപ്പെരുപ്പം 6 ശതമാനമെന്ന ലക്ഷ്മണരേഖ കടന്ന സ്ഥിതിക്ക് ഒക്ടോബറില്‍ നടക്കുന്ന പണനയ യോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശഭാരം കൂട്ടാന്‍ മുതിര്‍ന്നേക്കും. ഇത്, ബാങ്ക് വായ്പകളുടെ പലിശനിരക്ക് കൂടാനിടയാക്കും. അവശ്യ വസ്തുക്കളുടെ വിലക്കയറ്റം മൂലം കഴിഞ്ഞമാസം കേരളത്തിലും പണപ്പെരുപ്പം കുതിച്ചു. എങ്കിലും രാജ്യത്ത് മുന്‍നിര സംസ്ഥാനങ്ങളില്‍ പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നായി നിലനില്‍ക്കാന്‍ കേരളത്തിനായി എന്ന നേട്ടമുണ്ട്. ജൂണിലെ 5.25 ശതമാനത്തില്‍ നിന്ന് 6.43 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം കേരളത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം കൂടിയത്. ഗ്രാമങ്ങളില്‍ 6.51 ശതമാനവും നഗരമേഖലകളില്‍ 6.37 ശതമാനവുമാണ് കേരളത്തില്‍ പണപ്പെരുപ്പം.
◾ഇന്‍സ്റ്റാഗ്രാമില്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഏഴ് മില്യണ്‍ ലൈക്കുകള്‍ ലഭിച്ച ആദ്യ ഇന്ത്യന്‍ ചിത്രമായി മാറി 'പുഷ്പ 2'. മറ്റൊരു ഇന്ത്യന്‍ സിനിമയ്ക്കും ലഭിക്കാത്ത അംഗീകാരമാണ് റിലീസിന് മുന്‍പ് അല്ലു അര്‍ജുന്‍ ചിത്രം നേടിയിരിക്കുന്നത്. എങ്ങും രജനികാന്ത് ചിത്രം ജയിലറിന്റെ ആവേശം കൊടുമ്പിരി കൊണ്ടിരിക്കെയാണിത്. തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ആദ്യഭാഗമായ പുഷ്പയ്ക്ക് ലഭിച്ച അംഗീകാരങ്ങള്‍ തന്നെയാണ് അതിന് കാരണം. മലയാളികളും ഏറെ പ്രതീക്ഷയോടെ ആണ് സിനിമയ്ക്കായി കാത്തിരിക്കുക്കുന്നത്. അതിനുള്ള പ്രധാനകാരണം ഫഹദ് ഫാസില്‍ ആണ്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. പുഷ്പയില്‍ അവസാന ഭാഗത്ത് വന്ന് പോയ ഫഹദ് വന്‍ ഹൈപ്പാണ് നല്‍കിയത്. ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് എന്ന നെഗറ്റീവ് ഷെഡുള്ള പൊലീസ് ഉദ്യോഗസ്ഥനായാണ് ഫഹദ് എത്തിയത്. പുഷ്പരാജ് എന്നാണ് അല്ലു അര്‍ജുന്റെ കഥാപാത്രത്തിന്റെ പേര്. രശ്മിക മന്ദാന നായികയായി എത്തുന്ന പുഷ്പ നിര്‍മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. രക്തചന്ദന കടത്തുകാരുടെ കഥ പറയുന്ന ചിത്രത്തിന്റെ ആദ്യഭാഗം 2021 ഡിസംബറില്‍ ആയിരുന്നു റിലീസ് ചെയ്തത്.
◾ചേരനും ലാലും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'തമിള്‍ കുടിമകന്‍'. എസക്കി കാര്‍വര്‍ണനാണ് ചിത്രത്തിന്റെ സംവിധാനം. എസക്കി കാര്‍വര്‍ണനാണ് തിരക്കഥ എഴുതിയിരിക്കുന്നതും. 'തമിള്‍ കുടിമകന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ജാതിരാഷ്ട്രീയമാണ് 'തമിഴ് കുടിമകന്‍' സിനിമ പറയുന്നത്. ശ്രീപ്രിയങ്ക, എസ് എ ചന്ദ്രശേഖര്‍, ദീപ്ഷിഖയ്ക്കൊപ്പം ചിത്രത്തില്‍ വേല രാമമൂര്‍ത്തിയും വേഷമിടുന്നു. രാജേഷ് യാദവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സാം സി എസിന്റെ സംഗീതത്തിലുള്ള ചിത്രത്തിന്റെ കല വീര സമറും നൃത്തം ദിനേശും ആക്ഷന്‍ ശക്തി ശരവണനും സൗണ്ട് ഡിസൈനര്‍ എ എസ് ലക്ഷ്മി നാരായണനും ഡിസൈനര്‍ ദിനേശ് അശോകുമാണ്. 'ആനന്ദം വിളയാട് വീടെ'ന്ന ചിത്രമാണ് ഒടുവില്‍ ചേരന്റേതായി പ്രദര്‍ശനത്തിന് എത്തിയത്.
◾പുതിയ സെല്‍റ്റോസ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് ആകര്‍ഷക ഓഫറുമായി കിയ. വാഹനത്തിന്റെ ഓണര്‍ഷിപ്പ് കോസ്റ്റ് കിലോമീറ്ററിന് 0.82 രൂപ (ഇന്‍ഷുറന്‍സ് കൂടാതെ) എന്ന അടിപൊളി ഓഫറാണ് കിയ നല്‍കുന്നത്. കിയ സെല്‍റ്റോസിന്റെ ഉടമസ്ഥ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 32796 രൂപ മുതലുള്ള സര്‍വീസ് പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. പ്രീമിയം (നാലു വര്‍ഷം), ലക്ഷ്വറി (അഞ്ചു വര്‍ഷം) എന്നിങ്ങനെ രണ്ട് സര്‍വീസ് പാക്കേജുകളാണ് മൈ കണ്‍വീനയന്‍സ് പ്ലസ് എന്ന് പേരിട്ടിരിക്കുന്ന പാക്കേജില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പാക്കേജുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് നാലു മുതല്‍ അഞ്ചുവര്‍ഷം വരെ ഓണര്‍ഷിപ്പ് കോസ്റ്റില്‍ 10 ശതമാനം വരെ കുറവ് ലഭിക്കും എന്നാണ് കിയ അറിയിക്കുന്നത്. പ്രീ പെയ്ഡ് മെയിന്റനന്‍സ്, എക്റ്റന്റഡ് വാറിന്റി, റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് മൈ കണ്‍വീനയന്‍സ് പ്ലസ്. പ്രീമിയം പാക്കേജില്‍ പെട്രോള്‍ മോഡലിന് നാലുവര്‍ഷത്തേയ്ക്ക് ഏകദേശം 13 ശതമാനം വരെ ലാഭമാണ് ഇതിലൂടെ ലഭിക്കുന്നത്. ഡീസല്‍ മോഡലിന് ലാഭം 10 ശതമാനം. ലക്ഷ്വറി പ്ലാന്‍ പ്രകാരം പെട്രോള്‍ മോഡലിന് ലാഭം 12 ശതമാനം. ഡീസല്‍ മോഡലിന് ലാഭം 11 ശതമാനം.
◾കേരളത്തിന്റെ ഏറ്റവും തെക്ക്, നെയ്യാര്‍ വന്ന് തളംകെട്ടി കായലായി കടലിലേക്ക് ഒഴുകുന്ന മനോഹരമായ ഇടം പൂവാര്‍, അവിടെ കവിതപോലെ, പൂ വിരിയുന്നതുപോലെ സ്വാഭാവികമായി സംഭവിച്ച ഒരു പ്രണയകഥ. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ടവരായ രണ്ടെഴുത്തുകാര്‍ ചേര്‍ന്ന് ആ കഥയ്ക്കു തിരനാടകം ഒരുക്കുന്നു. കഥയില്‍നിന്നു സിനിമയിലേക്കുള്ള യാത്രയില്‍ സാഹിത്യം എങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെടുന്നു എന്നതിന്റെ ഏറ്റവും സമകാലികമായ പാഠപുസ്തകം കൂടിയാകുന്നു ക്രിസ്റ്റിയുടെ തിരക്കഥ. 'ക്രിസ്റ്റി'. ബെന്യാമിന്‍, ഇന്ദുഗോപന്‍. മനോരമ ബുക്സ്. വില 275 രൂപ.
◾2040 ഓടു കൂടി 18 ലക്ഷം പേര്‍ക്ക് പ്രതിവര്‍ഷം ഗാസ്ട്രിക് അര്‍ബുദം ഉണ്ടാകുമെന്നും 13 ലക്ഷം പേര്‍ ഇതു മൂലം മരണപ്പെടുമെന്നും റിപ്പോര്‍ട്ട്. വയറിലെ കോശങ്ങളുടെ ഡിഎന്‍എയില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം ഇവയ്ക്കുണ്ടാകുന്ന അനിയന്ത്രിതമായ വളര്‍ച്ചയാണ് ഗാസ്ട്രിക് കാന്‍സറിലേക്ക് നയിക്കുന്നത്. കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കളി, ബ്രസല്‍സ് സ്പ്രൗട്‌സ്, കെയ്ല്‍, റാഡിഷ്, ടര്‍ണിപ്പ് പോലുള്ള ക്രൂസിഫെറസ് പച്ചക്കറികള്‍ കഴിക്കുന്നത് അര്‍ബുദ സാധ്യത കുറയ്ക്കും. അവയില്‍ സള്‍ഫോറഫേന്‍ പോലുള്ള ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിരിക്കുന്നു. ആന്റി കാന്‍സര്‍ ഗുണങ്ങളുള്ള അല്ലിസിന്‍ വെളുത്തുള്ളിയില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. വെളുത്തുള്ളിയിലെ സള്‍ഫര്‍ സംയുക്തങ്ങള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുമെന്നും അര്‍ബുദകോശങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രതികരണത്തെ മെച്ചപ്പെടുത്തും. ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് വയറിലെ അര്‍ബുദത്തിന്റെ വളര്‍ച്ചയെയും വ്യാപനത്തെയും കുറയ്ക്കുന്നതാണ്. സംസ്‌കരിച്ച മാംസവിഭവങ്ങളും ഭക്ഷണങ്ങളും പലപ്പോഴും കേടു കൂടാതെ സൂക്ഷിക്കുന്നത് ഉപ്പ് ചേര്‍ത്തും പുകയടിച്ചുമൊക്കെയാണ്. ഇത് വയറിലെയും കുടലിലെയും അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കാം. ഹെലികോബാക്ടര്‍ പൈലോറി എന്ന ബാക്ടീരിയ വയറില്‍ അണുബാധയ്ക്ക് കാരണമാകുന്നു. ഈ അണുബാധയുണ്ടായാല്‍ ചികിത്സ ഉറപ്പാക്കണം. കാരണം എച്ച്. പൈലോറി അണുബാധ വയറിലെ അര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളില്‍ ഒന്നാണ്. ലോകത്തിലെ മുതിര്‍ന്നവരില്‍ 40 ശതമാനത്തില്‍ അധികത്തിനും ഈ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. വയറില്‍ എരിയുന്ന വേദന, അകാരണമായ ഭാരനഷ്ടം, രക്തം ഛര്‍ദ്ദിക്കല്‍ എന്നിവയെല്ലാം എച്ച്. പൈലോറി അണുബാധയുടെ ലക്ഷണങ്ങളാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ക്ക് അന്ന് ബിരുദാനന്തര ബിരുദം ലഭിച്ച ദിവസമായിരുന്നു. അദ്ദേഹം നേരെ പോയത് ബംഗാളിലെ തന്റെ ഗ്രാമമായ ഓസ്ഗ്രാമിലേക്കായിരുന്നു. ഒരു അധ്യാപകനാകാന്‍. പട്ടണങ്ങളിലെ വലിയസ്‌കൂളുകളില്‍ നിന്ന് അദ്ദേഹത്തിന് ധാരാളം ഓഫറുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തന്റെ വില്ലേജിലെ സ്‌കൂള്‍ തനിക്ക് ഓഫര്‍ ചെയ്ത 169 രൂപാ ശമ്പളത്തില്‍ അദ്ദേഹം തൃപ്തനായിരുന്നു. അങ്ങിനെ 39 വര്‍ഷം കഴിഞ്ഞുപോയി. അദ്ദേഹം റിട്ടയര്‍ ആയി. പക്ഷേ, തന്റെ റിട്ടര്‍യമെന്റ് കാലം വീട്ടില്‍ വെറുതെയിരിക്കാന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചതേയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ അദ്ദേഹത്തെതേടി മൂന്ന് പെണ്‍കുട്ടികള്‍ വന്നു. പെന്‍ഷന്‍ പറ്റിയ ആ മാസ്റ്ററെ കാണാന്‍ 23 കിലോമീറ്ററിലധികം സൈക്കിള്‍ ചവിട്ടിയാണ് അവര്‍ എത്തിയത്. അവര്‍ പറഞ്ഞു: മാസ്റ്റര്‍ജി ഞങ്ങള്‍ ആദിവാസി പെണ്‍കുട്ടികളാണ്. പഠിക്കാന്‍ അത്യധികം ആഗ്രഹവുമുണ്ട്. അങ്ങ് ഞങ്ങളെ പഠിപ്പിക്കാമോ? അദ്ദേഹം സമ്മതിച്ചു. കൂടെ ഒരു നിബന്ധനകൂടി പറഞ്ഞു: ഞാന്‍ നിങ്ങളെ പഠിപ്പിക്കാം. പക്ഷേ, വര്‍ഷം മുഴുവനുമുള്ള എന്റെ സ്‌കൂള്‍ ഫീസ് നിങ്ങള്‍ നല്‍കേണ്ടിവരും.. ഇതുകേട്ട് അവരുടെ മുഖം വാടിയെങ്കിലും അവര്‍ പറഞ്ഞു: ഞങ്ങള്‍ എങ്ങനെയെങ്കിലും കാശ് ഉണ്ടാക്കി അങ്ങയുടെ ഫീസ് തരും. അവരുടെ മുഖത്ത് നോക്കി അയാള്‍ പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു: ഒരു വര്‍ഷം മുഴുവനായുള്ള എന്റെ ഫീസ് ഒരാള്‍ക്ക് ഒരുരൂപയാണ്. അവര്‍ക്ക് സന്തോഷമായി അവര്‍പറഞ്ഞു: ഞങ്ങള്‍ അങ്ങേക്ക് ഒരു രൂപയും നാല് ചോക്ലേറ്റും നല്‍കും. അങ്ങനെ 2004 ല്‍ തന്റെ വീടിന്റെ വരാന്ത ആദ്യ പാഠശാലയായി മാറി. ഇന്ന് 3000 ത്തിലധികം വിദ്യാര്‍ത്ഥികളുണ്ട് പ്രതിവര്‍ഷം ആ പാഠശാലയില്‍. ഇത് സുജിത് ചതോപാധ്യായ.. ലോകം അദ്ദേഹത്തെ ആദരപൂര്‍വ്വം മാസ്റ്റര്‍ മോഷായി എന്ന് വിളിക്കുന്നു. ബംഗാളിലെ ഒരു രൂപാ മാസ്റ്റര്‍ മോഷായിയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ജീവിതത്തില്‍ പലപ്പോഴും നമ്മുടെ തിരഞ്ഞെടുപ്പുകള്‍ ജോലി, പണം, വാഹനം, സ്ഥാനമാനങ്ങള്‍ അങ്ങനെ പലതുമായിരിക്കും. പക്ഷേ, അതിനേക്കാള്‍ ഉപരി മനസ്സിന്റെ സന്തോഷം പ്രധാനമാണ്. ആ സന്തോഷം നമ്മളില്‍ നിറയുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍