കാപ്പചുമത്തി കരുതൽ തടങ്കലിലാക്കിയ തട്ടിപ്പുകേസുകളിലെ പ്രതി പള്ളുരുത്തി സ്വദേശിനി ശ്രീജയെ (48)(പൂമ്പാറ്റ സിനി) മോചിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നിൽ മാനുഷിക പരിഗണന. ആറു മാസത്തെ കരുതൽ തടങ്കൽ പൂർത്തിയാകാൻ ഒരുമാസം ശേഷിക്കെയാണ് ഇവരെ മോചിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയ ഉത്തരവിൽ അപാകമില്ലെങ്കിലും തന്റെ മകൾ പൂർണ ഗർഭിണിയാണെന്നും പ്രസവശുശ്രൂഷയ്ക്ക് വേറെയാരുമില്ലെന്നുമുള്ള ശ്രീജയുടെ വാദം കണക്കിലെടുത്താണ് തീരുമാനം.
കഴിഞ്ഞ ജൂണിലാണ് തൃശ്ശൂർ പൊലീസ് ശ്രീജയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. പിന്നീട് തൃശ്ശൂർ ജില്ലാ കളക്ടർ നടപടികൾ പൂർത്തിയാക്കി ഇവരെ കാപ്പ നിയമപ്രകാരം കരുതൽ തടവിലാക്കാൻ ഉത്തരവിട്ടു. ഇതിനെതിരേ ശ്രീജ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇവരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. ശ്രീജക്കെതിരേ 19-ലേറെ കേസുകൾ നിലവിലുണ്ട്. ഇവയിലേറെയും തട്ടിപ്പു കേസുകളാണ്.
വ്യാജസ്വർണം പണയംവെച്ച് ഗൂഢാലോചന, കവർച്ച, ആക്രമിച്ച് പരിക്കേൽപ്പിക്കൽ, വധഭീഷണി എന്നിവയിലും നിരവധി സാമ്പത്തികത്തട്ടിപ്പുകേസുകളിലും പ്രതിയാണ് പൂമ്പാറ്റ സിനി. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള നിയമപ്രകാരം (കാപ്പ) അറസ്റ്റിലായ എറണാകുളം പള്ളുരുത്തി തണ്ടാശേരിൽ സിനി ഗോപകുമാർ (പൂമ്പാറ്റ സിനി- 48) നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയായിരുന്നു. വധശ്രമം, ഭീഷണി, വഞ്ചന തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളാണ് സിനിയുടെ പേരിലുള്ളത്. ശ്രീജ, സിനി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവർ ഒല്ലൂർ തൈക്കാട്ടുശേരിയിലെ വാടകവീടു കേന്ദ്രീകരിച്ചാണു തട്ടിപ്പുകൾ നടത്തിയിരുന്നത്.
അരൂർ സ്റ്റേഷനിൽ 2008 ൽ രജിസ്റ്റർ ചെയ്ത കേസിലാണു സിനിയുടെ തട്ടിപ്പുകളുടെ ഭീകരത ആദ്യമായി പുറത്തുവരുന്നത്. ഒരു വ്യാപാരിയെ സൗഹൃദത്തിൽ കുടുക്കി നഗ്‌ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടിയിരുന്നു. 10 ലക്ഷം രൂപ കൂടി വീണ്ടും ആവശ്യപ്പെട്ടതോടെ വ്യാപാരി ജീവനൊടുക്കി. ഇതിനു പിന്നാലെ നടന്ന അന്വേഷണത്തിലാണ് സിനി കുടുങ്ങിയത്. എറണാകുളം കണ്ണമാലിയിൽ തങ്കവിഗ്രഹം വിൽക്കാനുണ്ടെന്നു വിശ്വസിപ്പിച്ച് 36 ലക്ഷം രൂപ തട്ടിയ കേസിലും ഇവർ പ്രതിയാണ്. വനിതാ കോൺസ്റ്റബിൾ ആണെന്നു വിശ്വസിപ്പിച്ചു ജൂവലറിയിൽ നിന്ന് ആറു പവനോളം സ്വർണം വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയതിനും പിടിക്കപ്പെട്ടു.
ഫോർട്ട് കൊച്ചി എസിപിയുടെ ഭാര്യയാണെന്നു വിശ്വസിപ്പിച്ചു വ്യാപാരിയിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയതിനും പിടിയിലായി. തൃശൂർ ജില്ലയിൽ മാത്രം ഇവർ 32 കേസുകളിൽ പ്രതിയാണ്. ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട സർക്കാർ ഉദ്യോഗസ്ഥയിൽ നിന്ന് 11 പവൻ തട്ടിയത്, പുതുക്കാട്ടെ ബിസിനസുകാരനിൽ നിന്ന് 74 ലക്ഷം തട്ടിയത്, പുതുക്കാട് സ്വദേശികളായ മറ്റു 4 പേരിൽ നിന്ന് 37.5 ലക്ഷം തട്ടിയത്, തൃശൂരിലെ ജൂവലറി ഉടമയിൽ നിന്ന് 27 ലക്ഷവും 70 ഗ്രാം സ്വർണവും തട്ടിയത് തുടങ്ങിയ വൻകിട തട്ടിപ്പു കേസുകളിലും ഇവർ പ്രതിയായിരുന്നു.
കൊടകരയിൽ യാത്രക്കാരനെ ബൈക്കിടിച്ചു വീഴ്‌ത്തി 3 ലക്ഷം കവർന്നതിനും ഒല്ലൂരിൽ വീട്ടമ്മയെ കല്ലുകൊണ്ടിടിച്ചു കൊല്ലാൻ നോക്കിയതിനും അറസ്റ്റിലായി. നിരവധി ബാങ്കുകളിലായി 31 ലക്ഷം രൂപ മുക്കുപണ്ടം പണയം വച്ചു തട്ടിയിട്ടുണ്ട്. ആകെ തട്ടിച്ച സ്വർണത്തിന്റെയും പണത്തിന്റെയും മൂല്യം കോടികൾ വരുമെന്നാണു നിഗമനം.
ആലപ്പുഴയിലെ അരൂർ, കുത്തിയതോട് സ്റ്റേഷനുകളിലും എറണാകുളം ജില്ലയിൽ മുളവുകാട്, ചെങ്ങമനാട്, തോപ്പുംപടി, ടൗൺ സൗത്ത്, സെൻട്രൽ, കണ്ണമാലി, ആലുവ ഈസ്റ്റ് സ്റ്റേഷനുകളിലും തൃശൂരിൽ പുതുക്കാട്, കൊടകര, മാള, ഈസ്റ്റ്, ഒല്ലൂർ, ചാലക്കുടി, നെടുപുഴ സ്റ്റേഷനുകളിലുമായി അൻപതിലേറെ കേസുകൾ സിനിയുടെ പേരിലുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍