മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ ഇൻ ചാർജും ചിത്രകാരനും ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ കെ.എ. ഫ്രാൻസിസ് അന്തരിച്ചു. 76 വയസ്സായിരുന്നു..ഇന്നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ലളിതകലാ അക്കാദമിയിലെ പൊതുദർശനത്തിനു ശേഷം നാളെ കോട്ടയത്തു സംസ്കാര ചടങ്ങുകള്‍ നടക്കും.
തൃശൂർ കുറുമ്പിലാവിൽ 1947 ഡിസംബർ ഒന്നിനാണു ജനനം.
മലയാള മനോരമയിൽ വിവിധ ചുമതലകളിൽ അരനൂറ്റാണ്ടിലേറെ പ്രവർത്തിച്ചു. മനോരമ കണ്ണൂർ യൂണിറ്റ് മേധാവി സ്ഥാനത്തു നിന്നു 2002ൽ ആണ് ആഴ്ചപ്പതിപ്പിന്റെ ചുമതല ഏറ്റെടുത്തത്.
പ്രശസ്ത ചിത്രകാരനും ബാലചിത്രകലാ പ്രസ്ഥാനത്തിനു തുടക്കമിട്ട യൂണിവേഴ്സൽ ആർട്സ് സ്ഥാപകനും ആയ കെ.പി. ആന്റണിയുടെ മകനാണ്. തൃശൂരിലും കോഴിക്കോട്ടും തലശേരിയിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. 1970ൽ മനോരമ പത്രാധിപസമിതിയിലെത്തി. ദീർഘകാലം കണ്ണൂർ യൂണിറ്റ് മേധാവിയായിരുന്നു. മലയാള പത്രത്തിന് ആദ്യമായി ലഭിക്കുന്ന ദേശീയ അംഗീകാരമായ ന്യൂസ് പേപ്പർ ലേഔട്ട് ആൻഡ് ഡിസൈൻ അവാർഡ് 1971ൽ മനോരമയ്ക്കു നേടിക്കൊടുത്തു.
കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ്, കോഴിക്കോട് യൂണിവേഴ്സൽ ആർട്സ് സെക്രട്ടറി, ടെലിഫോൺ കേരള സർക്കിൾ ഉപദേശക സമിതി അംഗം, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ്, സംസ്ഥാന പത്രപ്രവർത്തക പെൻഷൻ നിർണയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ദി എസൻസ് ഓഫ് ഓം, ഇ.വി. കൃഷ്ണപിള്ള (ജീവചരിത്രം), കള്ളന്മാരുടെ കൂടെ, ഇ. മൊയ്തുമൗലവി: നൂറ്റാണ്ടിന്റെ വിസ്മയം തുടങ്ങി ഇരുപതോളം കൃതികൾ രചിച്ചു. പ്രമുഖ താന്ത്രിക് ചിത്രകാരനെന്ന നിലയിൽ കലാലോകത്തു ഖ്യാതി നേടി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്രാൻസിസിന്റെ ചിത്രപ്രദർശനങ്ങൾ നടന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യ പുരസ്കാരം , ലളിതകലാ അക്കാദമി സ്വർണപ്പതക്കം , ലളിതകലാ പുരസ്കാരം , ഫെലോഷിപ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍