പ്രഭാത വാർത്തകൾ 2023 നവംബർ 13 തിങ്കൾ 1199 തുലാം 27 വിശാഖം 1445 റ : ആഖിർ 28

◾ഇന്ധനം ഇല്ലാതായതോടെ പ്രവര്‍ത്തനം നിലയ്ക്കാറായ ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വൈദ്യുതി ബന്ധം താറുമാറായതോടെ ഇന്‍ക്യുബേറ്ററിലായിരുന്ന നവജാത ശിശുശക്കളെ പുറത്തേക്ക് മാറ്റി കിടത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചെന്നും, കൂടുതല്‍ പേരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്ന വീഡിയോയും അല്‍ജസീറ അടക്കമുള്ള മാധ്യമങ്ങള്‍ പുറത്ത് വിട്ടു. ഇന്ധനം ഇല്ലാതായതോടെ, പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഗാസയിലെ മറ്റൊരു ആശുപത്രിയായ അല്‍ ഖുദ്സും അറിയിച്ചു. അല്‍ ഷിഫ ആശുപത്രിയുമായുള്ള എല്ലാ വാര്‍ത്താ വിനിമയ സംവിധാനവും നഷ്ടമായതായും ലോകാരോഗ്യ സംഘടന മേധാവിയും അറിയിച്ചു.  

◾ദുഷ്ട മനസുള്ളവര്‍ ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അന്വേഷണ ഏജന്‍സികളേയും ദുഷ്ട മനസുകള്‍ക്ക് സ്വാധീനിക്കാനായി. അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വട്ടമിട്ടു പറന്നു. എന്നാല്‍ പദ്ധതിയുമായി നമ്മള്‍ മുന്നോട്ടു പോയെന്നും വലിയ കോപ്പുമായി ഇറങ്ങിയവര്‍ ഒന്നും ചെയ്യാനാകാതെ ജാള്യതയോടെ നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


◾സംസ്ഥാനത്ത് ബിജെപി-സിപിഎം ധാരണയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്വര്‍ണ കടത്ത്, ലൈഫ് മിഷന്‍ കേസ് പോലെ പല കേസുകളും ആവിയായയപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ കേസും ഒഴിവാക്കിയെന്ന് സതീശന്‍ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ ധനപ്രതിസന്ധിക്ക് കാരണമെന്ന് പറഞ്ഞ സതീശന്‍ സര്‍ക്കാര്‍ കെടുകാര്യസ്ഥതയുടെ ഇരയാണ് കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്ത പ്രസാദ് എന്ന കര്‍ഷകനെന്നും കുറ്റപ്പെടുത്തി. നവകേരള സദസ്സ് തെരഞ്ഞെടുപ്പ് പ്രചരണമാണെന്നും തെരഞ്ഞെടുപ്പ് പ്രചരണം സര്‍ക്കാര്‍ ചെലവില്‍ നടത്തുകയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

◾സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വസ്തുതയാണെന്നു പറഞ്ഞ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്ന് വിമര്‍ശിച്ചു. അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സര്‍ക്കാരിനെ അപമാനിക്കുന്ന തരത്തില്‍ എല്ലാ ദിവസവും സംസാരിക്കുകയാണെന്നും പല ആരോപണങ്ങളിലും വസ്തുത ഇല്ല എന്ന് തെളിഞ്ഞതാണെന്നും പറഞ്ഞ ധനമന്ത്രി പ്രതിപക്ഷ നേതാവ് വസ്തുതാപരമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു.

◾കേരളത്തില്‍ ധനകാര്യ മിസ് മാനേജ്മെന്റാണെന്നും ഇതെല്ലാം മറച്ചുവയ്ക്കാനാണ് പിണറായി കോഴിക്കോട് പലസ്തീന്‍ സമ്മേളനം നടത്തിയതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പലസ്തീന്‍ പുഴുങ്ങി ഉരുട്ടി കഴിക്കാന്‍ പറ്റുമോയെന്നും ഹമാസ് ഉരുട്ടി വിഴുങ്ങാന്‍ പറ്റുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.


◾കേന്ദ്രഭരണം കൈയിലിരിക്കുമ്പോള്‍ത്തന്നെ കേരളവും തൃശ്ശൂരും തരണമെന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. അഞ്ചു വര്‍ഷത്തേക്ക് തൃശ്ശൂര്‍ മാത്രം തന്നാല്‍ പോര, കേരളം കൂടി തരണമെന്ന് പറഞ്ഞ സുരേഷ് ഗോപി അഞ്ചുവര്‍ഷംകൊണ്ട് പറ്റുന്നില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞുവിട്ടോളൂ എന്നും പറഞ്ഞു.

◾നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ തൃശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ പ്രാര്‍ഥന നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

◾പിതാവിന്റെ ആഗ്രഹം പോലെ മരിക്കുമ്പോള്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ച് കിടക്കണം എന്നാണ് തന്റെയും ആഗ്രഹമെന്ന് ആര്യാടന്‍ ഷൗക്കത്ത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പലസ്തീന്‍ വിഷയത്തെ ഉപയോഗപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


◾ആഗോളതലത്തില്‍ കേരളത്തെ മുന്‍നിര ടൂറിസം ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ശ്രമങ്ങളെ വിവരിക്കുന്ന 'കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും' എന്ന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പുസ്തകത്തിന് ആമുഖമെഴുതി നടന്‍ മോഹന്‍ലാല്‍. അനന്തമായ വിനോദസഞ്ചാര സാധ്യതകളുള്ള കേരളത്തെ എങ്ങനെ കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ വികസിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയ നിരീക്ഷണങ്ങള്‍ പുസ്തകം പങ്കുവയ്ക്കുന്നതായി മോഹന്‍ലാല്‍ അവതാരികയില്‍ കുറിച്ചു.


◾ബന്ധങ്ങള്‍ തുടരണോയെന്നു തീരുമാനിക്കാനുള്ള ജനാധിപത്യ അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ബന്ധങ്ങള്‍ തുടരണോയെന്നതു സംബന്ധിച്ച് സ്ത്രീകള്‍ക്കുള്ള ജനാധിപത്യ അവകാശം സംബന്ധിച്ച് സമൂഹത്തില്‍ പൊതുബോധം വളര്‍ത്തിയെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

◾കൊല്ലം റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍ നിര്‍ത്തലാക്കി. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ നിര്‍ത്തലാക്കിയത്. പൂട്ടിയ റിസര്‍വേഷന്‍ കൗണ്ടറിന് മുന്നില്‍ റീത്ത് വെച്ചാണ് യാത്രക്കാര്‍ പ്രതിഷേധമറിയിച്ചത്.

◾മീനടം പുതുവലില്‍ ബിനുവും ഒമ്പതു വയസുകാരന്‍ മകനും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബിനു ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. രാവിലെ നടക്കാന്‍ ഇറങ്ങിയ ഇരുവരുടെയും മൃതദേഹം സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലെ വിറകുപുരയിലാണ് കണ്ടെത്തിയത്.


◾വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവ് കോട്ടയം മുള്ളങ്കുഴി എലിപ്പുലിക്കാട്ട് കടവില്‍ മീനന്തറയാറ്റില്‍ മുങ്ങി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജോയല്‍ ആണ് മരിച്ചത്.

◾ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് 301 കോളനിയിലെ താമസക്കാരായ ഗോപി നാഗന്‍ (50), സജീവന്‍ (45) എന്നിവരെ കാണാതായി. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.

◾കര്‍ണാടക ഉഡുപ്പിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മാസ്‌ക് ധരിച്ചെത്തിയ വ്യക്തിയുടെ കുത്തേറ്റ് മരിച്ചനിലയില്‍. ഹസീന (46), മക്കളായ അഫ്‌സാന്‍(23), അസീം(14), അയനാസ്(20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തവണത്തേയും ദീപാവലി ആഘോഷം സൈനികരോടൊപ്പം. ഇത്തവണ ഹിമാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തി ഗ്രാമമായ ലാപ്ച്ചയിലെ സൈനികരോടൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. സൈനികര്‍ ഹിമാലയം പോലെ പതറാതെ നില്‍ക്കുന്ന കാലത്തോളം ഇന്ത്യ സുരക്ഷിതമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി

ദീപാവലി ആഘോഷിക്കുന്ന രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.


◾മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നല്ല നടനാണെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുന്ന ചൗഹാന്‍ തൊഴില്‍രഹിതനാവില്ലെന്നും അദ്ദേഹത്തിന് മുംബൈയില്‍ പോയി സിനിമകളില്‍ അഭിനയിക്കാമെന്നും മധ്യപ്രദേശിന് അഭിമാനംകൊണ്ടുവരാമെന്നും കമല്‍നാഥ് പരിഹസിച്ചു.

◾ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന നാലര കിലോമീറ്റര്‍ നീളമുള്ള ടണലിന്റെ ഒരുഭാഗം ഇടിഞ്ഞു വീണ് 36 തൊഴിലാളികള്‍ കുടുങ്ങി. ഉത്തരകാശിയിലാണ് സംഭവം. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

◾ഝാര്‍ഖണ്ഡിലെ കോഡെര്‍മയില്‍ നിന്ന് ദില്ലിയിലേക്കുള്ള പുരി-ന്യൂ ദില്ലി പുരുഷോത്തം എക്‌സ്പ്രസ് ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ട് നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ കുലുക്കത്തില്‍ രണ്ട് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ട്രെയിനിന്റെ മുകളിലേക്ക് വൈദ്യുത വയര്‍ വീണതിനെത്തുടര്‍ന്നാണ് ലോക്കോപൈലറ്റ് 130 കിമീ വേഗതയില്‍ പായുന്ന ട്രെയിന്റെ എമര്‍ജന്‍സി ബ്രേക്ക് ചവിട്ടിയത്.


◾ലഷ്‌കര്‍-ഇ-തൊയ്ബയുടെ മുന്‍ കമാന്‍ഡര്‍ അക്രം ഖാന്‍ പാക്കിസ്ഥാനില്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. അക്രം ഗാസി എന്ന പേരില്‍ അറിയപ്പെടുന്ന അക്രം ഖാനെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബജൗര്‍ ജില്ലയില്‍ അജ്ഞാതരായ അക്രമികള്‍ വെടിവച്ചു കൊന്നതായാണ് റിപ്പോര്‍ട്ട്. 2018 മുതല്‍ 2020 വരെ ലഷ്‌കറിന്റെ റിക്രൂട്ട്‌മെന്റ് സെല്ലിനെ നയിച്ച ഗാസി, പാകിസ്ഥാനില്‍ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങള്‍ നടത്തുന്നതില്‍ പ്രശസ്തനായിരുന്നു. 

◾ഇന്ത്യക്കെതിരെ വീണ്ടും കാനഡ. ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കുറ്റപ്പെടുത്തി. നിജ്ജറിന്റെ മരണത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണം. വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നത് അപകടകരമെന്നും ജസ്റ്റിന്‍ ട്രൂഡോ കുറ്റപ്പെടുത്തി.

◾ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യക്ക് നെതര്‍ലണ്ട്സിനെതിരെ 160 റണ്‍സിന്റെ ആധികാരിക ജയം. ഇതോടെ ഒന്‍പതില്‍ ഒന്‍പതു മത്സരവും ജയിച്ചാണ് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമി പോരാട്ടത്തിന് കച്ചമുറുക്കുന്നത്. ബാംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ദീപാവലി വെടിക്കെട്ടിലൂടെ നെതര്‍ലണ്ട്‌സിനെതിരെ 4 വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെടുത്തു. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും അര്‍ദ്ധ സെഞ്ച്വറിയടിച്ചപ്പോള്‍ ശ്രേയസ് അയ്യരും കെ.എല്‍ രാഹുലും സെഞ്ച്വറിയടിച്ചു. രാഹുല്‍ 64 പന്തില്‍ 102 റണ്‍സെടുത്തപ്പോള്‍ 94 പന്തില്‍ നിന്ന് 128 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലണ്ട്സ് 47.5 ഓവറില്‍ 250 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി.


◾ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് സെപ്തംബറില്‍ അവസാനിച്ച ആറ് മാസത്തില്‍ 2140 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവിലെ 1727 കോടി രൂപയേക്കാള്‍ 24 ശതമാനമാണ് അറ്റാദായത്തില്‍ വര്‍ദ്ധന. വായ്പ ആസ്തിയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് കമ്പനി നേടിയത്. ആറ് മാസം കൊണ്ട് വായ്പാ ആസ്തി 21 ശതമാനം വര്‍ധിച്ച് 11,771കോടി രൂപയിലെത്തി. സ്വര്‍ണ വായ്പാ ആസ്തി 20 ശതമാനം ഉയര്‍ന്ന് 11016 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ മുത്തൂറ്റ് ഫിനാന്‍സ് 331 ബ്രാഞ്ചുകളാണ് ആരംഭിച്ചത്. ഓഹരികളാക്കി മാറ്റിവാങ്ങാന്‍ കഴിയാത്ത കടപത്രങ്ങള്‍ വഴി 700 കോടി രൂപയാണ് സമാഹരിച്ചത്. മൈക്രോഫിനാന്‍സ്, ഹൗസിംഗ് ഫിനാന്‍സ്, ഇന്‍ഷ്വറന്‍സ് ബിസിനസുകള്‍ മുതല്‍ സ്വര്‍ണ വായ്പ മേഖലകളില്‍ വരെ മികച്ച വളര്‍ച്ച നേടിയയെന്ന് മുത്തൂറ്റ് ഗ്രൂപ്പ് അറിയിച്ചു.


◾സംവിധായകന്‍ ജി.മാര്‍ത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ 'മഹാറാണി'യിലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കി അക്ബര്‍ ഖാന്‍, ഫഹിഷംസ, ഹരീബ് മുഹമ്മദ് ഹനീഫ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ 'ചതയദിന പാട്ടും' ടീസറും ശ്രദ്ധിക്കപ്പെട്ടതോടെ പ്രേക്ഷകര്‍ക്കിടയില്‍ മഹാറാണിയെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിച്ചിരുന്നു. രതീഷ് രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു. മഹാറാണി നവംബര്‍ 24-നാണ് തീയറ്ററുകളിലെത്തുക. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം മറ്റനേകം അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.


◾തെന്നിന്ത്യന്‍ സിനിമ ലോകം പ്രതീക്ഷയോടെ നോക്കുന്ന സിനിമയാണ് സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ'. ത്രീഡിയില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് കങ്കുവ ഒരുങ്ങുന്നത്. ഇപ്പോഴിതാ ദീപാവലി ദിനത്തില്‍ ചിത്രത്തിന്റെ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇ. വി ജ്ഞാനവേല്‍ രാജ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് ആദി നാരായണയാണ്. ദിശ പട്ടാണിയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാണ്.


◾വാഹനങ്ങള്‍ വാങ്ങുമ്പോള്‍ അധിക മൈലേജ് ലഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് അധിക മൈലേജ് ഉറപ്പുനല്‍കുന്ന 'മഹീന്ദ്ര ജീതോ സ്ട്രോംഗ്' എന്ന മോഡലാണ് പുതുതായി വിപണിയില്‍ എത്തിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉപകമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മോബിലിറ്റി ലിമിറ്റഡാണ് ഈ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചത്. മികച്ച മൈലേജുമായി ചരക്ക് ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വരിക എന്ന ലക്ഷ്യത്തില്‍ അധിഷ്ഠിതമായാണ് ഈ മോഡല്‍ പുറത്തിറക്കിയത്. ഡീസല്‍ വകഭേദത്തിന് 815 കിലോഗ്രാമും, സിഎന്‍ജി വകഭേദത്തിന് 750 കിലോഗ്രാമും പേലോഡ് ശേഷി നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വാഹനത്തിന്റെ ഉല്‍പ്പാദനശേഷി വളരെയധികം കൂടുതലാണ്. ഡ്രൈവര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 10 ലക്ഷം രൂപയുടെ സൗജന്യ ആക്സിഡന്റ് ഇന്‍ഷുറന്‍സും മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്. ഡീസല്‍ വകഭേദത്തിന് 5.40 ലക്ഷം രൂപയും, സിഎന്‍ജി വകഭേദത്തിന് 5.50 ലക്ഷം രൂപയുമാണ് കേരളത്തിലെ എക്സ് ഷോറൂം വില.


◾പരിസ്ഥിതിസൗഹൃദപരമായ ലഘുനോവല്‍. മനുഷ്യരുടെ ഭാഷ മനസ്സിലാകാത്ത ഡോക്ടര്‍ ഡുലിറ്റിലിന്റെ കഥയാണിത്. അദ്ദേഹം പക്ഷികളോടും മൃഗങ്ങളോടും വര്‍ത്തമാനം പറയും. അവയെ ചികിത്സിക്കുന്നതാണ് അദ്ദേഹത്തിന് ഏറെ ഇഷ്ടം. ജീവികളോടൊപ്പം കടലിലൂടെയും കരയിലൂടെയും ആഫ്രിക്കന്‍ വനങ്ങളിലൂടെയും നടത്തിയ സംഭവബഹുലമായ സാഹസികയാത്ര ഡോ. ഡുലിറ്റില്‍ ഈ നോവലില്‍ വിവരിക്കുന്നു. പ്രശസ്ത ബ്രിട്ടീഷ് ബാലസാഹിത്യകാരന്‍ ഹ്യൂഗ് ലോഫ്റ്റിങ്ങിന്റെ ഡോ. ഡുലിറ്റില്‍ പരമ്പരയിലെ ആദ്യകൃതി. 'ഡോക്ടര്‍ ഡുലിറ്റില്‍'. പരിഭാഷ - പി.പി.കെ പൊതുവാള്‍. മാതൃഭൂമി. വില 161 രൂപ.


◾ഒരു ദിവസം ഏഴ് ലിറ്റര്‍ വരെ ശുദ്ധജലം കുടിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ടു തന്നെ, എവിടെ പോയാലും ഒരു കുപ്പിയില്‍ വെള്ളം കൈയ്യില്‍ കരുതുന്നതാണ് എല്ലാവരുടേയും ശീലം. എന്നാല്‍, വെള്ളം കൊണ്ടുപോകാന്‍ നമ്മള്‍ പ്ലാസ്റ്റിക് ബോട്ടിലുകളെയാണ് ആശ്രയിക്കുന്നത്. വെള്ളം ശേഖരിക്കാന്‍ നാം ഉപയോഗിക്കുന്ന ബോട്ടില്‍ ആണെങ്കിലും അല്ലെങ്കില്‍ ഷോപ്പുകളില്‍ നിന്നും വില കൊടുത്ത് വാങ്ങുന്ന കുപ്പിവെള്ളം ആണെങ്കിലും അവ ഉപയോഗിച്ചുകൂടാ എന്നാണ് പഠനങ്ങള്‍ പറയുന്നത്. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് കുപ്പികളില്‍ ആണെങ്കില്‍ പോലും വെള്ളം ശേഖരിച്ചു വച്ച് കുടിക്കുന്നത് ഒട്ടും ആരോഗ്യകരമല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കഴുകാതെ വച്ച പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തില്‍ ടോയ്ലെറ്റുകളില്‍ കാണുന്നതിലധികം ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടെന്നാണ് പുതിയ പഠനഫലങ്ങള്‍. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ട്രില്‍മില്‍ റിവ്യൂസ് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍ കഴുകാതെ ഒരാഴ്ച സ്ഥിരമായി ശുദ്ധജലമെടുത്ത് ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഒരാഴ്ചത്തെ ഉപയോഗത്തിനു ശേഷം കുടിവെള്ളക്കുപ്പി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ടോയ്ലെറ്റുകളില്‍ കാണുന്ന തരത്തിലുളള ബാക്ടീരിയകളുടെ സാന്നിധ്യം വെള്ളത്തില്‍ പോലും കണ്ടെത്താന്‍ സാധിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. മനുഷ്യശരീരത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്ന ബാക്ടീരിയകളെയാണ് പരീക്ഷണത്തിനിടയില്‍ കണ്ടെത്താനായത്. അതേസമയം, കുടിവെള്ളം സൂക്ഷിക്കാനായി സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.


*ശുഭദിനം*

*കവിത കണ്ണന്‍*

അയാളുടെ പുതിയ പുസ്തകം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു. അതിന്റെ റോയല്‍റ്റി വാങ്ങി പുറത്തേക്കിറങ്ങുമ്പോഴാണ് ഒരു ദമ്പതികള്‍ അവിടേക്ക് കടന്നുവന്നത്. ഭാര്യ പറഞ്ഞു: എനിക്ക് ആ പുസ്തകം വേണം. വളരെപേര്‍ ചര്‍ച്ചചെയ്യുന്ന പുസ്തകമാണിത്. അപ്പോള്‍ ഭര്‍ത്താവ് ചോദിച്ചു: നീ എന്തിനാണ് ശാഠ്യം പിടിക്കുന്നത്. ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തെങ്കിലും അതിലുണ്ടോ? അവര്‍ കടന്നുപോയി. ഇത് കേട്ട് അയാള്‍ തനിക്ക് ലഭിച്ച പണം അവിടെ ഉപേക്ഷിച്ചു നടന്നകന്നു. ജനകീയമായതെല്ലാം ജീവിതോന്മുഖമാകണമെന്നില്ല. പലപ്പോഴും അര്‍ത്ഥവത്തായ ഒന്നിന്റെയല്ല, ആകര്‍ഷണീയമായ ഒന്നിന്റെ പിറകെയായിരിക്കും ജനക്കൂട്ടം. സമ്പാദിക്കുന്ന പേരും പെരുമയും എന്തിന്റെ പേരിലാണെന്നത് പ്രധാനമാണ്. പ്രശസ്തരാകാനും ആരാധകരെ സൃഷ്ടിക്കാനും പലവഴികളുമുണ്ട്. അപവാദനിര്‍മ്മിതക്കാവശ്യമായവ സമൂഹം അതീവതാല്‍പര്യത്തോടെ ഏറ്റടുക്കും. അകകാമ്പുണ്ടോ, അനുകരണീയമാണോ എന്നതൊന്നും ആള്‍ക്കൂട്ടങ്ങള്‍ക്ക് പരിഗണനാവിഷയങ്ങളല്ല. ജനപ്രിയമാകുന്നതും ജീവിതഗന്ധിയാകുന്നതും വ്യത്യാസമുണ്ട്. പ്രീണിപ്പിക്കുന്നതെന്തും പ്രിയപ്പെട്ടതാകും. പക്ഷേ, പ്രയോജനകരമായവ മാത്രമേ പ്രചോദനമേകൂ. നേടിയതൊന്നും നേട്ടങ്ങളായിരുന്നില്ലെന്ന തിരിച്ചറിവ് അവസാനശ്വാസമെടുക്കുമ്പോഴാകരുത്. വല്ലപ്പോഴും ഏതെങ്കിലും ബോധിവൃക്ഷതണലിലിരിക്കണം. വിശകലനങ്ങളും വിചിന്തനങ്ങളും പുതിയവിചാരങ്ങള്‍ സമ്മാനിക്കും.. അതില്‍ തിരുത്തലുകള്‍ വരുത്തേണ്ടവയുണ്ടെങ്കില്‍ തിരുത്തി മുന്നോട്ട് പോവുക.. കാരണം അകകാമ്പിലാണ് കാര്യം - ശുഭദിനം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍