◾ ഇന്ന് ദീപാവലി ചാലിയാർ ന്യൂസിൻ്റെ പ്രിയ വായനക്കാർക്ക് ദീപാവലി ആശംസകൾ നേരുന്നു.
◾ടി പി ചന്ദ്രശേഖരന്‍ വധക്കേസ് കുറ്റവാളി കൊടി സുനി വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നടത്തിയ ആസൂത്രിത കലാപത്തില്‍ തുടരന്വേഷണത്തിന് ജയില്‍ വകുപ്പ് തയ്യാറാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. കൊടി സുനിക്ക് ജയില്‍ മാറ്റത്തിന് വഴിയൊരുക്കുന്നതിന് ഉദ്യോഗസ്ഥരില്‍ ചിലരുടെ ഒത്താശയോടെയാണ് കലാപം നടന്നതെന്നാണ് ഉയരുന്ന ആരോപണം.
◾ഇന്ധനവും വൈദ്യുതിയും നിലച്ച് ഗാസയിലെ ആശുപത്രികള്‍. ഇന്ധനം തീര്‍ന്നതോടെ വൈദ്യുതി നിലച്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ഇന്‍കുബേറ്ററിലുള്ള ഒരു കുഞ്ഞ് അടക്കം 5 രോഗികള്‍ മരിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 37 നവജാതശിശുക്കളാണ് അല്‍ ഷിഫയിലെ ഇന്‍കുബേറ്ററിലുള്ളത്. അല്‍ ഷിഫയില്‍ നിലവില്‍ 1500 രോഗികളുണ്ട്. 1500 ആരോഗ്യപ്രവര്‍ത്തകരും. അഭയം തേടിയ ഒട്ടേറേപ്പേര്‍ ആക്രമണഭീഷണി കനത്തതോടെ ഒഴിഞ്ഞുപോയെങ്കിലും ഇപ്പോഴും ഇരുപതിനായിരത്തിലധികം പേര്‍ അല്‍ ഷിഫയിലുണ്ട്. ആശുപത്രി സമുച്ചയം വളഞ്ഞ ഇസ്രയേല്‍ സൈന്യം ആശുപത്രിയില്‍ ഹമാസ് ഭീകരരുണ്ടെന്നാരോപിച്ച് പുറത്തിറങ്ങുന്നവര്‍ക്കുനേരെ വെടിവയ്ക്കുകയാണ്. ഇതുവരെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 11,070 പേര്‍ കൊല്ലപ്പെട്ടു.
◾മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കേരളീയത്തിനു പൊടിച്ച 28 കോടി രൂപ ഉണ്ടായിരുന്നെങ്കില്‍ തകഴിയില്‍ ആത്മഹത്യ ചെയ്ത പ്രസാദിനെപ്പോലെയുള്ള എത്ര കര്‍ഷകരെ മരണമുഖത്തുനിന്ന് രക്ഷിക്കാനാകുമായിരുന്നെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പാവങ്ങളെ മരണത്തിന് വിട്ട് ആഘോഷം നടത്തുന്ന ക്രൂരതയുടെ പര്യായമാണ് പിണറായി സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾കേരളത്തില്‍ നിരന്തരമായി കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും നെല്ല് വിളയിക്കുന്ന കര്‍ഷകര്‍ക്ക് നെല്ലെടുത്ത ശേഷം പണം കിട്ടണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
◾ആലപ്പുഴയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും കൃഷി മന്ത്രിയേയും രൂക്ഷമായി വിമര്‍ശിച്ച് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ . ആലപ്പുഴയില്‍ നടന്നത് കര്‍ഷക ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ശോഭ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
◾കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. പരാജയപ്പെട്ടെന്ന് കുറിപ്പെഴുതി, ജീവനൊടുക്കിയ കര്‍ഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി വിജയനാണെന്നും നെല്ല് സംഭരണത്തിന് കേന്ദ്രം നല്‍കുന്ന തുക നേരിട്ട് കര്‍ഷകരിലേക്ക് എത്താനുള്ള നടപടികളുണ്ടാകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
◾കര്‍ഷകന്റെ യഥാര്‍ത്ഥ അവസ്ഥയാണ് പ്രസാദ് അവസാനമായി പറഞ്ഞതെന്നും ആത്മഹത്യയില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്നും പ്രസാദിന്റെ വാക്കുകള്‍ മരണ മൊഴിയായി സ്വീകരിച്ച് സര്‍ക്കാറിനെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് ടി സിദ്ദീഖ് എംഎല്‍എ. ഒരു ഭാഗത്ത് ധൂര്‍ത്തിന് സര്‍ക്കാരിന് പണമുണ്ട്. എന്നാല്‍, കര്‍ഷകര്‍ക്ക് നയാപൈസ നല്‍കുന്നില്ല. കര്‍ഷക കുറ്റപത്രം സര്‍ക്കാറിനെതിരെ യുഡിഎഫ് തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾കേരളത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്യാന്‍ തക്ക സാഹചര്യങ്ങള്‍ ഒന്നും തന്നെ നിലവിലില്ലെന്നും കര്‍ഷകനെ ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാരാണ് നിലവിലുള്ളതെന്നും, കര്‍ഷകന്‍ പ്രസാദ് ആത്മഹത്യക്കിടയാക്കിയ സാഹചര്യം എന്തെന്ന് അന്വേഷിക്കുമെന്നും കൃഷി മന്ത്രി പി.പ്രസാദ്. കര്‍ഷകന്‍ പ്രസാദ് ആത്മഹത്യ ചെയ്തത് അത്യന്തം ഖേദകരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ഇസ്രയേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കയാണെന്ന് കോഴിക്കോട് സിപിഎം റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പലസ്തീന്‍ പ്രശ്നത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്ത്വത്തെ കുറ്റപ്പെടുത്തുന്നതോടൊപ്പം ആര്‍എസ്എസിനെയും ബിജെപിയെയും ഒപ്പം മുന്‍ യുപിഎ സര്‍ക്കാരുകളെയും കുറ്റപ്പെടുത്തിയാണ് വിഷയത്തിലെ ഇന്ത്യയുടെ നയം മാറ്റത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
◾എന്നും പലസ്തീന് ഒപ്പമാണ് സിപിഎം എന്നും രാഷ്ട്രീയ വേര്‍തിരിവില്ലാതെ മനുഷ്യത്വമുള്ള എല്ലാവരും ഒരുമിക്കുന്ന റാലിയാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഞങ്ങളെ വിളിച്ചാല്‍ വരുമെന്ന് ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ വരില്ലെന്ന് അറിയാമായിരുന്നു എന്നും മുസ്ലിംലീഗ് റാലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചു.
◾പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാട് പറയാന്‍ ധൈര്യമില്ലെന്നും, പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി ആര് സംഘടിപ്പിച്ചാലും അവര്‍ക്കൊപ്പം സിപിഎം ഉണ്ടെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. ഐക്യദാര്‍ഢ്യ പരിപാടി നടത്തിയതിന് ഷൗക്കത്തിനെതിരെ നടപടിയെടുത്തതോടെ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം അഞ്ചായി. സ്‌ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപനാണ് (46) മരിച്ചത്. ഇവരുടെ മകള്‍ 12 വയസുകാരി ലിബ്‌ന നേരത്തേ മരിച്ചിരുന്നു. സാലിയുടെ മൂത്ത മകന്‍ പ്രവീണ്‍ (24), ഇളയ മകന്‍ രാഹുല്‍ (21) എന്നിവരും പരിക്കേറ്റ് ചികിത്സയിലാണ്.
◾കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തതായി പൊലീസ്. കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയ പ്രതി മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്ന് സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകള്‍ കണ്ടെടുത്തു. സ്ഫോടനത്തിന് ശേഷം വാഹനത്തില്‍ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാര്‍ട്ടിന്റെ വാഹനത്തിനുള്ളില്‍ നിന്നും വെള്ള കവറില്‍ പൊതിഞ്ഞ നിലയില്‍ റിമോട്ടുകള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
◾ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ, അടിമുടി രാജഭക്തി വെളിവാക്കുന്നുവെന്ന് ആരോപിക്കുന്ന, നോട്ടീസില്‍ കടുത്ത അതൃപ്തി അറിയിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. മനസ്സില്‍ അടിഞ്ഞിരിക്കുന്ന ജാതി ചിന്ത പെട്ടന്ന് പോവില്ലെന്നും അതിങ്ങനെ തികട്ടി വരുമെന്നും ജാതിവ്യവസ്ഥയുണ്ടാക്കിയ ദുരന്തം മാറണമെങ്കില്‍ ജാതി രഹിത സമൂഹമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
◾വയനാടിന്റെ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധീഖിന്റെ നേതൃത്വത്തില്‍ യുഡിഎഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന താമരശ്ശേരി ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്ച ലക്കിടി ഭാഗത്തു നിന്നും ആരംഭിക്കും. ചുരം ബൈപ്പാസും, ബദല്‍ പാതകളും, റെയില്‍വെയും, എയര്‍ കണക്ടിവിറ്റിയും സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാഥ നടത്തുന്നതെന്ന് എം.എല്‍.എ പറഞ്ഞു.
◾പെരുമ്പാവൂരില്‍ നവജാത ശിശുവിന്റെ മൃതശരീരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അതിഥി തൊഴിലാളികളായ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഒഴിവാക്കുന്നതിന് വേണ്ടി രണ്ടുപേരും ചേര്‍ന്ന് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
◾ആലുവ പുഴയില്‍ കുളിക്കാനിറങ്ങിയ എസ് എന്‍ ഡി പി സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഷാല്‍ മുങ്ങിമരിച്ചു. 14 വയസായിരുന്നു. ആലുവ കുന്നത്തേരി എടശേരി വീട്ടില്‍ ഷാഫിയുടെ മകനാണ്.
◾പോലിസ് അകമ്പടിയോടെ ഭാര്യ സീമയെ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ചേര്‍ത്തു പിടിക്കുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ചിത്രം എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. രാജ്യത്തെ പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്കു പ്രതീക്ഷ പകര്‍ന്ന വ്യക്തിയോട് അനീതി ചെയ്യുന്നത് ശരിയാണോയെന്നും കേജ്രിവാള്‍ ചോദിച്ചു.
◾മധ്യപ്രദേശില്‍ 'സങ്കല്‍പ് പത്ര' എന്ന പേരില്‍ ബിജെപി പ്രകടന പത്രിക പുറത്തിറക്കി . ഗോതമ്പിന്റെ താങ്ങുവില ക്വിന്റലിന് 2700 രൂപയും നെല്ലിന് 3100 രൂപയുമായി ഉയര്‍ത്തും. ലാഡ്‌ലി ബെഹ്ന പദ്ധതിയിലൂടെ 1.30 കോടി കുടുംബങ്ങള്‍ക്ക് വീടു നല്‍കുമെന്നും കേന്ദ്രത്തിന്റെ ഉജ്ജ്വല പദ്ധതിയിലൂടെ 450 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍ ലഭ്യമാക്കുമെന്നും പ്രകടന പത്രികയിലുണ്ട്..
◾ഹരിയാനയിലെ വ്യാജമദ്യ ദുരന്തത്തില്‍ 16 മരണം. സംഭവത്തില്‍ 7 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യമുനാനഗറിലെ മണ്ടേബാരി, പഞ്ചേതോ കാമജ്ര ഗ്രാമങ്ങളിലുളളവരാണ് മരിച്ചവരിലേറെയും. തൊട്ടടുത്ത അംബാലയില്‍ നിന്നാണ് വ്യാജമദ്യമെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
◾കിഴക്കന്‍ ജറുസലേം ആസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ എന്നത് അംഗീകരിക്കുക മാത്രമാണ് മേഖലയിലെ സമാധാനത്തിന് ഒരേയൊരു പരിഹാരമെന്ന് സൗദി അറേബ്യ. ഇസ്രയേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദിയില്‍ അറബ് - ഇസ്ലാമിക് അടിയന്തര അസാധാരണ ഉച്ചകോടിയിലാണ് സൗദി നിലപാട് വ്യക്തമാക്കിയത്. മാനുഷിക ദുരന്തം തടയുന്നതില്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടെന്ന് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
◾ഇസ്രയേല്‍ സൈന്യത്തെ 'ഭീകര സംഘടന'യായി പ്രഖ്യാപിക്കണമെന്ന് മുസ്ലിം രാജ്യങ്ങളോട് ആഹ്വാനംചെയ്ത് ഇറാന്‍. ഗാസയില്‍ ഇസ്രയേല്‍ സേന നടത്തുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി സൗദി അറേബ്യയില്‍ നടക്കുന്ന അറബ്-മുസ്ലിം നേതാക്കളുടെ ഉച്ചകോടിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
◾യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ്-3 ഓപ്പറേഷന്റെ ഭാഗമായി യുഎഇ ഗാസയില്‍ ഫീല്‍ഡ് ആശുപത്രി സ്ഥാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പലസ്തീനികളെ ചികിത്സിക്കാന്‍ താല്‍പ്പര്യമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കായി യുഎഇയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ബംഗ്ലാദേശിനെതിരെ 8 വിക്കറ്റിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് തൗഹീദ് ഹൃദോയുടെ 74 റണ്‍സിന്റെ മികവില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 132 പന്തില്‍ 177 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റെ മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 9 കളികളില്‍ നിന്ന് 4 പോയിന്റ് മാത്രമുള്ള ബംഗ്ലാദേശ് നേരത്തെ തന്നെ പുറത്തായിരുന്നു.സെമി ഫൈനല്‍ നേരത്തെ തന്നെ ഉറപ്പിച്ചിരുന്ന ഓസ്ട്രേലിയ 9 കളികളില്‍ നിന്ന് 14 പോയിന്റുമായി മൂന്നാം സ്ഥാനത്താണുള്ളത്.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 93 റണ്‍സിന്റെ കൂറ്റന്‍ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 43.3 ഓവറില്‍ 244 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. ഇതോടെ പാകിസ്ഥാന്‍ സെമി കാണാതെ പുറത്തായി. ഇംഗ്ലണ്ട് നേരത്തെ തന്നെ പുറത്തായിരുന്നു.
◾2023 ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ഇംഗ്ലണ്ടിനെതിരേ പാകിസ്താന്‍ തോറ്റതോടെ നാലാം സ്ഥാനക്കാരായി ന്യൂസീലന്‍ഡ് സെമിയിലേക്ക് മുന്നേറി. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ ടീമുകള്‍ നേരത്തെ തന്നെ സെമിയിലെത്തിയിരുന്നു. നവംബര്‍ 15 ന് നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യ ന്യൂസിലാണ്ടുമായി ഏറ്റുമുട്ടും. നവംബര്‍ 16 ന് നടക്കുന്ന രണ്ടാമത്തെ സെമിയില്‍ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും. നവംബര്‍ 19 ഞായറാഴ്ചയാണ് ഫൈനല്‍.
◾സ്മാര്‍ട്ട്ഫോണുകള്‍, ടെലിവിഷനുകള്‍, ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ വില്‍പ്പനയ്‌ക്കൊപ്പം ധന്തേരസ് ദിനത്തില്‍ സ്വര്‍ണ വില്‍പ്പനയില്‍ റെക്കോഡ് ഉയര്‍ച്ച. രാജ്യത്ത് ഈ ഉത്സവ സീസണില്‍ സ്വര്‍ണത്തിന്റെ ആവശ്യകത 7.7% വര്‍ധിച്ച് 42 ടണ്ണിലെത്തിയതായി ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജുവല്ലേഴ്സ് അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കി. ഇന്നലെ രാജ്യത്ത് സ്വര്‍ണവില 10 ഗ്രാമിന് 1,500 രൂപ കുറഞ്ഞ് 60,400 രൂപയായി. ധന്തേരസ് ദിനത്തില്‍ നഗര, അര്‍ധ നഗര വിപണികളിലാണ് മികച്ച വില്‍പ്പന നടന്നത്. ഉത്സവ സീസണായ നവരാത്രിക്കും ദീപാവലിക്കും ഇടയിലുള്ള ദിവസങ്ങളിലാണ് രാജ്യത്ത് ഉപഭോക്തൃ വസ്തുക്കളുടെ വില്‍പ്പന ഏറ്റവും മികച്ച രീതിയില്‍ നടക്കുന്നത്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം ഈ ഉത്സവ സീസണില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ ഏകദേശം 8% വളര്‍ച്ച രേഖപ്പെടുത്തി. റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എയര്‍ കണ്ടീഷണറുകള്‍ തുടങ്ങിയ ഉപകരണങ്ങളുടെ വില്‍പ്പന ഇക്കാലയളവില്‍ 20 ശതമാനം വര്‍ധിച്ചു. ടെലിവിഷന്‍ വില്‍പ്പന 30 ശതമാനത്തിലധികം ഉയര്‍ന്നു.ആമസോണ്‍ പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ഉത്സവ വില്‍പ്പന എക്കാലത്തെയും മികച്ചതായിരുന്നതായും റിപ്പോര്‍ട്ട് പറഞ്ഞു.
◾മോഹന്‍ലാല്‍ ചിത്രത്തിന് പിന്നാലെ മമ്മൂട്ടി നായകനായി എത്തുന്ന 'കാതല്‍' സിനിമയുടെ പുത്തന്‍ അപ്ഡേറ്റും പുറത്ത്. ജ്യോതിക നായികയായി എത്തുന്ന ചിത്രത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. എന്നും എന്‍ കാവല്‍ എന്ന് തുടങ്ങുന്ന ഇമോഷണല്‍ മെലഡി സോംഗ് ആണിത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മാത്യൂസ് പുളിക്കന്‍ ആണ്. ജി വേണുഗോപാലും ചിത്രയും ചേര്‍ന്നാണ് ആലാപനം. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു വ്യത്യസ്തമായ കഥാപാത്രം ആകും കാതലിലേത് എന്നാണ് വിലയിരുത്തല്‍. ജ്യോതിക ഇതാദ്യമായാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. നവംബര്‍ 23നാണ് കാതല്‍ തിയറ്ററില്‍ എത്തുക. അതേസമയം, ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും ഐഎഫ്എഫ്കെയിലും മമ്മൂട്ടി ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റോഷാക്ക്, ടര്‍ബോ, നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളാണ് ഇതിന് മുന്‍പ് മമ്മൂട്ടി കമ്പനി നിര്‍മിച്ചത്.
◾ഹിറ്റ് ഗായകന്‍ ജി വേണുഗോപാലിന്റെ മകന്‍ അരവിന്ദ് പാടിയ പുതിയ ഗാനം റിലീസായി. 'കാത്ത് കാത്തൊരു കല്യാണം' എന്ന സിനിമയ്ക്ക് വേണ്ടിയാണ് അരവിന്ദ് വേണുഗോപാല്‍ ഗാനം പാടിയിരിക്കുന്നത്. കുട്ടികള്‍ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ. സംവിധാനം നിര്‍വഹിക്കുന്നത് ജയിന്‍ ക്രിസ്റ്റഫറാണ്. തിരക്കഥ എഴുതിയിരിക്കുന്നത് നന്ദനാണ്.സെബാസ്റ്റ്യന്‍ ഒറ്റമശ്ശേരിയാണ് ഗാനം രചിച്ചിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് മധുലാല്‍ ശങ്കര്‍. ടോണി സിജിമോനാണ് കാത്ത് കാത്തൊരു കല്യാണത്തില്‍ നായകനനാകുന്നത്. ക്രിസ്റ്റി ബിന്നെറ്റാണ് നായിക. പ്രമോദ് വെളിയനാട്, ജോബി, റിയാസ് നെടുമങ്ങാട്, ഷാജി മാവേലിക്കര, പ്രദീപ് പ്രഭാകര്‍, വിനോദ് കെടാമംഗലം,വിനോദ് കുറിയന്നൂര്‍,രതീഷ് കല്ലറ, അരുണ്‍ ബെല്ലന്റ്, കണ്ണന്‍ സാഗര്‍, പുത്തില്ലം ഭാസി,ലോനപ്പന്‍ കുട്ടനാട്, സോജപ്പന്‍ കാവാലം, മനോജ് കാര്‍ത്യ, പ്രകാശ് ചാക്കാല, സിനിമോള്‍ ജിനേഷ്, ജിന്‍സി ചിന്നപ്പന്‍, റോസ്, ആന്‍സി, ദിവ്യ ശ്രീധര്‍, നയന, അലീന സാജന്‍, സുമ, ഷീല, അജേഷ് ചങ്ങനാശ്ശേരി, നുജുമൂദീന്‍ സന്തോഷ് അടവീശ്വര, റെജി കോട്ടയം, മുടക്കാരിന്‍, വിനോദ് വെളിയനാട്, ജോസ് പാലാ, ടിജി ചങ്ങനാശ്ശേരി, മധു ഏഴംകുളം, ശ്രീജ കുറുപ്പ്, ബീന മരിയ തുടങ്ങിയവരും താരങ്ങളാകുന്നു.
◾മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്റ്റിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നു. 2023ലെ ജപ്പാന്‍ മൊബിലിറ്റി ഷോയിലാണ് കമ്പനി ഈ ഹാച്ച്ബാക്ക് അവതരിപ്പിച്ചത്. നവീകരിച്ച ഡിസൈനിലാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. അടുത്ത തലമുറ സ്വിഫ്റ്റ് അടുത്ത വര്‍ഷം 2024 ല്‍ വിപണിയിലെത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. പുതിയ തലമുറ സ്വിഫ്റ്റില്‍ കെ12സി യൂണിറ്റിന് പകരം പുതിയ 1.2ലി ത്രീ സിലിണ്ടര്‍ എന്‍എ ഇസെഡ്12ഇ പെട്രോള്‍ എഞ്ചിന്‍ വരുമെന്ന് ജാപ്പനീസ് ഓട്ടോമൊബൈല്‍ കമ്പനിയായ സുസുക്കി വ്യക്തമാക്കി. മികച്ച ഇന്ധനക്ഷമതയ്ക്കായി മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടൊപ്പം ഉള്‍പ്പെടുത്തും. ആകെ 13 കളര്‍ ഓപ്ഷനുകളിലാണ് പുതുതലമുറ സ്വിഫ്റ്റ് എത്തുന്നത്. ഇതില്‍ ഒമ്പത് സിംഗിള്‍-ടോണ്‍, നാല് ഡ്യുവോ-ടോണ്‍ നിറങ്ങള്‍ ഉള്‍പ്പെടും. മോണോ-ടോണ്‍ ഷേഡുകള്‍ ഫ്രോണ്ടിയര്‍ ബ്ലൂ പേള്‍ മെറ്റാലിക്, കൂള്‍ യെല്ലോ മെറ്റാലിക്, ബേണിംഗ് റെഡ് പേള്‍ മെറ്റാലിക്, സൂപ്പര്‍ ബ്ലാക്ക് പേള്‍, സ്റ്റാര്‍ സില്‍വര്‍ മെറ്റാലിക്, ഫ്ലേം ഓറഞ്ച് പേള്‍ മെറ്റാലിക്, കാരവന്‍ ഐവറി പേള്‍ മെറ്റാലിക്, പ്യുവര്‍ വൈറ്റ് പേള്‍, പ്രീമിയം സില്‍വര്‍ എന്നിവ ഉള്‍പ്പെടുന്നു. ആകുന്നു. ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീമില്‍ ബ്ലൂ വിത്ത് ബ്ലാക്ക് റൂഫ്, റെഡ് വിത്ത് ബ്ലാക്ക് റൂഫ്, യെല്ലോ വിത്ത് ബ്ലാക്ക് റൂഫ്, വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ് എന്നിവ ഉള്‍പ്പെടുന്നു.
◾ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ളതും കുട്ടികളായ വായനക്കാരെ കാലങ്ങളായി ആകര്‍ഷിക്കുന്നതുമായ നിരവധി നല്ല കഥകളില്‍നിന്നും തിരഞ്ഞെടുത്ത നാല്‍പ്പതു കഥകള്‍. വായിച്ചാലും കേട്ടാലും കൊതിതീരാത്ത ഈ ക്ലാസിക് കഥകള്‍ ബാലമനസ്സുകളില്‍ നന്മയുടെയും പ്രത്യാശയുടെയും വെളിച്ചം വിതറുന്നു. കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന 40 വിശ്വോത്തരകഥകള്‍. '40 വിശ്വപ്രസിദ്ധ ബാലകഥകള്‍'. സിപ്പി പള്ളിപ്പുറം. മാതൃഭൂമി. വില 238 രൂപ.
◾പാന്‍ക്രിയാസിലെ കോശങ്ങളുടെ വളര്‍ച്ചയില്‍ ആരംഭിക്കുന്ന അര്‍ബുദമാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. ആമാശയത്തിന്റെ താഴത്തെ ഭാഗത്തിന് പിന്നില്‍ പാന്‍ക്രിയാസ് സ്ഥിതിചെയ്യുന്നു. ഇത് ഭക്ഷണം ദഹിപ്പിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകളും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകളും ഉണ്ടാക്കുന്നു. ഗുരുതരമായ കാന്‍സറുകളില്‍ ഒന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. അത് തിരിച്ചറിയുക സങ്കീര്‍ണമാണെന്ന് മാത്രമല്ല ഏറ്റവും വേദന നിറഞ്ഞ ഒന്നുകൂടിയാണിത്. പാന്‍ക്രിയാസിന് ചുറ്റും അനിയന്ത്രിതമായി കാന്‍സര്‍ കോശങ്ങള്‍ പെരുകുകയും ഒരു ട്യൂമര്‍ രൂപപ്പെടുകയും ചെയ്യുന്നതാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ഏറ്റവും സാധാരണമായ തരം പാന്‍ക്രിയാറ്റിക് ഡക്റ്റല്‍ അഡിനോകാര്‍സിനോമയാണ്. പാന്‍ക്രിയാസില്‍ നിന്ന് ദഹന എന്‍സൈമുകള്‍ കൊണ്ടുപോകുന്ന നാളങ്ങളെ അണിനിരത്തുന്ന കോശങ്ങളിലാണ് അര്‍ബുദം ആരംഭിക്കുന്നത്. പാന്‍ക്രിയാറ്റിക് കാന്‍സര്‍ അതിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ വളരെ അപൂര്‍വമായി മാത്രമാണ് കണ്ടെത്താനാകുന്നത്. ഇത് പലപ്പോഴും മറ്റ് അവയവങ്ങളിലേക്ക് പടരുന്നതുവരെ രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ല. പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. അടിവയറ്റില്‍ അസ്വസ്ഥത തോന്നുകയും വേദന പുറത്തേക്കു വ്യാപിക്കുകയും ചെയ്താല്‍ അത് പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ലക്ഷണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു. പെട്ടെന്ന് ഭാരം കുറയുക, നടുവേദന, ഓക്കാനം, ഛര്‍ദ്ദി (ഭക്ഷണം കഴിച്ചയുടന്‍ ഓക്കാനവും ഛര്‍ദ്ദിയും അനുഭവപ്പെടുന്നത് ശരീരത്തില്‍ ട്യൂമര്‍ വളരുന്നതിന്റെ ആദ്യലക്ഷണമാണ്.), മഞ്ഞപ്പിത്തം, ഇരുണ്ട നിറമുള്ള മൂത്രം, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, കൈയിലോ കാലിലോ വേദനയും വീക്കവും ഉണ്ടാകുക. ഇത് രക്തം കട്ടപിടിക്കുന്നത് മൂലമാകാം. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ 'കണ്‍സള്‍ട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
*ശുഭദിനം*
ആ കുളത്തിലെ മത്സ്യങ്ങളെല്ലാം കാലങ്ങളായി അവിടെ താമസിക്കുന്നവരാണ്. ഒരു ദിവസം കുറച്ച് മീന്‍പിടുത്തക്കാര്‍ ആ കുളത്തിനരികിലെത്തി. അപകടാവസ്ഥ മനസ്സിലാക്കിയ മത്സ്യങ്ങളെല്ലാം നീന്തി രക്ഷപ്പെടാന്‍ തുടങ്ങി. പക്ഷേ, ഒരു മത്സ്യം മാത്രം അവരുടെ കൂടെ പോകുവാന്‍ തയ്യാറായില്ല. അവന്‍ പറഞ്ഞു: ഞാന്‍ മാസങ്ങളായി ഇവിടെയാണ്. ഇത് എനിക്ക് അവകാശപ്പെട്ട സ്ഥലമാണ്. ഞാന്‍ എവിടേയും പോകില്ല. മീന്‍പിടുത്തക്കാര്‍ വിരിച്ച ആദ്യവലയില്‍ തന്നെ ആ മത്സ്യം കുടുങ്ങി. ചെറിയ പ്രതിസന്ധികള്‍ മറികടക്കാന്‍ കഴിയുന്നവര്‍ മാത്രമേ വലിയ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുകയുളളൂ. ഹിമാലയത്തില്‍ കയറുന്നവര്‍ അതിന്റെ മുകളില്‍ നിന്നും താഴെ വീണിട്ടല്ല പരിക്കേല്‍ക്കുന്നത്. അവിടെയുള്ള ചെറിയ കല്ലുകളില്‍തട്ടിയും കുഴികളില്‍ വീണുമൊക്കെയാണ്. ഓരോ യാത്രയ്ക്കിടയിലും അപ്രധാനമെന്നുതോന്നുന്ന പല പ്രശ്‌നങ്ങളും വന്നുകൊണ്ടേയിരിക്കും. അവയെ അവഗണിച്ചോ പരിഗണിച്ചു മയപ്പെടുത്തിയോ ഒഴിവാക്കണം. ലോകത്തിലുള്ള എല്ലാം ആരുടേയും നിയന്ത്രണത്തിലല്ല. എതിരാളിയെ നിസ്സാരവത്കരിക്കുകയോ, സ്വയം മഹത്വത്കരിക്കുക ചെയ്യുന്നതുകൊണ്ട് സംഭവിക്കുന്നതാണ്. എതിരാളിയോടുളള ആദരമാണ് ഏത് പോരാളിയുടേയും മുന്നേറ്റത്തിനുള്ള ആദ്യപടി. എല്ലാറ്റിനേയും പൊരുതിത്തോല്‍പ്പിക്കാന്‍ ശേഷിയുള്ള ആരുമുണ്ടാകില്ല. ചിലതിനെ ഒഴിവാക്കിനിര്‍ത്തണം. പോരാട്ടശേഷിക്കുമപ്പുറത്താണെന്നറിഞ്ഞാല്‍ അകന്നുമാറണം. അത് ചിലപ്പോള്‍ നമ്മുടെ വലിയ ലക്ഷ്യങ്ങളിലേക്ക് യാത്രതുടരാന്‍ പ്രാപ്തരാക്കും - *ശുഭദിനം.*
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍