പ്രഭാത വാർത്തകൾ2023 നവംബർ 10 വെള്ളി 1199 തുലാം 24 അത്തം 1445 റ: ആഖിർ 25

◾ഇസ്രയേല്‍- ഹമാസ് തെരുവുയുദ്ധം തുടരുന്നതിനിടെ വടക്കന്‍ഗാസയില്‍നിന്നു കൂട്ടപലായനം. ഇന്നലെ മാത്രം അരലക്ഷത്തോളം പേര്‍ കൂടി പലായനം ചെയ്തുവെന്ന് യുഎന്‍. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 10,812 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 40 % കുട്ടികളാണ്. അതേസമയം രോഗികള്‍ക്കു പുറമേ ആയിരങ്ങള്‍ അഭയം തേടിയ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയുടെ പരിസരത്തേക്ക് ഇസ്രയേല്‍ സൈന്യമടുത്തെന്നാണു റിപ്പോര്‍ട്ട്. അല്‍ ഷിഫയില്‍ ഹമാസ് കമാന്‍ഡ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇസ്രയേല്‍ ആരോപണം.

◾കണ്ടല ബാങ്കിന്റെ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന്റെ മകന്‍ അഖില്‍ ജിത്ത് കസ്റ്റഡിയില്‍. ഇദ്ദേഹത്തിന്റെ കാറും ഇഡി കസ്റ്റഡിയിലെടുത്തു. വന്‍ നിക്ഷേപങ്ങളിലെ രേഖകളില്‍ സംശയം തോന്നിയ ഇഡി കണ്ടല ബാങ്കിലെയും ഭാസുരാംഗന്റെ വീട്ടിലെയും 40 മണിക്കൂര്‍ നീണ്ട പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് നടപടി. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ ഭാസുരാംഗന്‍ ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

◾കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ നൂറിലേറെ കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് ഭാസുരാംഗന്‍ മാത്രമല്ലെന്നും തട്ടിപ്പിന് നേതൃത്വം നല്‍കിയവരില്‍ ഉന്നതരായിട്ടുള്ള ഭരണകക്ഷി നേതാക്കന്മാരുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളമാകെ സഹകരണ ബാങ്കുകളെ കൊള്ളയടിക്കുക എന്നുള്ള ഒരു സമീപനമാണ് സിപിഎമ്മും സിപിഐയും കോണ്‍ഗ്രസ്സുമെല്ലാം കൈക്കൊള്ളുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

◾കരുവന്നൂര്‍, കണ്ടല, പുല്‍പ്പള്ളി ബാങ്കുകളിലെ ഇഡി അന്വേഷണത്തില്‍ സഹകരണ വകുപ്പ് കണ്ടെത്തിയതിനപ്പുറം പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സഹകരണമന്ത്രി വി എന്‍ വാസവന്‍. എന്നാല്‍ രാഷ്ട്രീയ നേതൃത്വത്തിലേക്ക് അന്വേഷണം കടന്നതും ബെനാമി കള്ളപ്പണ ഇടപാടുകള്‍ പുറത്ത് വന്നതും തങ്ങളുടെ അന്വേഷണത്തിലെന്ന് ഇഡി വ്യക്തമാക്കി.

◾കെപിസിസി സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ജമാഅത്തെ ഇസ്ലാമി അടക്കമുളള സംഘടനകളെ ക്ഷണിക്കുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍. ഈ മാസം 23ന് കോഴിക്കോടാണ് റാലി നടത്തുന്നത്. എല്‍ഡിഎഫിലെയോ എന്‍ഡിഎയിലെയോ കക്ഷികളെ ക്ഷണിക്കില്ല. റാലിയില്‍ മുസ്ലീം ലീഗ് നേതാക്കള്‍ മുഖ്യാതിഥികളാവും. ശശി തരൂരിനെ ക്ഷണിക്കുന്ന കാര്യം കെപിസിസി നേതൃത്വം തീരുമാനിക്കുമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.

◾ചലച്ചിത്ര താരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കലാഭവന്‍ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്.

◾കേരള സര്‍ക്കാരിന്റെ കേരളീയം പരിപാടിയെക്കുറിച്ച് ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളീയം പരിപാടിയില്‍ ജി.എസ്.ടി ഉദ്യോഗസ്ഥരെ പണപ്പിരിവിന് നിയോഗിച്ചുവെന്നും ഏറ്റവും കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് സംഘടിപ്പിച്ചതിനുള്ള അവാര്‍ഡ് ജി.എസ്.ടി അഡി. കമ്മീഷണര്‍ക്കാണെന്നും (ഇന്റലിജന്‍സ്) അദ്ദേഹം ആരോപിച്ചു.

◾കേരളീയം സ്പോണ്‍സര്‍ഷിപ്പ് വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. സ്പോണ്‍സര്‍ഷിപ്പില്‍ സതീശന്‍ ഉന്നയിക്കുന്നത് വ്യാജ ആരോപണമാണെന്ന് ശിവന്‍കുട്ടി പ്രതികരിച്ചു. സ്പോണ്‍സര്‍ഷിപ്പ് കാര്യങ്ങളെല്ലാം നടന്നത് തന്റെ അറിവോടെയാണ്. പരാതി ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാനും മന്ത്രി വെല്ലുവിളിച്ചു.

◾മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മില്‍ കോവളത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തി. നിയമമന്ത്രി പി രാജീവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കേസുകള്‍ തീര്‍പ്പാക്കല്‍, കോടതിക്ക് വാഹനങ്ങള്‍ അനുവദിക്കല്‍, കെട്ടിടങ്ങള്‍ നിര്‍മ്മിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി എന്നാണ് വിവരം.

◾സംസ്ഥാനത്ത് ചെലവുകള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയതായി ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫര്‍ണിച്ചര്‍ വാങ്ങല്‍, പുതിയ വാഹനങ്ങള്‍ വാങ്ങല്‍ എന്നിവക്കുള്ള നിയന്ത്രണം ഒരു വര്‍ഷം കൂടി നീട്ടിയെന്നാണ് ഉത്തരവില്‍ പറയുന്നത്.

◾വയനാട് പേരിയ ഏറ്റുമുട്ടലില്‍ അഞ്ചു മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായി പൊലീസ് എഫ്ഐആര്‍. പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തി. രക്ഷപ്പെട്ടവര്‍ക്കായി കര്‍ണാടകത്തിലും തെരച്ചില്‍ തുടങ്ങി. കൊയിലാണ്ടിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോയിസ്റ്റ് അനീഷ് ബാബുവിനെ ഈ മാസം പതിനാലാം തിയതി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

◾ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. മന്ത്രി എംബി രാജേഷാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമ്പൂര്‍ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി കേരളം ഉടനെ മാറുമെന്നും പഞ്ചായത്ത് അടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പിലാക്കുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നും രാജേഷ് അറിയിച്ചു.

◾ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്നാവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. അവര്‍ തെറ്റ് തിരുത്താതെ ഇന്‍ഡിഗോയില്‍ ഇനി കയറില്ല. വന്ദേഭാരത് വന്നതോടെ കേരളത്തില്‍ കെ റെയിലിന്റെ സാധ്യത കൂടിയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

◾ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഒക്ടോബര്‍ മാസത്തില്‍ 8703 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കാന്‍ നടപടി സ്വീകരിച്ചു. പരിശോധനകള്‍ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

◾ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ച് 40,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ഗുജറാത്തില്‍ നിന്ന് പിടികൂടി കേരളാ പൊലീസ്. കോഴിക്കോട് സൈബര്‍ ക്രൈം പൊലീസും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലെ സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

◾നീലഗിരിയില്‍ കോട്ടഗിരി-മേട്ടുപ്പാളയം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്നും വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടതായും നീലഗിരി ട്രാഫിക് പൊലീസ് അറിയിച്ചു. നീലഗിരി മൗണ്ടന്‍ റെയില്‍വെ വിഭാഗത്തിന്റെ കീഴിലെ രണ്ട് ട്രെയിനുകള്‍ റദ്ദാക്കി.

◾ആലുവയില്‍ 5 വയസ്സുകാരിയെ കൊലപെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ശിശുദിനമായ നവംബര്‍ 14 ന് പ്രഖ്യാപിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്ന് പ്രൊസിക്യൂഷന്‍ ആവര്‍ത്തിച്ചു.

◾വ്യാജ സര്‍ട്ടിഫിക്കറ്റ് സംഭവത്തില്‍ കെഎസ് യു നേതാക്കളായ കൗശിക് എം ദാസിനും, വിഷ്ണു വിജയനുമെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ. വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയാ സംഘങ്ങളെ ഇല്ലാതാക്കാന്‍ പൊലീസിന്റെ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ ആവശ്യപ്പെട്ടു.

◾ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയെ ജയില്‍ മാറ്റി. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് തവനൂര്‍ ജയിലിലേക്കാണ് മാറ്റിയത്. ജയിലില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരിലാണ് മാറ്റം.

◾പലസ്തീന്‍ ജനതയുടേത് സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള പോരാട്ടമാണെന്ന് രമേശ് ചെന്നിത്തല. എസ്‌കെഎസ്എസ്എഫ് സംഘടിപ്പിച്ച പലസ്തീന്‍ പോരാട്ടവും മാധ്യമ വേട്ടയുമെന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ലൈംഗിക പീഡനത്തിനിരയായ 13കാരിയുടെ പേര് വൈക്കം തഹസില്‍ദാര്‍ ഇ എം റെജി നാട് മുഴുവന്‍ പരത്തിയെന്ന് പരാതി. മുമ്പ് കൈക്കൂലി ആവശ്യപ്പെട്ടതിന് റെജിക്കെതിരെ പരാതി നല്‍കിയതിനാണ് ഈ ക്രൂരത ചെയ്തതെന്ന് കുടുംബം വ്യക്തമാക്കി.

◾കണ്ണൂരില്‍ സിപിഎം അനുകൂല ട്രസ്റ്റിന്റെ എംവി രാഘവന്‍ അനുസ്മരണ പരിപാടിക്ക് നേരിട്ടെത്താതെ പികെ കുഞ്ഞാലിക്കുട്ടി. സിഎംപി അതൃപ്തിയറിയിച്ചതോടെയാണ് സാന്നിധ്യം വീഡിയോ സന്ദേശത്തില്‍ ഒതുക്കിയത്. കുഞ്ഞാലിക്കുട്ടിയെ വിലക്കിയത് കോണ്‍ഗ്രസാണെന്ന് സിപിഎം വിമര്‍ശിച്ചു.

◾പാലക്കാട് ഷൊര്‍ണൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട. 12 ലക്ഷത്തോളം വിലവരുന്ന 227 ഗ്രാം എംഡിഎംഎയുമായി കണ്ണൂര്‍, കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ പിടിയിലായി. തലശേരി സ്വദേശി ടി.കെ നൗഷാദ്, വടകര ചെമ്മരത്തൂര്‍ സ്വദേശി സുമേഷ്‌കുമാര്‍ എന്നിവരാണ് പിടിയിലായത്.

◾തലശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹസ്വാസ്ഥ്യം. കുട്ടികള്‍ക്ക് ശരീര വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലര്‍ജി പ്രശ്‌നമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

◾സംസ്ഥാനത്തെ പട്ടിക വര്‍ഗ ഓഫീസുകളില്‍ ഓപ്പറേഷന്‍ വനജ് എന്ന് പേരിട്ട നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. പട്ടിക ജാതി വിഭാഗത്തിലെ ഗര്‍ഭിണികള്‍ക്ക് 2000 രൂപ നല്‍കുന്ന ജനനി ജന്മരക്ഷ പദ്ധതിയിലും കുട്ടികള്‍ക്കുള്ള ധനസഹായ പദ്ധതിയായ കൈത്താങ്ങ് പദ്ധതിയിലൂം വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.

◾ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്കായി അയ്യന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. അയ്യപ്പന്മാര്‍ പാലിക്കേണ്ട ആചാര മര്യാദകളും പൊതുനിര്‍ദേശങ്ങളും ശബരിമല ക്ഷേത്രത്തേക്കുറിച്ചുള്ള വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്. പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തില്‍ നിര്‍മിച്ച ആപ്പ് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പ്രകാശനം ചെയ്തു.

◾മലയാള മനോരമ ആഴ്ചപ്പതിപ്പ് മുന്‍ എഡിറ്റര്‍ -ഇന്‍ -ചാര്‍ജും താന്ത്രിക് ചിത്രകാരനുമായ കെ.എ.ഫ്രാന്‍സിസ് (76) അന്തരിച്ചു. കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നു ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.

◾കോഴിക്കോട് ആനകല്ലുംപാറ വളവില്‍ ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ അപകടത്തില്‍ പെട്ടു. ഇവരില്‍ രണ്ട് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളായ അസ്ലം, അര്‍ഷദ് എന്നിവരാണ് മരിച്ചത്. മലപ്പുറം വേങ്ങര സ്വദേശികളാണ് ഇവര്‍.

◾ഭൂമി അളക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ താലൂക്ക് സര്‍വ്വയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. തൃശൂര്‍ താലൂക്ക് സര്‍വ്വെ ഓഫീസിലെ സെക്കന്റ് ഗ്രേഡ് സര്‍വ്വയര്‍ എന്‍ രവീന്ദ്രനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്.

◾ഇന്ത്യക്കെതിരേ പരസ്യമായി ഗൂഢാലോചന നടത്തുന്ന വിദേശ ഘടകങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ഒരുവശത്ത് അഴിമതിയുടെ കോട്ട പണിയുകയും മറുവശത്ത് രാമന്‍ സാങ്കല്പിക കഥാപാത്രമാണെന്ന് പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നതെന്നും മോദി പറഞ്ഞു.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഗുജറാത്ത് സര്‍വ്വകലാശാല പുറത്തു വിടേണ്ടതില്ല എന്ന ഉത്തരവ് ആവര്‍ത്തിച്ച് ഗുജറാത്ത് ഹൈക്കോടതി. സര്‍ട്ടിഫിക്കറ്റുകള്‍ അരവിന്ദ് കെജ്രിവാളിന് നല്കണമെന്ന വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം റദ്ദാക്കിയ വിധി പുനപരിശോധിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി.

◾പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തന്നെ ലോക്സഭയില്‍ നിന്ന് അയോഗ്യയാക്കണമെന്ന പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ പാര്‍ലമെന്റി ജനാധിപത്യത്തിന്റെ അന്ത്യമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. കങ്കാരുക്കോടതിയുടെ മുന്‍കൂട്ടി നിശ്ചയിച്ച കളിയാണ് നടന്നതെന്നും അയോഗ്യയാക്കിയാലും കൂടുതല്‍ ഭൂരിപക്ഷത്തോടെ അടുത്ത ലോക്‌സഭയിലുണ്ടാകുമെന്നും മഹുവ പറഞ്ഞു.

◾വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട് ഖത്തറില്‍ ഇന്ത്യ അപ്പീല്‍ സമര്‍പ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. തടവിലുള്ള ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു.

◾രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സിപിഎം സ്ഥാനാര്‍ഥികള്‍. നിലവില്‍ രാജസ്ഥാനില്‍ സിപിഎമ്മിന് രണ്ട് സീറ്റുകളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

◾ഹരിയാനയിലെ യമുനാനഗറില്‍ വ്യാജമദ്യം കഴിച്ച് ആറു പേര്‍ മരിച്ചു. യമുനാനഗര്‍ ജില്ലയിലെ ഫരഖ് പൂരിലാണ് സംഭവം. ചൊവ്വാഴ്ച്ച രാത്രിയോടെ മദ്യം കഴിച്ച പത്തിലധികം പേരാണ് ശാരീരികാസ്വാസ്ഥ്യവും ഛര്‍ദിലും അനുഭവപ്പെട്ട് ചികിത്സ തേടിയത്. സംഭവത്തില്‍ ഫരഖ് പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

◾നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് ഹൈക്കോടതിയുടെ അനുമതി. രാജസ്ഥാനില്‍ നിന്നുള്ള ഒരു ഡോക്ടറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും തോറ്റാല്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

◾ഓടിക്കൊണ്ടിരിക്കെ ബസിനു തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. ഡല്‍ഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേയിലാണ് സംഭവം. യാത്രക്കാരുമായി പോവുകയായിരുന്ന ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ 29 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

◾വെസ്റ്റ് ബാങ്കിലെ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ സേനയുടെ ആക്രമണം. ആക്രമണത്തില്‍ 15 പലസ്തീനികള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

◾ചാറ്റ് ജിപിടി സേവനങ്ങള്‍ ലോക വ്യാപകമായി തടസപ്പെട്ടു. ഹാക്കര്‍മാരുടെ ആസൂത്രിത ആക്രമണമാണ് പ്രശ്‌നത്തിന് കാരണമെന്നും ഇതിന് പിന്നില്‍ ഡി ഡോസ് ആക്രമണം ആണെന്നതിന്റെ സൂചനകള്‍ ലഭിച്ചതായും ഓപ്പണ്‍ എഐ പറയുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും പുതിയ സിസ്റ്റം അപ്ഡേറ്റിലാണ് തങ്ങളെന്നറിയിച്ച ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്മാന്‍ ഉപഭോക്താക്കള്‍ക്കുണ്ടായ പ്രയാസത്തില്‍ ഖേദമറിയിച്ചു.

◾സന്തോഷ് ട്രോഫി ഇനിമുതല്‍ ഫിഫ സന്തോഷ് ട്രോഫി എന്ന പേരില്‍ അറിയപ്പെടുമെന്ന് എ.ഐ.ഐ.എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ. ഫിഫ അധികൃതരുമായി നടത്തിയ ചര്‍ച്ച വിജയകരമായെന്നും ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ സന്തോഷ് ട്രോഫി ഫൈനല്‍ കാണാനായി ഇന്ത്യയിലെത്തുമെന്നും കല്യാണ്‍ ചൗബെ വ്യക്തമാക്കി.

◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് സെമി ഫൈനല്‍ പ്രതീക്ഷകള്‍ ഏറെക്കുറെ ഉറപ്പാക്കിയും ഒപ്പം പാകിസ്ഥാന്റേയും അഫ്ഗാനിസ്ഥാന്റേയും സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തിയും ന്യൂസിലാണ്ട്. 46.4 ഓവറില്‍ 171ന് എല്ലാവരും പുറത്തായ ശ്രീലങ്കയെ 23.2 ഓവറില്‍ അഞ്ച് വിക്കറ്റിന് തകര്‍ത്തോടെയാണ് കിവീസ് ആദ്യ നാലിലെ അവസാനക്കാരാകുമെന്ന് ഏറെക്കുറെ ഉറപ്പായത്. പാകിസ്ഥാനും അഫ്ഗാനും അവരുടെ അവസാന മത്സരത്തില്‍ അവിശ്വസനീയമായ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമെ ഇനി കിവീസിനെ മറികടക്കാനാവൂ. ന്യൂസിലാണ്ട് നാലാം സ്ഥാനക്കാരായി സെമിയിലെത്തിയാല്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയാകും എതിരാളികള്‍.

◾ജോലിക്കും പഠനത്തിനുമായി പോയവരും സ്ഥിരതാമസമാക്കിയവരും ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലുള്ളത് മൂന്ന് കോടിയിലേറെ ഇന്ത്യക്കാര്‍. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 3.21 കോടി ഇന്ത്യക്കാരാണ് വിദേശത്തുള്ളത്. ഇതില്‍ 1.34 കോടി പേര്‍ പ്രവാസികളും 1.86 കോടി പേര്‍ ഇന്ത്യന്‍ വംശജരുമാണ്. ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാരുള്ളത് യു.എ.ഇയിലാണ് (34 ലക്ഷം). സൗദി അറേബ്യയില്‍ 26 ലക്ഷവും യു.എസില്‍ 12.8 ലക്ഷവുമാണ്. ഇന്ത്യന്‍ വംശജരില്‍ 31.8 ലക്ഷം പേരുമായി യു.എസ് ആണ് ഒന്നാമത് പിന്നാലെ 27.60 ലക്ഷം പേരുമായി മലേഷ്യയും 20 ലക്ഷം ഇന്ത്യന്‍ വംശജരുമായി മ്യാന്‍മറുമുണ്ട്. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍ എന്നീ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ താമസിക്കുന്നുത്. യു.എസ്, കാനഡ, യു.കെ, ജര്‍മ്മനി, ഫ്രാന്‍സ്, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളിലും നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്. ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യവും ഇന്ത്യയാണ്. 2022ല്‍ ഇന്ത്യയിലേക്കൊഴുകിയ പ്രവാസിപ്പണം എക്കാലത്തെയും ഉയരമായ 9,000 കോടി ഡോളറിലെത്തിയിരുന്നു. ഇത് ജി.ഡി.പിയുടെ 6 ശതമാനത്തിലധികം വരും.

◾ജയസൂര്യ നായകനായി വേഷമിടുന്ന പുതിയ ചിത്രം 'കത്തനാര്‍' വലിയ ക്യാന്‍വാസിലാണ് ഒരുങ്ങുന്നത്. കത്തനാര്‍ ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രമാണ് എന്ന ഒരു പ്രത്യേകതയുമുണ്ട്. കത്തനാറിന്റെ മൂന്നാം ഷെഡ്യൂള്‍ തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ട്. സംവിധാനം റോജിന്‍ ജോസഫാണ് നിര്‍വഹിക്കുന്നത്. തിരക്കഥ ആര്‍ രാമാനന്ദാണ് എഴുതുന്നത്. പിരീഡ് ഫാന്റസി ത്രില്ലറിന്റെ സംഗീത സംവിധാനം രാഹുല്‍ സുബ്രഹ്‌മണ്യനാണ് നിര്‍വഹിക്കുന്നത്. ഗോകുലം ഗോപാലനാണ് കത്തനാര്‍ നിര്‍മിക്കുന്നത്. കത്തനാര്‍ ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ നിര്‍മിക്കുമ്പോള്‍ കൊറിയന്‍ വംശജനും കാനഡയില്‍ താമസക്കാരനുമായ ജെ ജെ പാര്‍ക്ക് ആണ് സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. നായകന്‍ ജയസൂര്യക്ക് പ്രതീക്ഷയുള്ള പുതിയ ചിത്രം കത്തനാര്‍ നൂതന സാങ്കേതികവിദ്യയായ വിഎഫ്എക്സ് ആന്‍ഡ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍സിലൂടെയാണ് അവതരണം. ഒരു പടുകൂറ്റന്‍ സെറ്റാണ് പുതിയ ചിത്രത്തിന് വേണ്ടി പൂക്കാട്ടുപടിയില്‍ ഒരുക്കിയത്. അനുഷ്‌ക ഷെട്ടിയാണ് നായിക. ഇനിയും ജയസൂര്യയുടെ കത്തനാറിന് 150 ദിവസത്തോളം ചിത്രീകരണം ബാക്കിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

◾ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച് നവാഗതനായ ദേവന്‍ സംവിധാനം ചെയ്ത 'വാലാട്ടി' ഡിസ്നി ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചു. പതിനൊന്നു നായകളേയും ഒരു പൂവന്‍കോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രത്തിന്റെ അവതരണം. മലയാളത്തിലെ പ്രമുഖ താരനിരയാണ് പട്ടികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. റോയിയുടെ വീട്ടില്‍ വളരുന്ന ടോമി എന്ന ഗോള്‍ഡന്‍ റിട്രീവറും ഒരു ബ്രാഹ്‌മണ കുടുംബത്തിലെ അമലു എന്ന കോക്കര്‍ സ്പാനിയലും തമ്മിലുണ്ടാകുന്ന പ്രണയത്തിലാണ് കഥ ആരംഭിക്കുന്നത്. തുടര്‍ന്നുള്ള രംഗങ്ങള്‍ ഒരു കോമഡി അഡ്വെഞ്ചര്‍ പ്രണയകഥയുടെ രീതിയിലാണ് വാലാട്ടി അവതരിപ്പിച്ചിരിക്കുന്നത്. ടോമി മൂലം അമലു ഗര്‍ഭം ധരിച്ചു എന്ന 'ഞെട്ടിക്കുന്ന വാര്‍ത്ത' പ്രശ്നങ്ങളെ വീണ്ടും സങ്കീര്‍ണമാക്കി. ഒടുവില്‍ ഒരു ലവ് സ്റ്റോറിയിലെ പ്രണയജോഡികളെപ്പോലെ ടോമിയും അമലുവും ഒളിച്ചോടാന്‍ തീരുമാനിക്കുന്നതാണ് കഥയിലെ വഴിത്തിരിവ്. പ്രണയകഥ കൂടാതെ പട്ടികളെചൊല്ലിയുള്ള നിലവിലുള്ള ഒച്ചപ്പാടുകളെയും അവയ്ക്കു പിന്നിലുള്ള രാഷ്ട്രീയ ദുരുദ്ദേശങ്ങളെയും വാലാട്ടി കഥയുടെ ഭാഗമാക്കുന്നുണ്ട്.

◾ഹീറോ മോട്ടോകോര്‍പ്പ് 2023 ഇഐസിഎംഎ ഷോയില്‍ ഇവി കണ്‍സെപ്റ്റുകള്‍ ഉള്‍പ്പെടെ ഏഴ് പുതിയ മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും പ്രദര്‍ശിപ്പിച്ചു. സ്പെയിന്‍, ഫ്രാന്‍സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയുള്‍പ്പെടെയുള്ള യൂറോപ്യന്‍ വിപണികളിലേക്കും കമ്പനി അതിന്റെ പ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 2024-ല്‍ പുറത്തിറക്കുന്ന ആദ്യ മോഡലായിരിക്കും വിദ വി1 പ്രോ ഇലക്ട്രിക്ക്. ഹീറോ മോട്ടോകോര്‍പ് ഒരു പുതിയ നേക്കഡ് മോട്ടോര്‍സൈക്കിള്‍ ആശയവും വെളിപ്പെടുത്തിയിട്ടുണ്ട്. ഇഐസിഎംഎ 2023-ല്‍ ഹീറോ 2.5ആര്‍ എക്സ്റ്റന്‍ഡ് കണ്‍സെപ്റ്റ് എന്ന് വിളിക്കുന്നു. ആക്രമണാത്മക രൂപത്തിലുള്ള ഈ മോട്ടോര്‍സൈക്കിള്‍ ഒരു സ്റ്റണ്ട് ബൈക്ക് ആയിട്ടാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. കരിസ്മ എക്സ്എംആറിന് അടിവരയിടുന്ന ട്രെല്ലിസ് ഫ്രെയിമിലാണ് കണ്‍സെപ്റ്റ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഹീറോയുടെ പുതിയ പ്രീമിയ ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെയാണ് ഈ പ്രീമിയം മോട്ടോര്‍സൈക്കിള്‍ വില്‍ക്കുന്നത്. 210 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ലഭിക്കുന്നത്. ഈ എഞ്ചിന് 25.5 ബിഎച്പി കരുത്തും 20.4 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും.

◾സ്വന്തം അനുഭവലോകത്തിലും സമകാല യാഥാര്‍ത്ഥ്യങ്ങളിലും കിഷോറിന് വ്യക്തമായ ധാരണയുള്ളപ്പോഴും അതിനുമപ്പുറം ഉന്മാദം നിറഞ്ഞ ഈ കലാകാരന്റെ മനസ്സിന്റെ മറുവശം ആത്മഹത്യകൊണ്ട് ഈ ലോകത്തോട് കലഹിക്കുകയാണ്. 'അഭിനവ കഥകള്‍'. റ്റി.എസ് കിഷോര്‍. ഡിസി ബുക്സ്. വില 237 രൂപ.

◾ദീര്‍ഘനേരമുള്ള ഇരിപ്പ് പുകവലിക്ക് തുല്യമായ അപകടം ശരീരത്തിന് ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയാറുണ്ട്. പലതരം ജീവിതശൈലീ രോഗങ്ങള്‍ക്കും അകാല മരണത്തിനും ദീര്‍ഘനേരത്തെ ഇരിപ്പ് കാരണമാകാം. എന്നാല്‍ ഇത് മൂലമുള്ള മരണ സാധ്യത കുറയ്ക്കാന്‍ ദിവസവും 22 മിനിട്ട് മിതമായതോ തീവ്രമായതോ ആയ എന്തെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെട്ടാല്‍ മതിയാകുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നോര്‍വേ, സ്വീഡന്‍, അമേരിക്ക എന്നിവിടങ്ങളിലെ 11,989 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനമാണ് ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത്. ഗവേഷണഫലം ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചു. ഗവേഷണത്തില്‍ പങ്കെടുത്തവരെല്ലാം 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരുന്നു. ദിവസം 12 മണിക്കൂറിലധികം ഇരിക്കേണ്ടി വരുന്നത് മൂലമുള്ള അകാല മരണ സാധ്യത ഗണ്യമായി കുറയ്ക്കാന്‍ 22 മിനിട്ട് നേരത്തെ വ്യായാമം സഹായകമാണെന്ന് ഗവേഷകര്‍ പറയുന്നു. 22 മിനിട്ട് തികയ്ക്കാന്‍ പറ്റാത്തവരിലും എന്തെങ്കിലും തരത്തിലുള്ള വ്യായാമം പ്രയോജനം ചെയ്തതായി ഗവേഷകര്‍ കണ്ടെത്തി. ആറ് മണിക്കൂറോളം ഇരിക്കേണ്ടി വരുന്ന ജീവിതശൈലി നയിക്കുന്നവര്‍ക്ക് 10 മിനിട്ടത്തെ വ്യായാമം കൊണ്ട് അകാല മരണ സാധ്യത 32 ശതമാനം കുറയ്ക്കാമെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മുതിര്‍ന്നവരിലാണ് പഠനം നടത്തിയതെങ്കിലും പഠനത്തിലെ കണ്ടെത്തലുകള്‍ യുവാക്കള്‍ക്കും ബാധകമാണെന്നും ഗവേഷകര്‍ പറയുന്നു. വേഗത്തിലുള്ള നടത്തം, മോവര്‍ ഉപയോഗിച്ച് മുറ്റത്തെ പുല്ല് ചെത്തല്‍ എന്നിവയെല്ലാം മിതമായ തോതിലുള്ള വ്യായാമത്തിന്റെ ഉദാഹരണങ്ങളാണ്. ബാസ്‌കറ്റ് ബോള്‍ കളി, ദീര്‍ഘദൂര നടത്തം എന്നിവയെല്ലാം തീവ്ര വ്യായാമത്തിന്റെ ഗണത്തില്‍പ്പെടുത്താമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

വലിയ പരാതിയും സങ്കടവുമായാണ് അയാള്‍ ഗുരുവിനെ തേടിയെത്തിയത്. തന്റെ നേട്ടങ്ങളും സന്തോഷങ്ങളുമെല്ലാം പടിവാതിലെത്തിയിട്ടു നഷ്ടപ്പെട്ടുപോകുന്നു. അതായിരുന്നു പരാതി. പുതിയ കാര്‍ വാങ്ങാനൊരുങ്ങി. അവസാനനിമിഷം അത് നടന്നില്ല. പുതിയ ജോലി തരപ്പെട്ടു. പക്ഷേ, പ്രവേശനതിയതിയില്‍ അത് റദ്ദായി. വിവാഹത്തലേന്ന് അതും മാറിപ്പോയി. എല്ലാം എല്ലാവരും അറിഞ്ഞു, ആകെ നാണക്കേടായി. ഗുരു മറുപടി കൊടുത്തു: സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ആരോടും പറയാതിരിക്കുക. സംഭവിച്ചുകഴിയുമ്പോള്‍ എല്ലാം എല്ലാവരും അറിഞ്ഞുകൊളളും. ശിഷ്യന്‍ സമ്മതം അറിയിച്ചു യാത്രയായി. സംഭവിക്കുമെന്ന് ഉറപ്പിച്ചു വീമ്പിളക്കിയ അത്ഭുതം സംഭവിച്ചില്ലെങ്കില്‍ എന്ത് ചെയ്യും? അവഹേളിതനാകുന്നത് പ്രതീക്ഷിച്ചകാര്യം നടക്കാതെ പോകുമ്പോഴല്ല, നടന്നില്ല എന്ന കാര്യം നാലുപേര്‍ അറിയുമ്പോഴാണ്. സ്വന്തം വിലയറിയുന്നവര്‍ക്ക് അതിനെക്കുറിച്ച് പ്രഘോഷിക്കേണ്ട ആവശ്യമില്ല. താന്‍ വലുതാണോ എന്ന സംശമുളളവരാണ് തന്റെ വീരശൂര പ്രവൃത്തികളെക്കുറിച്ച് കൊട്ടിഘോഷിക്കുന്നത്. ഒരുകാര്യം സംഭവിക്കുംവരെ അത് സംഭവിക്കും എന്ന് ഉറപ്പിക്കാനാവില്ല. ദിശമാറാനോ പാതിവഴിയില്‍ അവസാനിക്കാനോ സാധ്യതയുണ്ട്. നിശബ്ദമായി വന്നുചേരേണ്ട ശുഭമുഹൂര്‍ത്തങ്ങളെ ശബ്ദകോലാഹലമുണ്ടാക്കി നിഷേധിക്കുന്നത് എന്തിനാണ്.. വിനയാന്വിതനാകുക എന്നത് വിജയത്തിന് മുമ്പും പിമ്പും ഉണ്ടാകേണ്ട അടിസ്ഥാനഗുണമാണ്. ശുഭമുഹൂര്‍ത്തങ്ങള്‍ വന്നുചേരട്ടെ... ആത്മസംതൃപ്തിയോടെ നമുക്കതിനെ സ്വീകരിക്കാം - ശുഭദിനം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍