സന്നിധാനത്ത് വൻ തിരക്ക്; ഇന്ന് മണ്ഡല പൂജ

ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. രാവിലെ 10.30 നും 11.30 നും ഇടയിലാകും മണ്ഡലപൂജ നടക്കുക. നട തുറന്ന 41-ാം ദിവസം നടത്തുന്ന ഉച്ചപൂജയാണ് മണ്ഡലപൂജ . 41-ാം ദിവസത്തെ ഉച്ച പൂജയ്ക്ക് മറ്റ് ദിവസങ്ങളിൽ നിന്നും വ്യത്യസ്തമാണ്. സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30നാണ് ഉച്ചപ്പൂജ എങ്കിൽ മണ്ഡല പൂജ ദിവസം ഉച്ച പൂജയ്ക്കുള്ള സമയം മുൻകൂട്ടി തീരുമാനിക്കും. നട തുറന്നശേഷം ജ്യോതിഷിയാണ് ഉച്ചപൂജയ്ക്കായുള്ള ശുഭ മുഹൂർത്തം സമയം നോക്കി തീരുമാനിക്കുന്നത്.


തങ്ക അങ്കി അണിയിച്ചാണ് പൂജ എന്നതും മറ്റൊരു പ്രത്യേകതയാണ്. മണ്ഡല പൂജയ്ക്കായി നാളെ നെയ്യഭിഷേകം ഒൻപതു മണിവരെയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മണ്ഡലപൂജയ്ക്ക് ശേഷം താത്കാലികമായി നടയടക്കും. ശേഷം ഡിസംബർ 30 ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. 41 ദിവസത്തെ കഠിനവൃതകാലത്തിനു പരിസമാപ്തി കുറിച്ചുകൊണ്ടുള്ള തങ്കയങ്കി ഘോഷയാത്ര ഇന്നലെ രാത്രിയോടെ ശബരിമല സന്നിധാനത്ത് എത്തി. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തങ്കയങ്കി വരവേറ്റു. തങ്ക അങ്കി ചാര്‍ത്തിയ അയ്യപ്പനെ കാണാന്‍ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.


ഇക്കുറി വലിയ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തിൽ മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. മകരവിളക്കിന് സ്പോട്ട് ബുക്കിങ് 80,000 ആക്കുമെന്നതടക്കമുള്ള കാര്യങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ 30 ന് വൈകിട്ട് 5 മണിക്കാണ് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുക. മകരവിളക്ക് പ്രമാണിച്ചുള്ള പ്രസാദ ശുദ്ധക്രിയകൾ ജനുവരി 13 ന് വൈകിട്ട് നടക്കും.


ജനുവരി 14 ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. അന്ന് വെളുപ്പിന് 2.46 ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകൾക്കുശേഷം വൈകിട്ട് അഞ്ച് മണിക്കാകും അന്ന് നട തുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍