ആചാരനുഷ്ഠാനങ്ങളെ തകർക്കാനുള്ള സി.പി.എം നീക്കത്തിന്റെ ഭാഗമായാണ് തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയുടെ തറവാടകയുടെ പേരില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തറക്കളി കളിക്കുന്നതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ.മുരളീധരന്‍ എംപി പറഞ്ഞു. തൃശൂര്‍ പൂരം പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍.പ്രതാപന്‍ എംപിയുടെയും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് കോര്‍പ്പറേഷനുമുന്‍പില്‍ നടത്തുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികളല്ലാത്തവര്‍ ദേവസ്വം ഭരിക്കരുതെന്ന മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ നിലപാട് ശരിയാണെന്ന് ഇതോടെ ബോധ്യപ്പെട്ടിരിക്കുകയാണ്. കൊച്ചിന്‍ ദേവസ്വത്തിന് തൃശൂര്‍ പൂരം നടത്തിപ്പില്‍ ഒരു റോളുമില്ല. പ്രദര്‍ശന നഗരിയുടെ വാടക വാങ്ങുന്ന ജോലി മാത്രമാണ് ഉള്ളത്. കോടതിയുടെ പേരുപറഞ്ഞ് പൂരം പ്രദര്‍ശനത്തെയും പൂരത്തെയും തകര്‍ക്കാമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും പിന്നില്‍ കളിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും കരുതേണ്ട. ഏത് കോടതിവിധിയിലും തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ അവസരമുണ്ടെന്നിരിക്കെ തറവാടക 39 ലക്ഷത്തില്‍ നിന്നും 2.20 കോടിരൂപയായി ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചതില്‍ കോടതിയെ പഴിചാരി രക്ഷപ്പെടാമെന്ന് കരുതേണ്ട.
ശബരിമലയിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നയം ഇതാണ്. ഏത് മതമാണെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ അതില്‍ കോണ്‍ഗ്രസ് ഇടപെടും. ശബരിമലയിലും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് അതാണ്. കോടതിവിധിയുടെ പേരില്‍ സ്ത്രീയെ പുരുഷവേഷത്തില്‍ ശബരിമലയില്‍ എത്തിക്കാന്‍ വരെ എല്‍ഡിഎഫ് സര്‍ക്കാര്‍ നേതൃത്വം നല്‍കി. പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയപ്പോള്‍ അതില്‍ നിന്ന് പിന്നോക്കം പോയി. കോവിഡിന്റെ മറവില്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ പിണറായി വിജയന് പഴയ അസുഖം തുടങ്ങിയിരിക്കയാണ്. അടിയന്തിരമായി തറവാടക വര്‍ദ്ധനവില്‍ നിന്നും പിന്‍മാറാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണം. തറവാടകയുടെ പേരില്‍ പൂരവും പൂരം പ്രദര്‍ശനവും മുടക്കാമെന്ന് കരുതേണ്ട. പൂരം മുടങ്ങേണ്ട സാഹചര്യമുണ്ടായാല്‍ തൃശൂര്‍ക്കാരല്ല കേരളം മൊത്തമാണ് കൈകാര്യം ചെയ്യുകയെന്ന് മറക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.എം.ബാലഗോപാല്‍, സെക്രട്ടറി ജി.രാജേഷ് പൊതുവാള്‍, വൈസ് പ്രസിഡന്റ് ഇ.വേണുഗോപാല്‍, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാര്‍, ജേ. സെക്രട്ടറി പി.വി.ശശീന്ദ്രൻ,എക്‌സിബിഷന്‍ കമ്മിറ്റി ഭാരവാഹികളായ എ.രാമകൃഷ്ണൻ, പി.എം.വിപിനന്‍, എം.അനില്‍കുമാര്‍, പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴേക്കാട്, വിനോദ് കണ്ടേങ്കാവില്‍, നന്ദന്‍ വാകയില്‍, നേതാക്കളായഎം.പി. വിന്‍സെന്റ്, ഒ.അബ്ദുറഹിമാന്‍ക്കുട്ടി,ടി.വി.ചന്ദ്രമോഹന്‍ , എ. പ്രസാദ്, ഐ.പി. പോള്‍. രാജന്‍ പല്ലന്‍, സുനില്‍ അന്തിക്കാട്,കെ.ബി.ശശികുമാര്‍, എം.കെ.അബ്ദുള്‍ സലാം, സി.ഐ.സെബാസ്റ്റ്യന്‍, സി.ഒ.ജേക്കബ്ബ്, , കെ.ഗോപാലകൃഷ്ണന്‍, കെ.എഫ് ഡൊമനിക്ക് , കെ.എച്ച്. ഉസ്മാന്‍ ഖാന്‍ , സി.എസ്.രവീന്ദ്രൻ, സതീഷ് വിമലൻ, സി.എം. നൗഷാദ്, പി.കെ.രാജൻ, ആന്റോ പെരുമ്പിള്ളി, കെ.വി.ദാസന്‍ , കെ.കെ.ബാബു, സി.ബി. ഗീത, സുബി ബാബു, ടി. നിര്‍മ്മല എന്നിവര്‍ പ്രസംഗിച്ചു. രാപ്പകൽ സത്യാഗ്രഹത്തിന്റെ സമാപനം ഡിസംബർ 22 ന് വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍