വടക്കാഞ്ചേരി നഗരസഭയിൽ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കുന്ന ഹോം ഷോപ്പ് ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചു. നഗരസഭയ്ക്ക് കീഴിലുള്ള സി.ഡി.എസ് ഒന്നിലെ കുടുംബശ്രീ പ്രവർത്തകരാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. അയൽക്കൂട്ട വനിതകളുടെ തൊഴിലും വരുമാനവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. പ്രാദേശിക സാമ്പത്തിക വികസനത്തിനും ഇത് വലിയൊരു മുതൽക്കൂട്ടാകും. ഗ്രാമീണ ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കിക്കൊണ്ട് സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഗുണമേന്മയുള്ള കുടുംബശ്രീയുടെ ഗ്രാമീണ ഉത്പന്നങ്ങൾക്ക് വിപണിക്കാവശ്യമായ രീതിയിൽ മൂല്യവർദ്ധനം നൽകിയാണ് ഈ ഔട്ട്ലെറ്റിൽ വിൽക്കുന്നത്. മുളപ്പിച്ച റാഗിപ്പൊടി, ചോളപ്പൊടി തുടങ്ങിയ പോഷകസമൃദ്ധമായ ഉത്പന്നങ്ങൾ മുതൽ അരിപ്പൊടികൾ, കറിപ്പൊടികൾ, ക്ലീനിങ് ഉത്പന്നങ്ങൾ വരെ ഇവിടെ ലഭ്യമാണ്. സംരംഭകർക്ക് അവരുടെ ഉത്പന്നങ്ങൾക്കുള്ള വില നിശ്ചയിക്കാനും പാക്കേജിങ് തയ്യാറാക്കാനും സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.
ഓട്ടുപാറ ബസ്റ്റാൻഡ് കോംപ്ലെക്സിന് മുകളിൽ ഒരുക്കിയ ഹോം ഷോപ്പിംഗ് ഔട്ട്ലെറ്റിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ഷീലാ മോഹൻ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷ എ.എം. ജമീലാബി, കുടുംബശ്രീ മെമ്പർ സെക്രട്ടറി സി. ശോഭന, സി.ഡി.എസ് ഒന്ന് ചെയർപേഴ്സൺ സിന്ധു പ്രകാശൻ, എ.ഡി.എം സി. രാധാകൃഷ്ണൻ, സി.ഡി.എസ്-കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍