'പ്രകൃതിയിൽ ഗുരുമുഖങ്ങൾ ദർശിച്ച അവധൂതൻ'
കെ. രാഹുൽ
ഒരു യോഗിയുടെ ഉദാത്തമായ അവസ്ഥയിലേയ്ക്ക് എത്തിച്ചേരാൻ ആവശ്യമായ 24 ഗുണവിശേഷങ്ങൾ മുഴുവനും യദുമഹാരാജാവിന്റെ മുമ്പിൽ എത്തിയ അവധൂതൻ ഈ പ്രകൃതിയെ നിരീക്ഷിച്ച് ആർജ്ജിച്ച കാര്യം ഓരോന്നായി വിവരിച്ചു. ധാർമ്മികജീവിതത്തിൽ ഒരു സാധകൻ എങ്ങനെ ആകണമെന്നും എങ്ങനെ ആകരുതെന്നും ഈ പ്രകൃതിയിൽ നിന്നും നോക്കി പഠിയ്ക്കാൻ എങ്ങനെ സാധിയ്ക്കുമെന്ന് കൃഷ്ണൻ ഉദ്ധവർക്ക് അവധൂതനെ ദൃഷ്ടാന്തമാക്കി പറഞ്ഞുകൊടുത്തതാണ് ഈ പ്രകരണം.
'ജഗത്തിനെ വിലയിരുത്തുന്ന ഹംസവാക്യങ്ങൾ'
റാന്നി ഹരിശങ്കർ
ജിജ്ഞാസുവായ സാധകന്റെ അധ്യാത്മപ്രയാണത്തിൽ വ്യക്തമായ ഒരു മാർഗ്ഗനിർദ്ദേശം നല്കുന്നതാണ് ഹംസഗീത എന്ന് ഹരിശങ്കർ പറഞ്ഞു. തുരീയാവസ്ഥയെ പ്രാപിയ്ക്കുന്ന സാധകന് നശ്വരമായ ഈ ജഗത്തിന്റെ മിഥ്യാത്വം വ്യക്തമാകാൻ നിഷ്പ്രയാസം സാധിയ്ക്കും.
'സുഖദുഃഖങ്ങൾ മനസ്സിന്റെ മായാരചന'
ഒ.എസ്. സതീഷ്
സുഖവും ദുഃഖവും നമക്കു തരുന്നത് മറ്റൊരു വ്യക്തിയല്ല; വസ്തുവുമല്ല. നമ്മുടെ മനസ്സിൽ നാം രചിയ്ക്കുന്ന ഭാവങ്ങളാണ് സുഖവും ദുഃഖവും. ഈ സത്യം മനസ്സിലാക്കിയാൽ സുഖത്തിൽ ആർത്തുല്ലസിയ്ക്കാതിരിയ്ക്കാനും ദുഃഖത്തിൽ ചിന്താവിലാപങ്ങളാൽ തളർന്നു പോകാതിരിയ്ക്കാനും നമുക്കു സാധിയ്ക്കും. ക്ഷമിയ്ക്കാനും സഹിയ്ക്കാനും മനഃശാന്തത നിലനിർത്താനും നമുക്കു സാധിയ്ക്കും.
'സ്വാത്മലീനനായി പരീക്ഷിത്തിനു ജീവന്മുക്തി'
സ്വാമി സന്മയാനന്ദ
ബ്രഹ്മത്തിനെക്കുറിച്ചുള്ള അറിവ് വായിച്ചോ കേട്ടോ ലഭിയ്ക്കുന്നതല്ല. മറിച്ച് അനുഭവിച്ച് ബോധ്യപ്പെടേണ്ടതാണ്. ഈ അനുഭവമാണ് ഭാഗവതശ്രവണത്തിലൂടെ പരീക്ഷിത്തു നേടിയത്.
സമാപനതത്ത്വപ്രവചനം
സ്വാമി ഭൂമാനന്ദതീർത്ഥ
ഭാഗവതത്തിന്റെ മാഹാത്മ്യം വിവരിച്ചു തുടങ്ങിയ തത്ത്വപ്രവചനത്തിൽ സ്വാമി സത്രത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിച്ചു. വരുന്ന ഏപ്രിലിൽ നടക്കുന്ന കുട്ടികൾക്കുവേണ്ടിയുളള മൂന്നാമത്തെ ശ്രീശുകീയം എന്ന ശിബിരത്തിനെക്കുറിച്ചും ഫെബ്രുവരി മാസത്തിൽ സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദതീർത്ഥ മുഖ്യാചാര്യനായി നടത്താൻ ഉദ്ദേശിച്ചിട്ടുള്ള ദർശനതത്ത്വസമീക്ഷ എന്ന ത്രിദിനശിബിരത്തിനെക്കുറിച്ചും സദസ്യർക്ക് അറിയിപ്പു നല്കി.
സമാപനദിവസമായ ഞായറാഴ്ച വിഷ്ണുസഹസ്രനാമസമൂഹാർച്ചന രാവിലെ 9 മണിയ്ക്ക് ആരംഭിയ്ക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍