ഡല്‍ഹി: ആന എഴുന്നള്ളിപ്പ് നിയന്ത്രിച്ചുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ സ്റ്റേ. ചട്ടങ്ങള്‍ പാലിച്ച് ആനകളെ എഴുന്നള്ളിക്കാം. മാർഗരേഖയിലെ നിർദേശങ്ങൾ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി നടപ്പാക്കിയാൽ തൃശൂർ പൂരം ഉൾപ്പടെയുള്ള ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പ് തടസ്സപ്പെടും എന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ആന എഴുന്നള്ളിപ്പ് സംബന്ധിച്ച മാർഗരേഖ ഹൈക്കോടതി പുറത്തിറക്കിയിരുന്നു. ആനകളെ ഉപയോഗിക്കുമ്പോൾ ജില്ലാസമിതിയുടെ അനുമതി വാങ്ങണം. ഇതിനായി ഒരു മാസം മുമ്പ് അപേക്ഷ സമർപ്പിക്കണം. എഴുന്നള്ളത്തുകൾക്കിടയിൽ ആനകൾക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
വെടിക്കെട്ടോ പടക്കമോ ഉണ്ടെങ്കിൽ ആനകളിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് 100 മീറ്റർ അകലത്തിൽ വേണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.ഹൈക്കോടതി നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് കേരളത്തിൽ ഒരു പൂരവും ഭംഗിയായി നടത്താൻ കഴിയില്ലെന്നാണ് പൂരപ്രേമികളുടെ അഭിപ്രായം. എന്തായാലും സുപ്രീം കോടതിയുടെ ഇടപെടൽമൂലം പൂരങ്ങൾ അതിന്റെ ആചാരത്തനിമയോടെയും പ്രൗഢിയോടെയും നടത്താൻ കഴിയുമെന്നാണ് ഉത്സവപ്രേമികളുടെ ആശ്വാസം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍