തൊഴിലുറപ്പിൽ മുന്നേറി വടക്കാഞ്ചേരി നഗരസഭ.

വടക്കാഞ്ചേരി : അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ 45045 തൊഴിൽ ദിനങ്ങൾ പിന്നിട്ട് വടക്കാഞ്ചേരി നഗരസഭ.1.50 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവൃത്തികൾക്കായി വിനിയോഗിച്ചത്. വിദ്യാലയങ്ങളെ കാർബൺ ന്യൂട്രൽ ആക്കുന്നതിനായി 500 മുളം തൈൾ ഉപയോഗിച്ചുള്ള പച്ചത്തുരുത്ത് നിർമ്മാണം, ഗവ. മെഡിക്കൽ കോളേജിലെ ഔഷധ സസ്യങ്ങളുടെ പച്ചത്തുരുത്ത് എന്നിവ തൊഴിലുറപ്പിലൂടെ യാഥാർത്ഥ്യമായി.

പാതയോരങ്ങളിലെ നവീകരണം, ദിനം തോറുമുള്ള ശുചീകരണം, പരിപാലനം നഗരസഭയിലെ രണ്ട് ടേക്ക് എ ബ്രേക്ക്, പ്രളയത്തെ തുടർന്ന് തകർന്ന 18  പാടശേഖരങ്ങളുടെ നവീകരണം, നീർച്ചാലുകൾ വീണ്ടെടുക്കൽ, വാഴാനി ഇറിഗേഷൻ കനാൽ ആഴം കൂട്ടി സംരക്ഷണം, സുഭിക്ഷ കേരളത്തിൻ്റെ ഭാഗമായി ഭൂവികസനം, എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം നഗരസഭ പൂർത്തീകരിച്ചത്.1200 തൊഴിലുറപ്പ് തൊഴിലാളികളാണ് പ്രവൃത്തികളുടെ ഭാഗമായത്. നൂറോളം ക്ഷീരകർഷകർക്ക് തൊഴിലുറപ്പ് വേതനവും നഗരസഭ നൽകി വരുന്നുണ്ട്.

കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവ്വേകളിലൊന്നായ സ്വച്ഛ് സർവ്വേക്ഷൻ്റെ ഭാഗമായുള്ള നഗര സൗന്ദര്യവത്കരണത്തിലും തൊഴിലുറപ്പിൻ്റെ കൈ സാന്നിധ്യമുണ്ട്. ക്യാഷ് @ നട്ട് പദ്ധതി പ്രകാരം ഈ വർഷം അയ്യായിരത്തോളം കശുമാവിൻ തൈകളാണ് വിതരണം ചെയ്യുന്നത്. ഇതിൽ രണ്ടായിരത്തോളം തൈകൾ ഗുണഭോക്താക്കൾക്ക് നൽകി. മുൻ വർഷങ്ങളിൽ ഫലവൃക്ഷ തൈകൾ, മാങ്കോസ്റ്റിൻ നഗരം, ചങ്ങാലിക്കോടൻ പൈതൃക സംരക്ഷണം എന്നീ പദ്ധതികൾ നഗരസഭ വിജയകരമായി പൂർത്തീകരിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ മികവു പരിഗണിച്ച് സംസ്ഥാന സർക്കാരിൻ്റെ അയ്യങ്കാളി തൊഴിലുറപ്പ് പുരസ്കാരം 2021-22 , 22- 23 വർഷങ്ങളിൽ കരസ്ഥമാക്കിയ നഗരസഭ കൂടിയാണ് വടക്കാഞ്ചേരി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍