തൃശ്ശൂര്‍: തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തിരഞ്ഞെടുപ്പ് കാലത്ത് മേയറുടെ കൂറെന്താണെന്ന് വ്യക്തമായതാണ്. മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരായ വി എസ് സുനില്‍കുമാറിന്റെ വിമര്‍ശനത്തിന്റെ സാഹചര്യത്തിലാണ് കെ.മുരളീധരന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് കാലത്ത് നഗരസഭയിലെത്തിയ സുരേഷ് ഗോപിയെ അടുത്ത് പിടിച്ചിരുത്തി പ്രഗത്ഭനായ പാര്‍ലമെന്റേറിയനെന്ന് പറഞ്ഞയാളാണ് എം കെ വര്‍ഗീസെന്നും കെ മുരളീധരന്‍ പറഞ്ഞു.
ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ എം കെ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് വി എസ് സുനില്‍കുമാര്‍ രംഗത്തെത്തിയത്. മേയര്‍ക്ക് ചോറ് ഇവിടെയും കൂര്‍ അവിടെയുമാണ്. വഴി തെറ്റി വന്നല്ല മേയര്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേക്ക് നല്‍കിയതെന്നായിരുന്നു സുനില്‍ കുമാറിന്റെ വിമര്‍ശനം. ’തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറോടുള്ള സിപിഐ പ്രതിഷേധം നേരത്തെ വ്യക്തമാക്കിയതാണ്. ആ നിലപാടില്‍ മാറ്റമില്ല.
എല്‍ഡിഎഫിന്റെ ചെലവില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനോട് യോജിക്കാന്‍ സാധിക്കില്ല. എല്‍ഡിഎഫിന്റെ മേയറായി നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്നും കേക്ക് വാങ്ങിയതിനെ അത്ര നിഷ്‌ക്കളങ്കമായി കാണാന്‍ സാധിക്കില്ല. മേയറായി തുടരുന്നതില്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാന്‍ ഇല്ല’, സുനില്‍ കുമാര്‍ പറഞ്ഞു. ബിജെപിക്ക് വേണ്ടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചയാളാണ് എം കെ വര്‍ഗീസ് എന്നും സുനില്‍ കുമാര്‍ പ്രതികരിച്ചു. അതേസമയം എം കെ വര്‍ഗീസുമായുള്ള കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയമില്ലെന്നും സ്നേഹത്തിന്റെ സന്ദര്‍ശനം മാത്രമാണെന്നുമാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. ക്രിസ്മസ് ദിനം തന്റെ വസതിയില്‍ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്നേഹത്തിന്റെ ദിവസമാണെന്നു എം കെ വര്‍ഗീസും പ്രതികരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍