ചൂലിശ്ശേരിയിൽ പുതിയ 33 കെ.വി. സബ് സ്റ്റേഷൻ 4.53 കോടി രൂപയുടെ ഭരണാനുമതി

വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ചൂലിശ്ശേരിയിൽ 33 കെ. വി. സബ് സ്റ്റേഷൻ സ്ഥാപിക്കാൻ 4.53 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. ചൂലിശ്ശേരിയിൽ നവീകരിച്ച പോൾ കാസ്റ്റിംഗ് യാർഡിനോട് ചേർന്ന് വൈദ്യുതി ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സബ് സ്റ്റേഷൻ അനുവദിച്ചത്. ചൂലിശ്ശേരി, മുണ്ടൂർ, അവണൂർ, മെഡിക്കൽ കോളേജ്, കുറ്റൂർ, കൊട്ടേക്കാട്, കുന്നത്തുപീടിക പ്രദേശങ്ങളിൽ നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇതുവഴി സാധിക്കും.

തൃശൂർ ജില്ലയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വിയ്യൂർ, മുണ്ടൂർ, കൊട്ടേക്കാട്, മെഡിക്കൽ കോളേജ് പ്രദേശങ്ങളിലേക്ക് നിലവിൽ വൈദ്യതി എത്തിക്കുന്നത് 110 കെ.വി. വിയ്യൂർ സബ് സ്റ്റേഷൻ നിന്നും 27 കി.മീ. നീളത്തിൽ വ്യാപിച്ചു കിടക്കുന്ന 11 കെ.വി. കൊട്ടേക്കാട് ഫീഡറിൽ നിന്നാണ്. ഈ ഫീഡറിൽ നേരിട്ടിരുന്ന ഓവർലോഡും വോൾട്ടേജ് ക്ഷാമവും വേനൽകാലത്ത് ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ലൈനിൽ അറ്റകുറ്റപണികൾ നടത്തുമ്പോഴും മറ്റും ഈ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടാറുമുണ്ട്. ദീർഘകാലമായുള്ള ഈ പ്രശ്നം ഉന്നയിച്ച് വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചും, വൈദ്യുതി വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് കത്തുനൽകിയും നടത്തിയ ഇടപെടലുകളിലൂടെയാണ് 33 കെ.വി. സബ് സ്റ്റേഷൻ അനുവദിച്ചത്.

ചൂലിശ്ശേരിയിൽ പുതിയതായി 33 കെ.വി. സബ് സ്റ്റേഷൻ സ്ഥാപിക്കുന്നത് വഴി അൻപതിനായിരത്തോളം വരുന്ന വാണിജ്യ, ഗാർഹിക, വ്യവസായിക ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ഗുണനിലവാരമുള്ള വൈദ്യുതി ലഭിക്കും. ഇവിടെ നിന്നും 3.5 കി.മീ. മാത്രമുള്ള തൃശ്ശൂർ മെഡിക്കൽ കോളേജിൻ്റെ പ്രദേശങ്ങളിലേക്കും ചൂലിശ്ശേരി, കുറ്റൂർ, ആട്ടോർ, പോട്ടോർ, കൊട്ടേക്കാട്, എന്നീ പ്രദേശങ്ങളിലേക്കും ഈ സബ് സ്റ്റേഷൻ വഴി തടസ്സമില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കാനാകും. മുണ്ടൂർ വേളക്കോട്, അയ്യൻകുന്ന്, അത്താണി വ്യവസായ എസ്റ്റേറ്റുകൾ പുതിയ സബ് സ്റ്റേഷൻ്റെ പരിധിയിലാണ് സ്ഥിതിചെയ്യുന്നത്.  ഈ പ്രദേശങ്ങളിൽ ധാരാളം ചെറുകിട വ്യവസായ യൂണിറ്റുകളും പ്രവർത്തിച്ചു വരുന്നുണ്ട്. 

ആരോഗ്യ രംഗത്തും, വ്യവസായ രംഗത്തും ഈ പ്രദേശങ്ങളിൽ നടക്കുന്ന വികസനകുതിപ്പിന് പുത്തൻ ഉണർവ്വ് നൽകാൻ പുതിയ സബ് സ്റ്റേഷനാകും. തൃശ്ശൂർ മെഡിക്കൽ കോളേജിൻ്റെ സമഗ്രവികസനം മുന്നിൽകണ്ട് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയ്ക്ക് പരിഹാരമായി മെഡിക്കൽ കോളേജ് കോമ്പൗണ്ടിലും ഒരു 33 കെ.വി. സബ് സ്റ്റേഷൻ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിച്ചുവരികയാണ്. ചൂലിശ്ശേരിയിൽ രണ്ട് സർക്യൂട്ടുകളായി 2.6 കി.മീ. നീളത്തിൽ 33 കെ.വി ലൈനും ഒരു 5 എം വി എ ട്രാൻസ്ഫോർമറും സ്ഥാപിച്ച് 33 കെ.വി. സബ് സ്റ്റേഷൻ നിർമ്മിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ചൂലിശ്ശേരി പോൾ കാസ്റ്റിംഗ് യാർഡിൻ്റെ ഭൂമിയിൽ നിന്നും 120 സെന്റ് സ്ഥലം സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി നീക്കിവെച്ചിട്ടുണ്ട്. 

ഇലക്ട്രിസിറ്റി ബോർഡിൻ്റെ തനതുഫണ്ടിൽ നിന്നും ചൂലിശ്ശേരിയിൽ 33 കെ.വി. സബ് സ്റ്റേഷൻ നിർമ്മിക്കുന്നതിനാവശ്യമായ 4.53 കോടി രൂപയുടെ ഭരണാനുമതി ഇതിനോടകം ലഭിച്ചു കഴിഞ്ഞുവെന്നും, അതിവേഗം വികസിക്കുന്ന ചൂലിശ്ശേരിയുടെയും സമീപപ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നിർണ്ണായക ചുവടുവെപ്പാണ് ഇതുവഴി യാഥാർത്ഥ്യമാകുന്നതെന്നും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍