കളർഫുള്ളായി നഗരസഭ; സ്വച്ഛ് സർവ്വേക്ഷൻ സന്ദേശവുമായി രചന നാരായണൻകുട്ടിയും.

 
വടക്കാഞ്ചേരി : നഗരം മുഴുവൻ വർണ്ണശബളങ്ങളായ ചിത്രങ്ങൾ, ശുചിത്വ സന്ദേശങ്ങളും പൂത്തുലഞ്ഞ് നിൽക്കുന്ന പൂന്തോട്ടങ്ങളും അങ്ങനെ മാലിന്യ മുക്ത നഗരമായ വടക്കാഞ്ചേരിയെ പൂങ്കാവനമാക്കി മാറ്റി മാതൃകയാവുകയാണ് വടക്കാഞ്ചേരി നഗരസഭ. സ്വച്ഛ് സർവ്വേക്ഷൻ സന്ദേശവുമായി നഗരസഭയുടെ ശുചിത്വ അംബാസിഡറും ചലച്ചിത്ര താരവുമായ രചന നാരായണൻകുട്ടിയും രംഗത്തെത്തിയതോടെ ശുചിത്വ പ്രവർത്തനങ്ങൾ നാടാകെ ഏറ്റെടുത്തു. നഗരത്തിൻ്റെ മുക്കും മൂലയും സ്വച്ഛ് സർവ്വേക്ഷനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി. നീർച്ചാലുകളുടെയും പുഴയോരങ്ങളുടെയും കരകളിൽ മനോഹരങ്ങളായ പൂന്തോട്ടങ്ങളും ഒരുങ്ങി.

സ്വച്ഛ് സർവ്വേക്ഷൻ്റെ ഭാഗമായി നഗരസഭയും ജനപ്രതിനിധികളും കൈകോർത്താണ് സൗന്ദര്യവത്കരണം നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ഒരോ വാർഡിലും വലുതും ചെറുതുമായ നിരവധി ഉദ്യാനങ്ങൾ പൂത്തുലഞ്ഞു. ഭൂരിഭാഗം വാർഡിലും സൗന്ദര്യവത്കരണം പൂർത്തീകരിച്ചു.31-ാം വാർഡിൽ സൗന്ദര്യാരാമം ഒരുക്കുന്നതിൽ രചന നാരായണൻ കുട്ടിയും പങ്കാളിയായി.  വടക്കാഞ്ചേരിയിലെ വിദ്യാർത്ഥികൾ ഉൾപ്പെട്ട കലാകാരന്മാർ കൂടി സ്വച്ഛ് സർവ്വേക്ഷൻ്റെ ഭാഗമായപ്പോൾ പൊതു ഇടങ്ങളിലെ ചുമരുകളെല്ലാം നിറക്കൂട്ടുകളാൽ വർണ്ണശമ്പളങ്ങളായി.അങ്കണവാടി ചുമരുകളിലെല്ലാം കുരുന്നുകൾക്കിഷ്ടപ്പെടുന്ന കാർട്ടൂൺ കഥാപാത്രങ്ങളാലും ശുചിത്വ സന്ദേശങ്ങളാലും നിറഞ്ഞു.

സ്വച്ഛ് സർവ്വേക്ഷൻ സന്ദേശം പൊതുജനങ്ങൾക്കിടയിലെത്തിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ വിവിധ നിശ്ചല കലാരൂപങ്ങളും പൊതു ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. കേരളീയ നാടൻ കലാരൂപങ്ങളും ക്ലാസിക്കൽ നൃത്ത രൂപങ്ങളും അവയിൽ ഇടം പിടിച്ചപ്പോൾ സ്വച്ഛ് സർവ്വേക്ഷൻ പ്രചരണത്തെ വ്യത്യസ്തമാക്കി.രചന നാരായണൻ കുട്ടിയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കിടയിൽ ശുചിത്വ സന്ദേശം ഉൾക്കൊളളുന്ന ബോധവത്കരണ ക്ലാസും നടത്തി.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും മാലിന്യം വലിച്ചെറിയാതിരിക്കാനുമുള്ള അവബോധം ജനങ്ങളിലെത്തിക്കാൻ ബോധവൽക്കരണ ക്ലാസുകളും ശുചീകരണ പ്രവർത്തനങ്ങളും നഗരസഭ നടത്തിവരികയാണ്.വലിച്ചെറിയൽ മുക്ത നഗരത്തെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നിലവിൽ ഉപയോഗിക്കാത്ത എല്ലാവിധ സാധനങ്ങളും ശേഖരിച്ച് നഗരസഭയിലെ റെഡ്യൂസ് - റീയൂസ് -റീസൈക്കിൾ സെൻ്ററിൽ ശേഖരിക്കുന്നുണ്ട്. ഇവ നഗരസഭയിലെ അർഹരായ ഗുണഭോക്താക്കൾക്ക് നൽകി പുനരുപയോഗ സാധ്യത വർദ്ധിപ്പിക്കുകയാണ് പദ്ധതി വഴി നടപ്പാക്കുന്നത്. പാഴ് വസ്തുക്കൾ കൊണ്ട് വ്യത്യസ്തങ്ങളായ അലങ്കാര വസ്തുക്കൾ നിർമ്മിച്ചും നഗരസഭ ശ്രദ്ധ നേടി.മാലിന്യ സംസ്കരണ രംഗത്ത് മികവാർന്ന പ്രവർത്തനങ്ങൾ നടപ്പാക്കി മാതൃകയാകാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്.














എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍