മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയുമായി നഗരസഭ

വടക്കാഞ്ചേരി : പൊതുയിടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.മാലിന്യമുക്തം നവകേരളത്തിൻ്റെ ഭാഗമായി വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി നഗരസഭ നാളിതുവരെ നടത്തിക്കൊണ്ടിരുന്ന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു.നഗരസഭയിലെ പൊതുയിടങ്ങൾ കൃത്യമായ ഇടവേളകളിലൂടെ വൃത്തിയാക്കുകയും മാലിന്യം നിക്ഷേപിക്കുന്നവരിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തിരുന്നു. നാലുവർഷത്തിനിടെ 457 കേസുകളിലായി 4.5 ലക്ഷത്തോളം രൂപയാണ് നഗരസഭ ഈടാക്കിയത്.

നഗരസഭയുടെ വിവിധ ഭാഗങ്ങൾ പരിശോധിച്ച് കനാലുകൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.മാലിന്യം വലിച്ചെറിയുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കും.കനാലിന്റെ ഇരുവശങ്ങളിൽ താമസിക്കുന്ന പല വീട്ടുകാരും കനാലിലേക്ക് മാലിന്യം നിക്ഷേപിക്കുകയും മരങ്ങൾ വെട്ടി വലിച്ചെറിഞ്ഞ് വെള്ളത്തിൻ്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇങ്ങനെ ശുദ്ധജലസ്രോതസ്സുകളെ മലിനമാക്കുന്നവർക്കെതിരെ നിയമം ശക്തമാക്കുമെന്നും ഇറിഗേഷൻ അധികൃതർ അറിയിച്ചു.ഇറിഗേഷൻ വകുപ്പിനാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് നഗരസഭാ ആരോഗ്യവകുപ്പ് വിഭാഗം അറിയിച്ചു.

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പോലീസ് അറിയിച്ചു. നഗരസഭയുടെ പലയിടങ്ങളും വനമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. വനത്തിനുള്ളിലും പ്രദേശത്തും കെട്ടിട - ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും വനം വകുപ്പ് നിയമപ്രകാരമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.നഗരസഭയെ പൂർണ്ണമായും മാലിന്യമുക്തമാക്കുന്നതിന് എല്ലാ വകുപ്പുകളും സംയുക്തമായി പ്രവർത്തിക്കാൻ യോഗം നിർദ്ദേശിച്ചു.

യോഗത്തിന് ശേഷം ചെയർമാൻ്റെ നേതൃത്വത്തിൽ സ്വച്ഛ് സർവ്വേക്ഷൻ ബോഡും ബാനറും ഉയർത്തി.ചെയർമാൻ്റെ ചേംബറിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ, സ്ഥിരം സമിതി അധ്യക്ഷരായ എ എം ജമീലാബി, പി ആർ അരവിന്ദാക്ഷൻ, സ്വപ്ന ശശി, നഗരസഭാ സെക്രട്ടറി കെ കെ മനോജ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സിദ്ധിക്കുൽ അക്ബർ , കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍