ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ ചെമ്മണൂർ ഇൻ്റർനാഷനൽ ജ്വല്ലേഴ്സ‌് ഉടമയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. വയനാടു നിന്നാണു ബോബിയെ കസ്‌റ്റഡിയിൽ എടുത്തത്. മേപ്പാടിയിൽ ബോബിയുടെ എസ്‌റ്റേറ്റിൽ നിന്നാണ് കസ്‌റ്റഡിയിൽ എടുത്തതെന്നാണ് സൂചന.
പരാതിയുടെ പശ്ചാത്തലത്തിൽ ബോബി ചെമ്മണ്ണൂരിന്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. പരാതി നൽകിയതിന് പിന്നാലെ വയനാട്ടിലേക്കുള്ള റിസോർട്ടിലേക്ക് ഇയാൾ മാറിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകാനായിരുന്നു നീക്കം. മുൻ കൂർജാമ്യ ഹർജി നൽകാനും നീക്കമുണ്ടായിരുന്നു. ഇതെല്ലാം തകിടം മറിച്ചു കൊണ്ടാണ് പൊലീസ് നടപടി.
കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘവും എത്തിയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് കൊച്ചി സെൻട്രൽ പൊലീസ് ഇന്ന് അദ്ദേഹത്തെ കസ്‌റ്റഡിയിലെടുത്തത്.
അതിനിടെ, ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ ബന്ധപ്പെട്ട് എല്ലാ നിയമപടികൾക്കും പിന്തുണ അറിയിച്ചു.ബോബി ചെമ്മണ്ണൂരിനെ ഇന്നു തന്നെ കൊച്ചിയിൽ എത്തിച്ചേക്കും. നേരത്തെ കേസ് അന്വേഷിക്കാൻ എറണാകുളം സെൻട്രൽ പൊലീസ് എസിപി സി. ജയകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇന്നലെ വൈകിട്ടു തന്നെ ഇവരുടെ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിരുന്നു എന്നാണ് വിവരം.
ഹണി റോസിന്റെ്റെ വിശദമായ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തുമെന്നും പിന്നീട് ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്യും എന്നുമായിരുന്നു സൂചനകൾ. എന്നാൽ ഈ കേസിൽ ഇളവുകളൊന്നും നൽകേണ്ടതില്ല എന്ന തീരുമാനം പൊലീസ് സ്വീകരിച്ചു. കാരണം ഹണി റോസ് ആദ്യം നൽകിയ പരാതി സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അസഭ്യപ്രയോഗങ്ങളും അപകീർത്തി പരാമർശങ്ങളും നടത്തിയവർക്കെതിരെ ആയിരുന്നു.
സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിന് ഐടി ആക്‌ടിലെ വകുപ്പും ബോബിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഹണിക്കെതിരെയും മറ്റ് സ്ത്രീകൾക്കെതിരെയും അശ്ലീല പരാമർശം നടത്തുന്ന വീഡിയോ തെളിവുകൾ സഹിതമാണ് ഹണി റോസ് പരാതി നൽകിയത്. തന്റെ സ്ത്രീത്വത്തെ അപമാനിച്ച് ലൈംഗിക ചുവയോടെ തുടർച്ചയായി പരാമർശം നടത്തിയെന്നാണ് എറണാകുളം സെൻട്രൽ സ്‌റ്റേഷനിൽ ഹണി റോസ് നൽകിയ പരാതിയിൽ പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചപ്പോൾ ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകിയിരുന്നു. വീണ്ടും അധിക്ഷേപം തുടർന്നതോടെയാണ് പരാതി നൽകിയതെന്ന് ഹണി റോസ് പ്രതികരിച്ചു.
ഹണിയോട് തെറ്റായ ഉദ്ദേശത്തോടെ പെരുമാറിയിട്ടില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂർ മനോരമ ന്യൂസിനോട് നൽകിയ പ്രതികരണം. ബലമായി കൈ പിടിച്ചിട്ടില്ല. ആ സമയത്ത് ഹണി റോസ് പരാതിയൊന്നും പറഞ്ഞില്ല. ആഭരണങ്ങൾ അണിയിച്ചിരുന്നു; മാർക്കറ്റിങ്ങിനായി ചില തമാശകൾ പറയാറുണ്ട്. താൻ പറയാത്ത വാക്കുകൾ പലരും കമൻറുകളായി വളച്ചൊടിക്കുന്നെന്നും ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു.
ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് എറണാകുളം സെൻട്രൽ സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റർ ചെയ്തത്. ഓഗസ്‌റ്റ് 7ന് ബോബി ചെമ്മണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താൻ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍